ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ തൻ്റെ പുതിയ സ്കൂളിനെക്കുറിച്ച് പറയുമ്പോൾ ആ എട്ടുവയസ്സുകാരൻ്റെ മുഖത്ത് ഒരു പുഞ്ചിരി തെളിയും. അവനവിടെ സുഹൃത്തുക്കളെക്കാൾ ഏറ്റവും പ്രിയപ്പെട്ട ആൾ ഹിന്ദി അധ്യാപികയാണ്. അവരുടെ പേര് പറയുമ്പോൾ അവൻ്റെ കണ്ണുകളിൽ പ്രത്യേക തിളക്കമുണ്ട്. ” ടീച്ചർ എന്നോട് കൂട്ടുകാരെ പോലെയാണ് സംസാരിക്കാറുള്ളത്. ഞാൻ ടീച്ചർക്ക് മൾബറി കൊടുക്കും, ടീച്ചർക്ക് അത് വളരെ ഇഷ്ട്ടമാണ്. മൂന്നാം ക്ലാസ് വിദ്യാർത്ഥി ഇന്ത്യൻ എക്സ്പ്രസിനോട് തന്റെ സ്കൂൾ വിശേഷങ്ങൾ പങ്കുവക്കുകയാണ്.
ഈ എട്ടുവയസുകാരനായ ഇർഷാദിന്റെ മകനെ അത്ര എളുപ്പത്തിൽ മറവിക്ക് വിട്ടുകൊടുക്കാൻ ആവില്ല. മതേതര രാഷ്ട്രത്തിൽ നിന്ന് ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ദൂരം ജനാധിപത്യവിശ്വാസികൾ അളന്ന് കുറിച്ചത്, ആ കുഞ്ഞ് നേരിടേണ്ടിവന്ന അകാരണമായ വെറുപ്പിന്റെ ആഴം കൊണ്ടുകൂടിയാണ്. 2023 ഓഗസ്റ്റിലായിരുന്നു സംഭവം നടക്കുന്നത്, വീഡിയോ വൈറലായതോടെ രാജ്യത്തിന്റെ പല കോണിൽ നിന്ന് വിമർശനം ഉയർന്നു വന്നു. മഹാത്മാഗാന്ധിയുടെ കൊച്ചുമകനും, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ തുഷാർ ഗാന്ധി ഹർജി സമർപ്പിച്ചതോടെ വിഷയം സുപ്രീം കോടതി വരെ പോയിരുന്നു.
യോഗി ഭരിക്കുന്ന ഉത്തർ പ്രദേശിലാണ് സംഭവമുണ്ടാകുന്നത്. ത്രിപ്ത ത്യാഗി എന്ന അധ്യാപിക മുസ്ലീം വിഭാഗത്തിലെ ഇർഷാദിന്റെ മകൻ അൽതമാഷിനെ ക്ലാസിനു മുന്നിലേക്ക് വിളിപ്പിക്കുന്നു. മൻസൂർപൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിലെ കുബാപ്പൂരിലെ നീഹ പബ്ലിക്ക് സ്‌കൂളിലെ ക്ലാസ്സ് മുറിയിലെ കുട്ടികളിൽ നിന്ന് മുസ്ലിം കുട്ടിയെ തെരഞ്ഞുപിടിച്ചു നിർത്തിയ ശേഷം ഓരോ ഹിന്ദു കുട്ടികളോടും വന്ന് മുസ്ലീം കുട്ടിയുടെ മുഖത്തടിക്കാൻ പറയുകയാണ് ക്ലാസ്സ് അധ്യാപികയായ ത്രിപ്ത ത്യാഗി. ഇത് ചെയ്യേണ്ടത് തന്റെ കടമയാണെന്നും എല്ലാ മുസ്ലീം കുട്ടികളെയും ഞാൻ തല്ലുന്നുണ്ടെന്നും സ്‌കൂളിന്റെ ഉടമ കൂടിയായ ത്രിപ്ത ത്യാഗി അഭിമാനത്തോടെ പറയുന്നു. അധ്യാപികയുടെ ഭീഷണിക്കു മുന്നിൽ തന്റെ സുഹൃത്തിനെ തല്ലാൻ അവർ നിർബന്ധിതരായി. കാരണമെന്തെന്ന് മനസിലാക്കൻ പോലും കഴിയാതെ തല കുനിഞ്ഞു നിൽക്കുന്ന സുഹൃത്തിനെ അവർക്ക് വീണ്ടും വീണ്ടും തല്ലേണ്ടി വന്നു. അപ്പോഴും അധ്യാപിക വിദ്യാർത്ഥികളെ ശാസിച്ചുകൊണ്ടിരുന്നു ; തല്ലിന് ശക്തി പോരെന്നായിരുന്നു കാരണം. സാമൂഹ്യ മാധ്യമങ്ങിൽ വയറലായ വീഡിയോയിൽ മറ്റൊരാൾ അധ്യാപികയെ അഭിനന്ദിക്കുന്നതും ചിരിക്കുന്നതും കേൾക്കാമായിരുന്നു. കുട്ടിയെ സ്‌കൂളിൽ നിന്ന് മാറ്റുകയാണെന്നും പോലീസിൽ പരാതിയുമായി പോകുന്നില്ലെന്നും അന്ന് പിതാവ് പ്രതികരിച്ചു.
അവനിപ്പോൾ വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള, മുസാഫർനഗറിലെ ഏറ്റവും മികച്ച സ്കൂളുകളിലൊന്നിലാണ് പഠിക്കുന്നത്. പുതിയ സ്കൂളും സൗഹൃദങ്ങളും അവനെ വീണ്ടും സ്വപ്നം കാണാൻ പഠിപ്പിക്കുന്നുണ്ട്. “പുതിയ സ്കൂൾ എനിക്കിഷ്ട്ടമായി. പുതിയ കൂട്ടുകാരെ കിട്ടി. പഴയ സ്കൂൾ പോലെയല്ല ഇവിടെ ഗ്രൗണ്ട് വലുതാണ്. ഗ്രൗണ്ടിൽ ഫുട്ബോൾ ഉണ്ട്. അതും ഞാൻ ആദ്യമായിട്ടാ കാണുന്നത്. ഇപ്പോ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഗ്രൗണ്ടിൽ കളിക്കാൻ പറ്റും. എനിക്ക് റൊണാൾഡോയെപ്പോലെ ആകണം,” അവൻ പറയുന്നു.
ഈദിന് കിട്ടിയ പുതിയ വസ്ത്രങ്ങളും (ഒരു ചുവന്ന ചെക്ക്ഡ് ഷർട്ടും കറുത്ത ജീൻസും കറുത്ത ഷൂസും) തൻ്റെ പുതിയ പുസ്തകങ്ങളും പുതിയ സ്കൂൾ ഡയറിയും ആവേശത്തോടെ വീട്ടിലെത്തുന്നവർക്ക് അവൻ തന്നെ കാണിച്ചു നൽകുന്നുണ്ട്. എന്നാൽ ആ സംഭവം ഇപ്പോഴും അവന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. ” എന്നെ തല്ലിയ കുട്ടികളെ എനിക്കറിയാം, പക്ഷേ ഞാൻ അവരെ കാണാറില്ല. എൻ്റെ അയൽപക്കത്തുള്ള കുട്ടികളുമായി മാത്രമാണ് ഞാൻ കളിക്കുന്നത്. ” സംഭവത്തെത്തുടർന്ന്, സുപ്രിംകോടതി ശക്തമായ വിമർശനം ഉന്നയിക്കുകയും എഫ്ഐആർ ഫയൽ ചെയ്യാൻ വൈകിയതിന് പോലീസിന് താക്കീത് നൽകുകയും ചെയ്തിരുന്നു.
