മരണമടഞ്ഞ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ അടുത്ത അനുയായി ലിയോനിഡ് വോൾക്കോവ് ആക്രമിക്കപ്പെട്ടു. ലിത്വാനിയയുടെ തലസ്ഥാനത്തുള്ള അദ്ദേഹത്തിൻ്റെ വീടിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്. ആക്രമത്തെ തുടർന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനെതിരായ പോരാട്ടം തുടരുമെന്ന് ലിയോനിഡും കൂട്ടാളികളും അറിയിക്കുകയും ചെയ്തു.
ഒരിക്കലും തളരാത്ത ഞങ്ങളുടെ പ്രവർത്തനം തുടരുമെന്നും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും അദ്ദേഹം മാർച്ച് 13 ന് പുലർച്ചെ ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. ഇപ്പോഴുണ്ടായ ആക്രമണം ഒരു സാധാരണ ഭീഷണിപ്പെടുത്തൽ തന്ത്രമായി കണക്കാക്കുന്നുവെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. അക്രമി തന്നെ 15 തവണ ചുറ്റിക കൊണ്ട് കാലിൽ അടിച്ച് പരിക്കേൽപ്പിക്കുകയും, കൈ ഒടിഞ്ഞതായും ലിയോനിഡ് വോൾക്കോവ് തന്റെ ടെലിഗ്രാം പോസ്റ്റിൽ പറയുന്നുണ്ട്.
ലിയോനിഡ് വോൾക്കോവ് റഷ്യയിലെ പ്രമുഖ പ്രതിപക്ഷ നേതാക്കളിൽ ഒരാളാണ്, അലക്സി നവാൽനിയുടെ വിശ്വസ്ത അനുയായിയും, അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫുമായിരുന്നു ലിയോനിഡ്. കൂടാതെ 2023 വരെ നവാൽനിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷൻ്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. അജ്ഞാതൻ ലിയോനിഡ് വോൾക്കോവിൻ്റെ കാറിൻ്റെ ചില്ല് തകർക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തുവെന്ന് നവാൽനി വക്താവായ കിര യാർമിഷ് മുൻപ് പറഞ്ഞിരുന്നു. 1125 ദിവസത്തെ തടവുജീവിതത്തിന് ശേഷം അലക്‌സി നവാൽനി മരണപ്പെട്ട് ഒരു മാസമാകുന്ന അവസരത്തിലാണ് ആക്രമണം നടക്കുന്നത്. സംഭവത്തിൽ അലക്സി നവനിയുടെ ഭാര്യ യൂലിയയും റഷ്യൻ സർക്കാരിനെതിരെയും വ്‌ളാഡിമിർ പുടിനെതിരെയും രംഗത്തെത്തിയിരുന്നു.
ലിയോനിഡ് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ, പുടിനാണ് നവാൽനിയെ കൊന്നത് എന്ന തരത്തിൽ കുറിപ്പ് ഇട്ടതിന്റെ അടുത്ത ദിവസമാണ് ആക്രമിക്കപ്പെടുന്നത്. കൂടാതെ ആക്രമിയ്ക്കപ്പെടുന്നതിന് മണിക്കൂറുകൾക്കു മുൻപ്, തൻ്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് വോൾക്കോവ് സ്വതന്ത്ര റഷ്യൻ വാർത്താ ഏജൻസിയായ മെഡൂസയോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. മെഡൂസ അദ്ദേഹവുമായി ഒരു അഭിമുഖം നടത്തിയിരുന്നു. നവാൽനി സംഘം നേരിടുന്ന അപകടസാധ്യതകളെ കുറിച്ച് ചോദിച്ചപ്പോൾ ഏറ്റവും പ്രധാനപ്പെട്ട അപകടം തങ്ങൾ എല്ലാവരും കൊല്ലപ്പെടും എന്നതാണെന്നായിരുന്നു മറുപടി.
ലിയോനിഡിനെ ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. ലിത്വാനിയയുടെ വിദേശകാര്യ മന്ത്രി ഗബ്രിയേലസ് ലാൻഡ്‌സ്‌ബെർഗിസ് ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
വ്ളാദിമിർ പുടിന്റെയും റഷ്യൻ സർക്കാരിന്റേയും അഴിമതിക്കഥകൾ തെളിവ് സഹിതം പുറത്തുകൊണ്ടുവന്ന റഷ്യൻ ബ്ലോഗർ ആയിരുന്നു അലക്‌സി നവാൽനി. പിന്നീട് രാഷ്ട്രീയത്തിലറങ്ങുകയും റഷ്യയിലുടനീളം അദ്ദേഹത്തിന്റെ പ്രാധാന്യം വർധിക്കുകയും ചെയ്തതോടെ റഷ്യൻ സർക്കാരിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. വ്ളാദിമിർ പുടിനെതിരേ പരസ്യ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെ നവാൽനിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ഇത് പുടിന് വലിയ തിരിച്ചടിയായിരുന്നു. ഫെബ്രുവരി 16 നാണ് അലക്സി നവാൽനിയുടെ മരണ വാർത്ത പുറംലോകം അറിയുന്നത്. മോസ്‌കോയിൽനിന്ന് ഏകദേശം 230 കിലോമീറ്റർ കിഴക്ക് മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനൽ കോളനി നമ്പർ 6 അതീവ സുരക്ഷാ ജയിലിൽ തടവിലായിരുന്ന അലക്സി നവാൽനിയെ ജയിൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു വെന്നാണ് റഷ്യൻ പ്രിസൺസ് സർവീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.