അഞ്ച് മാസം മുമ്പായിരുന്നു പ്രേംകുമാര്‍ രേഖയെ വിവാഹം കഴിച്ചത്. അതും ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം. ആദ്യ ഭാര്യ വാഹനാപകടത്തില്‍ മരിച്ചെന്ന് പറഞ്ഞായിരുന്നു രണ്ടാംവിവാഹം. കള്ളങ്ങള്‍ പുറത്തറിയാതിരിക്കാനായി സ്വന്തം കുടുംബവുമായുള്ള ബന്ധം പോലും പ്രേംകുമാര്‍ ഉപേക്ഷിച്ചിരുന്നു.
2019 ലായിരുന്നു ആദ്യ ഭാര്യയായ വിദ്യയെ പ്രേംകുമാറും കാമുകിയും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്. കാമുകിക്കൊപ്പം ജീവിക്കുന്നതിനായിരുന്നു പ്രേംകുമാര്‍ വിദ്യയെ ശ്വാസംമുട്ടിച്ച് കൊന്നത്. ഇരുവരും തൃപ്പൂണിത്തുറ ഉദയംപേരൂരിലെ വാടക വീട്ടിലായിരുന്നു പ്രേംകുമാറും വിദ്യയും താമസിച്ചിരുന്നത്.
കോളേജില്‍ പ്രേംകുമാറിന്റെ സഹപാഠിയായിരുന്നു തിരുവനന്തപുരം സ്വദേശിനിയായ കാമുകി സുനിത ബേബി. കോളേജ് റീയൂണിയനില്‍ കണ്ടുമുട്ടിയ ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. പ്രണയം ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിലേക്കും എത്തി. പിന്നെ എങ്ങനെയും വിദ്യയെ ഒഴിവാക്കണമെന്നതായിരുന്നു ഇരുവരുടെയും ലക്ഷ്യം.
തിരുവനന്തപുരം കളിയിക്കാവിളയിലെ ഒരു ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു സുനിത ബേബി. പ്രേംകുമാര്‍ തമ്പാനൂരിലെ ഒരു ഹോട്ടലില്‍ സ്‌റ്റോര്‍ കീപ്പറുമായിരുന്നു. ഇരുവരും 2019 മെയ് മുതല്‍ തിരുവനന്തപുരത്ത് ഒരു വില്ലയില്‍ ഒരുമിച്ച് താമസവും ആരംഭിച്ചു. സുനിതയ്ക്കും ഭര്‍ത്താവും രണ്ട് മക്കളും ഉണ്ടായിരുന്നു.
ഈ സമയം വിദ്യ ഉദയംപേരൂരിലായിരുന്നു താമസം. സുനിതയുമായുള്ള ബന്ധവും വിദ്യയ്ക്ക് അറിയില്ലായിരുന്നു. ഇതിനിടെ റോഡപകടത്തില്‍ പരുക്കേറ്റിരുന്ന വിദ്യയ്ക്ക് വിദഗ്ധ ചികിത്സ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2019 സെപ്തംബര്‍ 20 ന് പ്രേംകുമാര്‍ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അന്ന് രാത്രി വില്ലയില്‍ വെച്ച് വിദ്യയെ ബലമായി മദ്യം കുടിപ്പിക്കുകയും പ്രേംകുമാറും സുനിതയും ചേര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
കൊലയ്ക്ക് ശേഷം മൃതദേഹം കീറിമുറിച്ച് ഉപേക്ഷിക്കാനായിരുന്നു പദ്ധതി. പക്ഷേ ശരീരം മുറിച്ചപ്പോള്‍ രക്തം ഒഴുകിയതോടെ ഇരുവരും പരിഭ്രാന്തരായി മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പിറ്റേദിവസം തന്നെ പ്രേംകുമാറും സുനിതയും മൃതദേഹം കാറിന്റെ പിന്‍സീറ്റില്‍ ഇരുത്തി തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോയി. സുനിതയും വിദ്യയും കാറിന്റെ പിന്‍സീറ്റിലായിരുന്നു ഇരുന്നത്. ആര്‍ക്കും സംശയം തോന്നാതിരിക്കാനായി വിദ്യയുടെ മൃതദേഹത്തിന്റെ തോളില്‍ കൈയിട്ടായിരുന്നു സുനിത യാത്ര ചെയ്തത്. തുടര്‍ന്ന് തിരുനെല്‍വേലിയിലെ ഒറ്റപ്പെട്ട റോഡരികില്‍ മൃതദേഹം ഉപേക്ഷിച്ചു. പിന്നീട് തിരുനെല്‍വേലി ലോക്കല്‍ പോലീസ് മൃതദേഹം കണ്ടെത്തിയെങ്കിലും തിരിച്ചറിയാന്‍ കഴിയാതെ വന്നതോടെ ദഹിപ്പിച്ചു.
