June 26, 2026 |
Share on

ദുര്‍ബലരെ വാരിക്കുഴിയില്‍ വീഴ്ത്തുന്ന അധോലോക രാജാക്കന്മാരാണ് സമാന്തര സിനിമയും ഭരിക്കുന്നത്

മുഖ്യധാരാ സിനിമ പറഞ്ഞുകൊണ്ടിരുന്ന അധിക്ഷേപ ഭാഷ തന്നെയാണ് അടൂരും ഉപയോഗിച്ചത്

2023ലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സമകാലിക മലയാള സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയാണ് ‘വലസൈ പറവകള്‍’. ദലിതരും ഭൂരഹിതരുമായ തൊഴിലാളികളുടെ ജീവിതം പറയുന്ന സിനിമ പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിക്കപ്പെട്ടു. ഐ.എഫ്.എഫ്.കെ 2023ല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമകളില്‍ ഏറ്റവും മനുഷ്യപക്ഷത്ത് നില്‍ക്കുന്ന സിനിമയെന്നാണ് ഒരു ജൂറി അംഗം ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. അക്കാദമിക പാരമ്പര്യങ്ങളൊന്നുമില്ലാതെ ജീവിതാനുഭവങ്ങളും പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവ സമ്പത്തും കൈമുതലാക്കിയാണ് ചിത്രത്തിന്റെ സംവിധായകന്‍ സുനില്‍ മാലൂര്‍ ‘വലസൈ പറവകള്‍’ സംവിധാനം ചെയ്തത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ധനസഹായം നല്‍കുന്ന ദലിത്/ വനിതാ സംവിധായകര്‍ക്ക് വിദഗ്ധരുടെ കീഴില്‍ പരിശീലനം നല്‍കണമെന്ന് സിനിമ കോണ്‍ക്ലേവ് സമാപന സമ്മേളനത്തില്‍ വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന ഒരു ദലിത്/ സ്ത്രീ വിരുദ്ധ പ്രസ്താവനയാണെന്ന് പരക്കെ ആരോപണം ഉയരുമ്പോള്‍ ദലിതരുടെ ജീവിതം സിനിമയാക്കിയ സുനില്‍ പ്രതികരിക്കുന്നു.

പട്ടിക ജാതി വര്‍ഗ്ഗ വിഭാഗത്തിലെ സംവിധായകരെയും സ്ത്രീ സംവിധായകരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നുണ്ടായിരിക്കുന്നത്. നാല് ഘട്ടങ്ങളായുള്ള പ്രക്രിയയുടെ ഒടുവിലാണ് യോഗ്യരായ നാല് പേരെ കണ്ടെത്തി സര്‍ക്കാര്‍ ഒന്നര കോടി രൂപ ധനസഹായം നല്‍കുന്നത്. ഇത് ലഭിക്കുന്നവര്‍ യോഗ്യരാണെന്ന് വ്യക്തമായതിന് ശേഷം തന്നെയാണ് വിജയികളെ പ്രഖ്യാപിക്കുന്നതും. ആ സാഹചര്യത്തില്‍ അടൂര്‍ പറഞ്ഞതുപോലെ ഒരു പരിശീലനത്തിന്റെ ആവശ്യമുണ്ടോ. അതോ ദലിതര്‍ക്കും സ്ത്രീകള്‍ക്കും കഴിവില്ല എന്നാണ് ആ പറഞ്ഞതിന്റെ പൊരുള്‍ എന്ന് വ്യാഖ്യാനിക്കാനാകുമോ?

