UPDATES

മലയാളി ഫ്രം ഇന്ത്യ; നിഷാദ് കോയക്ക് ആരോപണങ്ങളില്‍ വ്യക്തത വരുത്താനായില്ല- ഫെഫ്ക

നിഷാദ് കോയയുടെ കഥ ഓകെ ആയിരുന്നെങ്കില്‍ അന്ന് തന്നെ പ്രൊഡ്യുസര്‍മാര്‍ അത് സിനിമയാക്കുമായിരുന്നു

                       

മലയാളി ഫ്രം ഇന്ത്യ-യുടെ തിരക്കഥ മോഷണമാണെന്ന നിഷാദ് കോയയുടെ വാദത്തില്‍ കഴമ്പില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഇന്നലെ ഫെഫ്കയുടെ നേതൃത്വത്തില്‍ നിഷാദ് കോയയുടെയും മലയാളി ഫ്രം ഇന്ത്യ-യിലെ അണിയറക്കാരുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ഫെഫ്കയുടെ പ്രതികരണം. തന്റെ ഇന്തോ-പാക് കഥയാണ് മലയാളി ഫ്രം ഇന്ത്യ എന്നാണ് നിഷാദ് കോയയുടെ വാദം. എന്നാല്‍ ഇന്നലത്തെ ചര്‍ച്ചയില്‍ അതില്‍ വ്യക്തത വരുത്താന്‍ നിഷാദ് കോയക്ക് സാധിച്ചില്ല. അദ്ദേഹം സിനിമയിലെയും കഥയിലേയും ചില ഭാഗങ്ങളും മറ്റും പറഞ്ഞാണ് വാദം ഉന്നയിക്കുന്നത്. തിരക്കഥ മോഷണമാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കാനോ, ആ ആരോപണം തെളിയിക്കുന്നതിനോ സാധിച്ചില്ലെന്നും ഫെഫ്ക വ്യക്തമാക്കി.

ഫെഫ്ക പ്രതിനിധിയായ സിയാദ് കോക്കര്‍ അഴിമുഖത്തോട് പങ്ക് വച്ച കാര്യങ്ങള്‍

കഥയിലെ സാമ്യത– നിഷാദ് കോയയുടെ കഥയിലെ അതേ പ്രമേയവുമായി പല എഴുത്തുകാരും അണിയറ പ്രവര്‍ത്തകരെ സമീപിച്ചിട്ടുണ്ട്. അതും കൊവിഡ് കാലത്ത് തന്നെ. ഇതേ പ്രമേയമുള്ള കഥകള്‍ മുമ്പും കേട്ടിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ തന്നെ പറയുന്നു. അതില്‍ ഒരാള്‍ രാജീവ് എന്ന് പറയുന്ന, ഇപ്പോഴും സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ കഥയിലെതിന് സമാനമായ ഭാഗങ്ങള്‍ മലയാളി ഫ്രം ഇന്ത്യ-യില്‍ ഉണ്ട്. എന്നാല്‍ കഥ എഴുതിയ ഷാരിസുമായി ഇദ്ദേഹത്തിന് ബന്ധങ്ങളൊന്നുമില്ല. അത്തരം സമാനതകള്‍ മാത്രമാണ് നിഷാദിന്റെ തിരക്കഥയ്ക്കും പറയാനുള്ളു. പൂര്‍ണമായും ഇന്തോ-പാക് എന്ന കഥ മോഷണമാണെന്ന തലത്തില്‍ വ്യക്തത വരുത്താനോ അതില്‍ ഉറച്ച് നില്‍ക്കാനോ നിഷാദിന് ഇന്നലെ നടന്ന ചര്‍ച്ചയില്‍ സാധിച്ചില്ല. ഇനി നിഷാദ് കോയയുടെ കഥ ഓകെ ആയിരുന്നെങ്കില്‍ അന്ന് തന്നെ പ്രൊഡ്യുസര്‍മാര്‍ അത് സിനിമയാക്കുമായിരുന്നു. ഇത്ര കാലത്തെ കാത്തിരിപ്പ് വേണ്ടി വരില്ലല്ലോ?

ഫെയ്‌സ് ബുക്ക് പോസ്റ്റ് – എ റോങ് മൂവ്

തൊഴിലാളി സംഘടന എന്ന രീതിയില്‍ ഫെഫ്കയ്ക്കുള്ളില്‍ ചില മര്യാദകളുണ്ട്. കോപ്പിയടി വിവാദം തിരക്കഥാകൃത്തായ നിഷാദ് കോയ ഫെഫ്കയെ അറിയിക്കുകയോ അത് സംസാരിക്കാനോ തയ്യാറായില്ല. പകരം ആദ്യം തന്നെ ഫെയ്‌സ് ബുക്ക് പോസ്റ്റിടുകയാണ് ചെയ്തത്. അതും സിനിമയുടെ പ്രമേയം വ്യക്തമാക്കി. ഈ വിവാദത്തില്‍ പെടാത്ത, തെറ്റുകാരനല്ലാത്ത വ്യക്തിയാണല്ലോ ഇതിന്റെ നിര്‍മാതാവ്. സിനിമയിലെ കലാകാരന്‍ എന്ന നിലയ്ക്ക് നിഷാദ് കോയ അത് മനസിലാക്കി പ്രവര്‍ത്തിച്ചില്ല. 165 ദിവസം വലിയ മുതല്‍ മുടക്കില്‍ ഷൂട്ട് ചെയ്ത് പ്രതീക്ഷയോടെയാണ് നിര്‍മാതാവ് സിനിമയുമായി എത്തുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് റിലിസിങിന് മുന്‍പ് ഇത്തരമൊരു പോസ്റ്റ് വരുന്നത്. അത് നിര്‍മാതാവിനുണ്ടാക്കുന്ന നഷ്ടം വലുതാണ്. നിഷാദില്‍ നിന്നുണ്ടായ ഒരു റോങ് മൂവായിട്ടാണ് അതിനെ കാണാന്‍ സാധിക്കു. അതാണ് ഫെഫ്ക ചൂണ്ടികാണിക്കുന്നത്.

