UPDATES

ഹോട്ട് ഡിബേറ്റ്; വെറുപ്പിന്റെ കമ്പോളം അടയ്ക്കാനെന്ന് പ്രതിപക്ഷം, അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നുവെന്ന് മറുപക്ഷം

രാഷ്ട്രീയ പക്ഷപാതപരവും വിദ്വേഷപരവുമായ വാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ചാണ് നാല് ദേശീയ മാധ്യമങ്ങളെയും 14 വാര്‍ത്ത അവതാരകരെയും പ്രതിപക്ഷ സഖ്യമായ ‘ ഇന്ത്യ’ ബഹിഷ്‌കരിച്ചിരിക്കുന്നത്

                       

ഏതാനും മാധ്യമങ്ങളെയും അവതാരകരെയും ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ തീരുമാനം അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതും, മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതുമാണെന്ന കുറ്റപ്പെടുത്തലുമായി ന്യൂസ് ബ്രോഡ്കാസറ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്‍(എന്‍ബിഡിഎ). ബഹിഷ്‌കരണ പട്ടികയില്‍ ഉള്‍പ്പെട്ട മാധ്യമങ്ങളും അവരെ പിന്തുണച്ച് ബിജെപിയും പ്രതിപക്ഷ തീരുമാനത്തിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. ബഹിഷ്‌കരണം പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കുന്നത്. സഖ്യത്തിനുള്ളില്‍ നിന്നു തന്നെ ഇത്തരമൊരു തീരുമാനത്തിനെതിരേ പ്രതിഷേധം ഉണ്ടെന്നും വാര്‍ത്തകളുണ്ട്. സഖ്യത്തിലുള്‍പ്പെട്ട രണ്ടു പാര്‍ട്ടികളുടെ പേരു വെളിപ്പെടുത്താത്ത നേതാക്കള്‍, ബഹിഷ്‌കരണം തങ്ങളോട് ആലോചിച്ചിട്ടില്ലെന്നും, തീരുമാനത്തില്‍ വിയോജിപ്പുണ്ടെന്നുമാണ് പ്രതികരിച്ചതെന്നാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാഷ്ട്രീയ പക്ഷപാതപരവും വിദ്വേഷപരവുമായ വാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ചാണ് നാല് ദേശീയ മാധ്യമങ്ങളെയും 14 വാര്‍ത്ത അവതാരകരെയും പ്രതിപക്ഷ സഖ്യമായ ‘ ഇന്ത്യ’ ബഹിഷ്‌കരിച്ചിരിക്കുന്നത്. ബുധനാഴ്ച്ച നടന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് ബഹിഷ്‌കരണ തീരുമാനം വന്നത്. 11 സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ സഖ്യത്തിലെ വിവിധ പാര്‍ട്ടികള്‍ ഭരണത്തിലുണ്ട്. ഇവിടെയൊന്നും ബഹിഷ്‌കരണ പട്ടികയിലുള്ള മാധ്യമങ്ങളില്‍ തങ്ങളുടെ പ്രതിനിധികളെ അയക്കില്ലെന്നാണ് തീരുമാനം.