കുട്ടിയുടെ വിദ്യാഭ്യാസത്തിൻ്റെ ഉത്തരവാദിത്തം സംസ്ഥാനം ഏറ്റെടുക്കണമെന്നും വിധിയിൽ പറഞ്ഞിരുന്നു. വിധി അംഗീകരിച്ച, യുപി സർക്കാർ കുട്ടിയെ പുതിയ സ്‌കൂളിൽ ചേർക്കുമെന്നും, വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കുമെന്നും യൂണിഫോം നൽകുമെന്നും ഗതാഗതച്ചെലവിനായി പ്രതിദിനം 200 രൂപ നൽകുമെന്നും പറഞ്ഞിരുന്നു. പുതിയ സ്‌കൂളിൽ മകന് പ്രവേശനം ലഭിച്ചെങ്കിലും പല വാഗ്ദാനങ്ങളും സമയബന്ധിതമായി പാലിക്കപ്പെട്ടിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. സ്കൂൾ യൂണിഫോം മുതൽ, കോടതി വിധിച്ച തുക പോലും ലഭിക്കുന്നില്ലെന്ന് ട്രാക്ടർ മെക്കാനിക്കും ചെറുകിട കർഷകനുമായ 43-കാരൻ പറയുന്നു.
പിതാവ് പറയുന്നതനുസരിച്ച്, സംഭവം മകനെ സാരമായി ബാധിച്ചു. “അവൻ പുറത്തേക്ക് പോകുന്നത് നിർത്തി, അർദ്ധരാത്രിയിൽ പെട്ടെന്ന് എഴുന്നേൽക്കുക പതിവായിരുന്നു.” അറുപതുകാരിയായ ത്രിപ്ത ത്യാഗിയുടെ വസതിയുടെ മുകളിലത്തെ നിലയിൽ 70 ഓളം വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാറുണ്ടായിരുന്നു. സ്കൂൾ പ്രവർത്തിക്കേണ്ടിയിരുന്ന കെട്ടിടം അടഞ്ഞുകിടക്കുകയാണ്. പൊലീസ് കേസെടുത്തതിനെ തുടർന്ന് സ്കൂൾ സീൽ ചെയ്തു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 323, 504 (സമാധാന ലംഘനം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള ബോധപൂർവമായ അവഹേളനം) എന്നീ വകുപ്പുകൾ പ്രകാരമാണ് ത്യാഗിക്കെതിരെ കേസെടുത്തിരിക്കുന്നത്. പിന്നീട്, 2015ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിൻ്റെ 75-ാം വകുപ്പും ചേർത്തു. എന്നാൽ “ഞാൻ ഒരു തെറ്റും ചെയ്യാത്തപ്പോൾ എന്തിന് ഖേദിക്കണം? ”എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ത്രിപ്തത്യാഗി. ”വീഡിയോ കെട്ടിച്ചമച്ചതാണ്. ആൺകുട്ടിക്ക് എന്തെങ്കിലും സംഭവിച്ചോ? വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാൻ അധ്യാപകർ ഇത്തരം കാര്യങ്ങൾ ചെയ്യും. എന്റെ ട്യൂഷൻ ക്ലാസുകൾ ഇപ്പോഴും നടക്കുന്നുണ്ട്.” ത്യാഗി പറയുന്നു.
ത്യാഗിയെക്കുറിച്ചുള്ള അന്വേഷണം പോലീസ് അവസാനിപ്പിച്ചതായും ഐപിസി സെക്ഷൻ 295 എ (ഏതെങ്കിലും വിഭാഗത്തിൻ്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) പ്രയോഗിക്കാനുള്ള സർക്കാരിൻ്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സർക്കിൾ ഓഫീസർ യതേന്ദ്ര സിംഗ് നഗർ പറഞ്ഞു.