ജാതി കോളങ്ങളില്‍ നിന്നും കാലു പറിയാതെ അമര്‍ത്തിചവുട്ടി ചുറ്റിലും പുരോഗമനത്തിന്റെ ശിഖരം വിരിച്ചു തന്റെ തന്നെ ഇലച്ചാര്‍ത്തുകളില്‍ പതുങ്ങിയിരിക്കുന്ന വരേണ്യതയാണ് അടൂര്‍ ഗോപാലകൃഷ്ണനെക്കൊണ്ട് ഇങ്ങനെ പറയിച്ചത്. വിഖ്യാതനായ സംവിധായകന്റെ നാവിലൂടെ ഇത്തരം പ്രസ്താവനകള്‍ പുറത്തേക്ക് വരുമ്പോള്‍ അതിന് തത്സമയമുണ്ടായ ഉചിതമായ പ്രതികരണത്തിനപ്പുറം അത് ഇത്തരക്കാരില്‍ കുടിയേറിയിരിക്കുന്ന ദലിത് വിരുദ്ധതയും സ്ത്രീ വിരുദ്ധതയും എല്ലാക്കാലത്തേക്കും ഊര്‍ന്നു പോകുംവിധം ഒരു പ്രതിഷേധമായി വളരുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന ദലിത് / വനിതാ സംവിധായകര്‍ക്ക് പരിശീലനം നല്‍കണം എന്ന് പറയുന്നത് വഴി എല്ലാ അറിവുകള്‍ക്കും അക്കാദമിക പിന്‍ബലം ഉണ്ടാവണമെന്ന ദുര്‍വാശിയും വിദഗ്ദ്ധരുടെ ഗുരുകുലത്തില്‍ പയറ്റി തെളിഞ്ഞവരായിരിക്കണമെന്ന നിര്‍ദേശം പോലും മാറ്റൊലി സിനിമാക്കാര്‍ മാത്രം ഭാവിയില്‍ ഉണ്ടാകണമെന്ന ഒരു ഒളി അജണ്ടയും അടയിരിക്കുന്നതായി വിലയിരുത്താം.

അത് ക്രമേണ നിരവധി പേരുടെ കൈകളില്‍ കൂടി മറിഞ്ഞു ചുവപ്പ് നാടയായി രൂപപ്പെടുന്ന പല തട്ടുകളില്‍ സാമ്പത്തിക വിതരണത്തിനു കൂടി സാധ്യമാകുന്ന ഒരു നടപ്പ് പദ്ധതിയായി രൂപം പ്രാപിക്കുകയും ചെയ്യും. ഓരോ സിനിമയ്ക്കും അനുയോജ്യമായ ബജറ്റ് രൂപപ്പെടുകയും അതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുകയും ചെയുന്ന രൂപത്തില്‍ സിനിമയ്ക്കുള്ള സഹായം മാറേണ്ടതുണ്ട്. ഇനിയുമേറെ ചര്‍ച്ച ചെയ്യേണ്ട ആ വിഷയത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ മുന്നോട്ടുവെക്കാന്‍ മുതിര്‍ന്ന സംവിധായകനെന്ന നിലയില്‍ അടൂരിന് അര്‍ഹതയുണ്ട്. എന്നാല്‍ അത് പറയുമ്പോഴും വിഭാഗീയ ചിന്തകള്‍ പുറത്തുവരുന്നുണ്ടെങ്കില്‍, വീണ്ടും വീണ്ടും തന്റെ പ്രസ്താവനയെ ന്യായീകരിക്കുന്നുണ്ടെങ്കില്‍ ഞാനാദ്യം പറഞ്ഞ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന നമ്മുടെ ചുറ്റിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയതയ്ക്ക് ലഭിച്ച സ്വീകാര്യതയും ധൈര്യവുമാണ്.

സുനില്‍ മാലൂര്‍

ഈ ജാതീയ പ്രസ്താവനയ്‌ക്കെതിരെ ഒച്ചയുയര്‍ത്താന്‍ ഒരു പുഷ്പവതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരെ പിന്തുണയ്ക്കാന്‍ ഒരാള്‍ പോലും ഇല്ലാതിരുന്ന ആള്‍ക്കൂട്ടമാണ് ഇന്നത്തെ മലയാള സിനിമാ ലോകം എന്ന് കരുതാമോ?

