ഗ്രേറ്റ് നിക്കോബാര്‍ ദ്വീപിലെ ‘ വികസനം’ ഇന്ത്യ ഒഴിവാക്കണമെന്ന് ആവശ്യം
രാജ്യത്തിന്റെ സുരക്ഷയ്ക്കും പ്രതിരോധത്തിനും അത്യന്താപേക്ഷിതമാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്ന ഒമ്പത് മില്ല്യണ്‍ ഡോളറിലധികം ചെലവ് വരുന്ന ഒരു വികസന പദ്ധതി, തദ്ദേശ ജനതയുടെ വംശഹത്യക്ക് വഴിവയ്ക്കുന്നതാണെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ ഏറ്റവും വലിപ്പമുള്ള ഗ്രേറ്റ് നിക്കോബാര്‍ ദ്വീപിലുള്ള ഇന്ത്യയുടെ നിര്‍മാണ പദ്ധതിയെക്കുറിച്ചാണ് വിമര്‍ശനവും പ്രതിഷേധങ്ങളും. പദ്ധതി റദ്ദാക്കണമെന്നാണ് ലോകമൊട്ടാകെയുള്ള വിദഗ്ധര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദ്വീപിലെ ആദിമ നിവാസികളായ ഷോംപെന്‍ എന്നറിയപെടുന്ന പരമ്പരാഗത വിഭാഗത്തില്‍പ്പെടുന്ന ജനതക്ക് മരണ ശിക്ഷ വിധിക്കുന്നതിന് തുല്യമായിരിക്കും പദ്ധതി നടപ്പാക്കല്‍ എന്നാണ് അന്താരാഷ്ട്ര വിദഗ്ധരുടെ കണ്ടെത്തല്‍.
8,000-ല്‍ അധികം ആദിമ നിവാസികളുള്ള ഇന്ത്യന്‍ മഹാസമുദ്ര ദ്വീപില്‍ ‘ഹോങ്കോംഗ് ഓഫ് ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന 9 ബില്യണ്‍ ഡോളര്‍ ചെലവ് വരുന്ന (7,46,85,42,00,000.00 ഇന്ത്യന്‍ രൂപ) തുറമുഖ പദ്ധതിയില്‍ അന്താരാഷ്ട്ര ഷിപ്പിംഗ് ടെര്‍മിനല്‍, വിമാനത്താവളം, പവര്‍ പ്ലാന്റ്, സൈനിക താവളം, വ്യാവസായിക പാര്‍ക്ക് തുടങ്ങിയവ ഉള്‍പ്പെട്ടിട്ടുണ്ട്. ടൂറിസം വികസിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഇന്ത്യ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് അയച്ച കത്തില്‍ വംശഹത്യയെക്കുറിച്ച് പഠിക്കുന്ന അന്താരാഷ്ട്ര വിദഗ്ധര്‍ ദ്വീപിലെ നിര്‍മാണത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ഷോംപെന്‍ വിഭാഗത്തിന് പദ്ധതിയില്‍ പറഞ്ഞിരിക്കുന്നത് പോലുള്ള നഗരവികസന പ്രവര്‍ത്തനങ്ങള്‍ വധശിക്ഷക്ക് തുല്യമായ ഒന്നായിരിക്കുമെന്നാണ് വിദഗ്ധര്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്. ഏഷ്യ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള 39 വിദഗ്ദ്ധരാണ് കത്തിലൂടെ തങ്ങളുടെ ആശങ്ക അറിയിച്ചിരിക്കുന്നത്. ഒരു മുന്നറിയിപ്പ് എന്ന നിലയ്ക്കാണു കത്ത് അയച്ചിരിക്കുന്നത്.
900 ചതുരശ്ര കിലോമീറ്ററുള്ള(350 ചതുരശ്ര മൈല്‍) ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ 100 മുതല്‍ 400-ല്‍ അധികം ഷോംപെന്‍ വംശജര്‍ പാര്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ചെന്നൈയില്‍ നിന്ന് ഏകദേശം 800 മൈല്‍ കിഴക്കും, ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയിലെ ആഷെയില്‍ നിന്ന് 93 മൈല്‍ വടക്ക്-പടിഞ്ഞാറും മാറിയാണ് ഗ്രേറ്റ് നിക്കോബാര്‍.
