June 03, 2026 |

കുട്ടികളിലെ മഞ്ഞപ്പിത്തം; കാരണങ്ങൾ കണ്ടെത്തേണ്ടത് ആദ്യപടി

ശരിയായ ചികിത്സയാണ് പരിഹാരം

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവം ചർച്ചയാവുകയാണ്. മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾ ഉയർന്നതോടെ കോട്ടക്കൽ പോലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. കുട്ടികളിലെ മഞ്ഞപ്പിത്തത്തിന്റെ അപകട സാധ്യതയെക്കുറിച്ചും തിരഞ്ഞെടുക്കുന്ന ചികിത്സാ രീതിയെക്കുറിച്ചും ആശങ്കകളും സംശയങ്ങളും വർ​ദ്ധിക്കുകയാണ്. മഞ്ഞപ്പിത്തത്തെക്കുറിച്ച് കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവി ഡോ. ടി ജയകൃഷ്ണൻ അഴിമുഖത്തോട് സംസാരിക്കുന്നു

മഞ്ഞപ്പിത്തമെന്ന രോ​ഗലക്ഷണം

മഞ്ഞപ്പിത്തമെന്ന് പറയുന്നത് യഥാർത്ഥത്തിൽ ഒരു രോ​ഗമല്ലെന്നും രോ​ഗലക്ഷണമാണെന്നുമാണ് ഇക്കാര്യത്തിൽ നാം ആദ്യം മനസിലാക്കേണ്ട വസ്തുത. പല പല കാരണങ്ങൾ കൊണ്ട് ഉണ്ടാവുന്ന രോ​ഗലക്ഷണമാണ് മഞ്ഞപ്പിത്തം. കേരളത്തിൽ കൂടുതലായുണ്ടാവുന്ന മഞ്ഞപ്പിത്തം ഹൈപ്പറ്റൈറ്റിസ് എ ആണ്. കരൾരോ​ഗങ്ങൾ കൊണ്ടും, മദ്യപാനം കൊണ്ടും , കാൻസർ കൊണ്ടുമെല്ലാം മഞ്ഞപ്പിത്തം ഉണ്ടായേക്കാം. എന്നാൽ കുട്ടികളിൽ മഞ്ഞപ്പിത്തം ഉണ്ടാവുന്നത് വേറെ പല കാരണങ്ങൾ കൊണ്ട് ആയിരിക്കും. രക്തത്തിൽ ബിലൂറൂബിനെന്ന വർണ്ണ പദാർത്ഥത്തിന്റെ അളവ് കൂടുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാവുന്നത്. ഇതിന്റെ ഫലമായാണ് കണ്ണിനും തൊലിക്കും മഞ്ഞനിറമുണ്ടാവുന്നത്. രക്താണുക്കൾ നശിപ്പിക്കപ്പെട്ട് കൊണ്ടാണ് ശരീരത്തിലെ ബിലിറൂബിന്റെ അളവ് വർദ്ധിക്കുന്നത്. അവ കരളിലൂടെ എക്സ്ക്രീറ്റ് ചെയ്ത് ശരീരത്തിൽ നിന്ന് പുറത്തേക്ക് പോകണം. ശരീരത്തിലെ ചുവന്ന രക്താണുക്കൾ കൂടുതലായി നശിക്കുമ്പോഴും മഞ്ഞപ്പിത്തം ഉണ്ടായേക്കാം. കാരണങ്ങൾ കണ്ടെത്താതെ ചികിത്സിക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു.

ചുവന്ന രക്താണുക്കളുടെ ആയുസ് ഏകദേശം നാല് മാസമാണ് (120 ഡെയ്സ്). ഇവ നശിക്കുമ്പോൾ അതിലുള്ള ഹിമോ​ഗ്ലോബിൻ വിഘടിച്ചാണ് ബിലിറൂബിൻ ഉണ്ടാവുന്നത്. പിന്നീട് അത് കരളിൽ വച്ച് മറ്റു വസ്തുക്കളുമായി ചേർന്ന് കോൺജു​ഗേറ്റഡ് ആകുന്നു. ഈ അവസ്ഥയിൽ ബിലിറൂബിൻ വെള്ളത്തിൽ അലിയുകയും ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. കരളിൽ നിന്ന് പിത്തരസം കുടലിലേക്കെത്തുന്ന പിത്തനാളി വഴിയാണ്. കോൺജു​ഗേറ്റഡ് ആവാത്ത ബിലിറൂബിൻ മൂത്രത്തിലൂടെയോ മലത്തിലൂടെയോ പുറത്ത് പോകില്ല.