ഒരു ജനപ്രിയ കലാരൂപം എന്ന നിലയില്‍ ഇവിടുത്തെ മുഖ്യധാരാ സിനിമ കാലങ്ങളായി പച്ചയ്ക്ക് പറഞ്ഞുകൊണ്ടിരുന്ന അധിക്ഷേപ ഭാഷ തന്നെയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഉപയോഗിച്ചതെന്നിരിക്കെ അതിന്റെ വ്യക്താക്കളുടെയും ആഘോഷ കമ്മറ്റിക്കാരുടെയും ഇടയില്‍ നിന്ന് ഒരു പുഷ്പവതി ഉണ്ടായി എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ശ്രദ്ധിക്കപ്പെട്ട സിനിമാഗാനങ്ങള്‍ പാടിയിട്ടുള്ള പുഷ്പവതിയ്ക്ക് തന്റെ സാഹോദര്യത്തിന്റെ നിലപാടിന്റെ പേരില്‍ അപ്രഖ്യാപിത വിലക്ക് ഉള്‍പ്പെടെ നേരിടേണ്ടി വന്നാലും അത്ഭുതപ്പെടാനില്ല. അങ്ങനെയെങ്കില്‍ പിന്നെ പുഷ്പവതിയുടെ ശബ്ദത്തിനപ്പുറം ഒരാള്‍ക്കൂട്ടം ഉണ്ടാവുമെന്ന് അവിടെ പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരുപറ്റം മനുഷ്യര്‍ക്കിടയില്‍ നിന്ന് ഒറ്റപ്പെട്ട ഒരു പ്രതിഷേധ ശബ്ദം ഉയരുകയും ബഹുഭൂരിപക്ഷം അതിനോടൊപ്പം ചേരുകയും വളരെ കുറച്ചു പേരെങ്കിലും നിലപാടില്ലാതെ നില്‍ക്കുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് എഴുന്നേറ്റു നില്‍ക്കുമ്പോള്‍ സാംസ്‌കാരിക ഉത്സവങ്ങളിലെ സജീവ സാന്നിധ്യമായ ബഹുഭൂരിപക്ഷം മനുഷ്യരും തൊട്ടടുത്ത് അടുക്കിവെച്ച തലയോട്ടികള്‍ പോലെ നിശ്ചലരായിരിക്കുന്ന കാഴ്ചയും ഈ സംഭവത്തിന്റെ ദൃശ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞു.

ധനസഹായം നേടുന്നവര്‍ക്ക് വേണ്ടി മറ്റ് പലരുമാണ് സിനിമ ചെയ്യുന്നതെന്ന് അടൂര്‍ ആരോപിക്കുന്നുണ്ട്. ആ വാദത്തില്‍ വല്ല കഴമ്പമുണ്ടോ? അത് സത്യമാണെങ്കില്‍ സര്‍ക്കാര്‍ ധനസഹായം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ഗുരുതരമായ ഒരു ആരോപണമാണ് അദ്ദേഹം ഉന്നയിക്കുന്നത്.

അധിക്ഷേപ വിവാദത്തില്‍ മുങ്ങിപ്പോയെങ്കിലും അടൂരിന്റെ നിരീക്ഷണത്തിന് ഹേതുവായ ചില വിഷയങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു സിനിമ ചെയ്യേണ്ടുന്നവരെ തെരഞ്ഞെടുക്കുന്ന രീതിയും കീഴ്‌വഴക്കങ്ങളും അത്ര സുതാര്യമല്ലെന്ന ആരോപണങ്ങളും പലപ്പോഴായി ഉയര്‍ന്നുകേട്ടിട്ടുണ്ട്. ഒരു കെ.എസ്.എഫ്.ഡി.സി അംഗം തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനവും അതുവഴി ചലച്ചിത്ര മേഖലയില്‍ ലഭിച്ച പെരുമയും ഉപയോഗിച്ച് ഒരു പട്ടിക ജാതിക്കാരനായ സിനിമാ പ്രവര്‍ത്തകനെ തകര്‍ക്കാന്‍ ശ്രമിച്ച കഥയും പ്രചാരത്തിലുണ്ട്. സവര്‍ണ്ണ വിഭാഗത്തിലുള്ള സംവിധായകന്‍ കൂടിയായ കോര്‍പറേഷന്‍ അംഗം പിന്നോക്കക്കാര്‍ക്കും സ്ത്രീകള്‍ക്കും അനുവദിക്കുന്ന ഫണ്ടിനെ ലക്ഷ്യം വെച്ച് രണ്ട് തിരക്കഥ തയ്യാറാക്കി ഒരെണ്ണം തന്റെ ബന്ധുവായ സ്ത്രീയുടെ പേരിലും മറ്റൊന്ന് തന്റെ അസിസ്റ്റന്റ് കൂടിയായ പട്ടികജാതിക്കാരന്‍ ചെറുപ്പക്കാരന്റെ പേരിലും സബ്മിറ്റ് ചെയ്യുന്നു. തന്റെ ബന്ധുവിന് വേണ്ടി തിരുവനന്തപുരത്ത് അട്ടിപ്പേറു കിടന്നെങ്കിലും പട്ടികജാതിക്കാരന്‍ പയ്യന്റെ പ്രൊജക്റ്റ് ആണ് സര്‍ക്കാര്‍ അംഗീകരിച്ചത്. അതോടെ ഇദ്ദേഹം ആ ചെറുപ്പക്കാരന്റെ സിനിമയുടെ മുഴുവന്‍ ആര്‍ട്ടിസ്റ്റുകളെയും ക്രൂവിനേയും തീരുമാനിക്കുന്നതുള്‍പ്പെടെ ഏതാണ്ട് മുക്കാല്‍ കോടിയോളം രൂപ തന്റെ നിയന്ത്രണത്തിലാകണമെന്ന രീതിയില്‍ വിലപേശല്‍ ആരംഭിച്ചു. ഒടുവില്‍ മറ്റു ചില ചലച്ചിത്ര സ്‌നേഹികള്‍ ഇടപെട്ടും സഹായിച്ചും ആ ചെറുപ്പക്കാരന്‍ സിനിമ പൂര്‍ത്തിയാക്കിയെങ്കിലും ഇന്നുവരെ സിനിമ പുറംലോകം കണ്ടിട്ടില്ല. മേല്‍പ്പറഞ്ഞ കെ.എസ്.എഫ്.ഡി.സി അംഗത്തിന്റെ വൈരാഗ്യ ബുദ്ധിയാണ് സിനിമ തിയറ്ററുകളില്‍ എത്താത്തതിന് കാരണമെന്നാണ് കേള്‍ക്കുന്നത്. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടി അടൂരിന്റെ വിലയിരുത്തല്‍ പരിശോധിക്കേണ്ടതുണ്ട്.

