UPDATES

വിദേശം

പലസ്തീന്‍ ജനതയ്ക്ക് ഒരുപോലെ ശത്രുക്കളാകുന്ന ഇസ്രയേലും ഹമാസും

യോം കിപ്പൂര്‍ യുദ്ധത്തിന്റെ അമ്പതാം വര്‍ഷത്തില്‍, മറ്റൊരു ശബ്ബത്ത് ദിവസത്തില്‍ വീണ്ടുമൊരു അപ്രതീക്ഷിത ആക്രമണം

                       

1973 ഒക്ടോബര്‍ 6 ശനിയാഴ്ച്ച, ശബ്ബത്ത് ദിവസം. വെള്ളിയാഴ്ച്ച സൂര്യാസ്തമയം തൊട്ട് ശനിയാഴ്ച്ച സൂര്യന്‍ മറഞ്ഞ് ഇരുട്ട് വീഴുന്നതുവരെ പരമ്പരാഗത ജൂതമത വിശ്വാസമനുസരിച്ച് ഏറ്റവും പവിത്രമായ സമയമാണ്. അന്നവര്‍ ജോലി ചെയ്യുകയോ യാത്ര ചെയ്യുകയോ ഒന്നുമില്ല. ആ അവധി ദിവസമായിരുന്നു സിറിയ-ഈജിപിത് അറബ് സഖ്യത്തിന്റെ അപ്രതീക്ഷിത ആക്രമണം. (യോം കിപ്പൂര്‍ യുദ്ധത്തിന് അമ്പതാണ്ട്; അറബ് സഖ്യത്തിന്റെ അപ്രതീക്ഷിത ആക്രമണവും ഇസ്രയേലിന്റെ ചെറുത്ത് നില്‍പ്പും) 19 ദിവസം നീണ്ടു നിന്ന ഒക്ടോബര്‍ യുദ്ധം അഥവ യോം കിപ്പൂര്‍ യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ വീണ്ടുമൊരിക്കല്‍ കൂടി ശത്രുവിന്റെ അപ്രതീക്ഷിത ആക്രമണം ഇസ്രയേലിന് നേരിടേണ്ടി വന്നിരിക്കുന്നു.

2023 ഒക്ടോബര്‍ 8 ശബ്ബത്ത് ദിവസം. ഇസ്രയേലികള്‍ അവധിയുടെ ആലസ്യത്തിലും മതപരമായ വൃതത്തിലും മുഴുകിയിരുന്ന മറ്റൊരു ശനിയാഴ്ച്ചയാണ് ഇസ്ലാമിക തീവ്രവാദ സംഘമായ ഹമാസിന്റെ കടന്നു കയറിയുള്ള ആക്രമണം. പേരുകേട്ട ഇസ്രയേല്‍ ഇന്റലിജന്റ്‌സ് സംവിധാനങ്ങള്‍ക്ക് സ്വന്തം മണ്ണിലേക്കുള്ള ശത്രുവിന്റെ കടന്നു കയറ്റം മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയത് ഇസ്രയേലിന്റെ അഭിമാനത്തെക്കൂടിയാണ് തകര്‍ത്തിരിക്കുന്നത്. അതിനാല്‍ തന്നെ, മറ്റൊരു ഒക്ടോബര്‍ യുദ്ധത്തിന് അവര്‍ തയ്യാറെടുത്തിരിക്കുകയാണ്. അതിന്റെ ദുരന്തം തീവ്രവാദി സംഘമായ ഹമാസിനെക്കാള്‍ നിരപരാധികളായ പലസ്തീനിയന്‍ ജനതയായിരിക്കും നേരിടേണ്ടു വരിക. ഇപ്പോള്‍ തന്നെ 400-ന് അടുത്തു മനുഷ്യര്‍ക്ക് ഇരുഭാഗങ്ങളിലുമായി ജീവന്‍ നഷ്ടമായി കഴിഞ്ഞിരിക്കുന്നു. ഹമാസ് ആക്രമണത്തില്‍ സൈനികരും സാധാരണക്കാരും അടക്കം 200 ഇസ്രയേലികള്‍ കൊല്ലപ്പെട്ടുവെന്നും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഇസ്രയേല്‍ പറയുന്നത്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 200-ന് അടുത്ത് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തിനടത്തുണ്ട് പരിക്കേറ്റവര്‍. ഹമാസിനെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കും. അതോടെ കൊല്ലപ്പെടുന്ന പലസ്തീനികളുടെ എണ്ണം കുതിച്ചുയരും. ഹമാസിലെ തീവ്രവാദികളായിരിക്കില്ല, പലസ്തീനിലെ സാധാരണക്കാരായ മനുഷ്യരായിരിക്കും എണ്ണത്തില്‍ അധികമാവുക. അതായത്, ഇസ്രയേലിന്റെ ഭാഷയില്‍ പറഞ്ഞാല്‍’ ഹമാസ് ചെയ്ത ഗുരുതരമായ തെറ്റിന്’ ശിക്ഷ അനുഭവിക്കാന്‍ പോകുന്നത് നിരപരാധികളായ ആയിരങ്ങളായിരിക്കും.

