UPDATES

എങ്ങനെയാണ് ഒരു തണ്ണിമത്തന്‍ കഷ്ണം പലസ്തീന്‍ പ്രതീകമായത്?

പലതരം ഇമോജികളും ചിത്രങ്ങളുമൊക്കെ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ ബംബിങ്ങളായി മാറുന്നുണ്ട്

                       

ഇസ്രയേല്‍ നടത്തിവരുന്ന യുദ്ധത്തില്‍ പലസ്തീന്‍ ജനതയ്ക്ക് പിന്തുണയര്‍പ്പിച്ച് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി രൂപപ്പെടുന്നുണ്ട്. പലതരം ഇമോജികളും ചിത്രങ്ങളുമൊക്കെ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ ബംബിങ്ങളായി മാറുന്നുണ്ട്. എന്നാല്‍, അക്കൂട്ടത്തില്‍ ഇപ്പോള്‍ ഏറ്റവും പ്രചാരം നേടിയിരിക്കുന്നത്, ഒരു തണ്ണിമത്തനാണ്! പച്ചത്തോടില്‍ അകം ചുമന്ന് കറുത്ത കുരുക്കളോട് കൂടിയൊരു തണ്ണിമത്തന്‍ കഷ്ണം.

എങ്ങനെയാണ് ഒരു തണ്ണിമത്തന്‍ കഷ്ണം പലസ്തീന്‍ പ്രതീകമായത്?

മുറിച്ചുവച്ചൊരു തണ്ണിമത്തന്‍ കഷ്ണത്തിലുള്ള നിറങ്ങള്‍ നോക്കുക; പച്ച, ചുവപ്പ്, കറുപ്പ്. പലസ്തീന്‍ പതാകയിലും അതേ നിറങ്ങള്‍ കാണാം. ഈ സാമ്യം തന്നെയാണ് ഒരു കഷ്ണം തണ്ണിമത്തനെ പലസ്തീന്‍ പ്രതീകമാക്കുന്നതും. പലസ്തീന്‍ പതാക വഹിക്കുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ ഇസ്രയേല്‍ പലപ്പോഴായി വിലക്കിയിട്ടുള്ളതാണ്. അതുകൊണ്ടു കൂടിയാണ് സോഷ്യല്‍ മീഡിയ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഒരു തണ്ണീര്‍മത്തന്‍ കഷ്ണത്തിലൂടെ ഇസ്രയേലിനെ വെല്ലുവിളിക്കുന്നതും. പലസ്തീനെ പിന്തുണച്ചുള്ള പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കും അമേരിക്കന്‍ ആസ്ഥാനമായുള്ള വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉയരുന്ന പരാതിയാണ്. അത്തരം നിയന്ത്രണങ്ങള്‍ക്കുമേലുള്ള പ്രതിഷേധമായിട്ടുകൂടിയാണ് ഈ ‘പലസ്തീന്‍ പ്രതീകം’ വൈറലാകുന്നത്.

തണ്ണിമത്തന്‍ കലാപത്തിന്റെയോ സമരസപ്പെടലിന്റെയോ ചിഹ്നം മാത്രമാണെന്ന് കരുതേണ്ട. പലസ്തീനികള്‍ക്ക് തണ്ണിമത്തന്‍ അവരുടെ പ്രിയപ്പെട്ടൊരു വിഭവം കൂടിയാണ്. വെസ്റ്റ് ബാങ്ക് മുതല്‍ ഗാസ വരെ വ്യാപകമായി കൃഷി ചെയ്യുന്നൊരു കാര്‍ഷികോത്പന്നം. അവരുടെ അടുക്കളകളില്‍ അത് വിശിഷ്ടമായ സ്ഥാനം അലങ്കരിക്കുന്നു.

ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രയേലില്‍ കയറി ചോരക്കളം തീര്‍ത്തതിന്റെ പ്രതികാരമായിട്ടാണ് ഇപ്പോള്‍ പലസ്തീന്‍ നേരിടുന്ന അതിക്രമം എന്നു കരുതേണ്ടതില്ല. കാലങ്ങളായി തുടരുന്ന സംഘര്‍ഷമാണ്. ഈ വര്‍ഷം ആദ്യം മുതല്‍ ഇസ്രയേലിന്റെ പ്രകോപനപരമായ നടപടികള്‍ ഗാസയിലും മറ്റ് പ്രദേശങ്ങളിലും നടക്കുന്നുണ്ട്. ജനുവരിയില്‍ ഇസ്രയേല്‍ ദേശ സുരക്ഷ മന്ത്രി ഇത്മാര്‍ ബെന്‍ ഗ്വിര്‍, അവകാശപ്പെട്ടത്, പൊതുസ്ഥലത്ത് പാറുന്ന എല്ലാ പലസ്തീന്‍ പതാകകളും അഴിച്ചു കളയാന്‍ പൊലീസിനോട് ഉത്തരവിട്ടു എന്നായിരുന്നു. ഒരു തീവ്രവാദ കുറ്റവാളി, തന്റെ ജയില്‍ മോചനത്തിനു പിന്നാലെ പലസ്തീന്‍ പാതക വീശി എന്നതായിരുന്നു മന്ത്രി പറഞ്ഞ കാരണമെന്നാണ് ദ ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തത്.

പലസ്തീന്‍ പതാകയ്ക്ക് നിയമപരമായ നിരോധനം ഇസ്രയേലില്‍ ഇല്ലെങ്കിലും, പതാക കെട്ടാനോ പ്രദര്‍ശിപ്പിക്കാനോ പൊലീസ് അനുവദിക്കാറില്ല. ‘സമാധന ലംഘനം’ ഉണ്ടാകുമെന്ന കാരണമാണ് പറയുന്നത്. പലസ്തീന്‍ പതാക പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരേ അറസ്റ്റ് ഭീഷണിയുണ്ടായി. അറസ്റ്റുകളുടെ എണ്ണം കൂടി വന്നതോടെ അതിനെതിരേ പ്രതിഷേധങ്ങളും ശക്തമായി. അങ്ങനെയാണ്, ഇക്കഴിഞ്ഞ ജൂണില്‍ സാസിം(Zazim) എന്ന സംഘടന ഒരു പഴുത്ത തണ്ണിമത്തന്‍ കഷ്ണത്തിന്റെ ചിത്രം ടെല്‍-അവീവില്‍ ഓടുന്ന ടാക്‌സികളില്‍ പതിക്കാന്‍ തുടങ്ങിയത്. ആ ചിത്രത്തിനൊപ്പം അവരിങ്ങനെ കൂടി എഴുതി ചേര്‍ത്തിരുന്നു; ‘ ഇതൊരു പലസ്തീന്‍ പതാകയല്ല’.

‘തണ്ണിമത്തന്‍ കഷ്ണം’ മറ്റൊരു വഴിയിലൂടെയും പ്രചാരം നേടിയിരുന്നു. പലസ്തീന്‍ ചിത്രകാരന്‍ ഖാലിദ് ഹുറാനി ‘സബ്ജക്ടീവ് അറ്റ്‌ലസ് ഓഫ് പലസ്തീന്‍ പ്രൊജക്ട്’ നു വേണ്ടി 2007 ല്‍ ഒരു തണ്ണിമത്തന്‍ കഷ്ണം വരച്ചിരുന്നു. അദ്ദേഹത്തിന്റെ ആര്‍ട്ട് വര്‍ക് ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ഒന്നായി മാറി. പലസ്തീന്‍ വിഷയം ലോകതലത്തില്‍ ചര്‍ച്ചയാകാന്‍ ആ തണ്ണിമത്തന്‍ കഷ്ണവും ഒരു കാരണമായി മാറിയിരുന്നു.

മേല്‍പ്പറഞ്ഞ സംഭവങ്ങളിലൂടെയാണോ തണ്ണിമത്തന്‍ കഷ്ണം പലസ്തീന്‍ പ്രതീകമായി മാറിയതെന്നതില്‍ തീര്‍ച്ചയില്ല. ഈയൊരു പ്രതീകാത്മക ചിത്രം ഏതു വഴിയാണ് ആദ്യം രംഗത്തു വരുന്നതെന്നതില്‍ ചില തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് 1987-1993 ലെ ഒന്നാം ഇന്‍തിഫാദ(പലസ്തീന്‍ ഉയിര്‍പ്പ്)യുടെ സമയത്താണ് തണ്ണിമത്തന്‍ കഷ്ണം ഒരു പ്രതിരോധ ചിഹ്നമായി ഉയര്‍ന്നു വരുന്നതെന്നാണ്. എന്നാല്‍ പല അറബ് വെബ്‌സൈറ്റുകളും ബ്ലോഗുകളും ഈ വ്യാഖ്യാനം അംഗീകരിക്കുന്നില്ല.

