UPDATES

യുദ്ധമുണ്ടാക്കുന്ന വെറുപ്പിന് വില കൊടുക്കേണ്ടി വന്നൊരു ആറു വയസുകാരന്‍

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലിന് മുസ്ലിം വിരുദ്ധ പ്രചാരണം നല്‍കിയതിന്റെ ഇരയാണ് അമേരിക്കയില്‍ കൊല്ലപ്പെട്ട ആറു വയസുകാരന്‍

                       

‘ നിങ്ങള്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെടേണ്ടവരാണ്…’

ഇസ്രേയല്‍-ഹമാസ് ഏറ്റുമുട്ടലിന് മുസ്ലിം വിരുദ്ധ പ്രചാരണം നല്‍കിയതിന്റെ അനന്തരഫലമായിരുന്നു 71 കാരന്‍ ജോസഫ് സുബയുടെ ഈ ആക്രോശം. ആ അമേരിക്കന്‍ വൃദ്ധനെക്കൊണ്ട് ഒരു ആറു വയസുകാരനെ പൈശാചികമായി കൊലപ്പെടുത്തിയതിനു പിന്നിലും ആഗോളതലത്തില്‍ പ്രചരിക്കുന്ന മുസ്ലിം വിരുദ്ധ/ പലസ്തീന്‍ വിരുദ്ധ പ്രോപ്പഗാണ്ട നിറച്ച വെറുപ്പായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഇല്ലിനോയിയിലെ വില്‍ കൗണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന നിയമ നിര്‍വഹണ ഏജന്‍സിയായ വില്‍ കൗണ്ടി ഷെരീഫിന്റെ ഓഫിസിലേക്ക് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു കോള്‍ വരുന്നത്. തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അപായപ്പെടുത്താന്‍ ശ്രമിക്കുന്ന ഭൂവുടമയില്‍ നിന്ന് രക്ഷിക്കണമെന്നാവിശ്യപെട്ടായിരുന്നു ചിക്കാഗോയ്ക്ക് സമീപമുള്ള പ്ലെയിന്‍ഫീല്‍ഡില്‍ നിന്നുള്ള യുവതിയുടെ ഫോണ്‍ വില്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസിലെത്തിയത്.

അടിയന്തര സഹായത്തിനായി സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ നെഞ്ചിലും ശരീരത്തിലും മുകള്‍ ഭാഗങ്ങളിലും ഒന്നിലധികം കുത്തുകളേറ്റ സ്ത്രീയെയും അവരുടെ മകനെയുമാണ് കണ്ടെത്തിയത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും 26 തവണ കുത്തേറ്റ ആറു വയസുകാരന്‍ മരണത്തിനു കീഴടങ്ങി. ഗുരുതരമായി അക്രമിക്കപെട്ട യുവതി ചികത്സയില്‍ തുടരുകയാണ്.

ഞായറാഴ്ച ഷെരീഫിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്തവന പ്രകാരം ഏഴ് ഇഞ്ച് ബ്ലേഡുകളുള്ള 12 ഇഞ്ചി(31 സെന്റീമീറ്റര്‍)ന്റെ സൈനിക ശൈലിയിലുള്ള കത്തിയുപയോഗിച്ചാണ് ജോസഫ് സുബ 32 കാരിയെയും മകനെയും കുത്തിയത്. ആക്രമണത്തിന് ഇരകളായവര്‍ മുസ്ലീം ആയതിനാലും ഹമാസും ഇസ്രായേലികളും ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റേണ്‍ സംഘര്‍ഷവുമാണ് കൊലപാതകിയെ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതായി രഹസ്യാന്വേഷണ സംഘത്തിന് കണ്ടുപിടിക്കാന്‍ കഴിഞ്ഞെന്ന് ഷെരീഫിന്റെ ഓഫീസ് കൂട്ടിച്ചേര്‍ത്തു.

ജോസഫ് സുബ ആക്രമിച്ച യുവതിയുടെയും മകന്റെയും പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ യുഎസിലെ മുസ്ലിം പൗരാവകാശ സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സിന്റെ (CAIR ചിക്കാഗോ) ചിക്കാഗോ ഓഫീസില്‍ നിന്ന് പുറത്തു വിട്ട വിവരമനുസരിച്ചു ഹനാന്‍ ഷാഹിന്‍ എന്ന യുവതിക്കും അവരുടെ മകന്‍ വാഡിയ അല്‍-ഫയൂക്കിനുമാണ് അപകടം സംഭവിച്ചെതെന്ന് വെളിപ്പെടുത്തിയിരുന്നു. വെസ്റ്റ് ബാങ്കിലെ ബെയ്റ്റൂണിയയില്‍ നിന്ന് ഹനാന്‍ ഷാഹിന്‍ 12 വര്‍ഷം മുമ്പാണ് ഇല്ലിനോയിസില്‍ എത്തുന്നതെന്നും CAIR ചിക്കാഗോ പറയുന്നു. CAIR ഇന്റര്‍നാഷണലുമായി യുവതിയുടെ ഭര്‍ത്താവ് പങ്കുവെച്ച സന്ദേശപ്രകാരം(യുവതിയ അയച്ചത്) വീടിനകത്ത് അതിക്രമിച്ചു കയറിയ വീട്ടുടമ അവരെ ശ്വാസം മുട്ടിച്ചതിനു ശേഷം കയ്യില്‍ കരുതിയ കത്തിയുപയോഗിച്ചു കുത്തുകയായിരുന്നു.

