UPDATES

Op-ed

കുഴല്‍നാടന്‍ എഴുതിയ അപസര്‍പ്പക കഥ കോടതിയില്‍ പൊളിഞ്ഞതെങ്ങനെ?

മറ്റാരുടേയും പേരിൽ കുഴൽ നാടൻ അന്വേഷണം ആവശ്യപ്പെടാഞ്ഞത് എന്തുകൊണ്ടാണ്?

                       

ഷിയറിംഗ് എന്നത് ഞങ്ങൾ ആലപ്പുഴക്കാർക്ക് നല്ല പരിചയമുള്ള പദമാണ്. കയർ തടുക്കുകൾ, പ്രത്യേകിച്ചും ഫൈബർമാറ്റ് ചെത്തി വേണ്ടാത്തത് മാറ്റുന്ന ഒരു ഫിനിഷിംഗ് ജോലിയാണത്. Shorn off material എന്നാൽ ചള്ള് കളഞ്ഞത് എന്നു പറയാം. Shorn off unnecessary details എന്നു പറഞ്ഞു കൊണ്ടാണ് വിജിലൻസ് കോടതി കുഴൽ നാടൻ്റെ കേസിൻ്റെ വസ്തുതകൾ പറഞ്ഞ് വിധി തുടങ്ങുന്നത്. ആളും ആപ്പീസും ഉള്ള പുകൾ പെറ്റ വക്കീലിൻ്റെ ഹർജിയെകുറിച്ചാണ് ഈ പരാമർശം. കാളമൂത്രം പോലുള്ള ഹർജിയിലെ വിശദീകരണം കളയുന്നു എന്നു തന്നെ . കുറിഞ്ഞിക്കിട്ട് അടിച്ചു കൊണ്ടാണ് വിധി ആരംഭിക്കുന്നതു തന്നെ.

1. വീണയും അവരുടെ കമ്പനിയും CMRL എന്ന കമ്പനിയുമായി സർവീസ് / സോഫ്റ്റ് വെയർ 2016 ഡിസംബറിൽ കരാർ ഉണ്ടാക്കുന്നു. അതിനു പ്രതിഫലമായി 1.72 കോടി ഫോർമൽ ബാങ്കിങ് റൂട്ടിൽ കൈപ്പറ്റുന്നു. എല്ലാ വിധ നികുതിയും ഒടുക്കുന്നു.

2.CMRL എന്ന കമ്പനി ആദായനികുതി കണക്കുകൾ കൊടുത്തപ്പോൾ നികുതി വിധേയമായ അറ്റാദായത്തിൽ കുറവു കാണിച്ചു, അഥവാ വരുമാനം സപ്രസ് ചെയ്തു എന്നൊരു കേസ് അവർക്കെതിരായി വരുന്നു. കമ്പനിയുടെ ചെലവുകൾ പെരുപ്പിച്ചു കാട്ടി ലാഭം കുറച്ചു കണക്കുണ്ടാക്കി എന്നാണ് income Tax കേസ്. ആകെ 135.4 കോടി രൂപയുടെ ചെലവുകൾ പെരുപ്പിച്ചു കാട്ടി എന്നാണ് കേസ്. അത് ഏതൊക്കെ എന്നും അവർ പറഞ്ഞു. അതിൽ ഒരിനമാണ് വീണയ്ക്കും കമ്പനിയ്ക്കും കൊടുത്ത 1. 72 കോടി രൂപ.

3. CMRL ഇതിന് മറുപടി കൊടുത്തു. സപ്രഷൻ ആയി income tax ചൂണ്ടിക്കാണിച്ച 135.4 കോടി രൂപയിൽ 134.27 കോടി രൂപയും പെരുപ്പിച്ച ചെലവുകളാണ് എന്നു CMRL സമ്മതിച്ചു. എന്നാൽ വീണയ്ക്കും കമ്പനിയ്ക്കും കൊടുത്തത് സേവനത്തിനുള്ള ചാർജാണ് എന്നു പറഞ്ഞ് അത് concede ചെയ്തില്ല. കാരണം അതു TDS ഒക്കെ പിടിച്ച് ഫോർമലായി കൈമാറിയ പണമാണ്.