പൊതുതാല്പര്യ വിഷയങ്ങളെ ജനമധ്യത്തിലെത്തിക്കാന്‍ വിസമ്മതിക്കുന്നവരും താത്പര്യപൂര്‍വം വ്യാജപ്രചാരണങ്ങള്‍ വാര്‍ത്തകളാക്കുന്നവരുമായ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമാണ് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്-ഇന്ത്യയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്ളത്. അര്‍ണബ് ഗോസാമിയും അദ്ദേഹത്തിന്റെ റിപ്പബ്ലിക് ഭാരതും ഉള്‍പ്പെടെ, ടൈംസ് നൗ, സുദര്‍ശന്‍ ന്യൂസ്, ദൂരദര്‍ശന്‍ എന്നീ ചാനലുകളും ന്യൂസ് 18 ചാനല്‍ അവതാരകരായ അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍, ഭാരത് എക്‌സ്പ്രസിലെ അദിതി ത്യാഗി, ഡിഡി ന്യൂസിലെ അശോക് ശ്രീവാസ്തവ്, സുധീര്‍ ചൗധരി, ആജ് തക്കിലെ ചിത്ര ത്രിപാഠി, ഭാരത് 24-ലെ റൂബിക ലിയാഖത്ത്, ഇന്ത്യ ടുഡേയിലെ ഗൗരവ് സാവന്ത്, ശിവ് അരൂര്‍, ഇന്ത്യ ടിവി അവതാരാകന്‍ പ്രാചി പരാശര്‍ , ടൈംസ് നൗ നവഭാരതിലെ നവിക കുമാര്‍, സുശാന്ത് സിന്‍ഹ, റിപ്പബ്ലിക് ഭാരതിന്റെ അര്‍ണബ് ഗോസ്വാമി എന്നിവരെയാണ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വന്നാല്‍ തീരുമാനം പുനപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് മാധ്യമ വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേര ബഹിഷ്‌കരണ തീരുമാനത്തെ ന്യായീകരിക്കുന്നതിങ്ങനെയാണ്; ‘ ചില ചാനലുകള്‍ എല്ലാ വൈകുന്നേരവും അഞ്ചു മണിക്ക് വെറുപ്പിന്റെ കമ്പോളം തുറക്കുകയാണ്. കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഇതു തന്നെ നടന്നു വരുന്നു. വിവിധ പാര്‍ട്ടികളുടെ വക്താക്കള്‍, അതില്‍ വിഷയ വിദഗ്ധരും, വിശകലന വിദഗ്ധരുമൊക്കെ കാണും-എല്ലാവരും ആ വെറുപ്പിന്റെ കമ്പോളത്തിന്റെ ഉപഭോക്താക്കളെന്ന പോലെ പോകുന്നു. കനം തൂങ്ങുന്ന മനസോടെയാണ് ഞങ്ങള്‍ ഇപ്പോഴത്തെ തീരുമാനം എടുത്തിരിക്കുന്നത്. ഞങ്ങള്‍ ഏതെങ്കിലും അവതാരകര്‍ക്ക് എതിരല്ല, ഏതെങ്കിലും അവതാരകരോട് വെറുപ്പുമില്ല. എന്നാല്‍ ഞങ്ങളീ രാജ്യത്തെ എല്ലാത്തിലുമധികമായി സ്‌നേഹിക്കുന്നു. വെറുപ്പിന്റെ കമ്പോളം അടച്ചു പൂട്ടാന്‍ സാധ്യമായതെല്ലാം ചെയ്യും. അതുകൊണ്ടാണ് വെറുപ്പിന്റെ കമ്പോളത്തിലേക്ക് ഉപഭോക്താളെന്ന പോലെ ഇനി പോകേണ്ടതില്ലെന്ന് ‘ഇന്ത്യ’യിലെ ഘടകകക്ഷികള്‍ തീരുമാനിച്ചത്’.

സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന വിദ്വേഷം നിറഞ്ഞ ആഖ്യാനങ്ങളെ നീതീകരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നണു ബഹിഷ്‌കരണത്തെ ന്യായീകരിച്ച് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. വിദ്വേഷ പ്രചാരണങ്ങള്‍ അക്രമങ്ങള്‍ രൂപപ്പെടുത്തും, തങ്ങള്‍ അതിന്റെ ഭാഗമാകുന്നില്ലെന്നു പവന്‍ ഖേര പറഞ്ഞു.

മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്നതിന് തുല്യമാണ് ബഹിഷ്‌കരണം. ജനാധിപത്യമൂല്യങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും പ്രചരിപ്പിക്കുകയാണെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷ സഖ്യം, ഇത്തരമൊരു തീരുമാനത്തിലൂടെ അവ രണ്ടും അടിച്ചു താഴ്ത്തുകയാണ് ചെയ്യുന്നത്. എന്നിരിക്കിലും എല്ലാ പരിപാടിയിലേക്കും എപ്പോഴുമെന്ന പോലെ എല്ലാവരെയും ഞങ്ങള്‍ ക്ഷണിക്കും’- ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്‍(എന്‍ബിഡിഎ) ഇറക്കിയ പ്രസ്താവനയില്‍ പ്രസിഡന്റ് അവിനാഷ് പാണ്ഡേ പറയുന്നു. എബിപി നെറ്റ് വര്‍ക്ക് സിഇഒ യാണ് അവിനാഷ്. അപകടകരമായ മാതൃകയായിരിക്കും ഈ തീരുമാനം സൃഷ്ടിക്കുകയെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് അഗാധമായ വേദനയും ആശങ്കയുമുണ്ടെന്നും എന്‍ബിഡിഎ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ പ്രമുഖരായ വാര്‍ത്ത അവതാരകരുടെ ഷോകളില്‍ പങ്കെടുക്കില്ലെന്ന ‘ ഇന്ത്യ’യുടെ തീരുമാനം ജനാധിപത്യവിരുദ്ധം എന്നും എന്‍ബിഡിഎ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. അസഹിഷ്ണുതയുടെയും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിന്റെയും സൂചനയായിട്ടാണ് പ്രതിപക്ഷ തീരുമാനത്തെ കണക്കാക്കുന്നതെന്നും എന്‍ബിഡിഎ പറയുന്നു. ബഹുസ്വരതയുടെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും പ്രയോക്താക്കള്‍ എന്നാണ് പ്രതിപക്ഷ സഖ്യം അവകാശപ്പെടുന്നത്, എന്നാല്‍ അവരുടെ തീരുമാനങ്ങള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍പ്പെട്ട ആശയങ്ങളും അഭിപ്രായങ്ങളും തുറന്നു പ്രകടിപ്പിക്കാനുള്ള അനിഷേധ്യമായ അവകാശത്തെ നിരാകരിക്കുന്നതും ഒറ്റിക്കൊടുക്കുന്നതുമാണ്’ എന്നും എന്‍ബിഡിഎ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

മാധ്യമങ്ങളുടെ വായ്മൂടി കെട്ടിയും സ്വതന്ത്ര അഭിപ്രായങ്ങളും ശബ്ദങ്ങളും അടിച്ചമര്‍ത്തുകയും ചെയ്ത അടിയന്തരാവസ്ഥ കാലത്തേക്ക് രാജ്യത്തെ തിരികെ കൊണ്ടു പോകുന്ന തീരുമാനമാണ് ഏതാനും മാധ്യമങ്ങള്‍ക്കും അവതാരകര്‍ക്കും എതിരേയുള്ള ബഹിഷ്‌കരണം. മാധ്യമങ്ങളെ വിരട്ടാനും അവരുടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനും ഉദ്ദേശിച്ചുള്ള ബഹിഷ്‌കരണം പിന്‍വലിക്കണമെന്ന് എന്‍ബിഡിഎ ആവശ്യപ്പെടുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ദൂരദര്‍ശന്‍ എഡിറ്ററും അവതാരകനുമായ അശോക് ശ്രീവാസ്തവയുടെ പ്രതികരണവും ശ്രദ്ധേയമാണ്. ’48 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ദിര ഗാന്ധി ചുമത്തിയ അടിയന്തരാവസ്ഥയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് എന്റെ പിതാവ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ മിസ വകുപ്പ് ചുമത്തി. എന്റെ പിതാവ് ഭയന്നതുമില്ല, ഇന്ദിര ഗാന്ധിയോട് മാപ്പ് അപേക്ഷിച്ചതുമില്ല. ഇപ്പോള്‍ പ്രതിപക്ഷം രാജ്യത്ത് വീണ്ടും രണ്ടാം അടിയന്തരാവസ്ഥ ചുമത്താന്‍ ആഗ്രഹിക്കുകയാണ്. ഇന്നും ഞങ്ങള്‍ അതിനെതിരേ പോരാടും, ഭയപ്പെടില്ല’.

