UPDATES

പലസ്തീന്‍ അനുകൂല ശബ്ദങ്ങള്‍ നിശബ്ദമാക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ Shadowbanning നടത്തുന്നതായി പരാതി

നിങ്ങളുടെ പോസ്റ്റുകള്‍ക്ക് റീച്ച് കുറയുന്നുണ്ടോ, അകൗണ്ടുകള്‍ക്ക് റസ്ട്രിക്ഷന്‍ വരുന്നുണ്ടോ?

                       

പലസ്തീന്‍ അനുകൂല പോസ്റ്റുകളോ ചിത്രങ്ങളോ വീഡിയോകളോ ഫെയ്‌സ്ബുക്കിലോ, ഇന്‍സ്റ്റഗ്രാമിലോ, യൂട്യൂബിലോ, എക്‌സിലോ ഷെയര്‍ ചെയ്താല്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന റീച്ച് കിട്ടുന്നില്ല എന്നു തോന്നിയിട്ടുണ്ടോ?

ആ തോന്നല്‍ നിങ്ങള്‍ക്ക് മാത്രമല്ല, ലോകമെമ്പാടുമുണ്ട്. മുന്‍നിര സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ക്ക് ഷാഡോബാനിംഗ്(Shadowbanning) ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പരാതി. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളോ, സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളോ ഒരു ഉപഭോക്താവിന്റെ സോഷ്യല്‍ മീഡിയ കണ്ടന്റ് അവരുടെ അറിവില്ലാതെ തന്നെ തടയുകയോ, നിയന്ത്രിക്കുകയോ ചെയ്യുന്നതാണ് ഷാഡോബാനിംഗ് അഥവ ഗോസ്റ്റ്ബാനിംഗ്.

ബെല്‍ജിയം ചലച്ചിത്ര സംവിധായകനും ആക്ടിവിസ്റ്റുമായ തോമസ് മഡ്ഡെന്‍സ് ഇത്തരമൊരു പരാതി പങ്കുവയ്ക്കുന്നുണ്ട്. കഴിഞ്ഞാഴ്ച്ച തോമസ് തന്റെ ടിക് ടോക് അകൗണ്ടില്‍ ‘വംശഹത്യ’ എന്ന തലക്കെട്ടുമായി പലസ്തീന്‍ അനുകൂല വീഡിയോ ഷെയര്‍ ചെയ്തു. തുടക്കത്തില്‍ നല്ലരീതിയിലുള്ള എന്‍ഗേജ്‌മെന്റ് ഉണ്ടായിരുന്ന വീഡിയോ പിന്നീടങ്ങോട്ട് ഒരനക്കവുമില്ലാത്ത അവസ്ഥയിലായി. ” ഞാന്‍ കരുതിയത് ലക്ഷക്കണക്കിന് കാഴ്ച്ചക്കാര്‍ ഉണ്ടാകുമെന്നാണ്. പക്ഷേ, ആ വീഡിയോയ്ക്കുള്ള എന്‍ഗേജ്‌മെന്റ് നിന്നുപോവുകയാണുണ്ടായത്’ തോമസ് അല്‍-ജസീറയോട് പറയുന്നു.

എങ്ങനെയാണ് ബിജെപിയും അതിന്റെ ഹിന്ദുത്വ സംഘങ്ങളും വാട്സ് ആപ്പ് പ്രചാരണ ആയുധമാക്കുന്നത്?

തോമസിനെപ്പോലെ ആയിരക്കണക്കിന് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളാണ് പരാതി പറയുന്നത്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, എക്‌സ്, ടിക് ടോക്ക് തുടങ്ങിയ മുന്‍നിര സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ ഷാഡോബാനിംഗിന് വിധേയമാക്കുകയാണെന്നാണ് എല്ലാവരുടെയും പരാതി.