1967-ലെ ആദ്യ ഇസ്രയേല്‍-അറബ് യുദ്ധത്തിനു പിന്നാലെ ഇസ്രയേല്‍ വെസ്റ്റ് ബാങ്കും ഗാസയുമൊക്കെ തങ്ങളുടെ അധീനതയിലാക്കിയിരുന്നു. തുടര്‍ന്നവര്‍ പലസ്തീന്‍ പതാക പൊതുമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി. ഇസ്രയേല്‍ അധിനിവേശത്തിനെതിരേ ഇന്‍തിഫാദ തുടങ്ങുകയും അതിന്റെ ഭാഗമായി പാതകയ്ക്ക് പകരം പലസ്തീന്‍ പ്രതികമായി മുറിച്ച തണ്ണിമത്തന്‍ കഷ്ണം പ്രചാരം നേടുകയുമായിരുന്നു എന്ന വിശദീകരണമാണ് ഭൂരിഭാഗത്തിനുമുള്ളത്.

എന്നിരുന്നാലും യോജിപ്പുകളോളം വിയോജിപ്പുകളും ശക്തമാണ്. ഇന്‍തിഫാദയുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങള്‍ സമീപകാലത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്ന മിത്തുകളാണെന്നാണ് ചില അറബ് മാധ്യമങ്ങള്‍ പറയുന്നത്. യഥാര്‍ത്ഥ വസ്തുത പുനരാഖ്യനങ്ങളിലും പകര്‍ത്തിയെഴുത്തുകളിലും പെട്ട് എവിടെയോ പുതഞ്ഞു കിടക്കുന്നുണ്ടാകുമെന്നും അവര്‍ പറയുന്നു.

റാമല്ല നിവാസികളായ രണ്ട് പലസ്തീനികള്‍ നടത്തുന്ന ‘ ഡികൊളോണൈസ് പലസ്തീന്‍’ എന്ന വെബ്‌സൈറ്റ് ഇന്‍തിഫാദയുമായി ബന്ധപ്പെട്ട പ്രചാരണത്തോട് വിയോജിക്കുകയാണ്. നിരോധിക്കപ്പെട്ട നിറക്കൂട്ടിന്റെ(പലസ്തീന്‍ പതാകയിലെ പച്ച, ചുമപ്പ്, കറുപ്പ്, വെള്ള) പ്രതീകമായി തണ്ണിമത്തന്‍ കഷ്ണം ഉപയോഗിക്കുന്നതിന്റെ ചില ഉദ്ദാഹരണങ്ങളുണ്ട്. എന്നിരുന്നാലും ആഗോളവ്യാപകമായി ഒരു തണ്ണിമത്തന്‍ കഷ്ണം രാഷ്ട്രീയ പ്രസ്താവനയായോ, പലസ്തീന്‍ പതാകയുടെ പ്രതീകമായോ ഉപയോഗിക്കപ്പെടുന്നില്ല എന്നാണ് വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്. ഒന്നാം ഇന്‍തിഫാദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സമിതികളില്‍ അംഗമായിരുന്ന പലരോടും തങ്ങള്‍ സംസാരിച്ചിരുന്നുവെന്നും, അവരാരും തന്നെ തണ്ണിമത്തന്‍ കഷ്ണം പ്രതിരോധത്തിന്റെ ബിംബമായി ഉപയോഗിച്ചിരുന്നുവെന്ന കാര്യം ഓര്‍ക്കുന്നില്ല എന്നാണ് വെബ്‌സൈറ്റിനു പിന്നിലുള്ളവര്‍ പറയുന്നത്.