ബിജെപിയും മാധ്യബഹിഷ്‌കരണത്തിനെതിരേ പ്രതിപക്ഷ സഖ്യത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. എതിരാളികളെ ലക്ഷ്യം വയ്ക്കുന്ന നാസി ശൈലിയാണ് ബഹിഷ്‌കരണമെന്നാണ് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ കുറ്റപ്പെടുത്തിയത്. അടിയന്തരാവസ്ഥ കാലത്തെ ചിന്താഗതി ഈ പാര്‍ട്ടികള്‍ക്കിടയില്‍ ഇപ്പോഴും സജീവമാണെന്നും നഡ്ഡ ആക്ഷേപിച്ചു.

‘ പണ്ഡിറ്റ് നെഹ്‌റു അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തി. തന്നെ വിമര്‍ശിച്ചവരെ അറസ്റ്റ് ചെയ്തു. ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ സ്വര്‍ണ മെഡല്‍ നേടിയയാളായിരുന്നു ഇന്ദിര ഗാന്ധി, ജുഡീഷ്യറിയെയും ബ്യൂറോക്രസിയെയും അധീനതപ്പെടുത്തു, ഭീതിതമായ അടിയന്തരാവസ്ഥ ചുമത്തി. മാധ്യമങ്ങളെ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കാന്‍ രാജീവ് ഗാന്ധി ശ്രമിച്ചതാണെങ്കിലും പരാജയപ്പെട്ടു. സോണിയ ഗാന്ധി നേതൃത്വം കൊടുത്ത യുപിഎ തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത കാഴ്ച്ചപ്പാടുകളുള്ള സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ നിരോധിക്കാന്‍ ശ്രമിച്ചു’- നഡ്ഡയുടെ വിമര്‍ശനങ്ങള്‍ ഇങ്ങനെയാണ്.

അങ്ങേയറ്റം പരിതാപകരമായ തീരുമാനത്തിലൂടെ പ്രതിപക്ഷ സഖ്യം അവരുടെ അടിച്ചമര്‍ത്തലും സ്വേച്ഛാധിപത്യവും നിഷേധാത്മകവുമായ മാനസികാവസ്ഥ വീണ്ടും വെളിപ്പെടുത്തിയിരിക്കുന്നു എന്നാണ് ബിജെപിയുടെ ദേശീയ മാധ്യമ വിഭാഗം മേധാവി അനില്‍ ബലൂനി പ്രസ്താവനയില്‍ പറഞ്ഞത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന ഇത്തരം ആക്ഷേപകരമായ മാനസികാവസ്ഥയെ ബിജെപി എതിര്‍ക്കുന്നുവെന്നും അനില്‍ ബലൂനി പറഞ്ഞു.

രണ്ടാം അടിയന്തരവാസ്ഥ എന്നാണ് കേന്ദ്ര വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ പരിഹസിച്ചത്. ‘ അവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ബംഗാള്‍, തമിഴ്‌നാട് തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് നോക്കുക, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസുകള്‍ എടുക്കുകയാണ്. ഇപ്പോഴവര്‍ ബഹിഷ്‌കരണത്തെക്കുറിച്ചും പറയുന്നു. നാണക്കേട്. അവര്‍ അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമങ്ങളുടെ സ്വയംഭരണവകാശത്തെക്കുറിച്ചും പറയുന്നു. അതിനെതിരെയുള്ള ഏറ്റവും വലിയ ഉദ്ദാഹരണങ്ങളായി അവര്‍ തന്നെ ഇപ്പോള്‍ മാറിയിരിക്കുന്നു. ആരാണോ മാധ്യമങ്ങളെ അടിച്ചമര്‍ത്താനും സമ്മര്‍ദ്ദത്തിലാക്കാനും ശ്രമിക്കുന്നത്, അവരാണ് ഖാമന്‍ഡി സഖ്യം(അഹങ്കാരികളുടെ സഖ്യം). അനുരാഗ് ഠാക്കൂറിന്റെ വിമര്‍ശനം ഇങ്ങനെയാണ്. മറ്റൊരു കേന്ദ്രമന്ത്രി ഹര്‍ദീപ് പൂരിയും പ്രതിപക്ഷ തീരുമാനത്തെ അടിയന്തരാവസ്ഥയോടാണ് ഉപമിച്ചത്.