റീച്ചുമില്ല, എന്‍ഗേജ്‌മെന്റുമില്ല

#FreePalastine, #IstandWithPalastine എന്നീ ഹാഷ് ടാഗുകള്‍ ചേര്‍ത്ത പലസ്തീന്‍ അനുകൂല പോസ്റ്റുകളും, അതല്ലെങ്കില്‍ ഇസ്രയേലി സേന കൊല്ലുന്ന പലസ്തീന്‍ പൗരന്മാര്‍ക്ക് ഐകദാര്‍ഢ്യം പ്രകടിപ്പിക്കുന്ന മെസേജുകളും സമൂഹമാധ്യമങ്ങളില്‍ നിന്നും മറച്ചുപിടിക്കുകയാണെന്നാണ് എഴുത്തുകാരും ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ചലച്ചിത്ര സംവിധായകരും തുടങ്ങി സാധാരണക്കാരായ ഉപഭോക്താക്കള്‍ വരെ പരാതിപ്പെടുന്നത്. പലസ്തീന്‍ അനുകൂലമായി നില്‍ക്കുന്ന അകൗണ്ടുകള്‍ സെന്‍സറിംഗ് ചെയ്യുകയോ, അതല്ലെങ്കില്‍ റീച്ച് കുറയ്ക്കുകയോ ചെയ്യുന്നുണ്ടെന്നാണ് തോമസിനെ പോലുള്ളവര്‍ സ്വന്തം അനുഭവത്തില്‍ നിന്നു പറയുന്നത്. തന്റെ വീഡിയോയ്ക്കുണ്ടായ ഏറ്റക്കുറവിന്റെ ഗ്രാഫ് തോമസ് പങ്കുവച്ചിട്ടുണ്ട്. അതൊരു ദൃഷ്ടാന്തമാണ്.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ പലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ അവരുടെ ഇഷ്ടപ്രകാരം താഴ്ത്തി കളയുകയാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. കാരണമായി പറയുന്നത്, കമ്യൂണിറ്റ് ഗെയ്ഡ്‌ലൈന്‍ ലംഘിച്ചു’ എന്നതാണ്. ലോസ് ആഞ്ചല്‍സിലും സാന്‍ ഫ്രാന്‍സിസ്‌കോയിലും നടന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെക്കുറിച്ചുള്ള തങ്ങളുടെ പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാം ഹൈഡ് ചെയ്തുവെന്ന് പരാതിപ്പെടുന്നവരും നിരവധിയുണ്ട്. ചില ഉപഭോക്താക്കള്‍ പരാതിപ്പെടുന്നത്, തങ്ങളുടെ അകൗണ്ട് ബയോഗ്രാഫിയില്‍ ‘ തീവ്രവാദി’ എന്ന പരാമര്‍ശം പ്രത്യക്ഷപ്പെടുന്നുവെന്നാണ്.

മെറ്റ അധികൃതര്‍ ഇത്തരം പരാതികളെ, അവരുടെ കുറ്റം കൊണ്ടുണ്ടാകുന്ന പ്രശ്‌നമല്ലെന്നു പറഞ്ഞാണ് പ്രതിരോധിക്കുന്നത്. ഇതെല്ലാം ‘ബഗ്'(സാങ്കേതിക പ്രശ്‌നങ്ങള്‍) മൂലമാണെന്നാണ് വാദം. ഒക്ടോബര്‍ 15 ന് മെറ്റ വക്താവ് ആന്‍ഡി സ്‌റ്റോണ്‍ ‘ എക്‌സില്‍’ പങ്കുവച്ച വിശദീകരണത്തില്‍ പറയുന്നത്, പോസ്റ്റുകളുടെ റീച്ച് കുറയുന്നതിന് കാരണം ബഗ് ആണെന്നാണ്.

” ഉള്ളടക്കത്തിലുള്ള പ്രശ്മല്ല, ബഗ് മൂലമാണ് റീച്ച് കുറയുന്നത്. എത്രയും വേഗം പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍” എന്നാണ് മെറ്റയുടെ വിശദീകരണം.

ഷാഡോബാനിംഗ് നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അല്‍-ജസീറ മെറ്റയുടെ വിശദീകരണം ആരാഞ്ഞിരുന്നു. അതിനോട് പ്രതികരിച്ച മെറ്റ വക്താവ് സാന്‍ഡി, ഇസ്രയേല്‍-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനെതിരേ തങ്ങള്‍ പുറത്തിറക്കിയ ഒരു ബ്ലോഗിനെക്കുറിച്ച് അല്‍-ജസീറയോട് വിശദീകരിച്ചു. തങ്ങളുടെ തീരുമാനങ്ങളോട് എതിര്‍പ്പുള്ള ഉപഭോക്താക്കളുണ്ടെങ്കില്‍ അവര്‍ക്കതിനെതിരേ അപ്പീലിനു പോകാമെന്നും മെറ്റ വ്യക്തമാക്കുന്നു.