ഡിജോയും ഷാരികും തിരക്കഥ കണ്ടിട്ടില്ല– നിഷാദ് കോയ അയച്ച് കൊടുത്തു എന്ന് പറയുന്ന തിരക്കഥ മലയാളി ഫ്രം ഇന്ത്യയുടെ സംവിധായകനായ ഡിജോയോ മലയാളി ഫ്രം ഇന്ത്യയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ഷാരിസോ വായിച്ചിട്ടില്ല. അവര്‍ അത് തുറന്ന് നോക്കിയിട്ടില്ലെന്നത് ഫെഫ്ക ഉറപ്പുവരുത്തിയതാണ്.

അസാധാരണമായ ആകസ്മികതയെന്ന് ബി. ഉണ്ണിക്കൃഷ്ണന്‍

മലയാളി ഫ്രം ഇന്ത്യ സിനിമയുടെ തിരക്കഥയുമായി പല കഥകള്‍ക്കുമുള്ള സാമ്യത അസാധാരണമെന്ന് ബി. ഉണ്ണിക്കൃഷ്ണന്‍. ഒരേ കഥാപ്രമേയം പലര്‍ക്കും തോന്നാം. അതിന് ഉദാഹരണമാണ് 2013ല്‍ ഇതേ ആശയമുള്ള കഥ വച്ച് ദിലീപിനെ നായകനാക്കി ഒരു സിനിമ മറ്റൊരാള്‍ തയ്യാറാക്കിയത്. അത് വടക്കന്‍ സെല്‍ഫിയില്‍സംവിധായകന്‍ പ്രജിത്തിന് വേണ്ടി പ്രവര്‍ത്തിച്ച രാജീവ് എന്ന എഴുത്തുകാരനാണ്. ആ കഥയിലും പാകിസ്താനിയെ മലയാളി പറ്റിക്കുന്ന രംഗമുണ്ട്. അതിനായി അവര്‍ കണ്ടുവച്ചിരുന്നത് അജുവര്‍ഗീസിനെയാണ്. മലയാളി ഫ്രം ഇന്ത്യയിലും അത്തരമൊരു രംഗമുണ്ട്. എന്നാല്‍ രാജീവും മലയാളി ഫ്രം ഇന്ത്യ എഴുതിയ ഷാരിസോ തമ്മില്‍ ഇക്കാലമത്രയും പരിചപ്പെട്ടിട്ടില്ല. അതാണ് അസാധാരണ സാമ്യം.
കൂടാതെ രാജീവിന്റെ കഥയുടെ നിര്‍മാണം ഏറ്റെടുത്തത് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് എം. രഞ്ജിത്തായിരുന്നു. ദിലിപിന്റെ അസൗകര്യമാണ് പിന്നീട് സിനിമ മുന്നോട്ട് പോവാതിരുന്നതിന് കാരണം. അതുപോലെ തന്നെയാണ് നിഷാദ് കോയയുടെ കഥയും. തീര്‍ത്തും ആകസ്മികമായി സംഭവിച്ചതാണ് ഇത്.
മാത്രമല്ല, മലയാളി ഫ്രം ഇന്ത്യ ആദ്യം ചെയ്യാനിരുന്നത് ശ്രീജിത് എന്ന ഛായാഗ്രാഹകനാണ്.2021ലാണ് ഇന്ത്യക്കാരനും പാകിസ്താന്കാരനും ഒരിടത്ത് ക്വാറന്റീനിലായിപ്പോകുന്ന ഷാരിസ് ശ്രീജിത്തുമായി പങ്ക് വയ്ക്കുന്നത്. അതുമായി ബന്ധപ്പെട്ട് അവര്‍ ചെയ്ത ഡ്രാഫ്റ്റുകള്‍ ഇപ്പോഴുമുള്ളതാണ്. ഇതിനിടെ ജനഗണമന ചെയ്യുമ്പോഴാണ് ഷാരിസ് ഡിജോയുമായി ഈ കഥ ചര്‍ച്ച ചെയ്യുന്നതെന്നും ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ ക്രെഡിറ്റ് മലയാളി ഫ്രം ഇന്ത്യ കൊടുത്തിരിക്കുന്നത് ശ്രീജിത്തിനാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജയസൂര്യയോട് ആണ് നിഷാദ് കോയ കഥ ആദ്യം പറഞ്ഞതെന്ന് പറയുന്നു. വണ്‍ ലൈന്‍ കഥ മാത്രമാണ് പറഞ്ഞതെന്നാണ് ജയസൂര്യ തന്നെ ഇതിനോട് പ്രതികരിച്ചിട്ടുളളത്.

 

 

Content summary: ‘Malayalee from India’ script row and  similarities in story

 

Share on

മറ്റുവാര്‍ത്തകള്‍