മലയാളത്തിന്റെ മുഖ്യധാരാ സിനിമകളില്‍ വര്‍ഷങ്ങളായി പ്രവൃത്തി പരിചയമുള്ള ഇനിയൊരു പരിശീലനത്തിന്റെ ആവശ്യം തന്നെയില്ലാത്ത ചെങ്ങന്നൂര്‍ സ്വദേശിയായ പിന്നോക്ക യുവാവിന് പട്ടികജാതി വര്‍ഗ്ഗ വിഭാഗത്തില്‍ സിനിമ ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും സിനിമ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്നും ആരോപണമുണ്ട്. അതുകൊണ്ടുതന്നെ എല്ലാം നടക്കുംവിധം അങ്ങ് നടന്നുപോയാല്‍ മതിയോ എന്ന് പരിശോധിക്കാനുള്ള സാഹചര്യം കൂടിയാണ് നിലവിലുള്ളത്. ഫണ്ട് കിട്ടുന്നവര്‍ മാത്രം സിനിമ ചെയ്താല്‍ മതിയോ എന്നും ലോണ്‍ എടുത്തും പാട്ടപ്പിരിവ് നടത്തിയും സിനിമയെടുത്ത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ എത്തുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഈ ഒന്നര കോടിയുടെ കിലുക്കം കണ്ട് മുണ്ടുമുറുക്കി ഉടുക്കാനെ കഴിയുന്നുള്ളൂ. സമാന്തര സിനിമാ മേഖലയിലെ പ്രതിസന്ധികളും പരിഹാരങ്ങളും പഠിക്കാന്‍ നിയോഗിച്ച അടൂര്‍ കമ്മറ്റി റിപ്പോര്‍ട്ട് അട്ടത്തുവെച്ചിട്ടാണ് ഈ ഇടപാടുകള്‍ എല്ലാമെന്നതും ആലോചിക്കേണ്ടതുണ്ട്. 2023ലെയും 24ലെയുമൊക്കെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഒരു ലക്ഷത്തില്‍ താഴെ മാത്രം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സിനിമകള്‍ ഇടംപിടിച്ചിട്ടുണ്ട് എന്നത് കൂടി പരിഗണിക്കണം. പലരും പത്തോ പതിനഞ്ചോ ലക്ഷം രൂപയ്ക്ക് സിനിമയുണ്ടാക്കി അതൊന്ന് പ്രേക്ഷകരിലെത്തിക്കാന്‍ ബ്ലേഡ് പലിശയ്ക്ക് കടമെടുത്ത് നിര്‍മ്മാണ ഫണ്ട് തിരിച്ചടയ്ക്കാനും നെട്ടോട്ടമോടുമ്പോഴാണ് ഒന്നരക്കോടിയുടെ ആഘോഷമൊക്കെ എത്രത്തോളം സുതാര്യമാണെന്ന സംശയം ജനിക്കുന്നത്.

