UPDATES

ഒരു സിനിമയും കുറേ എഴുത്തുകാരും; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയ്ക്ക് മറ്റൊരു ‘അവകാശി’ കൂടി

ഷാരിസ് ഇക്കാര്യം വെളിപ്പെടുത്തിയത് നിഷാദ് കോയയുടെ വാദം പൊളിക്കുക എന്ന ദുരുദ്ദേശ്യത്തില്‍ ചെയ്തതാണോ എന്ന സംശയവുമുണ്ട്

                       

നിവിന്‍ പോളി ചിത്രമായ മലയാളി ഫ്രം ഇന്ത്യ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. ഇത്തവണയും തിരക്കഥ മോഷണം തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തന്റെ ആല്‍ക്കമിസ്റ്റ് എന്ന കഥയുടെ കോപ്പിയടിയാണ് മലയാളി ഫ്രം ഇന്ത്യ എന്നാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവില്‍ പറയുന്നത്. നേരത്തെ കഥാകൃത്തായ നിഷാദ് കോയ മലയാളി ഫ്രം ഇന്ത്യ തന്റെ ഇന്തോ-പാക്ക് എന്ന കഥയുടെ കോപ്പിയാണെന്ന അവകാശ വാദം ഉന്നയിച്ചിരുന്നു. പിന്നാലെ ഫെഫ്ക, വിചിത്ര സമാനതകളാണ് ഈ ചിത്രത്തിന്റെ കഥകളിലുണ്ടായതെന്ന അതിവിചിത്രമായ കണ്ടെത്തലും നടത്തിയിരുന്നു. അന്ന് തന്നെ ഫെഫ്ക മറ്റുപലരുടെയും കഥകളുമായി ചിത്രത്തിന് സാമ്യമുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സാദിഖ് കാവിലിന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

ഒരാളുടെ സര്‍ഗ ശേഷിയും സമയവുമാണ് തിരക്കഥയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത്. അതിന്റെ അധ്വാനം ആ വ്യക്തിയ്ക്ക് മാത്രമാണ് അറിയാന്‍ സാധക്കുക. അതിനാല്‍ നീതിക്ക് വേണ്ടി ശബ്ദിക്കുക മാത്രമാണ് വെളിപ്പെടുത്തലിലൂടെ ചെയ്യുന്നത്. സിനിമ എന്ന കല എത്രത്തോളം അധപതിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. അത് മിണ്ടാതിരുന്ന് അനുവദിക്കുന്നത് അത് ചെയ്യാനുള്ള ലൈസന്‍സ് നല്‍കുന്നതിന് തുല്യമാണെന്നും സാദിഖ് പറയുന്നു.

സാദിഖ് കാവില്‍ പറയുന്നത് ഇതാണ്…

മലയാളി ഫ്രം ഇന്ത്യ ഇറങ്ങിയപ്പോള്‍ ആ സിനിമ കണ്ടിരുന്നു. എന്റെ ആല്‍ക്കമിസ്റ്റ് എന്ന കഥയുമായി അതിനുള്ള സമാനതകള്‍ തിരിച്ചറിയുകയും ഉണ്ടായി. അന്ന് ഞങ്ങളത് വിട്ടു. എന്നാല്‍ കഴിഞ്ഞ ദിവസമാണ്
ഷാരിസ് മുഹമ്മദ് തന്റെ കഥയുടെ യഥാര്‍ത്ഥ പേര് ആല്‍ക്കമിസ്റ്റ് എന്നായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഇതോടെയാണ് ഇക്കാര്യം വെളിപ്പെടുത്താന്‍ തീരുമാനിച്ചത്. ഷാരിസ് ഇക്കാര്യം വെളിപ്പെടുത്തിയത് നിഷാദ് കോയയുടെ വാദം പൊളിക്കുക എന്ന ദുരുദ്ദേശ്യത്തില്‍ ചെയ്തതാണോ എന്ന സംശയവുമുണ്ട്. കാരണംആല്‍ക്കമിസ്റ്റിനായി തയ്യാറാക്കിയ പോസ്റ്റര്‍ മലയാളി ഫ്രം ഇന്ത്യയുടെ സംവിധായകന് എന്റെ സിനിമ എടുക്കാനിരുന്ന ജിബിന്‍ ജോസ് അടുത്തിടെ അയച്ചിരുന്നു.

ഗള്‍ഫില്‍ സഹമുറിയന്‍മാരായി ജീവിക്കുന്ന ഇന്ത്യക്കാരനും പാകിസ്താന്‍കാരുമായിരുന്നു കഥയുടെ തീം. ഒപ്പം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകത അടക്കമുള്ള കാര്യങ്ങളും കഥ ചര്‍ച്ച ചെയ്യുന്നുണ്ട്. കൊവിഡ് കാലമായ 2020ലാണ് ഈ തിരക്കഥ എഴുതാന്‍ തുടങ്ങിയത്. മരണപ്പെട്ട തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ സുഹൃത്തായിരുന്നു. അദ്ദേഹവുമായാണ് അക്കാലത്ത് തിരക്കഥയുമായി ബന്ധപ്പെട്ട് സംസാരിച്ചുകൊണ്ടിരുന്നത്. അതും വാട്‌സ് അപ്പ് വഴിയാണ് നടന്നത്. 2021 ഫെബ്രുവരിയില്‍ തിരക്കഥ പ്രമേയത്തിന്റെ വണ്‍ലൈന്‍ നിസാമിന് നല്‍കുകയും മാര്‍ച്ച് 28ന് തിരക്കഥ മെയില്‍ ചെയ്യുകയുമുണ്ടായി. ഇതിനെല്ലാം തെളിവുണ്ട്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ഇതിനെ കുറിച്ച് സംസാരിക്കാന്‍ നിസാം ഇന്ന് ജീവനോടെയിരിപ്പില്ല.
അന്ന് തയ്യാറാക്കിയ പോസ്റ്റര്‍ പോലും ഞങ്ങളുടെ കൈവശം ഇപ്പോഴുമുണ്ട്. ഈ കഥ പല സുഹൃത്തുക്കളുമായും പങ്ക് വച്ചിരുന്നു. ഇടയ്ക്ക് വച്ച് നിസാം കഥ സിനിമയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി. അപ്പോഴാണ് ജിബിന്‍ ജോസ് എന്ന വ്യക്തി സംവിധായകനായി എത്തുന്നത്. 2022ല്‍ മറ്റൊരു സംവിധായകനുമായി വിഷയം പങ്ക് വച്ചപ്പോഴാണ് ഇതേ പ്രമേയമുള്ള സിനിമ മലയാളത്തില്‍ വരാനിരിക്കുന്നത് അറിഞ്ഞത്. ജോലി തിരക്ക് കാരണം ജിബിന്‍ സിനിമ ഒഴിവാക്കിയപ്പോഴാണ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ സനീഷ് നമ്പ്യാര്‍ കഥയില്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചത്. കാസ്റ്റിങ് അടക്കം തുടങ്ങിയപ്പോഴാണ് മലയാളി ഫ്രം ഇന്ത്യ തീയറ്ററിലെത്തുന്നത്. ചിത്രം കണ്ടതോടെ സിനിമ എടുക്കുന്നത് നിര്‍ത്തിവയ്ക്കുകയായിരുന്നു.

 

English summary; ‘Malayalee from India’ script row deepens

Share on

മറ്റുവാര്‍ത്തകള്‍