ഹമാസ്;രക്ഷകന്റെയും ശത്രുവിന്റെയും രൂപം
പലസ്തീനിലെ ഏറ്റവും വലുതും പ്രബലവുമായ ഇസ്ലാമിക തീവ്രവാദ സംഘമാണ് ഹമാസ്. ഒരു വശത്തവര്‍ക്ക് തീവ്രവാദ രൂപമാണെങ്കില്‍, മറുവശത്തവര്‍ക്കു മേഖലയിലെ പ്രധാന രാഷ്ട്രീയ മുഖമാണ്. ഗാസ മുനമ്പിലെ 20 ലക്ഷത്തോളം ജനങ്ങളെ ഭരിക്കുന്നത് ഈ സംഘടനയാണ്. ഇസ്രയേലിനെ പ്രതിരോധിക്കുന്നവര്‍ എന്ന അവകാശവാദവുമായാണ് ഇവര്‍ പലസ്തീനിയന്‍ ജനതയുടെ മേല്‍ സ്വാധീനം ഉണ്ടാക്കിയെടുത്തിരിക്കുന്നത്. തങ്ങള്‍ രാഷ്ട്രീയ സംഘടനയാണെന്ന് ഹമാസ് അവകാശപ്പെടുമ്പോഴും ലോകം യോജിക്കുന്നില്ല. ഹമാസിനെ പൂര്‍ണമായി, അതല്ലെങ്കില്‍ അവരുടെ സായുധ വിഭാഗത്തെയോ തീവ്രവാദ സംഘമായി കാണുന്നവരാണ് ഇസ്രയേല്‍, അമേരിക്ക, യുകെ, യൂറോപ്യന്‍ യൂണിയന്‍, തുടങ്ങി ഒരു ഡസനോളം രാജ്യങ്ങള്‍.

1967-ലെ ഇസ്രയേല്‍-അറബ് യുദ്ധത്തില്‍ വിജയം നേടിയതിനു പിന്നാലെ ഇസ്രയേല്‍, പലസ്തീന്റെ ഭാഗമായിരുന്ന വെസ്റ്റ് ബാങ്കും ഗാസ മുനമ്പും പിടിച്ചെടുത്തു. ഇതിനെതിരെ ഉണ്ടായ പ്രതിഷേധമാണ്, ഇസ്രയേല്‍ അധിനിവേശത്തിനെതിരായ ആദ്യത്തെ പലസ്തീനിയന്‍ പ്രക്ഷോഭം. 1980 കളുടെ അവസാനത്തില്‍ പലസ്തീനിയന്‍ പ്രതിരോധ പ്രക്ഷോഭം ശക്തമായ ാഹചര്യത്തില്‍ രൂപം കൊണ്ട പ്രസ്ഥാനമാണ് ഹമാസ്. പലസ്തീനിയന്‍ പോരാട്ടത്തിന്റെ പ്രതീകമായി രൂപമെടുത്തതാണെങ്കിലും പിന്നീടതിന്റെ സ്വഭാവത്തില്‍ മാറ്റം വന്നു. 1946-ല്‍ ജറൂസലേമില്‍ രൂപം കൊണ്ട മുസ്ലിം ബദര്‍ഹുഡിന്റെ ആന്തരിക രൂപാന്തരമാണ് ഹമാസ് എന്നാണ് ഖത്തറിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ മിഡില്‍ ഈസ്‌റ്റേണ്‍ സ്റ്റഡീസില്‍ പ്രൊഫസറായ ഖാലിദ് അല്‍ ഹറൂബ് എഴുതിയ ‘ ഹമാസ്; എ ബിഗിനേഴ്‌സ് ഗൈഡ്’ എന്ന പുസ്തകത്തില്‍ പറയുന്നത്. പലസ്തീനിയന്‍ മുസ്ലിം ബ്രദര്‍ഹുഡ് രൂപീകരണം കാലം തൊട്ട് 1980-കളുടെ അവസാനം വരെ പലസ്തീനിയന്‍ രാഷ്ട്രീയത്തിന്റെ അരിക് ചേര്‍ന്ന് നിശബ്ദരായി നില്‍ക്കുകയാണുണ്ടായത്. അക്കാലത്തെ പ്രക്ഷോഭങ്ങളിലൊന്നും അവര്‍ പങ്കാളികളായില്ല. സായുധ പോരാട്ടത്തിന് ഇറങ്ങാതിരുന്നത് അവരുടെ തന്ത്രമായിരുന്നു. ഇസ്രയേലുമായി വലിയൊരു യുദ്ധമായിരുന്നു അവര്‍ പദ്ധതിയിട്ടിരുന്നത്. അതിനു മുമ്പ് അവര്‍ക്ക് ചെയ്യേണ്ടിയിരുന്നത് പലസ്തീനെ പൂര്‍ണമായി ഇസ്ലാമികവത്കരിക്കുകയായിരുന്നു.

1987-ല്‍ വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രയേല്‍ നടത്തിയ അധിനിവേശത്തിനെതിരേ ആദ്യത്തെ പലസ്തീന്‍ കലാപം രൂപം കൊണ്ടതോടെ, തങ്ങള്‍ കാത്തിരുന്ന സമയം പോലെ, മുസ്ലിം ബ്രദര്‍ഹുഡ് ഹമാസ് രൂപീകരിക്കുന്നു. ഇസ്രയേല്‍ അധിനിവേശത്തിനെതിരായ സായുധ പ്രതിരോധം എന്ന ലക്ഷ്യമാണ് ഹമാസിന്റെതെന്ന് അവര്‍ പലസ്തീന്‍ ജനതയോട് പറഞ്ഞൂ; ഖാലിദ് ഹറൂബ് തന്റെ പുസ്തകത്തിലും അഭിമുഖങ്ങളിലുമൊക്കെയായി പറയുന്ന ഹമാസ് ചരിത്രമാണിത്.

പലസ്തീനിയന്‍ ദേശീയ പ്രസ്ഥാനം പരാജയമായിരിക്കുന്നു എന്ന തോന്നല്‍ 1980 ളോടെ രാജ്യത്ത് ആഴത്തില്‍ വേരുപിടിച്ചതും ഹമാസിന്റെ രൂപീകരണത്തിന് കാരണമായി പറയാം. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍(പിഎല്‍ഒ)അതിന്റെ സ്ഥാപിത ലക്ഷ്യത്തില്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന ആഖ്യാനത്തെ ശക്തിപ്പെടുത്തിയതിനുശേഷമാണ് ഹമാസ് കടന്നുവരുന്നത്. സ്വതന്ത്ര പലസ്തീനു വേണ്ടിയാണ് 1960 കളുടെ മധ്യത്തില്‍ ഇസ്രയേലിനെതിരേ സായുധ പോരാട്ടത്തിനായി പിഎല്‍ഒ രൂപീകരിക്കപ്പെടുന്നത്. എന്നാലവര്‍ രണ്ട് ഗുരുതര വീഴ്ച്ചകള്‍, വീട്ടുവീഴ്ച്ചകള്‍- വരുത്തിയെന്ന് കുറ്റവിചാരണ നേരിടേണ്ടി വന്നു. ഒന്ന്, ഇസ്രയേല്‍ രാഷ്ട്രത്തെ അംഗീകരിച്ചു. രണ്ട്, ആയുധം താഴെവച്ച് ഇസ്രയേലുമായി സമാധാനം ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിച്ചു. ഈ അവസരമാണ് ഹമാസ് മുതലെടുത്തത്. സായുധ പോരാട്ടവുമായി തങ്ങള്‍ മുന്നോട്ടുപോകാമെന്ന് അവര്‍ പ്രഖ്യാപിച്ചു. ജനകീയ പിന്തുണ നേടിയെടുക്കാന്‍ ഹമാസിനെ ആ പ്രഖ്യാപനം സഹായിച്ചു. ദേശീയ പ്രസ്ഥാനത്തിന്(പിഎല്‍ഒ) ചെറുത്തു നില്‍പ്പിന്റെ ശേഷി നഷ്ടമായെന്നും തങ്ങളാണ് ഇനി പലസ്തീന്‍ ചെറുത്തു നില്‍പ്പിന്റെ പോരാളികളെന്നും ജനത്തോട് പറയുകയും, അവര്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കിയെടുക്കുകയും ചെയ്തു.