4.Concede ചെയ്ത 134 . 27 കോടി രൂപയിൽ 73. 38 കോടി രൂപ തങ്ങളുടെ ബിസിനസ് പ്രമോഷനു ചെലവായതാണ്, അത് tax liability യിൽ നിന്നും കുറയ്ക്കണം എന്നു കാണിച്ച് income Tax നിയമപ്രകാരം തന്നെ Interim Settlement Board ൽ അപേക്ഷ കൊടുക്കുന്നു. അതാണ് മീഡിയയ്ക്ക് കൊടുത്ത 16. 43 കോടി, ക്ഷേത്രങ്ങൾക്ക് 17.47 കോടി, മറ്റുള്ളവ 39.47 കോടി രൂപ. ഈ മറ്റുള്ളവയായിരിക്കണം PV, OC, RC, KK എന്നിങ്ങനെയുള്ള ചുരുക്കപ്പേരുകളിലുള്ള രാഷ്ട്രീയ നേതാക്കന്മാർക്ക് കൊടുത്ത തുക.

5. ചുരുക്കപ്പേരുകൾ ആരൊക്കെയാണ് എന്ന ഊഹാപോഹങ്ങൾ പ്രചരിച്ചതോടെ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പണം വാങ്ങി എന്നു സമ്മതിച്ചു. എത്ര വാങ്ങി എന്ന് ആരും ചോദിച്ചുമില്ല, അവർ പറഞ്ഞുമില്ല. വാങ്ങിയ പണം എവിടെ വരവു വെച്ചു, അതിൻ്റെ കണക്കുകൾ ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പു കമ്മീഷനും കൊടുത്തിട്ടുണ്ടോ എന്നും പറഞ്ഞില്ല. അവർ എന്താണ് ചെയ്തത്? PV എന്നതു പിണറായി വിജയനാണ് എന്നു മാദ്ധ്യമങ്ങൾ പറഞ്ഞപ്പോൾ തന്നെ താൻ പണം വാങ്ങിയിട്ടില്ല എന്നു പിണറായി പറഞ്ഞു.

6. വിജിലൻസ് കോടതി വിധിയിൽ ഒരു ചോദ്യം ചോദിച്ചിട്ടുണ്ട്. മറ്റാരുടേയും പേരിൽ കുഴൽ നാടൻ അന്വേഷണം ആവശ്യപ്പെടാഞ്ഞത് എന്തുകൊണ്ടാണെന്ന ചോദ്യം. പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്ന വാദം ശക്തിപ്പെടുത്തുന്ന വസ്തുതയാണിത് എന്നും കോടതി പരാമർശിച്ചിട്ടുണ്ട്. അടുത്ത ദിവസത്തെ പത്ര സമ്മേളനത്തിൽ കുഴൽനാടൻ ഇതിനോട് പ്രതികരിച്ചു. ജയിൻ ഹവാല കേസിൽ സുപ്രീം കോടതി ഡയറി കുറിപ്പുകൾ തെളിവായി സ്വീകരിക്കാനാകില്ല എന്നു വിധിച്ചിട്ടുണ്ട്. തൻ്റെ അഴിമതി യുദ്ധത്തിന് ഡയറിക്കുറിപ്പുകളിലെ ചുരുക്കപ്പേരുകൾ എടുക്കാതിരുന്നത് അതിനാലാണ് എന്നാണ് കുഴൽ നാടൻ പറഞ്ഞത്. ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും അഡ്മിറ്റ് ചെയ്തല്ലോ എന്ന് കുഴൽ നാടനോട് ഒരു മാദ്ധ്യമ പ്രവർത്തകനും ചോദിക്കില്ല എന്നയാൾക്കറിയാം.

