UPDATES

ഇസ്രയേല്‍-ഹമാസ് യുദ്ധം; ബിജെപി-സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കെതിരേ ഉപയോഗിക്കുന്നതെങ്ങനെ?

ലോകം തടയാന്‍ ശ്രമിക്കുന്നൊരു യുദ്ധത്തെ തങ്ങളുടെ വലുതപക്ഷ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ് ബിജെപിയും സംഘപരിവാര്‍ സംഘങ്ങളും

                       

‘ഇന്ത്യയിലുമുണ്ട് നൂറു കണക്കിന് ഗാസ മുനമ്പുകള്‍. ഇവിടെ ഹിന്ദുക്കള്‍ ഹമാസില്‍ നിന്നുണ്ടാകുന്നതുപോലെ മുസ്ലിം അക്രമണം നേരിടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണ് ഇന്ത്യയെ ഈ ആപത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കൂക’

ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും പരക്കുന്ന സന്ദേശങ്ങളിലൊന്നാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധം ഇന്ത്യയില്‍ ഇസ്ലാമോഫോബിയ പടര്‍ത്താനുള്ള അവസരമാക്കുന്ന ബിജെപി അനുകൂല സോഷ്യല്‍ മീഡിയ സംഘങ്ങള്‍ ഇത്തരത്തില്‍ അനേകം സന്ദേശങ്ങളാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ലോകം തടയാന്‍ ശ്രമിക്കുന്നൊരു യുദ്ധത്തെ തങ്ങളുടെ വലുതപക്ഷ രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണ് ബിജെപിയും സംഘപരിവാര്‍ സംഘങ്ങളും. അവര്‍ പലസ്തീനികളുടെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും, ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപിക്കുകയും ചെയ്യുന്നു. എല്ലാ വഴിയിലൂടെയും തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ദ വയറിന്റെ ലേഖനത്തില്‍ പറയുന്നു.

യുദ്ധത്തിന്റെതായ ചിത്രങ്ങളും വീഡിയോകളും ടെക്‌സ്റ്റ് മെസേജുകള്‍ സഹിതമാണ് വായ്‌സ് ആപ്പിലും ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നത്. ഇവയിലെല്ലാം തന്നെ അവര്‍ ലക്ഷ്യം വയ്ക്കുന്ന ഒരേയൊരു കാര്യം ഇസ്ലാം വിരുദ്ധതയാണ്.

ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ 14,00 പേരാണ് കൊല്ലപ്പെട്ടത്. 250 ഓളം പേരെ ബന്ദിയാക്കുകയും ചെയ്തു. പകരമായി ഇസ്രയേല്‍ നടത്തി വരുന്ന യുദ്ധത്തില്‍ ഇതുവരെ ആറായിരത്തിന് അടുത്ത് പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 2,300 ഓളം കുട്ടികളാണ്.

ഇസ്രയേലില്‍ ഉണ്ടായ ആക്രമണങ്ങളെ വൈകാരികമായി അവതരിപ്പിക്കുമ്പോള്‍, ഗാസയില്‍ നടക്കുന്ന കൂട്ടക്കുരുതിയെയും പലസ്തീനികളുടെ അതിജീവന ശ്രമങ്ങളെയും പരിഹസിക്കുകയാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ചെയ്യുന്നത്. കുട്ടികള്‍ കൊല്ലപ്പെടുന്നതിനോടു പോലും അപഹാസ്യമായവിധമാണ് പ്രതികരിക്കുന്നത്.

എങ്ങനെയാണ് ബിജെപിയും അതിന്റെ ഹിന്ദുത്വ സംഘങ്ങളും വാട്സ് ആപ്പ് പ്രചാരണ ആയുധമാക്കുന്നത്?

ഇതിപ്പോള്‍ തുടങ്ങിയതല്ല, തുടര്‍ന്നുകൊണ്ടിരിക്കുന്ന ആസൂത്രിത പ്രചാരണത്തിലെ ഒരു ഘട്ടം മാത്രമാണ്. ‘ മുസ്ലിങ്ങളെയും, ചില സമയങ്ങളില്‍ മിതവാദികളായ ഹിന്ദുക്കളെയും ശത്രുവാക്കിയോ, ഭീഷണിയാക്കിയോ ചിത്രീകരിക്കാന്‍ ആഗോള സംഭവങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന പ്രവണത വലതുപക്ഷ ഓണ്‍ലൈന്‍ സംഘങ്ങള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ഥിരമായി തുടര്‍ന്നു പോരുന്നുണ്ടെന്നാണ് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ ഡയറക്ടര്‍ പ്രതീക് വാഖ്‌റെ ദ വയറിനോട് പറയുന്നത്.