അതേസമയം, പലസ്തീന്‍ അനുകൂലികളായ ഉപഭോക്താക്കളുടെ ബയോയില്‍ ‘ തീവ്രവാദി’ എന്ന വാക്ക് വരുന്നതില്‍ മെറ്റ ക്ഷമാപണം നടത്തിയിട്ടുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. അനുചിതമായ അറബി വിവര്‍ത്തനം’ അതിനൊരു കാരണമായിട്ടുണ്ടെന്നും, പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നുമാണ് മെറ്റ പറഞ്ഞത്.

ടിക് ടോക് പറയുന്നത്, അവര്‍ ഇതുവരെ രാഷ്ട്രീയപരമായിട്ടുള്ള ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ്. നിഷ്പക്ഷത പാലിക്കാന്‍ വേണ്ടി കമ്യൂണിറ്റി ഗൈഡ്‌ലൈനുകള്‍ ലംഘിക്കുന്ന ഉള്ളടകങ്ങള്‍ മാത്രമെ നീക്കം ചെയ്തിട്ടുള്ളൂവെന്നും ടിക് ടോക് വക്താവ് അല്‍-ജസീറയോട് പറയുന്നുണ്ട്. ഇതേ വിഷയത്തില്‍ തങ്ങള്‍ യൂട്യൂബിനോടും എക്‌സിനോടും പ്രതികരണം ആരാഞ്ഞെങ്കിലും അവര്‍ പ്രതികരിച്ചിട്ടില്ലെന്നാണ് അല്‍-ജസീറ വ്യക്തമാക്കിയിട്ടുള്ളത്.

പലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ക്ക് സെന്‍സര്‍ഷിപ്പ്?

അതേസമയം, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.

പലസ്തീനികളുടെയും അറബ് പൗരസമൂഹത്തിന്റെയും ഡിജിറ്റല്‍ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന 48 സംഘടനകള്‍ ഈ മാസം ഒരു പ്രസ്താവന ഇറക്കിയിരുന്നു. യുദ്ധത്തിന്റെ ഇരയായ പലസ്തീന്റെ ഡിജിറ്റല്‍ അവകാശങ്ങളെ ബഹുമാനിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ തയ്യാറാകണമെന്നായിരുന്നു പ്രസ്താവനയിലെ പ്രധാന ആവശ്യം.

പൗരാവകാശത്തിനും വിവരശേഖരണത്തിനും മേലുള്ള സ്വാതന്ത്ര്യം ഹനിക്കുകയാണെന്നും, അതുപോലെ, ഒത്തുചേരലിനുള്ള സ്വാതന്ത്ര്യവും രാഷ്ട്രീയ പങ്കാളിത്തവും നിഷേധിക്കുകയാണെന്നും മനുഷ്യാവകാശ സംഘടനകള്‍ പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തുന്നുണ്ട്.

പ്രസ്താവനയില്‍ പങ്കാളിയായ 7amleh- ന്റെ പ്രതിനിധിയായ ജലാല്‍ അബുഖാദര്‍ അല്‍-ജസീറയോട് പറയുന്നത്, പലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ സെന്‍സര്‍ഷിപ്പിന് വിധേയമാക്കിയ 238 കേസുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ്. കൂടുതലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമാണ്. ഇരുസ്ഥലങ്ങളിലും പലസ്തീന്‍ അനുകൂല അകൗണ്ടുകള്‍ മരവിപ്പിക്കുകയോ നിയന്ത്രണം എര്‍പ്പെടുത്തുകയോ ചെയ്യുകയാണ്.