7. ഇമ്മാതിരി ധാർമ്മിക വിചാരമുള്ള കുഴൽ നാടൻ വീണയും കമ്പനിയും അവരുടെ സർവ്വീസ് കരാറിന് പ്രതിഫലമായി CMRL ൽ നിന്നും വാങ്ങിയ 1.72 കോടി രൂപയ്ക്ക് പിണറായി വിജയൻ എന്ന കേരള മുഖ്യമന്ത്രി വഴിവിട്ട് CMRL നു പലതും ചെയ്തു എന്നു പറഞ്ഞ് അഴിമതിക്കേസ് എഴുതിയത് കേട്ടാൽ അപസർപ്പക കഥകണക്കെയിരിക്കും. അതാണ് അയാളുടെ കേസ്. അതിലേയ്ക്ക് വരും മുൻപ് Income Tax interim Settlement Board കരിമണൽ കമ്പനിയായ CMRL ൻ്റെ സെറ്റിൽമെൻ്റ് പരാതി തീർപ്പാക്കിയത് എങ്ങനെയാണ് എന്നതു മനസിലാക്കിയിരിക്കണം. ബിസിനസ് പ്രൊമോഷൻ ചെലവാണ് എന്നു CMRL വാദിച്ച 73.38 കോടി രൂപയിൽ 70 ശതമാനവും അംഗീകരിച്ചു കൊടുത്തു. 30 ശതമാനത്തിനു നികുതി വാങി കോമ്പൗണ്ട് ചെയ്തു കൊടുത്തു. ഈ ഉത്തരവിൽ വീണ വിജയൻ്റെ മകളാണ് എന്ന് ഈ Quasi Judicial Body എഴുതി വെച്ചിടത്ത് ഈ കേസിൻ്റെ ഗൂഢാലോചന വ്യക്തമാണ്. യഥാർത്ഥ ചെലവാണ് എന്നു CMRL പറഞ്ഞതിൽ പെട്ട 1.72 കോടി രൂപ കൈപ്പറ്റിയ വീണയുടെ ജാതകം മാത്രം അവർ നോക്കിയത് നിക്ഷിപ്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരുന്നു എന്നു വ്യക്തം.

8. വീണയും കമ്പനിയും കൈപ്പറ്റിയ ഈ തുകയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ CMRL നു വഴിവിട്ടു ചെയ്തു കൊടുത്ത ആനുകൂല്യങ്ങൾ എന്തൊക്കെയാണ് , എങ്ങനെയൊക്കെയാണ് എന്നതാണ് കുഴൽ നാടൻ്റെ കേസ്. 2018 ൽ ഡാമുകൾ എല്ലാം തുറന്നു വിട്ട് ഒരു മനുഷ്യ നിർമ്മിത പ്രളയം ഉണ്ടാക്കുന്നു. പ്രളയത്തിൽ ഒഴുകിയെത്തിയ മണ്ണടിഞ്ഞ് തോട്ടപ്പള്ളി അഴിമുഖം അടഞ്ഞു. കുട്ടനാട്ടിൽ നിന്നുള്ള വെള്ളമൊഴുക്ക് തടയപ്പെട്ട് ദുരിതമുണ്ടാകുന്നു. ദുരന്തനിവാരണത്തിൻ്റെ മറവിൽ തോട്ടപ്പള്ളിയിൽ നിന്നും മണൽ വാരാൻ പിണറായി വിജയൻ ഉത്തരവിടുന്നു. മണൽ വാരുന്നത് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ KMML ഉം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ IRE യുമാണ്. എന്നാലും ഇതിൽ നിന്നും വേർതിരിച്ച ഇൽമനൈറ്റ് ഇവർ കർത്തായുടെ CMRL നു കൊടുക്കുന്നു. അങ്ങനെ കർത്താ വലിയ ലാഭമുണ്ടാക്കുന്നു. ഇത് വീണയ്ക്കും കമ്പനിക്കും കൊടുത്ത പണത്തിൻ്റെ പ്രത്യുപകാരമാണ്. അത് അഴിമതിയാണ്. മറ്റൊരു ആക്ഷേപം ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും CMRL ന് മുഖ്യ പങ്കാളിത്തമുള്ള KREML എന്ന ജോയിൻ്റ് വെഞ്ചർ കമ്പനി വാങ്ങിയ സ്ഥലം ഭൂപരിധി നിയമത്തിൽ നിന്നും ഒഴിവാക്കി കൊടുക്കാൻ പിണറായി വിജയൻ ശ്രമിച്ചു. ഇവയാണ് ലാവ്ലിനു ശേഷം കേരളത്തിൽ കൊടുമ്പിരി കൊണ്ട കുഴൽ നാടൻ കേസിൻ്റെ ഉള്ളടക്കം.