പക്ഷേ, അപ്പോഴും ഭൂരിഭാഗം പലസ്തീനിയന്‍ ജനതയുടെ പ്രതിനിധി പിഎല്‍ഒ തന്നെയായിരുന്നു. 1990-കളുടെ മധ്യത്തില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ പിഎല്‍ഒ തലവന്‍ യാസര്‍ അറഫാത്തും ഇസ്രയേല്‍ പ്രധാനമന്ത്രി ഇത്സാക് റാബിനും സമാധാന ശ്രമങ്ങള്‍ ശക്തമാക്കി. സ്വതന്ത്ര പലസ്തീന്‍ രൂപീകരണത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ഒസ്ലോ ഉടമ്പടിയില്‍ ഒപ്പിട്ടു. ഈ ഉടമ്പടിയെ എതിര്‍ത്തുകൊണ്ടാണ് ഹമാസ് തങ്ങളുടെ സ്വാധീനം പലസ്തീനിയന്‍ ജനതയ്ക്കിടയില്‍ കൂടുതലായി ഉറപ്പിക്കാന്‍ തന്ത്രങ്ങള്‍ ഒരുക്കിയത്. ഒസ്ലോ ഉടമ്പടി പലസ്തീന്‍ ജനതയെ വഞ്ചിക്കുന്നതാണെന്ന പ്രചാരണം ഹമാസ് ഉയര്‍ത്തി. ദ്വിരാഷ്ട്ര സന്ധി നിലവില്‍ വന്നാല്‍, ഇസ്രയേല്‍ അധീനതപ്പെടുത്തിയിരിക്കുന്ന പലസ്തീന്റെ ചരിത്രപരമായ മണ്ണിലേക്ക് മടങ്ങാനുള്ള അവകാശം എന്നന്നേക്കുമായി നമുക്ക് നഷ്ടമാകുമെന്ന് പറഞ്ഞു ജനങ്ങളുടെ വികാരം ഇളക്കാന്‍ ഹമാസ് ശ്രമിച്ചു.

കരാര്‍ പൊളിക്കുക, സംഘര്‍ഷം നിലനിര്‍ത്തിക്കൊണ്ടു പോവുക; രണ്ട് ലക്ഷ്യങ്ങളും ഹമാസിനുണ്ടായിരുന്നു. അതിനവര്‍ ചാവേര്‍ ആക്രമങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി. മേഖല വീണ്ടും സംഘര്‍ഷഭരിതമാക്കി. ബസുകളിലും ആള് നിറഞ്ഞ തെരുവുകളിലും ബോംബുകള്‍ പൊട്ടിച്ച് ഇസ്രയേലികളെ കൊന്നൊടുക്കി. പ്രകോപിതരായ ഇസ്രയേല്‍ തിരിച്ചടിക്കാനും തുടങ്ങി.