ഇസ്രയേല്‍-ഹമാസ് യുദ്ധം തികച്ചും മതപരമായ കോണിലൂടെ മാത്രമാണ് അവതരിപ്പിക്കുന്നത്. ജൂത രാജ്യമായ ഇസ്രയേലും മുസ്ലിം ആധിപത്യമുള്ള പലസ്തീനും തമ്മിലുള്ള സംഘര്‍ഷമായാണ് വലതുപക്ഷ സംഘങ്ങള്‍ ഇപ്പോഴത്തെ യുദ്ധത്തെ അവതരിപ്പിക്കുന്നത്.

വയറിന്റെ ലേഖകന്‍ പറയുന്നത്, ഇത്തരത്തിലുള്ള 13 വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ അദ്ദേഹത്തിന് പരിശോധിക്കാന്‍ അവസരം കിട്ടിയെന്നാണ്. എല്ലാം തന്നെ ഹിന്ദുത്വ ആശയങ്ങളെയും ആര്‍ എസ് എസ്സിനെയും നരേന്ദ്ര മോദിയെയും പിന്തുണയ്ക്കുന്നവയായിരുന്നു. നരേന്ദ്ര മോദി, ആദിത്യനാഥ് തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങളായിരുന്നു ഓരോ ഗ്രൂപ്പുകളും ഉപയോഗിച്ചിരുന്നത്. ഈ ഗ്രൂപ്പുകളിലെ അംഗങ്ങളൊക്കെയും തന്നെ 50 മുതല്‍ 400 മീറ്റര്‍ ചുറ്റളവുകളില്‍ തന്നെയുള്ളവരാണ്. അതുപോലെ തന്നെയാണ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും. ബിജെപിയുമായും അതിന്റെ നേതാക്കളുമായും ബന്ധപ്പെട്ടുള്ളതാണ് ഓരോ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും പേജുകളുമെന്നുമാണു വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രധാനമായും നാല് തരത്തിലാണ് ഇസ്രയേല്‍-ഹമാസ് യുദ്ധത്തെക്കുറിച്ച് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ പ്രോപ്പഗാണ്ട തയ്യാറാക്കുന്നത്.

ഒന്ന്; പലസ്തീനി അതിജീവനത്തെ മനുഷ്യരഹിതമായി അവതരിപ്പിക്കുന്നു.

രണ്ട്; പലസ്തീനികള്‍ക്കുള്ള പിന്തുണ നിയമവിരുദ്ധമായി ചിത്രീകരിക്കുന്നു.

മൂന്ന്; ഇസ്രയേല്‍-ഗാസ യുദ്ധം ഇന്ത്യയുടെ ചരിത്രവുമായി താരതമ്യം ചെയ്യുന്നു.

നാല്; മുസ്ലിം ആക്രമണത്തെ കുറിച്ച് ഹിന്ദുക്കള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുകയും, മോദിയും ബിജെപിയും മാത്രമാണ് ഇതിനെതിരേ പൊരുതി നില്‍ക്കാനുള്ള ഏക പ്രതീക്ഷയെന്ന വ്യാഖ്യാനം ഉണ്ടാക്കുന്നു.

വലതുപക്ഷ സംഘങ്ങള്‍ പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ മുഖ്യമായും ശ്രമിക്കുന്നത്, ഇസ്രയേല്‍-ഹമാസ് യുദ്ധം തങ്ങളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണെന്ന തോന്നല്‍ ഇന്ത്യക്കാരിലുണ്ടാക്കാനാണ്. നിലവിലെ സാഹചര്യത്തിന് സമാന്തരമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്, അതിനവര്‍ പ്രത്യേകമായ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നുമുണ്ട്.

