July 14, 2026 |
Share on

37 ദിവസങ്ങള്‍ 12 ജീവനുകള്‍; ‘നീറ്റ’ലായി ഈ കുഞ്ഞുങ്ങള്‍

നീറ്റ് പരീക്ഷാ റദ്ദാക്കലിനും പുനഃപരീക്ഷയ്ക്കും ഇടയില്‍ ആത്മഹത്യ ചെയ്തത് 12 വിദ്യാര്‍ത്ഥികള്‍

നീറ്റ്-യു.ജി 2026 പരീക്ഷാ ക്രമക്കേടുകളും തുടര്‍ന്നുണ്ടായ അനിശ്ചിതത്വങ്ങളും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി മാത്രമല്ല, അവരില്‍ പലരുടെയും ജീവിതവും ഇല്ലാതാക്കിയിരിക്കുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദവും ഭാവിയെ കുറിച്ചുള്ള ഭയവും എല്ലാം ചേര്‍ന്നാണ് സ്വപ്‌നം കണ്ട ജീവിതം പാതിയില്‍ അവസാനിപ്പിക്കാന്‍ ആ കൗമാരക്കാരെ നിര്‍ബന്ധിതരാക്കിയത്.

പരീക്ഷ ആദ്യം നടന്നത് മേയ് മൂന്നാം തീയതിയായിരുന്നു. അധികം വൈകാതെ ക്രമക്കേടുകളുടെ വിവരങ്ങള്‍ പുറത്തു വന്നു. മെയ് 12 ന് പരീക്ഷ റദ്ദാക്കി. രാജ്യം വലിയ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ദിവസങ്ങളായിരുന്നു പിന്നീട്. റദ്ദാക്കിയ പരീക്ഷ ജൂണ്‍ 21-ന് വീണ്ടും നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ മേയ് 12 മുതല്‍ ജൂണ്‍ 21 ന് പരീക്ഷ വീണ്ടും നടക്കുന്ന ദിവസം വരെയുള്ള ഒരു മാസത്തെ ചുരുങ്ങിയ കാലയളവിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുറഞ്ഞത് 12 വിദ്യാര്‍ത്ഥികളാണ് മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തത്.

രാജസ്ഥാനിലെ സീക്കറില്‍ നിന്ന് കണ്ടെടുത്ത 150 പേജുള്ള ചോര്‍ന്ന ‘ഗസ് പേപ്പറും’ ഇതിന് പിന്നിലെ മഹാരാഷ്ട്ര ലാത്തൂര്‍ കേന്ദ്രീകരിച്ചുള്ള അന്തര്‍സംസ്ഥാന മാഫിയ ബന്ധങ്ങളും പുറത്തുവന്നതോടെയാണ് പരീക്ഷ റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. ജൂണ്‍ 21-ലെ പുനഃപരീക്ഷ എഴുതാനിരുന്ന വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയ ഈ 12 പേരും. ഇവരില്‍ അഞ്ചുപേരുടെ പക്കല്‍ നിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

പ്രതീക്ഷകളറ്റവര്‍

രാജസ്ഥാനിലെ ഝുന്‍ഝുനു ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള 22-കാരനായ ദളിത് യുവാവ് മേയ് 3-ലെ നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയത് വലിയ പ്രതീക്ഷകളോടെയായിരുന്നു. ‘തന്റെ വിജയം തടയാന്‍ ഇനി ദൈവത്തിന് പോലും കഴിയില്ലെ’ന്നായിരുന്നു അവന്‍ പിതാവിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കകം പരീക്ഷ റദ്ദാക്കിയ വാര്‍ത്ത വന്നതോടെ ഈ യുവാവ് പൂര്‍ണമായും തകര്‍ന്നുപോയി. മേയ് 18-ന് സഹോദരി കുളിക്കാന്‍ പോയ സമയത്ത് അവന്‍ ആത്മഹത്യ ചെയ്തു. ഒരു ദിവസക്കൂലി തൊഴിലാളിയുടെ മകനായ അവന്‍ സഹോദരിമാര്‍ക്കൊപ്പം സീക്കറിലായിരുന്നു താമസം. തങ്ങള്‍ക്ക് രണ്ടു കോടി രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുന്നത് വരെ മകന്റെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കില്ലെന്ന നിലപാടിലാണ് ഈ കുടുംബം.

