UPDATES

നാലു വയസുകാരന്‍ മകനെ കൊന്നു ബാഗിലാക്കി സ്റ്റാര്‍ട്ട് അപ്പ് സിഇഒ ആയ അമ്മ

ഗോവയിലെ ഒരു ഹോട്ടലില്‍ വച്ച് തിങ്കളാഴ്ച്ച രാത്രിയിലാണ് ഇവര്‍ സ്വന്തം മകനെ കൊലപ്പെടുത്തിയത്

                       

നാല് വയസുകാരന്‍ മകനെ കൊന്ന് ബാഗിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ആസ്ഥാനമായ ഒരു എ ഐ സ്റ്റാര്‍ട്ട് അപ്പിന്റെ സിഇഒ ആയ 39 കാരി സുചന സേഥ് ആണ് പിടിയിലായത്. ഗോവയിലെ ഒരു ഹോട്ടലില്‍ വച്ച് തിങ്കളാഴ്ച്ച രാത്രിയിലാണ് ഇവര്‍ സ്വന്തം മകനെ കൊലപ്പെടുത്തിയത്. ശവശരീരം നിറച്ച ബാഗുമായി ഒരു ടാക്‌സിയില്‍ രക്ഷപ്പെട്ടു പോകുന്നതിനിടയില്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വച്ച് സുചന പൊലീസ് പിടിയിലാവുകയായിരുന്നു.

സുചന മകനെ കൊല്ലപ്പെടുത്തിയതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയാണ് സുചന. ഇതൊരു കാരണമാകാമെന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പൊലീസ് പറയുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് സുചന മകനുമൊത്ത് വടക്കന്‍ ഗോവയിലെ കണ്‍ഡോളിമിലുള്ള ഒരു ലക്ഷ്വറി ഹോട്ടലില്‍ മുറിയെടുക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ സുചന ഹോട്ടലില്‍ നിന്നും മടങ്ങി.

ഇവര്‍ പോയശേഷം മുറി വൃത്തിയാക്കാന്‍ എത്തിയ ക്ലീനിംഗ് ബോയ് ആണ് സംശയകരമായ രീതിയില്‍ അവിടെ രക്തത്തുള്ളികള്‍ കാണുന്നത്. ഈ വിവരം മാനേജറെ അറിയിച്ചതോടെ അവര്‍ ഗോവ പൊലീസിനെ വിളിച്ചു. വൈകാതെ തന്നെ കലന്‍ഗുട്ടെ സ്റ്റേഷനില്‍ നിന്നും പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി.

സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് സുചന തിരികെ പോകുമ്പോള്‍ കൂടെ കുട്ടിയില്ലെന്നും കൈയിലൊരു ബാഗ് ഉണ്ടായിരുന്നുവെന്നും വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുചന ഹോട്ടല്‍ ജീവനക്കാരനോട് ആവശ്യപ്പെട്ട് ബെംഗളൂരുവിലേക്ക് പോകാന്‍ ടാക്‌സി വിളിച്ചിരുന്നുവെന്ന് മനസിലാകുന്നത്. ജീവനക്കാരന്‍ ആദ്യം സുചനയോട് ഫ്‌ളൈറ്റ് പിടിക്കാനായിരുന്നു ഉപദേശിച്ചത്, കാറില്‍ പോകുന്നത് ഇരട്ടി ചെലവ് ആകുമെന്നായിരുന്നു ജീവനക്കാരന്‍ ഉപദേശിച്ചത്. എന്നാല്‍ സുചന ടാക്‌സിക്ക് വേണ്ടി നിര്‍ബന്ധം പിടിക്കുകയായിരുന്നു.

ഉടന്‍ തന്നെ ടാക്‌സി ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി പൊലീസ് അയാളെ വിളിച്ചു. അതേ ഫോണില്‍ സുചനയോട് സംസാരിക്കുകയും അവരോട് മകനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. തന്റെയൊരു സുഹൃത്തിനൊപ്പം മകന്‍ ഗോവയിലെ ഫറ്റോര്‍ഡയില്‍ ഉണ്ടെന്നായിരുന്നു സുചനയുടെ മറുപടി. പൊലീസ് ആ മറുപടിയില്‍ തൃപ്തരായിരുന്നില്ല. ഏറ്റവും അടുത്തുള്ള സ്റ്റേഷനിലേക്ക് പോകാന്‍ ഡ്രൈവര്‍ക്ക് രഹസ്യമായി നിര്‍ദേശം നല്‍കി. ചിത്രദുര്‍ഗ സ്റ്റേഷനിലാണ് ഡ്രൈവര്‍ സുചനയുമായി ചെന്നത്. അവിടുത്തെ പൊലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

ദ മൈന്‍ഡ്ഫുള്‍ എ ഐ ലാബ് എന്ന ടെക് കണ്‍സള്‍ട്ടന്‍സിയുടെ സ്ഥാപകയും സിഇഒയുമാണ് സുചന സേഥ് എന്നാണ് പൊലീസ് പറയുന്നത്. സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഡസ്ട്രിയില്‍ ഡാറ്റ സയന്‍സില്‍ 12 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള, നിലവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്തിക്‌സ് എക്‌സ്‌പെര്‍ട്ട് ആയി സേവനം കൊടുത്തുവരുന്ന ഒരു പ്രൊഫഷണലാണ് സേഥ് എന്നാണവരുടെ ലിങ്കിഡ് ഇന്‍- വിവരങ്ങള്‍ പ്രകാരം പൊലീസ് പറയുന്നത്. സേഥിയുടെ പ്രൊഫൈല്‍ പ്രകാരം, എ ഐ എത്തിക്‌സ് ലിസ്റ്റിലെ 100 ബ്രില്യന്റ് വുമണ്‍ പട്ടികയില്‍ ഒരാള്‍ എന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സ്റ്റിയിലെ ബെര്‍ക്മാന്‍ ക്ലെയ്ന്‍ സെന്ററില്‍ നിന്നു വിദ്യാഭ്യാസം നേടിയിട്ടുള്ള വ്യക്തി കൂടിയാണ് സ്വന്തം മകനെ കൊലപ്പെടുത്തിയ സുചന സേഥ്.

Share on

മറ്റുവാര്‍ത്തകള്‍