‘അവതാരകരെയും ചാനലുകളെയും ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തോടെ സെന്‍സര്‍ഷിപ്പ് തിരികെ സ്ഥാപിക്കാനുള്ള റിഹേഴ്‌സല്‍ ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. അവരുടെ നിര്‍ഭാഗ്യത്തിന് 2024 ലും ഭാരതത്തിലെ ജനങ്ങള്‍, അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ നമ്മളിലേക്കു തിരിച്ചുവരില്ലെന്ന് ഉറപ്പ് നല്‍കുന്ന നരേന്ദ്ര മോദിയെ തന്നെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കും’- ഇതായിരുന്നു മറ്റൊരു മുതിര്‍ന്ന ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത് ബിശ്വ ശര്‍മയുടെ പ്രതികരണം.

ബഹിഷ്‌കരണ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിക്കുന്ന ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്‍ ചില മുന്‍കാല സംഭവങ്ങളുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനം നേരിടുന്നുണ്ട്.

ബിജെപി കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് എന്‍ഡിടിവിയെ ബഹിഷ്‌കരിച്ചപ്പോഴും, കേന്ദ്ര സര്‍ക്കാര്‍ ബിബിസി ഡോക്യുമെന്ററി നിരോധിച്ചപ്പോഴും മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോഴും ഒന്നും എന്‍ബിഡിഎയുടെ പ്രതിഷേധം കണ്ടില്ലെന്നാണ് വിമര്‍ശനം. ശിവസേന(ഉദ്ധവ് വിഭാഗം) രാജ്യ സഭ എം പിയും ഉപനേതാവുമായ പ്രിയങ്ക ചതുര്‍വേദി ഈക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷനെ പരിഹസിച്ചിട്ടുണ്ട്. ”വര്‍ഷങ്ങള്‍ക്ക് മുമ്പല്ല, കുറച്ചു മാസങ്ങള്‍ക്ക് മുമ്പ്, എന്‍ഡിടിവിയെ(അദാനിക്കാലത്തിന് മുമ്പ്) ബിജെപി ബഹിഷ്‌കരിച്ചിരുന്നു, അന്ന് ഇത്തരം വേദന കേട്ടിരുന്നില്ല. കുറച്ചു വര്‍ഷങ്ങളായി ചില മാധ്യമപ്രവര്‍ത്തകര്‍ തത്സമയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും സംവാദങ്ങള്‍ നടത്തി വരുന്നു, അതിനെതിരെയുള്ള നിര്‍ദേശങ്ങളൊന്നും കണ്ടിട്ടില്ല. കുറച്ചു വര്‍ഷങ്ങളായി ന്യൂസെന്റര്‍ടെയ്ന്‍മെന്റ് ചാനലുകള്‍ എകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു, എന്തെങ്കിലും എതിര്‍പ്പ് പറഞ്ഞതായി കേട്ടിട്ടില്ല. ചില സംവാദങ്ങളില്‍ പങ്കെടുക്കാനില്ലെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍, അത് മാധ്യമസ്വാതന്ത്ര്യത്തിന് ഭീഷണിയായി’ പ്രിയങ്ക ചൗധരി ‘എക്‌സില്‍’ കുറിച്ചു.

ബിജെപിയെയും ഇപ്പോഴവര്‍ വാദിക്കുന്ന’ മാധ്യമസ്വാതന്ത്ര്യ’ത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