സീക്കറില്‍ തന്നെ താമസിച്ചിരുന്ന മറ്റൊരു മുംബൈ വ്യവസായിയുടെ 22-കാരനായ മകനും ജൂണ്‍ 15-ന് ആത്മഹത്യ ചെയ്തു. സഹോദരങ്ങള്‍ കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ കണ്ടെത്തിയത് ‘ഞാന്‍ ഈ ലോകത്തുനിന്ന് പോകുന്നു, എന്നോട് ക്ഷമിക്കുക’ എന്നെഴുതിയ ആത്മഹത്യാ കുറിപ്പായിരുന്നു. മേയ് 12-ന് ജീവനൊടുക്കിയ 17-കാരനായ മറ്റൊരു വിദ്യാര്‍ത്ഥി, തനിക്ക് ഇനി ഇത്തരം മത്സരപ്പരീക്ഷകള്‍ എഴുതാന്‍ താല്പര്യമില്ലെന്ന് കുറിച്ചുവെച്ചിരുന്നു. സ്‌കൂള്‍ തലത്തില്‍ ഹോക്കി മത്സരങ്ങളില്‍ പങ്കെടുത്ത മികച്ചൊരു കായികതാരം കൂടിയായിരുന്നു ഈ മിടുക്കന്‍.

മേയ് 16-ന് മുറി തുറക്കാത്തതിനെത്തുടര്‍ന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ പിതാവും മാതാവും വാതില്‍ പൊളിച്ചു നോക്കിയപ്പോള്‍ കണ്ടത് ദുപ്പട്ടയില്‍ തൂങ്ങിമരിച്ച 24-കാരിയായ മകളെയാണ്. ജൂണ്‍ 21-ലെ പുനഃപരീക്ഷയുടെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു അവള്‍. ‘ഐ ലവ് യൂ പപ്പാ, എന്നോട് ക്ഷമിക്കണം. ഇത് ആരുടെയും തെറ്റല്ല, എന്റെ അപാകത കൊണ്ടാണ്,’ എന്നായിരുന്നു അവളുടെ അവസാന കത്തിലെ വാക്കുകള്‍.

ഗുജറാത്തിലെ അഹമ്മദാബാദില്‍ ജൂണ്‍ 18-ന് പുലര്‍ച്ചെ 17-കാരനായ വിദ്യാര്‍ത്ഥി ഫ്‌ളാറ്റിന്റെ ആറാം നിലയിലെ ബാല്‍ക്കണി വല മുറിച്ചുമാറ്റി താഴേക്ക് ചാടി മരിച്ചു. നീറ്റ് പുനഃപരീക്ഷയ്ക്ക് പുറമെ ഫാര്‍മസി കോഴ്‌സിനും അപേക്ഷിച്ചിരുന്ന അവന് പരീക്ഷാ സമ്മര്‍ദ്ദം താങ്ങാനായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ 19-കാരിയായ പെണ്‍കുട്ടി ജൂണ്‍ 17-ന് ആത്മഹത്യ ചെയ്തു. ഇതിനകം രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയ അവള്‍, പുനഃപരീക്ഷയെ അഭിമുഖീകരിക്കാനുള്ള ഭയം ബന്ധുക്കള്‍ക്ക് വാട്‌സാപ്പ് സന്ദേശമായി അയച്ചിരുന്നു. നീറ്റ് പരീക്ഷ വിവേചനപരമാണെന്ന് വാദിക്കുന്ന തമിഴ്നാട്ടില്‍ ഈ മരണം പരീക്ഷ നിരോധിക്കണമെന്ന ആവശ്യത്തിന് വീണ്ടും ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്.

മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയില്‍ നിന്നുള്ള 18-കാരി മേയ് 20-ന് ജീവനൊടുക്കി. നാഗ്പൂരില്‍ പാചകക്കാരനായ അവളുടെ പിതാവ് മകളുടെ പഠനത്തിനായി മൂന്നു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ആദ്യ തവണ പരീക്ഷ നന്നായി എഴുതിയ അവള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ ഭയമായിരുന്നു. ‘അമ്മേ പപ്പാ, നിങ്ങളുടെ മകള്‍ ഡോക്ടറാകുമെന്ന് നിങ്ങള്‍ വിശ്വസിച്ചു, പക്ഷേ എനിക്ക് ഇനി നീറ്റ് പരീക്ഷ എഴുതാന്‍ ധൈര്യമില്ല,’ എന്നായിരുന്നു അവളുടെ ആത്മഹത്യാ കുറിപ്പ്. ഇന്‍ഡോറില്‍ നിന്നുള്ള 19-കാരിയായ മറ്റൊരു പെണ്‍കുട്ടിയും കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു. പരീക്ഷാ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി അതീവ നിശ്ശബ്ദയായിരുന്ന അവളുടേത് ആത്മഹത്യയാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

ഉത്തര്‍പ്രദേശില്‍ കടുത്ത മാനസിക വിഷമത്തിലായിരുന്ന 17-കാരി കഴിഞ്ഞ ബുധനാഴ്ചയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷ റദ്ദാക്കിയതില്‍ അവള്‍ അതീവ ദുഃഖിതയായിരുന്നുവെന്ന് റെയില്‍വേ ഉദ്യോഗസ്ഥനായ പിതാവ് പറഞ്ഞു. ലഖിംപൂര്‍ ഖേരിയില്‍ നിന്നുള്ള 21-കാരന്‍ മേയ് 14-ന് തൂങ്ങിമരിച്ചു. ലഖ്‌നൗവില്‍ നാല് വര്‍ഷമായി നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന അവന്റെ മൂന്നാമത്തെ ശ്രമമായിരുന്നു ഇത്.

വടക്കന്‍ ഡല്‍ഹിയിലെ ആസാദ്പൂരില്‍ നിന്നുള്ള 20-കാരി മൂന്നാം തവണയാണ് നീറ്റ് പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ വെറും നാല് മാര്‍ക്കിനാണ് അവള്‍ക്ക് മെഡിക്കല്‍ സീറ്റ് നഷ്ടമായത്. ഇത്തവണ താന്‍ വിജയിക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന അവള്‍ പരീക്ഷ റദ്ദാക്കി രണ്ട് ദിവസത്തിന് ശേഷം മേയ് 14-ന് മുറിക്കുള്ളില്‍ തൂങ്ങിമരിച്ചു.

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള 18-കാരി മെയ് 25-നാണ് ആത്മഹത്യ ചെയ്തത്. ചെറുപ്പം മുതലേ ഡോക്ടറാകാന്‍ ആഗ്രഹിച്ച മകള്‍ പരീക്ഷാ റദ്ദാക്കലിന് ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പിതാവ് സാക്ഷ്യപ്പെടുത്തുന്നു.

രാജ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷാ സംവിധാനത്തിലെ അപാകതകളും പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയും ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ ഭാവിയെ മാത്രമല്ല, അവരുടെ ജീവനെത്തന്നെയാണ് പന്താടുന്നത് എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ മരണങ്ങള്‍.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഓര്‍ക്കുക. മാനസിക സമ്മര്‍ദ്ദങ്ങളോ ആത്മഹത്യാ ചിന്തകളോ നിങ്ങളെയോ നിങ്ങള്‍ക്കറിയാവുന്നവരെയോ അലട്ടുന്നുണ്ടെങ്കില്‍ സഹായത്തിനായി ഉടന്‍ തന്നെ വിദഗ്ദ്ധരുമായി ബന്ധപ്പെടുക.

കേരള സര്‍ക്കാര്‍ ഹെല്‍പ്പ്ലൈന്‍ ‘ദിശ’: 1056, 0471-2552056
മാനസികാരോഗ്യ ഹെല്‍പ്പ്ലൈന്‍ (മിത്ര): 0484-2459000
ദേശീയ ഹെല്‍പ്പ്ലൈന്‍ (KIRAN): 18005990019

(ഇവ സൗജന്യവും 24 മണിക്കൂറും ലഭ്യവുമാണ്)



Content Summary; At least 12 NEET-UG aspirants died by suicide across India in a month following the exam cancellation and paper leak controversy ahead of the June 21 retest

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×