UPDATES

‘അംബേദ്കര്‍ പാരായണം’; ഇരുപത് അധ്യായങ്ങള്‍ ഇരുപത് ശബ്ദങ്ങള്‍

നാല്പതാണ്ടുകള്‍ താണ്ടിയ പത്താം ക്ലാസ്സിലെ ഒരു ഉപപാഠ പാഠപുസ്തകത്തെ പുനരവതരിപ്പിക്കുകയാണ് നെടുമങ്ങാട് മഞ്ച ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍

പി കെ സുധി

പി കെ സുധി

                       

ജാതീയതയുടെ പേരില്‍ അകറ്റിനിര്‍ത്തലുകള്‍ ജീവിതകാലത്ത് ഉടനീളം അനുഭവിച്ച ബാബ സാഹിബ് അംബേദ്കറുടെ സ്മരണ ഇന്ത്യാമഹാരാജ്യം പുതുക്കുന്ന ഈയവസരത്തില്‍ ഭരണഘടനാശില്പിയുടെ തികച്ചും വ്യത്യസ്തമായ ഒരു വായന. അതിനു അവസരമൊരുക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. നാല്പതാണ്ടുകള്‍ താണ്ടിയ പത്താം ക്ലാസ്സിലെ ഒരു ഉപപാഠ പാഠപുസ്തകത്തെ പുനരവതരിപ്പിക്കുകയാണ് നെടുമങ്ങാട് മഞ്ച ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കുള്‍ വിഭാഗത്തിലെ കുട്ടികള്‍. കാലാനുസൃതമായി ഇതൊരു ആഡിയോ പുസ്തകമായിട്ടാണ് നമുക്കു മുന്നിലവര്‍ എത്തിച്ചിരിക്കുന്നത്. മുന്‍ തലമുറയ്ക്ക് പുതിയകാല വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ സമ്മാനമായി ഇതിനെ കാണാം.

രണ്ടായിരത്തി ഇരുപത്തിമൂന്നിലെ ഭരണഘടനാ ദിനമായ നവംബര്‍ ഇരുപത്തിയാറിന് പത്മശ്രീ മമ്മൂട്ടിയാണ് ഈ ശബ്ദപുസ്തകം പ്രകാശനം ചെയ്തത്. സെല്ലുലോയിഡില്‍ അംബേദ്ക്കറായി തിളങ്ങിയ മമ്മൂട്ടി തന്റെ എഫ്.ബി. പേജില്‍ ഇപ്രകാരമെഴുതി. ”നവംബര്‍ 26 രാജ്യത്തിന്റെ ഭരണഘടനാ ദിനമാണ്. ഇന്നേ ദിവസം അപൂര്‍വതകളുള്ള ഒരു ശബ്ദപുസ്തകം ഞാനിവിടെ പ്രകാശിപ്പിച്ചുകൊള്ളട്ടെ. ഇതു തയ്യാറാക്കിയത് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മഞ്ച ഗവ. വി എച്ച് എസ് എസ് ഫോര്‍ ബോയ്‌സ് എന്ന ഗ്രാമീണ വിദ്യാലത്തിലെ വിദ്യാര്‍ത്ഥികളാണ്.”

ഒരു സര്‍ക്കാര്‍ സ്‌കൂള്‍ ഡോ. അംബേദ്ക്കറുടെ ജീവിചരിത്രത്തിനെ ആസ്പദമാക്കി ഒരു ആഡിയോ പുസ്തകം തയ്യാറാക്കുന്നത് ഇതാദ്യമായിട്ടാണെന്ന് ദേശീയ മാധ്യമമായ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് വിലയിരുത്തിയത്.