ഹമാസിനെ പോലെ തന്നെ ഒസ്ലോ ഉടമ്പടിയോട് ഇസ്രയേലിന് ഉള്ളിലും പ്രതിഷേധമുണ്ടായിരുന്നു. ബെഞ്ചമിന്‍ നെതന്യാഹൂ എന്ന രാഷ്ട്രീയ നേതാവായിരുന്നു ആ പ്രതിഷേധത്തിന്റെ പ്രധാന മുഖം. ഉടമ്പടി പൊളിക്കാന്‍ ഹമാസ് നടത്തിയ കളികള്‍ കൊണ്ട് ഗുണം കിട്ടിയത് നെതന്യാഹൂവിനാണ്. പലസ്തീനുമായുള്ള സമാധാന കരാറില്‍ നിന്നും ഇസ്രയേലിനെ പിന്തിരിപ്പിച്ചതിനൊപ്പം നെതന്യാഹൂവിന്റെ വാഴ്ച്ചയ്ക്ക് തുടക്കമിട്ടു കൊടുക്കാനും ഹമാസിന്റെ ബോംബിടലുകള്‍ സഹായിച്ചു.

ഒസ്ലോ കരാറിനെതിരേ ഇസ്രയേലിലെ തീവ്രവലതുപക്ഷക്കാര്‍ ശക്തമായി പ്രതിഷേധിച്ചു. പ്രധാനമന്ത്രി റാബിന്‍ അവരുടെ മുഖ്യശത്രുവായി. 1995 നവംബര്‍ 4-ന് ടെല്‍ അവീവിലെ കിംഗ്‌സ് ഓഫ് ഇസ്രയേല്‍ സ്‌ക്വയറില്‍ ഒസ്ലോ ഉടമ്പടിയെ പിന്തുണയ്ക്കുന്നവരുടെ റാലി അഭിസംബോധന ചെയ്ത് സംസാരിച്ചശേഷം ടൗണ്‍ ഹാളില്‍ നിന്നും ഇറങ്ങി തന്റെ കാറിലേക്ക് കയറുന്നതിന് തൊട്ടു മുമ്പായി യിഗല്‍ അമിര്‍ എന്ന വലതുപക്ഷ തീവ്രവാദിയായ ചെറുപ്പക്കാരന്‍ പോയിന്റ് ബ്ലാങ്കില്‍ റാബിനു നേരെ മൂന്നു വെടിയുണ്ടകള്‍ പായിച്ചു. ആ മനുഷ്യന്‍ അവിടെ അവസാനിച്ചു!

1996-ല്‍ ബഞ്ചമിന്‍ നെതന്യാഹൂ ഇസ്രയേല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റൂ. അങ്ങനെ, ഒരു വശത്ത് ഹമാസിന്റെയും മറുവശത്ത് ഇസ്രയേല്‍ വലതുപക്ഷ തീവ്രഗതിക്കാരായ പലസ്തീന്‍ വിരോധികളുടെയും ശ്രമഫലമായി സമാധാനം എന്ന പാലം തകര്‍ന്നു വീണു.

പിന്നെയും പലതവണ പലസ്തീനും ഇസ്രയേലിനും ഇടയില്‍ സമാധാന ചര്‍ച്ചകള്‍ നടന്നു. പക്ഷേ, സമാധാനം ഉണ്ടായില്ല. 2000നും 2005 നും ഇടയില്‍ ഹമാസിന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായ ചാവേര്‍ ആക്രമണങ്ങളാണ് ഇസ്രയേലിനെതിരേ നടന്നത്. സമാധാന ചര്‍ച്ചകള്‍ പൂര്‍ണമായി പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു അത്തരം ആക്രമണങ്ങള്‍ വര്‍ദ്ധിച്ചത്.

