കേരളത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുകയാണ്. 14 വയസുകാരനടക്കം രണ്ട് മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്തും എറണാകുളത്തുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, മഞ്ഞപ്പിത്ത വൈറസില്‍ ജനതിക മാറ്റം സംഭവിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. വിഷയത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പഠനം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് വരെ 32 മരണമാണ് മഞ്ഞപ്പിത്തം ബാധയില്‍ സംസ്ഥാനത്തുണ്ടായിട്ടുള്ളത്. രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ശാസ്ത്രീയ ചികില്‍സ തേടാതിരുന്നാല്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. മഞ്ഞപ്പിത്ത ബാധ എങ്ങനെ തിരിച്ചറിയാമെന്നും പാലിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും അറിയാം.
ഹെപ്പറ്റൈറ്റിസ് വൈറസാണ് മഞ്ഞപ്പിത്തത്തിന് കാരണമാവുന്നത്. മലിന ജലത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ് വൈറസ് നമ്മുടെ ശരീരത്തിലെത്തുന്നത്. കരളിന്റെ പ്രവര്‍ത്തനത്തെയാണ് ഈ വൈറസ് കാര്യമായി ബാധിക്കുക. രോഗിയുടെ മലമൂത്ര വിസര്‍ജനത്തിലൂടെ പുറത്ത് വരുന്ന വൈറസുകള്‍ വെള്ളത്തില്‍ കലരുന്നതോടെ രോഗവ്യാപനം സംഭവിക്കുന്നു. പനി, ക്ഷീണം, വയറുവേദന, ഛര്‍ദി, ഓക്കാനം,കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് പ്രാഥമിക ലക്ഷണം.വൈറസ് ശരീരത്തിലെത്തി 2-7 ആഴ്ചയ്ക്ക് ശേഷമാണ് ലക്ഷണങ്ങള്‍ പുറത്തറിയു. അതിനാല്‍ തന്നെ ലക്ഷണം കണ്ടാലുടന്‍ ചികില്‍സ തേടണം. ഹെപ്പറ്റൈറ്റിസ് എ കൂടാതെ ബി, സി, ഡി, ഇ എന്നി വകഭേദങ്ങളുമുണ്ട്.
രോഗം ബാധിച്ചാല്‍ ഒരാള്‍ക്കുള്ള മരുന്ന് തന്നെ മറ്റുള്ളവരും കഴിക്കരുത്. ഓരോ ആളുകളിലേയും രോഗാവസ്ഥയ്ക്ക് അനുസരിച്ചാണ് ചികില്‍സയും ടെസ്റ്റുകളും
നിര്‍ണയിക്കുന്നത്. ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വരാം. ഡീ ഹെഡ്രേഷന്‍ സംഭവിക്കാതിരിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. ഉപ്പ് കുറച്ച് കൊഴുപ്പ് കുറഞ്ഞ ഭക്ഷണമാണ് ഈ സമയത്ത് കഴിക്കേണ്ടത്. കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനാല്‍ മദ്യവും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
തണുത്ത വെള്ളം തിളപ്പിച്ച വെള്ളത്തിനൊപ്പം ചേര്‍ത്ത് കുടിക്കുന്നത് ഒഴിവാക്കുക
ക്ലോറിനേറ്റ് ചെയ്ത് കിണര്‍ ശുദ്ധീകരിക്കുക
തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കണം
കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക
പാചകത്തിനും തിളച്ച വെള്ളം തന്നെ ഉപയോഗിക്കുക
തുറന്നുവെച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കണം
(കടപ്പാട്: ഡോക്ടര്‍ ലുബ്‌ന വിപി, ഇഖ്‌റ കമ്മ്യൂണിറ്റി ക്ലിനിക്, കോഴിക്കോട്)
English Summary; Hepatitis A, jaundice spreading in Kerala