രാത്രികാലങ്ങളിലാവും കുട്ടികളിൽ പൊതുവേ പനിയും ചുമയും അസഹനീയമാം വിധം വർദ്ധിക്കുന്നത്. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ കുഞ്ഞുങ്ങളുടെ ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ മാതാപിതാക്കള്‍ വിപണിയില്‍ ലഭിക്കുന്ന കഫ് സിറപ്പുകളും മരുന്നുകളും വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു.
രാജസ്ഥാനിലും മധ്യപ്രദേശിലുമായി 11ഓളം കുട്ടികളാണ് കഫ് സിറപ്പ് കഴിച്ച് മരിച്ചത്. വിപണിയില്‍ ലഭിക്കുന്ന ഇത്തരം മരുന്നുകള്‍ പനി ഭേദമാക്കുന്നില്ല എന്നാണ് പല റിപ്പോര്‍ട്ടുകളും പഠനങ്ങളും ഇപ്പോള്‍ തെളിയിക്കുന്നത്. മറ്റ് എല്ലാ മരുന്നുകളെയും പോലെ ഇവയ്ക്കും പാര്‍ശ്വഫലങ്ങളുണ്ട്. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകരുതെന്ന് നിർദേശവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാൽ, ഈ നിർദേശം രാജ്യത്താകമാനം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഒരു പ്രത്യേക കമ്പനി നിർമ്മിച്ച കഫ് സിറപ്പുകൾ കുടിച്ചതാണ് കുട്ടികളുടെ മരണത്തിന് കാരണമായത്. കഫ് സിറപ്പ് നിർമാതാക്കളായ കെയ്സൺ ഫാർമ നിലവിൽ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയാണ്. ആ മരുന്നുകൾ ഇപ്പോഴും വിപണിയിൽ ലഭിക്കുന്നത് എങ്ങനെയാണെന്നാണ് ആദ്യം ചിന്തിക്കേണ്ടുന്ന കാര്യമെന്ന് പറയുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോസർജനും എഴുത്തുകാരനുമായ ഡോ. മനോജ് വെള്ളനാട്. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് കൊടുക്കാൻ പാടില്ലെന്നാണ് കേന്ദ്ര ഉത്തരവ്. കുട്ടികൾക്ക് ചുമ വരുന്നതിന്റെ പ്രധാന കാരണം ജലദോഷം പോലുള്ള അലർജികളാണ്. അതിന് യഥാർത്ഥത്തിൽ ശരിയ്ക്കും സപ്പോർട്ടീവ് ആയിട്ടുള്ള കെയർ മതി.
പലതരം മരുന്നുകളുടെ സംയോജനം ആയിരിക്കും കഫ് സിറപ്പുകൾ. അവയിൽ ആന്റി ടഫ്സീസ് എന്നൊരു പദാർത്ഥമുണ്ട്. അവ ചുമയെ അടിച്ചമർത്തുന്ന പദാർത്ഥങ്ങളാണ്. ചുമ ഇല്ലാതാക്കണമെങ്കിൽ തലച്ചോറിൽ പോയി കഫ് റിഫ്ലെക്സ് ഉണ്ടാക്കുന്ന ഭാഗത്ത് പോയാലെ അതിന് സാധിക്കൂ. ആ മരുന്നുകൾ പ്രവർത്തിക്കുന്നത് തലച്ചോറിലാണെന്നാണ് അതിനർത്ഥം. തലച്ചോറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ അതിന് അനുസരിച്ചുള്ള പാർശ്വഫലങ്ങളും അവയ്ക്കുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ മരുന്നുകൾ ഉപയോഗിക്കുന്നവരിൽ അമിതമായ ഉറക്കം, മനംപുരട്ടൽ എന്നിവയുണ്ടാവാൻ സാധ്യത കാണുന്നു. ഇവയുടെ ഡോസിൽ ചെറിയ രീതിയുള്ള വ്യത്യാസം വന്നാൽ പോലും കുട്ടികളിൽ അത് പ്രതിഫലിച്ചേക്കാം. അവർക്ക് മയക്കമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇവയ്ക്ക് പുറമേ കഫം അലിയിപ്പിച്ച് കളയുന്ന എക്സ്പെറ്ററന്റ് ( Expectorant) കഫ് സിറപ്പുകളും ഉപയോഗിക്കുന്നു. കഫമുള്ള ചുമയാണെങ്കിൽ ഇവ ഉപയോഗിക്കുന്നത് ആയിരിക്കും ഉചിതം. കഫം ഏറ്റവും എളുപ്പത്തിൽ പുറത്തു കളയാൻ ഇവ സഹായിക്കുന്നു. മൂന്നാമത്തേത് ആന്റി ഹിസ്റ്റമിനുകളാണ്. ജലദോഷമുണ്ടാകുന്ന സമയത്ത് മൂക്കടപ്പുണ്ടാകുന്നത് ഹിസ്റ്റമിൻ റിലീസ് കാരണമാണ്. ആ സാഹചര്യത്തിൽ ഹിസ്റ്റമിനെതിരെ പ്രവർത്തിക്കുന്ന മരുന്നുകൾ വേണം ഉപയോഗിക്കാൻ. അവയുടെയും പാർശ്വഫലം മയക്കമാണ്. ഈ പറഞ്ഞ ചേരുവകളെല്ലാം ചേർത്തുണ്ടാക്കുന്ന കഫ് സിറപ്പുകൾ അപകടകാരികളാണ്. നമ്മുടെ ശരീരഭാരം വച്ച് ഈ മരുന്നുകൾ പ്രശ്നക്കാരനല്ലെങ്കിലും കുട്ടികളിൽ ഇവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കാം.