വ്യക്തിവൈരാഗ്യങ്ങളും പ്രതികാര നടപടികളും സാമ്പത്തിക നേട്ടം തീരെ കുറഞ്ഞ സമാന്തര സിനിമയിലും ബാധകമാണെന്നാണോ പറഞ്ഞു വരുന്നത്?

ചലച്ചിത്രോത്സവ വേദികളില്‍ സിനിമ കണ്ടതല്ലാതെ മികച്ച പരിശീലനമോ സാമ്പത്തിക പിന്‍ബലമോ ഒന്നുമില്ലാതെ എടുത്ത സിനിമയാണ് വലസൈ പറവകള്‍. ശ്രദ്ധേയമായ ഒരു സിനിമ സൃഷ്ടിക്കുക വഴി ഇനിയൊരു സിനിമ സാധ്യമല്ലാത്ത വിധം ചതിക്കപ്പെട്ടുപോയവനാണ് ഞാന്‍. തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരില്‍ നിന്നും പണം വാങ്ങി ഇരട്ടിപ്പലിശയ്ക്ക് ഇവിടെ നല്‍കി തന്ത്രത്തില്‍ സിനിമ കൈവശപ്പെടുത്തുന്ന രീതി നിലനില്‍ക്കുന്നുണ്ടെന്ന് സമീപകാലത്ത് ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിലും ഭീകരമായ കരുനീക്കങ്ങളാണ് എന്റെ ഈ കുഞ്ഞു സിനിമ തട്ടിയെടുക്കുവാന്‍ കൂടെ നിന്നവരിലൊരാള്‍ നടത്തിയത്. സുഹൃത്തുക്കളുടെ സഹായത്താല്‍ കേവലം പതിമൂന്ന് ലക്ഷം രൂപയില്‍ താഴെ ചെലവാക്കി നിര്‍മിച്ച ഈ സിനിമയുടെ സംവിധായകനെന്ന ടൈറ്റില്‍ ഞാന്‍ അയാള്‍ക്ക് കൊടുക്കണമെന്ന വിചിത്ര ആവശ്യത്തിന് ഞാന്‍ തയ്യാറായില്ലെന്ന പേരില്‍ അഞ്ചുലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കുകയാണ് ഒരാള്‍. അതും ഇടുക്കിയിലെ പീരുമേട്ടില്‍ ഷൂട്ട് ചെയ്ത സിനിമ എനിക്ക് ഒരു രാത്രിയോ പകലോ ദൂരം യാത്ര ചെയ്തുമാത്രം എത്താന്‍ കഴിയുന്ന ഒരിടത്തുവെച്ചാണ് ഷൂട്ട് ചെയ്തതെന്ന വാദം ഉയര്‍ത്തിയാണ് കേസ് കൊടുത്തിരിക്കുന്നത്.

അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ പലരും പ്രതിഫലം ഒന്നും വാങ്ങാതെ പ്രവര്‍ത്തിച്ച ഈ സിനിമയില്‍ പ്രവര്‍ത്തിക്കുകയും ന്യായമായ പ്രതിഫലം ചോദിച്ചു വാങ്ങുകയും ചെയ്തതിനു ശേഷമാണ് ആ ഒരാള്‍ സംവിധായകന്‍ ആക്കാത്തതിന് എന്നെ കോടതി കയറ്റിയിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ മുതല്‍ തന്നെ ഡയറക്ടര്‍ ആക്കണമെന്നും അല്ലെങ്കില്‍ കോ ഡയറക്ടര്‍ ആക്കണമെന്നുമൊക്കെ ആവശ്യമുന്നയിച്ചുകൊണ്ടിരുന്ന അയാള്‍ ഞാന്‍ വഴങ്ങാതെ വന്നതോടെ ഷാജി സാറിനോട് (ഷാജി എന്‍ കരുണ്‍) പറഞ്ഞ് നിന്റെ സിനിമാ ഭാവി അവസാനിപ്പിക്കുമെന്നും വീട് കയറി വെട്ടുമെന്നൊക്കെ ഭീഷണിപ്പെടുത്താനും തുടങ്ങി. ഇടയ്‌ക്കൊക്കെ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത അയാള്‍ വലസൈ പറവകളുടെ സംവിധായകനായാല്‍ ചിത്രം രാജ്യാന്തര ശ്രദ്ധ നേടുമെന്ന വാഗ്ദാനം വരെ വെച്ചുനീട്ടി. ഒടുവില്‍ സുനില്‍ മാലൂര്‍ സംവിധാനം ചെയ്ത സിനിമ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ ഹാലിളകിയ അയാള്‍ മേളയുടെ സമയത്ത് സാംസ്‌കാരിക വകുപ്പ് എന്നെ താമസിപ്പിച്ചിരുന്ന തിരുവന്തപുരത്തെ അപ്പോളോ ഹോട്ടലില്‍ എത്തി മര്‍ദിക്കാന്‍ ശ്രമിച്ചു. പ്രേക്ഷകര്‍ സിനിമയെ ഏറ്റെടുത്തെങ്കിലും അയാള്‍ അയാളുടെ പ്രശസ്തിയും അധികാരവും സ്വാധീനവും ഉപയോഗിച്ച് എന്നെ നിരന്തരം വേട്ടയാടി. സിനിമ ശ്രദ്ധിക്കപ്പെടുമെന്ന് തോന്നിയ പിന്നീടുള്ള എല്ലാ വേദികളിലും അയാള്‍ പാരവെച്ചു. ഞാനുമായി സഹകരിച്ച നിരവധി പേരെ എനിക്കെതിരെ ഉപയോഗിക്കാന്‍ ശ്രമിച്ചു. മലയാളത്തിലെ രണ്ടു പ്രമുഖ സംവിധായകരും ക്യമറാമാന്‍മാരുള്‍പ്പെടെ സ്വന്തം നിലയ്ക്ക് നടത്തിയ സന്ധിസംഭാഷണത്തില്‍ ഒരു ലക്ഷം രൂപ കിട്ടിയാല്‍ അടങ്ങാമെന്നു വാഗ്ദാനം ചെയ്തു. അതിന് ഞാന്‍ ആവശ്യപ്പെട്ട സമയപരിധി പോലും നല്‍കാതെ വക്കീല്‍ നോട്ടീസും അവരുടെ നാട്ടിലെ പോലീസിനെ ഉപയോഗിച്ച് കേസും ഭീഷണിയും ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി കോടതി വ്യവഹാരവും.

സമാന്തര സിനിമകളെ സഹായിക്കനല്ലേ ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോര്‍പ്പറേഷനും ഇവിടെ നിലനില്‍ക്കുന്നത്?

എടുത്തുപറയത്തക്ക അക്കാദമിക് ജ്ഞാനങ്ങളോ വളര്‍ത്തി വലുതാക്കാന്‍ പറ്റിയ തലതൊട്ടപ്പന്മാരോ ഇല്ലാതെ കലാമൂല്യമുള്ള ഒരു സിനിമ സ്വപ്നം കണ്ടിറങ്ങിയ എന്നെപ്പോലെ കരിഞ്ഞുവീഴാന്‍ വിധിക്കപ്പെട്ട നിരവധിപേരുണ്ടാകാം. ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ ജീവിതം പറയുക എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുവാന്‍ ശേഖരിച്ചുവച്ച ചില്ലറത്തുട്ടുകളുമായി ഇറങ്ങുമ്പോള്‍ എന്റെ തന്നെ പരിമിതികള്‍ കൊണ്ട് ചുറ്റും നിന്ന പലരെയും ചേര്‍ത്തുപിടിക്കേണ്ടിവന്നു. സിനിമാപുരോഗതിക്ക് ചുക്കാന്‍ പിടിക്കുന്ന കുശാഗ്ര ബുദ്ധിയും സ്വാധീനവുമുള്ള ഒരാള്‍ നിങ്ങള്‍ ദുര്‍ബലനാണ് അതിനാല്‍ സിനിമയില്‍ വയ്ക്കാന്‍ ഉതകുന്ന പേര് തന്റെതാണെന്ന് അവകാശപ്പെട്ടാല്‍ അതിനുവേണ്ടി അയാള്‍ എന്ത് ഹീനമാര്‍ഗവും സ്വീകരിച്ചാല്‍ നമ്മള്‍ തോറ്റുപോകും. ദുര്‍ബലന് എത്തിച്ചേരാനാകാത്ത വിധം വാരിക്കുഴികള്‍ നിറഞ്ഞ ഒരു അധോലോകമായി വാണിജ്യ സിനിമയെന്നല്ല, സമാന്തര സിനിമാ ലോകം മാറിയെന്നതിന് തെളിവാണ് എന്റെ അനുഭവം.