പലസ്തീന്‍ അനുകൂല ഉള്ളടക്കങ്ങളെ നിഷേധിക്കുമ്പോള്‍, മറുവശത്ത് ഇസ്രയേല്‍ അനുകൂല ഉള്ളടക്കങ്ങള്‍ക്ക് വലിയ സ്വീകാര്യത ഉണ്ടാക്കി കൊടുക്കുകയാണ് മെറ്റ ചെയ്യുന്നതെന്നും ജലാല്‍ ചൂണ്ടിക്കാണിക്കുന്നു. അക്രമാസക്തസ്വഭാവത്തിലുള്ള ഉള്ളടക്കങ്ങളായിട്ടു പോലും, ഇസ്രയേല്‍ സര്‍ക്കാരും സൈന്യവും നല്‍കുന്നതാണെന്ന പേരില്‍ അവയ്ക്ക് ഔദ്യോഗിക വിവരങ്ങള്‍ എന്ന പരിഗണനയാണ് മെറ്റ കൊടുക്കുന്നതെന്നും ജലാല്‍ പരാതി ഉയര്‍ത്തുന്നു.

തങ്ങള്‍ക്ക് സാധാരണ കിട്ടാറുള്ള വ്യൂസ് പലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ ഇടാന്‍ തുടങ്ങിയതോടെ ഇല്ലാതായെന്നാണ് നിരവധി ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ അല്‍-ജസീറയോട് പരാതിപ്പെട്ടിട്ടുള്ളത്. കൃത്രിമമായി സൃഷ്ടിച്ച ചിത്രങ്ങളോ വീഡിയോകളോ വെറുപ്പ് പടര്‍ത്തുന്ന സന്ദേശങ്ങളോ തങ്ങള്‍ പങ്കുവയ്ക്കുന്നില്ലെന്നും പലസ്തീനികള്‍ക്ക് മനുഷ്യത്വപരമായ പരിഗണന കിട്ടണമെന്നും അവര്‍ക്ക് സ്വതന്ത്രമായ ജീവിതം അനുവദിക്കണമെന്നും മാത്രമാണ് തങ്ങള്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളില്‍ ഉള്ളതെന്നുമാണ് ഉപഭോക്താക്കള്‍ പറയുന്നത്. പിന്നെന്തുകൊണ്ടാണ് തങ്ങളുടെ പോസ്റ്റുകള്‍ സെന്‍സറിംഗിന് വിധേയമാക്കുന്നതെന്നാണ് ഇവരുടെ ചോദ്യം.

ലോസ് ആഞ്ചല്‍സിലും കാലിഫോര്‍ണിയായിലും നടന്ന പലസ്തീന്‍ അനുകൂല പ്രകടനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും പങ്കുവച്ച പോസ്റ്റിന് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരൊറ്റ വ്യൂ പോലും ഉണ്ടായില്ല. അതേസമയം ഞാന്‍ എന്റെയൊരു സെല്‍ഫി പോസ്റ്റ് ചെയ്തപ്പോള്‍ സാധാരണയുണ്ടാകാറുള്ള എന്‍ഗേജ്‌മെന്റ് ഉണ്ടായെന്നും ഇന്ത്യയിലുള്ള ഒരു ഇന്‍സ്റ്റഗ്രാം ഉപഭോക്താവാണ് അല്‍-ജസീറയോട് പറഞ്ഞത്.

പുലിസ്റ്റര്‍ പുരസ്‌കാര ജേതാവായ അസ്മത് ഖാന്‍ എക്‌സിലെ പോസ്റ്റില്‍ പറയുന്നത്, ” ദൃഷ്ടാന്തമില്ലാത്തൊരു യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിശ്വസനീയമായ മാധ്യമപ്രവര്‍ത്തനം നടത്തുന്നതിനും ഇത് അസാധാരണമായ ഭീഷണി ഉയര്‍ത്തുകയാണ്’ എന്നാണ്. ‘ അനുമതിയില്ലാതെ കണ്ട് ഒരു നിയമവിരുദ്ധ യുദ്ധം നടക്കുന്ന സമയത്ത് അതുമായി ബന്ധപ്പെട്ട് വരുന്ന വിവരങ്ങള്‍ ജനാധിപത്യസംവിധാനങ്ങളും വലിയ സാങ്കേതിക വിദ്യകളും ഒരുമിച്ച് പ്രവര്‍ത്തിച്ച് അടിച്ചമര്‍ത്തുന്നത് എങ്ങനെയാണെന്നു പഠിച്ചുകൊണ്ടിരിക്കുകയാണ്” എന്നായിരുന്നു പാകിസ്താന്‍ എഴുത്തുകാരി ഫാത്തിമ ഭൂട്ടോ എക്‌സില്‍ കുറിച്ചത്.

