UPDATES

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ പീഡന പരാതി; ജോലി തെറിപ്പിക്കും; രാജ്ഭവന്‍ ജീവനക്കാര്‍ക്ക് ഭീഷണി

നുണയെങ്കില്‍ പരിരക്ഷ തേടുന്നതെന്തിന്? പരാതിക്കാരി

                       

ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരെയായ ലൈംഗിക പീഡന കേസില്‍ വീണ്ടും പരാതിയുമായി ഇരയായ സ്ത്രീ. അന്വേഷണവുമായി സഹകരിക്കാതിരിക്കാന്‍ രാജ് ഭവന്‍ ജീവനക്കാരെ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുകയാണ്. ജോലി തെറിപ്പിക്കുമെന്നാണ് അവരോട് പറഞ്ഞിരിക്കുന്നത്. തന്റെ പരാതി നുണയാണെങ്കില്‍ ഇതിന്റെ ആവശ്യമെന്താണ് ? അന്വേഷണത്തെ നേരിടാതെ ഭരണഘടന പരിരക്ഷ തേടേണ്ട കാര്യം എന്താണ് എന്നും പരാതിക്കാരി ചോദിക്കുന്നു. ഗവര്‍ണര്‍ സി വി ആനന്ദ ബോസ് അന്വേഷണത്തില്‍ നിന്ന ഒളിച്ചോടാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കേസ് അന്വേഷണത്തിനായി സിസി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം രാജ്ഭവന്‍ ഇത് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൊഴിയെടുക്കലിന് സഹകരിക്കരുതെന്ന നിര്‍ദേശം ഉണ്ടായിരിക്കുന്നതെന്നാണ് ആരോപണം. സംഭവം നടന്നത് രാജ്ഭവനില്‍ വച്ചായത് കൊണ്ട് സിസി ടിവി ദൃശ്യങ്ങളും ജീവനക്കാരുടെ മൊഴിയും കേസില്‍ നിര്‍ണായകമാണ്. ഇത് ലഭിച്ചാല്‍ മാത്രമേ പോലിസിന് കേസുമായി മുന്നോട്ട് പോവാന്‍ സാധിക്കു. കേസ് അന്വേഷിക്കുന്നത് കൊല്‍ക്കത്ത പോലിസിന്റെ കീഴില്‍ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘമാണ്. ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്ദിര മുഖര്‍ജിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ ഇവരെ നിയോഗിച്ചതിന്റെ പിന്നാലെയാണ് അന്വേഷണത്തോട് രാജ്ഭവന്‍ ജീവനക്കാര്‍ സഹരിക്കേണ്ടെന്ന നിര്‍ദേശം ഗവര്‍ണര്‍ കത്ത് മുഖേന ജീവനക്കാര്‍ക്ക് നല്‍കിയത്. ഒപ്പം പോലിസിനും ബംഗാള്‍ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയ്ക്കും രാജ് ഭവന്‍ സന്ദര്‍ശിക്കാന്‍ അനുമതിയും നല്‍കിയില്ല.
മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ ഗവര്‍ണര്‍ക്കെരിരെ നടത്തിയ പ്രസ്താവനകള്‍ അപകീര്‍ത്തികരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഗവര്‍ണര്‍ നിര്‍ദേശ ഉത്തരവില്‍ പറയുന്നുണ്ട്.ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് രാജ്ഭവന്‍ ജീവനക്കാരി ആരോപിച്ചത്. മാര്‍ച്ച് 29നും മേയ് മൂന്നിനും തന്റെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ജീവനക്കാരി പരാതിയില്‍ പറയുന്നു. ഗവര്‍ണര്‍ക്കെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടുണ്ടെന്നും രാജ്ഭവന് ഉള്ളില്‍വെച്ചാണ് ജീവനക്കാരി പീഡനത്തിന് ഇരയായതെന്നും കൊല്‍ക്കത്ത പോലിസും വ്യക്തമാക്കിയിട്ടുണ്ട്.

 

content summary; Molestation allegations: Raj Bhavan staff threatened by Governor CV Ananda Bose, alleges complainant

 

Share on

മറ്റുവാര്‍ത്തകള്‍