ഷോംപെന്‍ വര്‍ഗം അതിജീവനത്തിനായി ദ്വീപിലെ മഴക്കാടുകളാണ് ആശ്രയിക്കുന്നത്. പുറം ലോകവുമായി തീരെ സമ്പര്‍ക്കമില്ലാതെയാണ് ഇവരുടെ വാസം. ഇത്രയും കാലം ഒറ്റപ്പെട്ട് ജീവിച്ച ഇവര്‍ പെട്ടന്ന് പുറത്തു നിന്നുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ രോഗങ്ങള്‍ ബാധിച്ച് മരിക്കാനിടയുണ്ടെന്നാണ് വിദഗ്ധര്‍ വിശ്വസിക്കുന്നത്.
‘ആവശ്യമെങ്കില്‍’ തദ്ദേശീയരെ മാറ്റിപ്പാര്‍പ്പിക്കാമെന്ന് പ്രസ്താവിക്കുന്നതല്ലാതെ, ദ്വീപില്‍ താമസിക്കുന്ന ഷോംപെന്‍, നിക്കോബാറീസ് ജനതയ്ക്ക് എന്ത് സംഭവിക്കുമെന്നോ അവരെ സുരക്ഷിതമായി മാറ്റി പാര്‍പ്പിക്കാനുള്ള വഴികളോ സര്‍ക്കാരിന്റെ പദ്ധതികളില്‍ പരാമര്‍ശിച്ചിട്ടില്ല. ഷോംപെനേക്കാള്‍ ഒറ്റപ്പെട്ടവരും ദുര്‍ബലരുമാണ് നിക്കോബാറീസ്. വികസന പദ്ധതി നിക്കോബാര്‍ ദ്വീപിന്റെ സവിശേഷ പരിസ്ഥിതിയും ദുര്‍ബല ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ആവാസവ്യവസ്ഥയും നശിപ്പിക്കുമെന്ന് കാണിച്ച് 70-ല്‍ അധികം മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അംബാസഡര്‍മാരും 2023-ലും രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനം കണക്കിലെടുത്ത്, മേഖലയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യം പ്രതിരോധിക്കുന്ന തരത്തിലുള്ള പദ്ധതി രാജ്യത്തിന്റെ സുരക്ഷയ്ക്കും പ്രതിരോധത്തിനും അത്യന്താപേക്ഷിതമായാണ് സര്‍ക്കാര്‍ കാണുന്നത്. ആന്‍ഡമാന്‍ ദ്വീപുകള്‍ക്കൊപ്പം ഗ്രേറ്റ് നിക്കോബാറും ലോകത്തിലെ ഏറ്റവും തിരക്കേറിയ കടല്‍ മാര്‍ഗങ്ങളില്‍ ഒന്നാണ്.
വരും മാസങ്ങളില്‍ കാബിനറ്റ് ‘ഹോങ്കോംഗ് ഓഫ് ഇന്ത്യ’ പദ്ധതിക്ക് അംഗീകാരം നല്‍കുമെന്നും പദ്ധതി പ്രകാരം ഗലാത്തിയ ബേയിലെ തുറമുഖത്തിന്റെ നിര്‍മാണം 2024-ന്റെ അവസാനത്തോടെ ആരംഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 16 മില്യണ്‍ ഷിപ്പിംഗ് കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള തുറമുഖമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് 2028 ഓടെ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് നിഗമനം. ദ്വീപിലെ 850,000-ല്‍ അധികം മരങ്ങള്‍ മുറിക്കുന്നതിന് പരിസ്ഥിതി വിഭാഗം അനുമതി നല്‍കിക്കഴിഞ്ഞു.
”ഇന്ത്യയെ സ്വയം ഉറപ്പുള്ളതും സ്വയാശ്രയവുമായ രാഷ്ട്രമായി വികസിപ്പിക്കുന്നതില്‍ ഹോങ്കോംഗ് ഓഫ് ഇന്ത്യ പദ്ധതി ഒരു പ്രധാന നാഴികക്കല്ലായിരിക്കുമെന്നും രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് പദ്ധതി വലിയ പിന്തുണ നല്‍കുമെന്നും”കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അവകാശപ്പെടുന്നു. എന്നാല്‍, ഇന്ത്യന്‍ ഭരണഘടന സ്ഥാപനമായ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ആരോപിക്കുന്നത്, ഇത്തരമൊരു പദ്ധതിയെ പറ്റി തങ്ങളോട് സര്‍ക്കാരിതുവരെ കൂടിയാലോചിച്ചിട്ടില്ലെന്നാണ്. പദ്ധതി നടപ്പിലാക്കുന്നത് വഴി പ്രാദേശിക ആദിവാസികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നാണു നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സും പറയുന്നത്.
