ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ അധികാരമേറ്റ മകന്‍ മൊജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നു. സ്ഥാമേറ്റെടുത്ത് അഞ്ച് ദിവസത്തിന് ശേഷം തന്റെ ആദ്യ ഔദേ്യാഗിക പ്രസ്താവന പുറത്തുവിട്ടെങ്കിലും, മൊജ്തബ ഖമേനി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാത്തത് വലിയ ചോദ്യങ്ങള്‍ക്കും കിംവദന്തികള്‍ക്കും വഴിതുറന്നിരിക്കുകയാണ്. യുഎസ്-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം നിലവില്‍ കോമയിലാണെന്നും, ഇറാന്‍ ഒരു നിഴല്‍ ഭരണകൂടത്തിന് കീഴിലാണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
യുഎസ് മാധ്യമമായ ‘ദ സണ്‍’ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, മൊജ്തബ ഖമേനി ടെഹ്റാനിലെ സീന യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഒന്നോ രണ്ടോ കാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നതായും വയറിനും കരളിനും ഗുരുതരമായി പരിക്കേറ്റ് കോമയിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, മൊജ്തബ ഖമേനി ചികിത്സയിലിരിക്കുന്ന ആശുപത്രിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും സൈന്യം വളഞ്ഞിരിക്കുകയാണ്. പ്രമുഖ ട്രോമ സര്‍ജനും ഇറാന്റെ ആരോഗ്യ മന്ത്രിയുമായ മുഹമ്മദ് റെസ സഫര്‍ഘണ്ടി, സീനിയര്‍ സര്‍ജന്‍ ഡോ. മുഹമ്മദ് മറാഷി എന്നിവരുടെ നേതൃത്വത്തിലാണ് മൊജ്തബയുടെ ചികിത്സ.
സ്ഥാനമേറ്റെടുത്ത് അഞ്ച് ദിവസത്തിന് ശേഷം മൊജ്തബ ഖമേനിയുടെ ആദ്യ ഔദ്യോഗിക പ്രസ്താവന ഇറാന്റെ സ്‌റ്റേറ്റ് ടെലിവിഷനിലൂടെ പുറത്തുവന്നു. എന്നാല്‍ അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയോ ശബ്ദസന്ദേശം നല്‍കുകയോ ചെയ്തില്ല. പകരം വാര്‍ത്താ അവതാരകനാണ് സന്ദേശം വായിച്ചത്. സ്‌ക്രീനില്‍ മൊജ്തബയുടെ ഒരു ചിത്രം മാത്രമാണ് പ്രദര്‍ശിപ്പിച്ചത്.
‘രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യും’ എന്നും, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പുണ്ട്. ശത്രുക്കള്‍ക്ക് പരിചയമില്ലാത്ത പുതിയ യുദ്ധമുഖങ്ങള്‍ തുറക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.
മൊജ്തബ ഖമേനി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്തത് ഇറാനിയന്‍ ഭരണകൂടത്തിനുള്ളില്‍ വലിയ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആരാണ് രാജ്യം ഭരിക്കുന്നത്? ഖമേനി കോമയിലാണെങ്കില്‍ ഇപ്പോള്‍ പുറത്തുവരുന്ന ഉത്തരവുകള്‍ക്ക് പിന്നില്‍ വിപ്ലവ ഗാര്‍ഡുകളോ അതോ മറ്റ് ഉന്നത പുരോഹിത സമിതിയോ ആണെന്ന ചോദ്യം അന്താരാഷ്ട്ര നിരീക്ഷകര്‍ ഉയര്‍ത്തുന്നു.
എന്നാല്‍ ഇസ്രയേലിന്റെ നീക്കം ഭയന്ന് മൊജ്തബ ഖമേനി ഒളിവില്‍ കഴിയുകയാണെന്നും പരുക്കിന്റെ കാര്യങ്ങള്‍ പുറത്തുവിടാത്തത് ഭരണകൂടം രാഷ്ട്രീയമായി ദുര്‍ബലമാണെന്ന് കരുതാതിരിക്കാനാണെന്ന വാദവും ശക്തമാണ്. നിലവില്‍ ഇറാന്റെ അധികാരം കൈയാളുന്നത് സൈന്യമാണോ, അതോ മറ്റേതെങ്കിലും ഉന്നത പുരോഹിത സമിതിയാണോ എന്ന കാര്യവും ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നു.
ആയത്തുള്ള അലി ഖമേനി കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ ഇറാന്റെ സൈനിക സംവിധാനങ്ങളെ ഒരു ‘ഓട്ടോപൈലറ്റ്’ രീതിയിലേക്ക് മാറ്റിയിരുന്നു എന്നാണ് വിലയിരുത്തല്‍. അതായത്, കൃത്യമായ ഒരു നേതാവ് തലപ്പത്തില്ലെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരാന്‍ സൈന്യത്തിന് സാധിക്കും.
നിലവില്‍, മൊജ്തബ ഖമേനി നേരിട്ട് ജനങ്ങളെ അഭിസംബോധന ചെയ്യാത്ത പക്ഷം ഇറാന്റെ രാഷ്ട്രീയ ഭാവി ഒരു ചോദ്യചിഹ്നമായി തുടരും. യുഎസ്-ഇസ്രയേല്‍ സഖ്യത്തിന്റെ അടുത്ത നീക്കങ്ങളും ഇറാന്റെ ആഭ്യന്തര മാറ്റങ്ങളും പശ്ചിമേഷ്യയെ ഒരു വന്‍ യുദ്ധത്തിലേക്ക് നയിച്ചേക്കാം.
Content Summary: Is Mojtaba Khamenei in a coma? mystery deepens over Iran’s new supreme leader