‘നിങ്ങള്‍ മുസ്ലീങ്ങള്‍ മരിക്കണം!’എന്നാക്രോശിക്കുന്ന കൊലപതികയുടെ ശബ്ദം സന്ദേശത്തില്‍ വ്യക്തമാണ്.

എമര്‍ജന്‍സി നമ്പറില്‍ വിളിക്കാനായി യുവതി കുളിമുറിയിലേക്ക് ഓടിക്കയറിയ സമയം കൊണ്ടാണ് പ്രതി ആറു വയസുകാരനെ കുത്തി കൊലപെടുത്തിയത്.

71 കാരനായ പ്രതിയെ വീടിന്റെ ഇടവഴിക്ക് സമീപം ബോധമറ്റ നിലയിലാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നെഞ്ചിലും ശരീരത്തിലും കൈകളിലുമായി നിരവധി കുത്തേറ്റ നിലയിലാണ് വീടിനുള്ളില്‍നിന്ന് അമ്മയേയും മകനെയും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇവരുടെ താമസസ്ഥലത്തിന്റെ ഉടമ കൂടിയായ ജോസഫ് സുബ ആക്രമണത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

എന്നാല്‍ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ അടക്കം ചുമത്തിയിട്ടുണ്ടെന്ന് വില്‍ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. കൊലപാതകം, രണ്ട് വിദ്വേഷ കുറ്റകൃത്യങ്ങള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയാണ് സുബയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചിക്കാഗോയില്‍ മുസ്ലിം, പലസ്തീന്‍ വിരുദ്ധ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ഭൂവുടമ ഒരു മുസ്ലിം കുടുംബത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കയറി കത്തികൊണ്ട് അമ്മയെ പരിക്കേല്‍പ്പിക്കുകയും ആറു വയസ്സുള്ള മകനെ വധിക്കുകയും ചെയ്ത സംഭവം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതാണെന്ന് CAIR പങ്കുവെച്ച സാമൂഹ്യ മാധ്യമ കുറിപ്പില്‍ പറയുന്നു.

ആഴ്ച്ചകള്‍ക്കു മു്മ്പായിരുന്നു വാഡിയയുടെ ആറാം പിറന്നാള്‍. ഫുട്ബോളും ബാസ്‌ക്കറ്റ്ബോളും ഏറെയിഷ്ടപ്പെട്ടിരുന്നു ആ കുട്ടി. അമേരിയ്ക്കയില്‍ നമ്മളിന്ന് കാണുന്ന വെറുപ്പിന്റെ അന്തരീക്ഷത്തിന് വില നല്‍കിയത് ഈ ആറു വയസ്സുകാരനാണെന്ന് സിഎഐആര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹമ്മദ് റിഹാബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയുന്നു. ഇസ്രയേലിലും പലസ്തീനിലും സംഭവിക്കുന്ന കാര്യങ്ങളുമായി ഈ ആറുവയസ്സുകാരന്റെ കൊലപാതകം ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ഇതുപോലുള്ള ഹീനമായ കുറ്റകൃത്യം ഉണ്ടാകാതിരിക്കാനും നീതി പടര്‍ത്താനും, വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും ഇസ്രയേലിലും പലസ്തീനിലും മനുഷ്യത്വത്തെ അടിസ്ഥാനമാക്കിയുള്ള സമാധാനത്തിന്റെ പാത രൂപപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം പറയുന്നു.

അമേരിക്കയില്‍ ഭയാനകമായ ഇത്തരം വിദ്വേഷ പ്രവൃത്തിക്ക് സ്ഥാനമില്ലെന്ന് ആറു വയസുകാരന്റെ കൊലപാതകത്തെ അപലപിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. നമ്മുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണിത്. അമേരിക്കക്കാര്‍ എന്ന നിലയില്‍, നമ്മള്‍ ഒന്നിച്ച് ഇസ്ലാമോഫോബിയയും എല്ലാത്തരം മതഭ്രാന്തും വിദ്വേഷവും നിരസിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ ആറു വയസുകാരന്റെ കൊലപാതകം, വംശീയത, അന്യമതവിദ്വേഷം, എല്ലാ തരത്തിലുമുള്ള വിവേചനം എന്നിവയ്ക്കെതിരെ പോരാടുന്നതിന് ഊന്നല്‍ നല്‍കുന്ന ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍ നടക്കുന്ന ആദ്യ കൊലപാതകമല്ലെന്നു കൂടി അറിയുക.

Share on

മറ്റുവാര്‍ത്തകള്‍