കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കു പുറത്ത് യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം കത്തിക്കാളുകയാണ്. ആശുപത്രിയ്ക്ക് മുന്‍വശത്തെ ഗേറ്റ് തടസപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യധാര മാധ്യമങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിനും ആരോഗ്യ മന്ത്രിക്കുമെതിരേ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉയര്‍ത്തുന്നു. തീര്‍ത്തും ദൗര്‍ഭാഗ്യകരമായ ഒരു മരണമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നന്നത്. അതിനെതിരേ കേരളം മുഴുവന്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കുന്നുണ്ട്.
പുറത്ത് സമരം കൊടുമ്പിരി കൊള്ളുമ്പോള്‍, അതിലൊന്നും ശ്രദ്ധകൊടുക്കാതെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ആശുപത്രിക്കുള്ളില്‍ കര്‍മനിരതരായുണ്ട്. അവര്‍ക്കും രാഷ്ട്രീയമുണ്ട്, എന്നാല്‍ ഇപ്പോഴവര്‍ രാഷ്ട്രീയമൊന്നും നോക്കാതെ സേവനത്തിലാണ്. കോട്ടയത്തെ ഡിവൈഎഫ്‌ഐക്കാരെ കുറിച്ചാണ്.
മെഡിക്കല്‍ കോളേജിലെ 11,14 വാര്‍ഡുകളിലെ ശുചിമുറി തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങിയത് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. എല്ലാം പഴയപോലെയാകണം, അതിനുള്ള കാര്യങ്ങള്‍ സജ്ജമാക്കണം, ചികിത്സ മുടങ്ങരുത്. ഇതാണ് അവരുടെ ലക്ഷ്യം.
‘തിരക്കാണ്, കാമറയ്ക്ക് മുഖം നല്‍കാനോ, ആളുകളെ ശ്രദ്ധിക്കാനോ ഒന്നിനും സമയമില്ല. രോഗികള്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഏറ്റവും വേഗം പുനക്രമീകരിക്കണം. ഇത് മാത്രമാണ് ചിന്ത’. ആശുപത്രിയില്‍ മുഴുവന്‍ സമയവും സജ്ജമായിരുന്ന ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിനെ സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി ഇതാണ്. ഏതാണ്ട് വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വന്നു പ്രതികരണം ലഭിക്കാന്‍.
‘ഈ സംഭവമുണ്ടായി പത്തു മിനിറ്റിനുള്ളില്‍ തന്നെ ഞങ്ങള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. വരുമ്പോള്‍ കാണുന്നത് ഇടിഞ്ഞു വീണ വാര്‍ഡില്‍ നിന്ന് ആളുകളെ മാറ്റുന്നതാണ്. 11, 13,14,15 വാര്‍ഡുകളില്‍ നിന്ന് ആളുകളെ മാറ്റുന്നതിനും മറ്റുമായി രാത്രി 11.30 വരെ ഞങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു’. ഡിവൈഎഫ് ഏറ്റുമാനൂര്‍ ബ്ലോക്ക് സെക്രട്ടറി അരുണ്‍ എം എസ് അഴിമുഖത്തോട് പ്രതികരിച്ചു.
‘ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ ഉള്‍പ്പെടെ മാറ്റണമായിരുന്നു. അവരെ പുതിയ സര്‍ജിക്കല്‍ വാര്‍ഡിലേക്ക് മാറ്റുന്നതിന് പുറമേ ഉപകരണങ്ങള്‍ സജ്ജമാക്കുകയും വേണമായിരുന്നു. എല്ലാക്കാര്യത്തിനുമുണ്ടായിരുന്നു. രാത്രി 1.30 യോടെ മെഡിക്കല്‍ കോളേജില്‍ നിന്നും വിളിച്ചു. അടുത്ത ദിവസങ്ങളിലും സഹായം കിട്ടുമോയെന്നറിയാനായിരുന്നു. ഞങ്ങള്‍ ഇറങ്ങി”. അരുണ്‍ കൂട്ടിച്ചേര്‍ത്തു.