പലസ്തീന്‍ ജനതയ്ക്കാണ് ഇതിന്റെയെല്ലാം ദുരന്തം പേറേണ്ടി വന്നത്. ഹമാസാകട്ടെ നേട്ടങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. 2006-ല്‍ വെസ്റ്റ് ബാങ്കിലേയും ഗാസ മുനമ്പിലെയും നിയന്ത്രിത പലസ്തീനിയന്‍ അധികാര മേഖലകള്‍ ഉള്‍പ്പെടുന്ന പലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍(പിഎല്‍സി)-ലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണവര്‍ നേടിയത്. ആ വിജയത്തിന് പലഘടകങ്ങളും കാരണമായിരുന്നുവെങ്കിലും ഹമാസ് ജനങ്ങളെ കൈയിലെടുത്തത് പ്രധാനമായും രണ്ട് വഴികളിലൂടെയാണ്. ഒന്ന്, ഇസ്രയേലിനെതിരെ അവര്‍ നടത്തി വന്ന ചാവേര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള പോരാട്ടം. തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് ഇസ്രയേലിനെതിരേ തിരിച്ചടിക്കാന്‍ ഹമാസ് ഉണ്ടെന്ന വിശ്വാസം ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. ജനങ്ങളുടെ പ്രതികാര ബുദ്ധിയെ സ്വാധീനിച്ചതാണ് ഒരു വഴിയെങ്കില്‍, രണ്ടാമത്തേത് ജനത്തിന്റെ നിസ്സഹായതയുടെ മുതലെടുക്കലായിരുന്നു. വിദ്യാലയങ്ങള്‍ തുറന്നും ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചും അവര്‍ ദരിദ്രരായ പലസ്തീന്‍ ജനതയില്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കാനുള്ളവരാണെന്ന ബോധം ഉണ്ടാക്കിയെടുത്തു.

മൂന്നാമതൊരു കാരണം കൂടിയുണ്ട്. സമാധാന കരാറിന്റെ പരാജയം. ഇസ്രയേല്‍ അധീനത കൂടിവന്നതും, അതുമൂലമുണ്ടാകുന്ന ക്രൂരതകള്‍ക്ക് പലസ്തീന്‍ ജനത അധികമായി വിധേയരാകേണ്ടി വന്നതും ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം കൊണ്ടു വന്നു. സമാധാന ചര്‍ച്ചകള്‍ കൊണ്ടൊന്നും ഒരു കാര്യവുമില്ല, ഹമാസിന്റെ രീതി യില്‍ തന്നെയാണ് ഇസ്രയേലിനോട് മറുപടി പറയേണ്ടതെന്ന് ജനങ്ങള്‍ക്ക് തോന്നി, അല്ലെങ്കില്‍ അവരെക്കൊണ്ട് തോന്നിപ്പിച്ചു.

അങ്ങനെ ഹമാസ് പാലസ്തീന്‍ പ്രതിരോധത്തിന്റെ മുഖ്യ പോരാളിയായി സ്വയം അവരോധിതരായി. പിന്നെയങ്ങോട്ട് ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ സ്ഥിരമാവുകയും ചെയ്തു. 2014 ല്‍ ആണ് ഈ ഏറ്റുമുട്ടലിന്റെ ഏറ്റവും രൂക്ഷമായൊരു അധ്യായം പറയാനുള്ളത്. 50 ദിവസത്തോളം നീണ്ടു നിന്ന ഏറ്റുമുട്ടലില്‍ 2321 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 67 പേര്‍ ഇസ്രയേല്‍ സൈനികരും, ആറ് പേര്‍ അവിടുത്തെ സാധാരണക്കാരുമാണ്. പലസ്തീന്‍ ഭാഗത്ത് 789 ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടു. ബാക്കി 1462 പേര്‍ നിപരാധികളായ പലസ്തീന്‍ ജനങ്ങളായിരുന്നു. 2021 ല്‍ അല്‍ അഖ്‌സയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങാന്‍ വേണ്ടി ഹമാസ് റോക്കറ്റ് ആക്രമണം നടത്തി. 11 ദിവസം ആ ഏറ്റുമുട്ടല്‍ 13 ഇസ്രയേലികള്‍ കൊല്ലപ്പെട്ടപ്പോള്‍, ഗാസയിലുള്ള 250-ലേറെ പലസ്തീനികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇത്തവണ എത്ര നിരപരാധികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുകയെന്ന് പറയാന്‍ കഴിയില്ല…

Share on

മറ്റുവാര്‍ത്തകള്‍