UPDATES

ലോകത്തെ കൊതിപ്പിക്കുന്ന രുചിയില്‍ ഇന്ത്യയുടെ മാര്‍ക്ക് ഉയര്‍ത്തി ബട്ടര്‍ ഗാര്‍ലിക് നാനും ബട്ടര്‍ ചിക്കനും

ഫുഡ് ഗൈഡ് ആയ അറ്റ്‌ലസിന്റെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രുചികളുടെ പട്ടികയില്‍ മുന്‍ നിരയില്‍ എത്തിയിരിക്കുകയാണ് ഇന്ത്യന്‍ രുചി

                       

രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെയും വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രത്തെയും പ്രതിഫലിപ്പിക്കുന്ന ഘടനകളുടെ സംയോജനമാണ് ഇന്ത്യയുടെ പാചകശാസ്ത്രം. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പാചകരീതിയെ അസാധാരണമാക്കുന്നത് രുചികളുടെ പ്രാദേശിക വൈവിധ്യമാണ്. ബട്ടര്‍ ചിക്കനും കബാബുകളും ഉള്‍പ്പെടെ ഓരോ പ്രദേശത്തും ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന സവിശേഷമായ പാചക രീതികള്‍ നിലനില്‍ക്കുന്നുണ്ട്. മസാലകളുടെയും ചേരുവകളുടെയും വൈവിധ്യം നിറഞ്ഞ രുചി കഴിക്കുന്ന ഓരോരുത്തരുടെയും രസമുകുളങ്ങളെ ആവേശഭരിതരാക്കുന്നു.

തനതായ വൈവിധ്യങ്ങള്‍ക്കും രുചികള്‍ക്കും പേരു കേട്ട നാടാണ് ഇന്ത്യ. ഒരു കാലത്ത് അതിന്റെ പതനത്തിന് തന്നെ കാരണമായതും ഇതേ വൈവിധ്യങ്ങളാണ്. ഇന്ത്യയുടെ ബട്ടര്‍ ചിക്കനും നാനുമൊക്കെ ലോകത്തിന് ഇത്രയും പ്രിയപെട്ടതാണെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ. ക്രൊയേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുഡ് ഗൈഡ് ആയ അറ്റ്‌ലസിന്റെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രുചികളുടെ പട്ടികയില്‍ മുന്‍ നിരയില്‍ എത്തിയിരിക്കുകയാണ് ഇന്ന് ഇന്ത്യന്‍ രുചി വൈവിധ്യം. യുഎസ്എ, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയ പാചക രംഗത്തെ അതികായരെ പിന്തള്ളിയാണ് ഇന്ത്യന്‍ പാചകരീതി 11-ാം സ്ഥാനം നേടിയത്. 4.52 സ്‌കോറാണ് ഇന്ത്യന്‍ പാചക രീതിക്ക് ലഭിച്ചത്. പെറുവാണ് 10-ാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇറ്റലി, ജപ്പാന്‍, ഗ്രീസ് എന്നീരാജ്യങ്ങളാണ് പട്ടികയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നത്. ലോകത്തിലെ തന്നെ മികച്ച നൂറ് ഭക്ഷണങ്ങളുടെ പട്ടികയിലാണ് ഇന്ത്യ തന്റേതായ സ്ഥാനം നേടിയിരിക്കുന്നത്.