1983ലായിരുന്നു ‘ഡോക്ടര്‍ അബേദ്ക്കര്‍’ എന്ന ഇരുപത് അധ്യായങ്ങളുള്ള പുസ്തകം പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ പഠിച്ചത്. ആ മഹാത്മാവിന്റെ സമകാലിക സാമൂഹ്യ രാഷ്ട്രീയ പ്രസക്തി തിരിച്ചറിഞ്ഞാണ് നാല്പതാണ്ടുകള്‍ക്കുശേഷം വീണ്ടും പുസ്തകത്തെ വെളിച്ചത്തിലേയ്ക്ക് കൊണ്ടു വന്നത്. 2023 ലെ അധ്യാപകദിനത്തില്‍ ഗ്രന്ഥപാരയണവും റെക്കോഡിംഗും ആരംഭിച്ചു. ഒരു ദിവസം ഒരു അധ്യായം എന്ന രീതിയില്‍ വായന പൂര്‍ത്തിയാക്കി. അതില്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല. അധ്യാപര്‍, രക്ഷകര്‍ത്താക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, മറ്റു വിദ്യാലയങ്ങളിലെ അധ്യാപകര്‍, വിരമിച്ച അധ്യാപകര്‍ എന്നിവരുമുണ്ടായിരുന്നു. ഇരുപത് ദിനങ്ങള്‍, ഇരുപത് അധ്യായങ്ങള്‍, ഇരുപത് ശബ്ദങ്ങള്‍.

കോവിഡാനന്തര ക്ലാസ്സ് മുറികള്‍ അതുവരെയില്ലാത്ത പഠനാന്തരീക്ഷമാണ് വിദ്യാലയങ്ങളില്‍ സൃഷ്ടിച്ചത്. അവയെ മറികടക്കാന്‍ തികച്ചും അക്കാദമിക് ചട്ടക്കൂടില്‍ നിന്നുകൊണ്ട് മഞ്ച സ്‌കൂള്‍ വിവിധങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്തു. കുട്ടികളുടെ പങ്കാളിത്തം പാഠ്യപ്രവര്‍ത്തനങ്ങളില്‍ ഉറപ്പിക്കാന്‍ ഫ്രൈഡേ ഗ്രൂപ്പ് ഫോര്‍ ബോയ്‌സ്- ഫ്രൈജി- എന്ന സംഘവും റേഡിയോ മഞ്ച എന്ന സ്‌കൂള്‍ റേഡിയോയും പോഡ്കാസ്റ്റും രൂപീകരിക്കുകയാണ് ആദ്യമായി ചെയ്തത്. അവയുടെ നേതൃത്വത്തില്‍ ‘ലജന്റസ് ടോക്ക്’ എന്ന പരിപാടിയും ആരംഭിച്ചു. ഇത് കുട്ടികളിലെ കോവിഡ് താളപ്പിഴകളെ ഒരുപരിധി വരെ പരിഹരിക്കാന്‍ സഹായിച്ചു.

അംബേദ്ക്കറുടെ ഓര്‍മകള്‍ ജ്വലിപ്പിക്കാനായി വിദ്യാര്‍ത്ഥികളുടെ ഈ കൂട്ടായ്മ നടത്തിയ യത്‌നമാണ് ‘അംബേദ്കര്‍ പാരായണം’ എന്ന ഈ കേള്‍വി പുസ്തകം. ആദ്യ അധ്യായം അധ്യാപകനായ സെയ്ദ് ഷിയാസ് മിര്‍സ വായിച്ചു. ഒടുവിലത്തെ പാഠം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപിക ബി റ്റി ബീന വായിച്ചു പൂര്‍ത്തിയാക്കി. ഈ പള്ളിക്കൂടവായന നവീനവും മുന്‍മാതൃകകളില്ലാത്തതുമാണ്. അബേദ്ക്കര്‍ മായ്ക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ സംരംഭത്തിന്റെ പ്രസക്തി ഏറെ വലുതാണ്.

വിപുലമായ അംബേദ്ക്കര്‍ വായന ലക്ഷ്യമിട്ട് നെടുമങ്ങാട്ടെ സ്‌കൂളുകളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കായി ഒരു വായനമത്സരവും ഈ സ്‌കൂള്‍ സംഘടിപ്പിക്കുന്നുണ്ട്. അന്തരിച്ച വിഖ്യാത നടനും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ അനില്‍ നെടുമങ്ങാടിന്റെ സ്മരണ നിലനിര്‍ത്തുക എന്നതാണ് ഈ പ്രശ്‌നോത്തരിയുടെ ലക്ഷ്യം.

ഈ ഓഡിയോ പുസ്തകം അംബേദ്ക്കര്‍ ദിനത്തില്‍ കേള്‍ക്കുന്നതിന് ഈ ലിങ്ക് ഉപയോഗിക്കുക:  ww.radiomancha.blogspot.com/p/ambedkar.html  

 

പി കെ സുധി

പി കെ സുധി

എഴുത്തുകാരന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