ഹാഷ് ടാഗുകളും കീവേര്‍ഡുകളും

പലസ്തീന്‍, ഗാസ, ഹമാസ്, ജറുസലേം, അല്‍-ക്വദ്‌സ് തുടങ്ങിയ കീവേര്‍ഡുകള്‍ ഉപയോഗിച്ചതോ, #FreePalestine, #IstandWithPalestine തുടങ്ങിയ ഹാഷ് ടാഗുകള്‍ ഉപയോഗിച്ചോ ഉള്ള ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളെല്ലാം സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നാണ് പരാതി.

പലസ്തീന്‍ അനുകൂല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രസിദ്ധീകരണങ്ങളുടെ ഓണ്‍ലൈന്‍ പേജുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നുണ്ട്. യു എസ് ആസ്ഥാനമായുള്ള മോണ്ടോവീസ് പറഞ്ഞത്, ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷം ടിക് ടോക് അവരുടെ പേജിന് നിരോധനം ഏര്‍പ്പെടുത്തിയെന്നാണ്. പലസ്തീനില്‍ നിന്നുള്ള ക്വദ്‌സ് ന്യൂസ് പറഞ്ഞത്, അവരുടെ ഫേസ്ബുക്ക് പേജ് സസ്‌പെന്‍ഡ് ചെയ്‌തെന്നാണ്.

ഇതാദ്യമായല്ല, പലസ്തീന്‍ അനുകൂല ശബ്ദം സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിശബ്ദമാക്കപ്പെടുന്നത്. 2021-ല്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ യുദ്ധത്തിന്റെ സമയത്തും പലസ്തീനികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം, സംഘടിത സ്വാതന്ത്ര്യം, രാഷ്ട്രീയ പങ്കാളിത്തം, വിവേചനരാഹിത്യം എന്നിവയ്ക്കുമേല്‍ മെറ്റയുടെ ഇടപെടല്‍ അനുചിതമായ രീതിയിലായിരുന്നുവെന്ന് കമ്പനി തന്നെ നിയോഗിച്ചു കണ്ടെത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

7amleh അല്‍-ജലസീറയ്ക്ക് കൈമാറിയ വിവരങ്ങള്‍ പ്രകാരം ഉള്ളടക്കങ്ങളില്‍ നിരോധനമോ നിയന്ത്രണമോ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് 2020 ജനുവരി മുതല്‍ 913 പരാതികള്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ഫെയ്‌സ്ബുക്കിന് നല്‍കിയിട്ടുണ്ട്. ഇതില്‍ 81 ശതമാനത്തിലും ഫെയ്‌സ്ബുക്ക് സമ്മതം അറിയിച്ചിട്ടുമുണ്ട്.

ട്രിക്കിംഗ് അല്‍ഗോരിതം

വ്യൂസും, എന്‍ഗേജ്‌മെന്റ്‌സും മറ്റും കൂട്ടുന്നതിന് സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഉപയോഗിക്കുന്ന അല്‍ഗോരിതങ്ങളെ കബളിപ്പിക്കാന്‍ പല രീതികളും ഉപയോഗിക്കും. അതിനാണ് ട്രിക്കിംഗ് അല്‍ഗോരിതം എന്നു പറയുന്നത്. പലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ അല്‍ഗോരിതങ്ങളെ തന്ത്രപൂര്‍വം മറികടക്കാന്‍ വഴി നോക്കുന്നുണ്ടെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. വാക്കുകള്‍ മുറിച്ച് ഉപയോഗിക്കുന്നത് അത്തരത്തിലൊരു തന്ത്രമാണെന്ന് പേരുവെളിപ്പെടുത്ത ചില ഉപഭോക്താക്കള്‍ അല്‍-ജസീറയോട് പറയുന്നുണ്ട്. പലസ്തീന്‍ എന്നോ വംശഹത്യയെന്നോ വര്‍ണവിവേചനമെന്നോ ഉള്ള വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വാക്കുകള്‍ തമ്മില്‍ അകലമിടുകയോ കുത്തുകളോ(ഡോട്‌സ്) ദീര്‍ഘഛേദം(സ്ലാഷ്) ഇടുകയോ ചെയ്യും. അതുപോലെ, A എ്ന്ന അക്ഷരത്തിന് പകരം @ എന്നുപയോഗിക്കും; ഇത്തരത്തിലൊക്കെയാണ് അല്‍ഗോരിതത്തെ കബളിപ്പിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