ആഗോള തലത്തില്‍ മികച്ച 395,205 വിഭവങ്ങളില്‍ നിന്നും 115,660 ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ നിന്നുമാണ് ടേസ്റ്റ് അറ്റ്‌ലസ് ഭോജനകലയിലെ മികച്ച രുചികള്‍ കണ്ടെത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള നാല് എന്‍ട്രികള്‍ ടേസ്റ്റ് അറ്റ്‌ലസിന്റെ ഏറ്റവും മികച്ച 50 രുചികളില്‍ ഇടം നേടിയിട്ടുണ്ട്. 4.67 സ്‌കോറുമായി ഏഴാം സ്ഥാനത്തുള്ള ബട്ടര്‍ ഗാര്‍ലിക് നാന്‍ ആണ് ഇതില്‍ ഏറ്റവും പ്രിയ പെട്ട വിഭവം. നാന്‍ പോലെ തന്നെ പ്രിയങ്കരമായ ബട്ടര്‍ ചിക്കന്‍ 4.54 സ്‌കോറുമായി 43-ാം സ്ഥാനത്തുണ്ട്, ഒപ്പം ടിക്ക, തന്തൂരി തുടങ്ങിയ വിഭവങ്ങള്‍ 47, 48 സ്ഥാനങ്ങള്‍ പങ്കിടുന്നു ഫുഡ് ഗൈഡ്, പാരഗണ്‍, പീറ്റര്‍ ക്യാറ്റ് തുടങ്ങിയ ഭക്ഷണ ശാലകള്‍ ടേസ്റ്റ് അറ്റ്‌ലസിന്റെ 2023 ലെ ഐതിഹാസിക ഭക്ഷണശാലകളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. ഇത്തരത്തിലുള്ള അംഗീകാരങ്ങളെല്ലാം തന്നെ ഇന്ത്യന്‍ രുചി വൈവിധ്യങ്ങളുടെ ആഗോള ജനപ്രീതി വിളിച്ചോതുന്നതാണ്.

ഇറ്റലി, ജപ്പാന്‍, ഗ്രീസ്, പോര്‍ച്ചുഗല്‍, ചൈന, ഇന്തോനേഷ്യ, മെക്‌സിക്കോ, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവയാണ് ടേസ്റ്റ് അറ്റ്ലസ് പട്ടികയില്‍ ഒന്നാമതെത്തിയ ആദ്യ ഒമ്പതു പാചകരീതികള്‍. ലോകത്തിലെ ഏറ്റവും മികച്ച 100 വിഭവങ്ങളുടെ ഗണത്തില്‍, ബട്ടര്‍ ഗാര്‍ലിക് നാന്‍ 7-ാം സ്ഥാനത്തും, മുര്‍ഗ് മഖാനി (ബട്ടര്‍ ചിക്കന്‍) 43-ാം സ്ഥാനത്തും, ചിക്കന്‍ ടിക്ക 47-ാം സ്ഥാനത്തും, ചിക്കന്‍ തന്തൂരി 48-ാം സ്ഥാനത്തുമാണുള്ളത്. ബ്രസീലിയന്‍ ബീഫ് കട്ട് പിക്കാന, ഫ്‌ലാറ്റ്‌ബ്രെഡ് റൊട്ടി കനായ്, സ്റ്റെര്‍-ഫ്രൈഡ് ഫാറ്റ് കഫ്രോ, പിസ്സ നപോളെറ്റീന, ഡംപ്ലിംഗ്‌സ് ഗുട്ടി എന്നിവയാണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്. ടേസ്റ്റ് അറ്റ്‌ലസ് വെബ്സൈറ്റില്‍, 395,205 ഉപയോക്തൃ റേറ്റിംഗുകള്‍ അടിസ്ഥാനമാക്കി 10,927 വിഭവങ്ങളില്‍ ഉയര്‍ന്ന റേറ്റിംഗ് ലഭിച്ച 100 വിഭവങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ളതാണ് പട്ടിക.

ആധികാരികമായ പാചകക്കുറിപ്പുകള്‍, ഭക്ഷ്യ നിരൂപക അവലോകനങ്ങള്‍, ജനപ്രിയ ചേരുവകളെയും വിഭവങ്ങളെയും കുറിച്ചുള്ള ഗവേഷണ ലേഖനങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്ന ഓണ്‍ലൈന്‍ ഗൈഡാണ് ടേസ്റ്റ് അറ്റ്‌ലസ്. 2015-ല്‍ ക്രൊയേഷ്യന്‍ പത്രപ്രവര്‍ത്തകനും വ്യവസായിയുമായ മാത്യ ബാബിച്ച് ആണ് ഗ്ലോബല്‍ ഫുഡ് മാപ്പിംഗ് സൈറ്റായ ടേസ്റ്റ് അറ്റ്‌ലസിന്റെ സ്ഥാപകന്‍.

Related news


Share on

മറ്റുവാര്‍ത്തകള്‍