ഇവരൊക്കെ അധികാരം കയ്യാളുന്ന ഒരു സിസ്റ്റത്തിന്റെ സുതാര്യതയെക്കുറിച്ചു നമ്മള്‍ ആശങ്കപ്പെട്ടുപോകും. പാവം പിടിച്ച ഒരു പിന്നോക്കക്കാരന് ലഭിക്കുന്ന സഹായങ്ങളില്‍ നിന്നും എവിടെയൊക്കെ ഇത്തരക്കാര്‍ കയ്യിട്ടുവാരുമെന്ന് നമ്മള്‍ ശങ്ക പുലര്‍ത്തും. അതുകൊണ്ടുതന്നെ ചലച്ചിത്ര മേളയില്‍ തെരഞ്ഞെടുക്കപ്പെടുന്ന സിനിമകള്‍ക്ക് കിട്ടുന്ന രണ്ടുലക്ഷം രൂപയ്ക്കപ്പുറം സമാന്തര സിനിമയ്ക്കിവിടെ നിലനില്‌കേണ്ടതുണ്ട്. സിനിമ മേഖലയില്‍ നിന്നും എല്ലാ കാപട്യങ്ങളെയും കുടിയിറക്കേണ്ടതുണ്ട്. അടൂര്‍ കമ്മറ്റി റിപ്പോര്‍ട്ട് പരിഗണിക്കപ്പെടേണ്ടതുണ്ട്. ഒപ്പം പുഷ്പവതിയോ അവരാരാണ് അവര്‍ക്കെന്താണ് കോണ്‍ക്ലേവില്‍ കാര്യം എന്ന് ഗര്‍ജ്ജിക്കുന്ന സടകൊഴിഞ്ഞ ഒച്ചകളെയും എതിരില്ലാത്ത പ്രതിഷേധമില്ലാത്ത സിനിമയ്ക്കുള്ളിലെ തന്‍പോരിമകളയേയും ഫാന്‍സ് അസോസിയേഷന്‍ നടപ്പ് ദീനങ്ങളെയും ചികില്‍സിക്കേണ്ടതുണ്ട്. മാന്യതയുടെ മുഖംമൂടിയിട്ട അധോലോക നായകന്മാര്‍ സിനിമാ ലോകം ഭരിക്കാതിരിക്കേണ്ടതുണ്ട്.

Content Summary: Interview with Valasai Paravakal director Sunil Maloor

അരുൺ ടി വിജയൻ

അരുൺ ടി വിജയൻ

സ്വതന്ത്ര മാധ്യമ പ്രവർത്തകൻ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

One response to “ദുര്‍ബലരെ വാരിക്കുഴിയില്‍ വീഴ്ത്തുന്ന അധോലോക രാജാക്കന്മാരാണ് സമാന്തര സിനിമയും ഭരിക്കുന്നത്”

  1. Avatar Suresh Nellikode says:

    ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ ഈ അഭിമുഖത്തിലുള്ളത്. കേട്ടുകേള്‍‌വിയല്ല. നേരിട്ടുള്ള അനുഭവങ്ങളാണ്‌. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ എന്താണെന്നറിയാനും അതിനു പരിഹാരങ്ങള്‍ കണ്ടെത്തണമെന്നും ഇച്ഛാശക്തിയുള്ള അധികാരികളാണെങ്കില്‍ അവര്‍ ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കട്ടെ.
    അഴിമുഖത്തിനും സുനില്‍ മാലൂരിനും അരുണ്‍ ടി വിജയനും ഈ വേറിട്ട ശബ്ദം കേള്‍പ്പിച്ചതിനു നന്ദി.

Leave a Reply

Your email address will not be published. Required fields are marked *

×