കെയ്‌റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Bydotpy എന്ന ബ്ലോക്‌ചെയ്ന്‍ കമ്പനിയുടെ സ്ഥാപകനായ മൊഹമ്മദ് ദാര്‍വിഷ് Free Palestine.bydotpy എന്നൊരു വെബ്‌സൈറ്റ് രൂപപ്പെടുത്തിയിട്ടുണ്ട്. ഈ വെബ്‌സൈറ്റില്‍ ടൈപ്പ് ചെയ്യുന്ന വാക്കുകള്‍ അല്‍ഗോരിതങ്ങളെ കബളിപ്പിക്കുന്ന രീതിയില്‍ മാറി വരും. ഇത് കോപ്പി പേസ്റ്റ് ചെയ്ത് ഉപയോഗിച്ചാല്‍ മതിയെന്നാണ് 31 കാരനായ ദര്‍വേഷ് പറയുന്നത്.

ഫ്‌ളോറിഡ ആസ്ഥാനമായുള്ള മുസ്ലിം ലീഗ് എന്ന നിയമസഹായ സ്ഥാപനം അമേരിക്കന്‍ മുസ്ലിങ്ങള്‍ക്കായി ഒരു വെബ്‌സൈറ്റ് നിര്‍മിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സെന്‍സര്‍ഷിപ്പ് നേരിടുന്നവര്‍ക്ക് അവരുടെ പരാതികള്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതുവരെ അവര്‍ക്ക് 450 ഓളം പരാതികള്‍ കിട്ടിയിട്ടുണ്ട്.

നിയമങ്ങളും മനുഷ്യത്വവും മറക്കുന്നു

ഓഗസ്റ്റില്‍ യൂറോപ്യന്‍ യൂണിയന്‍ മെറ്റ, എക്‌സ് തുടങ്ങിയ ടെക് ഭീമന്മാരെ നിയന്ത്രണത്തില്‍ കൊണ്ടുവരാനായി ഡിജിറ്റല്‍ സര്‍വീസ് ആക്ട്(ഡിഎസ്എ) പ്രാബല്യത്തില്‍ വരുത്തിയിരുന്നു (ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ കത്രികപ്പൂട്ട്). ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ പൗരാവകാശവും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉറപ്പാക്കണമെന്ന് ഡിഎസ്എയില്‍ ആവശ്യപ്പെടുന്നുണ്ട്. തങ്ങളുടെ നയങ്ങള്‍ക്ക് അനുസൃതമായ നിബന്ധനകള്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് എന്തൊക്കെ ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കാനാകുമെന്ന് സുതാര്യവും വ്യക്തവുമായി അറിയിച്ചിരിക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്. ഷാഡോബാനിംഗോ, ഉള്ളടക്ക നവീകരണമോ നടത്തിയാല്‍ അത് സുതാര്യമായ രീതിയില്‍ വേണമെന്നും ഡിഎസ്എയില്‍ ആവശ്യപ്പെടുന്നുണ്ട്. ഏറ്റവും പ്രധാനകാര്യം, ഒരു അകൗണ്ടില്‍ നിയന്ത്രണം കൊണ്ടുവരികയാണെങ്കില്‍ അക്കാര്യം നിര്‍ബന്ധമായും ഉപഭോക്താവിനെ അറിയിച്ചിരിക്കണമെന്നതാണ്.

നിയമങ്ങള്‍ ഉണ്ടായിട്ടും, മനുഷ്യത്വപരമായ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടും ഈയൊരു സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ തുടര്‍ന്നു പോരുന്ന പൗരാവാകാശ വിരുദ്ധ സമീപനങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്നാണ് മാധ്യമപ്രവര്‍ത്തകരു,ം എഴുത്തുകാരും, ആക്ടിവിസ്റ്റുകളും എല്ലാം പരാതിപ്പെടുന്നത്. പലസ്തീനിലെ ജനങ്ങള്‍ക്ക് നീതിനിഷേധിക്കുകയാണ് ഇതിലൂടെ സംഭവിക്കുകയെന്ന് അവര്‍ വിലപിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