ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരിത്ര റെക്കോര്‍ഡ് മറികടന്ന്, ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി രാജ്യം ഭരിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന അപൂര്‍വ്വ വ്യക്തിഗത നേട്ടം സ്വന്തമാക്കി നരേന്ദ്ര മോദി. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് 12 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ഈ സുവര്‍ണ്ണ നേട്ടവും. ഈ ഇരട്ട മധുരത്തിന്റെ ആഘോഷങ്ങള്‍ക്കായി എന്‍ഡിഎ ഘടകകക്ഷി നേതാക്കള്‍ ബുധനാഴ്ച ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഒത്തുചേരും.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിന് ശേഷം 1952 മെയ് 13-ന് അധികാരമേറ്റ്, 1964 മെയ് 27-ന് അന്തരിക്കുന്നത് വരെ തുടര്‍ച്ചയായി 4,398 ദിവസങ്ങളാണ് ജവഹര്‍ലാല്‍ നെഹ്റു നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി രാജ്യം ഭരിച്ചത്. ബുധനാഴ്ചയോടെ നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തില്‍ തുടര്‍ച്ചയായ 4,399 ദിവസങ്ങള്‍ പൂര്‍ത്തിയാക്കും. ഇതോടെയാണ് നെഹ്റുവിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് മോദി ഒരു ദിവസ വ്യത്യാസത്തില്‍ മറികടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ 12 വര്‍ഷങ്ങള്‍ വിശ്വാസം, വികസനം, ജനക്ഷേമം (വിശ്വാസ്, വികാസ്, ജന്‍ കല്യാണ്‍) എന്നിവയിലൂന്നിയുള്ളതായിരുന്നു എന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ നബിന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ഭാരതത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിന്റെയും ആഗോളതലത്തില്‍ രാജ്യത്തിന്റെ അന്തസ്സും ബഹുമാനവും ഉയര്‍ന്നതിന്റെയുമായ ഒരു സുവര്‍ണ്ണ കാലഘട്ടമായി ഈ യുഗം ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിന്താഗതിയിലൂടെയും കൂട്ടായ പ്രതിജ്ഞാബദ്ധതയിലൂടെയും തങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുവെന്ന അഭിമാനത്തോടെ പറയാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണകൂടത്തിന്റെ പദ്ധതികള്‍ക്ക് ‘വേഗതയും വ്യാപ്തിയും’ നല്‍കാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചുവെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ഭുവനേശ്വറില്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. 2014-ന് മുന്‍പും രാജ്യത്ത് പദ്ധതികള്‍ ഉണ്ടായിരുന്നുവെങ്കിലും, മോദി ചുമതലയേറ്റ ശേഷം അവയുടെ വേഗതയും ഗുണഭോക്താക്കളിലേക്ക് എത്തുന്ന രീതിയും പൂര്‍ണ്ണമായി മാറിയെന്നും ഈ ചിന്താഗതിയാണ് അദ്ദേഹത്തെ മറ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ വിദേശനയത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും ഇത് ‘ബ്രാന്‍ഡ് ഇന്ത്യ’യുടെ ആഗോള പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആഗോള തെക്കന്‍ രാജ്യങ്ങളുടെ ശക്തമായ ശബ്ദമായി മാറാനും, അന്താരാഷ്ട്ര പ്രതിസന്ധികളില്‍ ആദ്യമായി സഹായഹസ്തം നീട്ടുന്ന രാജ്യമാകാനും ഇന്ത്യക്ക് സാധിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സില്‍ കുറിച്ചു. ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് പോലുള്ള കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും, അതിര്‍ത്തികള്‍ കടന്ന് യുപിഐ പോലുള്ള ഡിജിറ്റല്‍ പൊതുസംവിധാനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും ഇന്ത്യ നേതൃത്വം നല്‍കി. ദേശീയ താല്പര്യങ്ങള്‍ക്കൊപ്പം ആഗോള നന്മയെയും രാജ്യം മുന്‍നിര്‍ത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഭരണകാലത്ത് നിരവധി ‘ആദ്യ നേട്ടങ്ങള്‍’ കൈവരിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം 2014-ല്‍ ഒരു പാര്‍ട്ടിക്ക് തനിച്ചുള്ള ഭൂരിപക്ഷം നേടിക്കൊടുത്താണ് അദ്ദേഹം തുടങ്ങിയത്. ഡിജിറ്റല്‍ ഇന്ത്യ, സാമ്പത്തിക-സാങ്കേതിക രംഗങ്ങളിലെ ആഗോള വളര്‍ച്ച, സ്ത്രീ ശാക്തീകരണം എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തെളിവാണ്. ഏറ്റവും കൂടുതല്‍ കാലം നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന ഈ പുതിയ റെക്കോര്‍ഡ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് അദ്ദേഹം നല്‍കിയ ‘സ്ഥിരത’യുടെ അടയാളമാണെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
തുടര്‍ച്ചയായ ഭരണകാലം മാത്രമല്ല, സുസ്ഥിര ഭരണം, വികസനം, ജനക്ഷേമ പദ്ധതികള്‍ എന്നിവ കൂടുതല്‍ ജനങ്ങളിലേക്ക് ആഴത്തില്‍ എത്തിക്കാന്‍ സാധിച്ചതാണ് ഈ മോദി യുഗത്തിന്റെ സവിശേഷതയെന്ന് ബിജെപി നേതാവ് വിനയ് സഹസ്രബുദ്ധെ അഭിപ്രായപ്പെട്ടു. ചിന്തകളിലെ വ്യക്തത, നവീകരണത്തിനുള്ള കഴിവ്, പ്രവര്‍ത്തനങ്ങളിലെ കഠിനാധ്വാനം, പരിഷ്‌കാരങ്ങളിലെ കൃത്യത എന്നിവ 2014-ന് ശേഷമുള്ള ഇന്ത്യയെ അതിന് മുന്‍പുള്ള ഇന്ത്യയില്‍ നിന്ന് തികച്ചും വ്യത്യസ്തമാക്കുന്നു. മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി, പ്രശ്‌നങ്ങള്‍ക്ക് ക്രിയേറ്റീവായി പരിഹാരം കാണാന്‍ നിരന്തരം ശ്രമിക്കുന്ന ഒരു മികച്ച ചിന്തകനായി മോദി നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നിന്നുള്ള ചിത്രമാണ് അഴിമുഖം വാര്‍ത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്നത്
Content Summary; PM Narendra Modi set to become India’s longest-serving continuously elected Prime Minister, surpassing Jawaharlal Nehru’s record. NDA to celebrate 12 years in power.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.