UPDATES

പരിസ്ഥിതി/കാലാവസ്ഥ

മേഘങ്ങളിലും പ്ലാസ്റ്റിക് മാലിന്യം; ലോകത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

ജപ്പാനിലെ ഫുജി പര്‍വതത്തിനും ഒയാമ പര്‍വതത്തിനും ചുറ്റുമുള്ള മേഘങ്ങളിലാണ് മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്

                       

സമുദ്രത്തിന്റെ അടിത്തട്ട് മുതല്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞില്‍ വരെ മൈക്രോ പ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ചെറുതെങ്കിലും വലിയ അപകടകാരികളായ മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം മറ്റൊരിടത്തുകൂടി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ജപ്പാനിലെ ഫുജി പര്‍വതത്തിനും ഒയാമ പര്‍വതത്തിനും ചുറ്റുമുള്ള മേഘങ്ങളിലാണ് ഇത്തരത്തില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ ചെറിയ ബിറ്റുകള്‍ അടങ്ങിയിരിക്കുന്നതു പുതിയ പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

മേഘങ്ങളിലെ മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം തികച്ചും പരിഭ്രാന്തിയുളവാക്കുന്ന ഒന്നാണ്. മേഘങ്ങളില്‍ പ്ലാസ്റ്റിക് അടിയുന്നത് മൂലം ‘പ്ലാസ്റ്റിക് മഴ’ എന്ന പ്രതിഭാസത്തിലൂടെ കൃഷി വിളകളിലേക്കും ജല സ്രോതസുകളിലേക്കും വ്യാപിക്കാന്‍ ഇടയുള്ളതിനാല്‍ ഈ കണ്ടെത്തല്‍ ആശങ്കയുളവാക്കുന്നതാണ്. ഗവേഷകര്‍ ശേഖരിച്ച സാമ്പിളുകളില്‍ സാന്ദ്രത കൂടിയ പ്ലാസ്റ്റിക് കണികകളാണ് കണ്ടെത്തിയിരിക്കുന്നത്. ഹരിത ഗ്രഹ വാതകങ്ങള്‍ പുറപ്പെട്ടപ്പോള്‍ രൂപപെട്ട മേഖകളിലാണ് ഇത്തരത്തില്‍ മൈക്രോ പ്ലാസ്റ്റിക്കുകള്‍ അടങ്ങിയിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.

”പ്ലാസ്റ്റിക് വായു മലിനീകരണം എന്ന വിപത്ത് അടിയന്തരമായി വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലായെങ്കില്‍ കാലാവസ്ഥ വ്യതിയാനം പോലുള്ള വലിയ പാരിസ്ഥിക അപകടങ്ങളിലേക്ക് നയിക്കും. അതൊരിക്കലും തിരുത്താനാകാത്തതും ഗുരുതരവുമായ വിപത്തായി മാറിയേക്കാം’ എന്നാണു വസേഡ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഹിരോഷി ഒക്കോച്ചി തന്റെ പ്രസ്താവനയില്‍ പറയുന്നത്.

വസേഡ ഗവേഷകര്‍ 1,300-3,776 മീറ്റര്‍ ഉയരത്തില്‍ലുള്ള സാമ്പിളുകളാണ് ശേഖരിച്ചത്, അതില്‍ പോളിയുറീന്‍ പോലുള്ള ഒമ്പത് തരം പോളിമറുകളും ഒരു തരം റബ്ബറും കണ്ടെത്തിയിരുന്നു അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് വിധേയമാകുമ്പോള്‍ മൈക്രോപ്ലാസ്റ്റിക് വളരെ വേഗത്തില്‍ നശിക്കുകയും ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുകയും ചെയ്യുന്നതിനാല്‍ ഇത് ധ്രുവപ്രദേശങ്ങളിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ഇല്ലാതാക്കുമെന്ന് ഹിരോഷി ഒക്കോച്ചി തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മൈക്രോ പ്ലാസ്റ്റിക്കുകള്‍ എങ്ങനെ അന്തരീക്ഷ വായുവിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കുന്നു എന്നും, അവ ഏങ്ങനെ മഴയില്‍ കലരുന്നു എന്നും ഹിരോഷി ഒക്കോച്ചി തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഡീഗ്രേഡിങ്ങിന്റെ സമയത്ത് വലിയ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് പുറന്തള്ളുന്ന അഞ്ച് മില്ലി മീറ്റര്‍ താഴെയുള്ള പ്ലാസ്റ്റിക് കണങ്ങളാണ് മലിനീകരണം ഉണ്ടാക്കുന്നത്. വ്യാവസായിക മാലിന്യങ്ങളായും പ്ലാസ്റ്റിക് മുത്തുകള്‍, വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടയര്‍ തുടങ്ങിയ ചില ഉത്പന്നങ്ങളിലും മൈക്രോ പ്ലാസ്റ്റിക്കുകള്‍ ചേര്‍ക്കാറുണ്ട്. ലോകമെമ്പാടും മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നതായും പ്രതിവര്‍ഷം 10 ദശലക്ഷം ടണ്‍ മൈക്രോ പ്ലാസ്റ്റിക് മാലിന്യം സമുദ്രങ്ങളില്‍ അടിഞ്ഞു കൂടുമെന്നും ഗവേഷകര്‍ കണക്കാക്കുന്നു.

നിത്യേന മനുഷ്യരും മൃഗങ്ങളും വലിയ അളവില്‍ മൈക്രോ പ്ലാസ്റ്റിക് ശ്വസിക്കുകയോ ആഹാരത്തിലൂടെയും മറ്റും അവ മനുഷ്യന്റെ ആന്തരിക അവയവങ്ങളില്‍ എത്തിച്ചേരുകുകയും ചെയ്യുന്നു. 20 വര്‍ഷംകൊണ്ട് ലോകത്ത് 2.5 ബില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ഉണ്ടായത്. കൂടാതെ ഓരോ വര്‍ഷവും ഏകദേശം 380 ദശലക്ഷം ടണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 2060 ആകുന്നതോടെ ഈ കണക്കുകള്‍ മൂന്നിരട്ടിയായി ഉയരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപെടുന്നത്.

ഗ്രേറ്റ് ബ്രിട്ടന്റെ ഏഴിരട്ടി വലിപ്പമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തായി കുമിഞ്ഞു കിടക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബീച്ചുകളില്‍ അടിഞ്ഞു കൂടുകയാണ്. സൂക്ഷമരീതിയിലുള്ള മാലിന്യമായ മൈക്രോപ്ലാസ്റ്റിക്, നാനോപ്ലാസ്റ്റിക് കണികകള്‍ പഴങ്ങളിലൂടെയും പച്ചക്കറികളിലൂടെയും മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പഠനങ്ങള്‍ പ്രകാരം മനുഷ്യരുടെ ആന്തരീകാവയവങ്ങളില്‍ ഇവയുടെ സാന്നിധ്യം കൂടി വരുകയാണ്. മുലയൂട്ടുന്ന അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വരെ ഇത്തരത്തില്‍ നാനോപ്ലാസ്റ്റിക് കണികകള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. നിലവിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജന രീതികള്‍ തീര്‍ത്തും അപര്യാപതമാണ്. പ്ലാസ്റ്റിക് നിര്‍മാര്‍ജനം ക്രഷിംഗ്, ഗ്രൈന്‍ഡിംഗ് എന്നിവ ഉള്‍കൊള്ളിച്ചു കൊണ്ടുള്ളതാണ്.

Share on

മറ്റുവാര്‍ത്തകള്‍