മൃതദേഹം ഉപേക്ഷിച്ചശേഷം പ്രേംകുമാര്‍ വിദ്യയെ കാണാനില്ലെന്ന് പറഞ്ഞ് ഉദയംപേരൂര്‍ പൊലീസിന് പരാതിയും നല്‍കിയിരുന്നു. അന്വേഷണം വഴിതെറ്റിക്കുന്നതിനായി വിദ്യയുടെ മൊബൈല്‍ ഫോണ്‍ മുബൈയിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ ഉപേക്ഷിച്ചു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിദ്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
അതേസമയം, പരാതി നല്‍കിയതല്ലാതെ പിന്നീട് സ്‌റ്റേഷനില്‍ വരികയോ അന്വേഷണത്തെ കുറിച്ച് തിരക്കുകയോ ചെയ്യാതിരുന്ന പ്രേംകുമാറിന്റെ പെരുമാറ്റം പൊലീസിന് സംശയത്തിന് കാരണമായി. ഈ സമയം പ്രേംകുമാര്‍ സുനിതയുമൊന്നിച്ചായിരുന്നു താമസം. പൊലീസ് സംശയിക്കുന്നതായി മനസ്സിലാക്കിയതോടെ രാജ്യം വിടാനും പ്രേംകുമാര്‍ ശ്രമിച്ചിരുന്നു. വിദ്യയുടെ കൊലപാതകം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രേംകുമാറിനെയും സുനിതയെയും പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യയുടെ കൊലപാതക കേസില്‍ 90 ദിവസത്തിനുകള്ളില്‍ പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് പ്രേംകുമാറിന് ജാമ്യം ലഭിച്ചത്. ജാമ്യത്തില്‍ ഇറങ്ങിയാണ് ഇയാള്‍ ഇരിങ്ങാലക്കുടക സ്വദേശിനിയായ രേഖയെ വിവാഹം കഴിച്ചത്.
ജൂണ്‍ രണ്ടിനായിരുന്നു ഇരിങ്ങാലക്കുട പടിയൂരിനെ നടുക്കിക്കൊണ്ട് വെള്ളാനി കൈതവളപ്പില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന രേഖയും അമ്മ മണിയും കൊല്ലപ്പെട്ടത്. രണ്ടാംഭാര്യ രേഖയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറഞ്ഞത്. രേഖയും അമ്മയും താമസിച്ച വാടക വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായ പരിസരവാസികളുടെ പരാതിയെ തുടര്‍ന്ന് രേഖയുടെ സഹോദരി വീട്ടിലെത്തി വാതില്‍ തുറന്നതോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ ‘ഇവള്‍ മരിക്കേണ്ടവളാണെന്ന’ പ്രേംകുമാറിന്റെ കുറിപ്പും കണ്ടെത്തിയിരുന്നു. കൊലയ്ക്ക് ശേഷം മുങ്ങിയ പ്രതി കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും കഴിഞ്ഞദിവസം കേദാര്‍നാഥില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. padiyoor double murder case; two wives murdered within a six years gap
Content Summary: Padiyoor double murder case; two wives murdered within a six years gap