ഒന്നാം ഇന്‍തിഫാദയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ക്കായി പ്രധാനമായും രണ്ട് ഉറവിടങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. 1993 ലെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടും, ചിത്രകാരന്മാരായ സില്‍മാന്‍ മന്‍സൂര്‍, നബില്‍ അനാനി, ഇസ്ലാം ബദര്‍ എന്നിവരുമായി ബന്ധപ്പെട്ടുള്ള കഥയും. 1980-ല്‍ ഈ ചിത്രകാരന്മാര്‍ നടത്തിയ കലാപ്രദര്‍ശനം ഇസ്രയേല്‍ സൈന്യം നിര്‍ത്തിവയ്പ്പിച്ചിരുന്നു. കാരണമായി പറഞ്ഞത്, അവരുടെ കലാസൃഷ്ടികള്‍ രാഷ്ട്രീയ പ്രതീകങ്ങളാണെന്നതും അവയിലെ നിറങ്ങള്‍ പാലസ്തീന്‍ പാതകയിലെ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണെന്നതുമായിരുന്നു. സൈനികരുമായി തര്‍ക്കിക്കുന്നതിനിടയില്‍ ബാദര്‍ സൈനികോദ്യോഗസ്ഥനോട് ചോദിച്ചു; ‘ എനിക്കൊരു തണ്ണിമത്തന്‍ വരയ്്ക്കണമെന്നു തോന്നിയാലോ? സൈനികോദ്യോഗസ്ഥന്റെ മറുപടി; ” എന്നാല്‍ ഞങ്ങളത് കണ്ടുകെട്ടും” എന്നായിരുന്നു.

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലേക്ക് വന്നാല്‍, ‘ഉസ്ലോ ഉടമ്പടി പ്രകാരം പലസ്തീന്‍ പതാക പ്രദര്‍ശിപ്പിക്കുന്നത് ക്രിമനല്‍ കുറ്റമല്ലാതായി മാറി. പലസ്തീന്‍ പതാകയിലെ നിറങ്ങളായ പച്ച, ചുവപ്പ്, കറുപ്പ് നിറങ്ങള്‍ ചേരുന്ന തണ്ണിമത്തന്‍ കഷ്ണങ്ങള്‍ കൈയിലേന്തി നടന്നതിന് ഒരിക്കല്‍ ഗാസയിലെ ചെറുപ്പക്കാര്‍ തടവിലാക്കപ്പെട്ടിരുന്നു. അതേസ്ഥാനത്താണ് ഇസ്രയേല്‍ സൈനികര്‍ നോക്കിനില്‍ക്കേ പലസ്തീന്‍ പതാകയും വീശിയുള്ള റാലികള്‍ നടക്കുന്നത്’ എന്നായിരുന്നു ടൈംസിലെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം. തണ്ണീര്‍മത്തന്‍ കഷ്ണങ്ങള്‍ കൈയിലേന്തിയതിന്റെ പേരില്‍ ആളുകളെ അറസ്റ്റ് ചെയ്യുകയെന്നത് ഇസ്രയേലിന്റെ ഔദ്യോഗിക നയത്തിന്റെ ഭാഗമായിരുന്നില്ലെന്നാണ് ഗവണ്‍മെന്റ് പ്രസ് ഓഫിസ് ജെറുസലേം ഇറക്കിയ വാര്‍ത്തക്കുറിപ്പില്‍ വിശദീകരിച്ചിരുന്നത്. അനുവദനീയമല്ലാത്തതും ഒറ്റപ്പെട്ടതുമായി നടന്നിട്ടുള്ള അറസ്റ്റുകളില്‍ ഒരിക്കലും വിചാരണ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ആ പത്രക്കുറിപ്പില്‍ പറയുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലുണ്ട്.

ഇങ്ങനെ പലതരം വായനകളും വിശദീകരണങ്ങളുമൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കിലും ആ തണ്ണീര്‍മത്തന്‍ കഷ്ണത്തിന്റെ ഉത്ഭവം എങ്ങനെയായിരുന്നുവെന്നത് ഇന്നും അജ്ഞാതമാണ്. എങ്കിലും ലോകത്തിന്റെ മുന്നില്‍ ഒരു പഴുത്ത തണ്ണിമത്തന്‍ കഷ്ണം ഇന്ന് പലസ്തീന്‍ പ്രതീകമായി നില്‍ക്കുന്നുണ്ടെന്നത് വാസ്തവമാണ്.

Share on

മറ്റുവാര്‍ത്തകള്‍