കോട്ടയം ജില്ലയിലെ വിവിധ മേഖല കമ്മിറ്റികളില്‍ നിന്നുമായി 150 ഓളം ഡിവെഎഫ്‌ഐ പ്രവര്‍ത്തകരാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിയത്. രോഗികള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മെഡിക്കല്‍ കോളേജിനെ പ്രതിപക്ഷ സംഘടനകള്‍ സമരഭൂമിയാക്കിയപ്പോള്‍ മുഴുവന്‍ സമയവും കര്‍മ്മനിരതരായി അവരുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ വാര്‍ഡുകളില്‍ നിന്ന് ഉപകരണങ്ങളും മരുന്നുകളും രോഗികളുടെ സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാം പുതിയ ബ്ലോക്കിലേക്ക് എത്തിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു.
‘എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങള്‍ മുന്നിലുണ്ടാവുമെന്ന് ഉറപ്പ് നല്‍കി നിസഹായരായി നില്‍ക്കുന്ന സമയത്ത് മുന്നോട്ട് വന്നവരാണ് അവര്‍’: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കുറിച്ച് കോട്ടയം മെഡിക്കല്‍ കോളേജd അസിസ്റ്റന്റ് സൂപ്രണ്ട് ഡോ രതീഷ് പങ്കുവച്ച വാക്കുകളാണിത്. ദുരന്തം നടന്ന ദിവസം പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് വൃത്തിയാക്കാന്‍ അവര്‍ മുന്നിലുണ്ടായിരുന്നുവെന്ന് ഡോ രതീഷ് സാക്ഷ്യപ്പെടുത്തുന്നു.
പല ആപത്ഘട്ടങ്ങളിലും അത്യാവശ്യ ഘട്ടങ്ങളിലും പിന്തുണ നല്‍കാന്‍ ഡിവൈഎഫ്‌ഐയുടെ യൂത്ത് ബ്രിഗേഡ് ടീം ഇവിടെയുള്ളതാണ്. കക്ഷി രാഷ്ട്രീയം നോക്കിയല്ല ഡിവൈഎഫ്‌ഐ ദുരന്തമുഖത്ത് ഇടപെടാറുള്ളത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ എന്നല്ല ഞങ്ങളുടെ കൈയെത്തുന്ന ദൂരത്ത് എവിടെ അപകടം ഉണ്ടായാലും ഞങ്ങളുണ്ടാവും’ ഡിവൈഎഫ് പ്രവര്‍ത്തകനായ അനസ് അഴിമുഖത്തോട് പറയുന്നു.
രാഷ്ട്രീയം മുതലെടുപ്പിന് മുഖം കൊടുക്കാനോ പ്രതികരണം നല്‍കാനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നത്. അത്ര നല്ല ആശുപത്രിയായത് കൊണ്ട് ആവുമല്ലോ കോട്ടയം മെഡിക്കല്‍ കോളേജിനെ പല ജില്ലയില്‍ നിന്നുള്ള ആളുകളും ആശ്രയിക്കുന്നത്. ഈ ഒരു കാര്യം വെച്ച് മാത്രം എങ്ങനെയാണ് ഒരു ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ റദ്ദ് ചെയ്യാന്‍ പറ്റുന്നത്. ഇവിടുത്തെ നല്ല പ്രവര്‍ത്തനങ്ങളോ സജ്ജീകരണങ്ങളോ ഒന്നും ഒരു മാധ്യമവും വാര്‍ത്തയാക്കുന്നില്ല. ഇതിനെ രാഷ്ട്രീയവത്കരിച്ച് ലാഭം കൊയ്യാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമാണ് പുറത്തു നടക്കുന്ന പ്രകടനങ്ങള്‍’
അരുണ്‍ പറയുന്നു.
ദുരന്തമുഖത്ത് ഡിവൈഎഫ്‌ഐ ഉണ്ടാവും. അതാണ് ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശം’ കൂടുതല്‍ സംസാരിക്കാന്‍ സമയമില്ലെന്ന് വ്യക്തമാക്കി അരുണ്‍ തന്റെ സഖാക്കള്‍ക്കൊപ്പം ചേര്‍ന്നു… DYFI’s service activities at Kottayam Medical College
Content Summary; DYFI’s service activities at Kottayam Medical College
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.