9. സംസ്ഥാന പൊതുമേഖലാ സ്ഥാപനമല്ലേ പിണറായി വിജയൻ ഭരിക്കുന്നത്? കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ IRE യും വിജയനാണോ ഭരിക്കുന്നത്? IREകൊച്ചിയിലെ കർത്തായുടെ CMRL ന് ഇൽമനൈറ്റ് കൊടുക്കുന്നുണ്ട്. അതു കണ്ടാണ് CMRL തുടങ്ങിയതു തന്നെ. അതിൻ്റെ E- way bill എടുത്തു പൊക്കിക്കാണിച്ച് പിണറായി വിജയൻ കർത്താവിന് ദാ കൊടുത്തേ എന്ന് ഒരുത്തൻ കൂവിയാൽ നമ്മുടെ മാദ്ധ്യമ സുഹൃത്തുക്കൾ അതു വിഴുങ്ങി ബ്രേക്ക് ചെയ്യുന്നത് എന്തുകൊണ്ടാവും? KMML കരിമണൽ കർത്തായ്ക്ക് ഇൽമനൈറ്റ് കൊടുത്തിട്ടില്ല. കർത്തായുടെ KREML എന്ന സംയുക്ത സംരംഭം ആരംഭിച്ചതും KS1DC അതിൽ ഓഹരി എടുത്തതും എല്ലാം ആൻ്റണിയുടേയും ചാണ്ടിയുടേയും കാലത്താണ്. അവർ ഭൂമി വാങ്ങിയതും അക്കാലത്താണ്. ഈ ഭൂമി ലാൻ്റ് സീലിങിൽ നിന്നും ഒഴിവാക്കി കിട്ടാൻ നൽകിയ അപേക്ഷകൾ പിണറായി സർക്കാർ കാലത്ത് ആവർത്തിച്ചു നിരസിക്കുകയാണ് ചെയ്തത്. എന്നിട്ടും പിണറായി സഹായിക്കാൻ വഴി വിട്ടു ശ്രമിച്ചു എന്ന കഥ ചമയ്ക്കാൻ കുഴൽ നാടനു കഴിയുന്നത് എങ്ങനെയാണ്?

10. പ്രളയം സൃഷ്ടിച്ച് , അതിലടിഞ്ഞ മണൽ ഒരു പൊതുമേഖലാ സ്ഥാപനത്തെ കൊണ്ട് വാരിച്ച്, അതിൽ നിന്നും ഇൽമനൈറ്റ് വേർതിരിച്ചു കർത്തായ്ക്കു കൊടുത്ത് ( അതും കേന്ദ്രത്തിൻ്റെ കമ്പനിയെക്കൊണ്ട്) പിണറായി അഴിമതി നടത്തി എന്നൊക്കെയുള്ള അസംബന്ധ ആഖ്യാനം ഇങ്ങനെ കൊണ്ടു നടക്കാൻ ഒരാൾക്ക് കഴിയുന്നതെങനെയാണ്? കേരളത്തിലെ എരണം കെട്ട മാദ്ധ്യമങളുടെ പ്രൊമോഷൻ ഒന്നു കൊണ്ടു മാത്രമാണ് ഈ തരവഴിത്തരം നടക്കുന്നത്. മാദ്ധ്യമ പ്രവർത്തകൻ എന്നു പറഞ്ഞു നടക്കുന്ന ആ പൊൻകിരണം കാഥികൻ്റെ വെർബൽ ഡയേറിയ ഒന്നു കേൾക്കണം. തല്ലുകൊള്ളിത്തരത്തിന് IPC യിൽ വ്യവസ്ഥയില്ലല്ലോ? കേരളത്തിലെ കൊള്ളരുതാത്ത മാദ്ധ്യമങ്ങൾ രണ്ടു പതിറ്റാണ്ടായി ഒരു മനുഷ്യനെ വേട്ടയാടുന്നതിൻ്റെ തുടർച്ചയാണ് കുഴൽനാടൻ എന്ന നാട്യക്കാരനും നുണയനും വികൃതബുദ്ധിയുമായ ഒരുത്തൻ്റെ കേസ്. അതാണ് കാൽപ്പായ കീറക്കടലാസിൻ്റെ രേഖപോലുമില്ല എന്നു പറഞ്ഞ് കോടതി ചവറ്റുകൊട്ടയിലിട്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഗോപകുമാര്‍ മുകുന്ദന്‍

ഗോപകുമാര്‍ മുകുന്ദന്‍

സ്വതന്ത്ര ഗവേഷകന്‍, CSES, പാലാരിവട്ടം, കൊച്ചി

More Posts

Share on

മറ്റുവാര്‍ത്തകള്‍