ജൈവവൈവിധ്യത്തിലും പരിസ്ഥിതിയിലും പദ്ധതിയുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നീണ്ട വാലുള്ള മക്കാക്കുകള്‍(കുരങ്ങ് വര്‍ഗം), ട്രീഷ്രൂകള്‍ (ഉഷ്ണമേഖല വനങ്ങളില്‍ നിന്നുള്ള ചെറിയ സസ്തനികള്‍), സ്‌കോപ്‌സ് മൂങ്ങകള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രാദേശിക ജീവിവര്‍ഗങ്ങളുടെ ആവാസ കേന്ദ്രമാണ് ഗ്രേറ്റ് നിക്കോബാര്‍ ദ്വീപ്.
മുംബൈ ആസ്ഥാനമായ പരിസ്ഥിതി സംഘടന കണ്‍സര്‍വേഷന്‍ ആക്ഷന്‍ ട്രസ്റ്റ് ദേശീയ ഹരിത ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ 2023 ഏപ്രിലില്‍ തള്ളിയിരുന്നു. വിഷയത്തില്‍ ഇടപെടില്ലെന്നും ബന്ധപ്പെട്ട പ്രശ്‌നങ്ങളും സംശയങ്ങളും മന്ത്രാലയം പരിഹരിച്ചിട്ടുണ്ടെന്നുമാണു കോടതി ഉത്തരവില്‍ പറയുന്നതെന്നു ട്രസ്റ്റ് സ്ഥാപകന്‍ ഡെബി ഗോയങ്ക പറഞ്ഞു.
ഹോങ്കോംഗ് ഓഫ് ഇന്ത്യ പദ്ധതിയുടെ വിവിധ സാധ്യതകളെപ്പറ്റി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും പ്രദേശത്തിന്റെയും അവിടുള്ള ജനങ്ങളുടെയും പവിത്രത കാത്തുസൂക്ഷിക്കുന്നതിന് പരമാവധി മുന്‍കരുതലുകളോടെയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നുമാണ് ട്രൈബല്‍ അഫയേഴ്‌സ് മന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞത്. ദ്വീപിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തിനും ദ്വീപ് നിവാസികളുടെ ആവാസ വ്യവസ്ഥയ്ക്കും യാതൊരു തടസ്സങ്ങളും സൃഷ്ടിക്കാതെ പദ്ധതിയുടെ വിജയം ഉറപ്പാക്കാന്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ടീമുകള്‍ രംഗത്തുണ്ടെന്നും അര്‍ജുന്‍ മുണ്ട കൂട്ടിച്ചേര്‍ത്തു.
”നിര്‍ദിഷ്ട പദ്ധതിയുടെ അനന്തരഫലങ്ങള്‍ ഷോംപെന്‍ ജനത എത്ര പുരോഗമിച്ചാലും ഇല്ലെങ്കിലും എന്തായിരിക്കുമെന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് പൂര്‍ണമായും യാഥാര്‍ത്ഥ്യബോധമുണ്ട്. അല്ലാത്തവരാണ് ഞങ്ങള്‍ ഓരോരുത്തരുമെങ്കില്‍ അത്തരം ഒരു കത്ത് ഞങ്ങള്‍ ആരും എഴുതില്ല.’ എന്നാണു മനുഷ്യാവകാശ സംഘടനയായ സര്‍വൈവല്‍ ഇന്റര്‍നാഷണലിന്റെ വക്താവ് പറയുന്നതിങ്ങനെയാണ്.
”ഷോംപെന്‍ നാടോടി ജനതയാണ്, അവര്‍ക്ക് അവരുടേതായ ആവാസവ്യവസ്ഥയുണ്ട്. വേട്ടയാടലിനും ആഹാരം കണ്ടെത്തുന്നതിനും ആശ്രയിക്കുന്ന പ്രദേശങ്ങളുള്‍പ്പടെ ഷോംപെന്‍ വര്‍ഗത്തിന്റെ തനതായ ആവാസസ്ഥലങ്ങളില്‍ നാലെണ്ണം പദ്ധതിയാല്‍ നശിപ്പിക്കപ്പെടും. ഒരു വംശഹത്യ ഒഴിവാക്കാന്‍, വിനാശകരമായ പദ്ധതി ഒഴിവാക്കണമെന്നാണ് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്’- കത്തില്‍ ഒപ്പിട്ട സൗത്ത് ആംപ്റ്റണ്‍ സര്‍വ്വകലാശാല ചരിത്രവിഭാഗം പ്രൊഫസര്‍ മാര്‍ക്ക് ലെവീന്‍ പറയുന്നു.