കുട്ടികളിലെ മഞ്ഞപ്പിത്ത ബാധ

കുട്ടികൾ ജന്മനായുള്ള വൈകല്യങ്ങൾ മൂലം മഞ്ഞപ്പിത്തം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇതിന് പുറമേ ചില എൻസൈമുകളുടെ കുറവും, ചില വിഷരാസ വസ്തുക്കൾ ശരീരത്തിന് അകത്ത് കടന്നു കൂടുന്നതും കുട്ടികളിലെ മഞ്ഞപ്പിത്തത്തിന് കാരണമാകുന്നു. രോ​ഗകാരണം തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ നൽകുക മാത്രമാണ് പരിഹാരം. രോ​ഗത്തിന്റെ കാര്യകാരണങ്ങൾ ശാസ്ത്രീയമായ രീതിയിലൂടെ ആവണം തിരിച്ചറിയേണ്ടത്. നവജാത ശിശുക്കളിൽ ഉണ്ടാവുന്ന മഞ്ഞപ്പിത്തത്തെയാണ് ഫിസിയോളജിക്കൽ ജോണ്ടിസ് എന്ന് വിളിക്കുന്നത്. ഇത് സ്വാഭാവികമായി ഉണ്ടാവുന്ന ഒന്നാണ്. ഇതിന് പലപ്പോഴും ചികിത്സ ആവശ്യമായി വരാറില്ല എന്നാൽ രോ​ഗത്തിന്റെ തീവ്രത വർദ്ധിക്കുന്ന സാഹചര്യത്തിൽ കാരണം കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്. കുട്ടികളായാലും മുതിർന്നവരായാലും മഞ്ഞപ്പിത്തം രോഗലക്ഷണമുള്ളപ്പോൾ യോഗ്യതയുള്ള ചികിത്സകരെ കണ്ട് പരിശോധനകൾ നടത്തി യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി അതിനനുസരിച്ച് ചികിത്സകൾ നടത്തേണ്ടതുണ്ട്. ആധുനിക ശാസ്ത്രത്തിന് കീഴിൽ അം​ഗീകരിച്ചിട്ടുള്ള ചികിത്സകളെല്ലാം സ്വീകരിക്കാം. അക്യുപങ്ചർ പോലുള്ള ചികിത്സകളെ സാധൂകരിക്കുന്ന തെളിവുകൾ ഇതുവരെ ആധുനികശാസ്ത്രത്തിന് കീഴിൽ കണ്ടെത്താനായിട്ടില്ല.

രോ​ഗകാരി, വ്യാപനം

ഹൈപ്പറൈറ്റിസ് എ, ബി, ഇ എന്നിങ്ങനെ മൂന്ന് വൈറസുകളാണ് മഞ്ഞപ്പിത്തത്തിന്റെ രോ​ഗകാരികൾ. ബി വൈറസാണ് രക്തത്തിലൂടെ പകരുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോൾ ഉണ്ടാവുന്നത് ഹെപ്പറ്റൈറ്റിസ് എ വൈറസാണ്. ഇവ പകരുന്നത് ഭ​ക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ്. ശുദ്ധജലത്തിൽ രോഗബാധ ഉള്ളവരുടെ വിസർജ്യം കലരുന്നതാണ് രോ​ഗം പടരുന്നതിന് കാരണം. ഫീക്കോ- ഓറൽ (Feco oral route)] റൂട്ട് വഴിയാണ് മഞ്ഞപ്പിത്ത വ്യാപനമുണ്ടാവുന്നത്. രോഗബാധിതരുടെ വിസർജ്യത്തിലൂടെ പുറത്ത് എത്തുന്ന കീടാണു വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മറ്റുള്ളവരിലേക്ക് എത്തുന്നതിനെ ആണ് ഫീക്കോ- ഓറൽ റൂട്ട് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ വ്യക്തിശുചിത്വം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

content summary: treating jaundice in children, it is important to first identify the cause of the disease and then provide the appropriate treatment

 

Leave a Reply

Your email address will not be published. Required fields are marked *

×