ഈ ഒരു സംഭവത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ഇതുകൊടുക്കരുതെന്ന് പറയുമ്പോഴുണ്ടാകുന്ന ആശങ്കയാണ് ഇപ്പോൾ കാണുന്നത്. ഇത്രയും നാൾ കൊടുത്തുക്കൊണ്ടിരുന്നത് പ്രശ്നമായിരുന്നോ എന്നുള്ള സംശയങ്ങളുയരുന്നു. ശരിയ്ക്കും ഒരു ശിശുരോധ വിദഗ്ധന്റെ നിർദേശ പ്രകാരം ഇന്റിക്കേറ്റഡായിട്ടുള്ള കേസുകളിൽ കുട്ടികൾക്ക് മരുന്നുകൾ നൽകാം. മെഡിക്കൽ സ്റ്റോറിൽ പോയി ചോദിച്ചാൽ ഏതെങ്കിലുമൊരു മരുന്നേ ലഭിക്കൂ. ആ രീതി പിന്തുടരുന്നതും പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകണ്ടെന്ന നിർദേശത്തിലാണ് സംശയമുള്ളത്. എന്നാൽ, അക്കാര്യത്തിൽ ഒരു അഭിപ്രായം പറയുക ബുദ്ധിമുട്ടായിരിക്കും. കൃത്യമായ ഒരു പിന്തുണാ സംവിധാനത്തിന്റെ ആവശ്യം മാത്രമാണ് ഈ സാഹചര്യത്തിലുള്ളത്. സ്വിച്ചിട്ടത് പോലെ അസുഖങ്ങൾ മാറില്ലെന്ന കാര്യം ആദ്യം ഉൾക്കൊള്ളണം. ചുമ പോലുള്ള രോഗങ്ങൾ നാലഞ്ച് ദിവസത്തിനുള്ളിൽ മാറും. അതിനുള്ള സാവകാശം കൂടി നൽകാൻ തയ്യാറാവണമെന്ന് മാത്രം.
കഫ് സിറപ്പുകളുടെ ഉപയോഗത്തിലൂടെ മുമ്പും പല അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതെല്ലാം ഗ്ലിസറോളിനോ പ്രൊപ്പലിൻ ഗ്ലൈക്കോളിനോ പകരം കുറച്ച് കൂടി വില കുറഞ്ഞ പദാർത്ഥങ്ങൾ ഉപയോഗിക്കാറുണ്ട്. ഇവ വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും. അവ ചെറിയ തോതിൽ കഴിച്ചാൽ തന്നെ വൃക്ക തകരാറിലാവും. ഇന്ന് തമിഴ്നാട്ടിൽ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. അവർ ഉപയോഗിച്ചിരുന്നത് ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന പദാർത്ഥമായിരുന്നു. ഇവ തന്നെയാണ് രാജസ്ഥാൻ റിപ്പോർട്ട് ചെയ്ത കേസുകളിലെ കഫ്സിറപ്പുകളിൽ ഉപയോഗിച്ചിരുന്നത് എന്ന സംശയമുണ്ടായിരുന്നെങ്കിലും അല്ലായെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുതിർന്നവർക്ക് അസുഖം വന്നാൽ മുതിർന്നവർ പിന്തുടരുന്ന അതേ ശീലങ്ങൾ തന്നെയാവും കുട്ടികൾ പിന്തുടരേണ്ടതും. ഡോക്ടറെ കണ്ട് കൃത്യമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കുട്ടികൾക്ക് മരുന്നുകൾ നൽകുക.
content summary: Not all cough syrups are harmful to health, important factors to consider when giving cough syrup to babies
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.