ഇസ്രയേലികള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് കശ്മീരി ഹിന്ദുക്കള്‍ നേരിടേണ്ടി വന്ന അതേ ക്രൂരതകളാണെന്ന തരത്തിലാണ് പ്രചാരണം. കശ്മീരി പണ്ഡിറ്റുകളെയും ഇസ്രയേലികളെയും സാമീകരിച്ചുകൊണ്ടുള്ള പ്രചാരണമാണ് നടത്തുന്നത്. ഒരു ഉദ്ദാഹരണം ഇതാണ്; അവര്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നു, ഹമാസ് ഭീകരവാദികള്‍ ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേലി കുടുംബം എന്നാണ് വിശദീകരണം. കുട്ടികളടക്കമുണ്ട് വീഡിയോയില്‍. അതിനൊപ്പമുള്ള സന്ദേശം ഇത്തരത്തിലാണ്; ” അവരുടെ മുഖത്തെ ഭയം നോക്കൂ, ഇതു തന്നെയാണ് 1990 കളില്‍ കശ്മീരി പണ്ഡിറ്റുകളും അനുഭവിച്ചത്”. ഈ സന്ദേശത്തിന്റെ ഒടുവിലത്തെ വരികളിങ്ങനെയാണ്; ‘ ഇത് ആര്‍ എസ് എസ് പ്രോപ്പഗാണ്ടയാണെന്ന് പറയും, യഥാര്‍ത്ഥത്തില്‍ ഇസ്ലാം സമാധനത്തിന്റെ മതമാണ്…’ ആ വരികളിലെ പരിഹാസം എടുത്ത് പറയുന്നുണ്ട്.!

ഹമാസിനെയാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ അധിനിവേശക്കാരാക്കുന്നത്. ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ മനസിലാകാന്‍ വേണ്ടി, ബാബറിനോടും ഹുമയൂണിനോടുമൊക്കെ താരതമ്യം ചെയ്യുന്നു. ബാബറും ഹുമയൂണും ഹിന്ദുക്കളോട് ക്രൂരത കാണിച്ചവരാണെന്നത് പ്രത്യേകം പറയുന്നുണ്ട്. ഇതിനു പിന്നാലെ ഈ താരതമ്യം കൂടുതല്‍ ഉള്ളിലേക്ക് കയറ്റാന്‍ വേണ്ടി ഹമാസിന്റെ ക്രൂരകളെന്നു പറഞ്ഞ് നിരവധി സന്ദേശങ്ങള്‍ വരും. ആളുകളെ ‘ജൗഹര്‍’ ഓര്‍മിപ്പിക്കുകയാണവര്‍ ചെയ്യുന്നത്. ജൗഹര്‍ എന്നാല്‍ അഗ്നിയില്‍ ചാടിയുള്ള ആത്മാഹൂതിയാണ്. മുഗളരുമായുള്ള യുദ്ധത്തില്‍ ഹിന്ദു യോദ്ധാക്കള്‍ തോറ്റതോടെ ശത്രുക്കളുടെ കൈയില്‍ പെടാതിരിക്കാന്‍ അവരുടെ ഭാര്യമാരും കുട്ടികളും അഗ്നിയില്‍ ചാടി ആത്മത്യാഗം ചെയ്തതാണ് ജൗഹര്‍. റാണി പദ്മാവതിയുടെ കഥയൊക്കെ ഇത്തരത്തില്‍ പ്രചാരം നേടിയ ഒന്നാണ്. ഹമാസ് സായുധധാരികളാല്‍ വലിച്ചിഴയ്ക്കപ്പെടുന്ന, ഒരു ഇസ്രയേലി വനിതയുടെ ശരീരം ദൃശ്യമാകുന്ന വീഡിയോയ്ക്ക് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്; ‘ മുഗള്‍ ഭരണകാലത്ത് ഇത്തരത്തില്‍ സംഭവിക്കാതിരിക്കാനാണ് നമ്മുടെ ഹിന്ദു സ്ത്രീകള്‍ ജൗഹര്‍ അനുഷ്ഠിച്ചത്’.

‘ യോഗി ആദിത്യനാഥ് പി എം ഫോര്‍ 2024′ എന്ന ഫെയ്‌സ്ബുക്ക് പേജിലും ഇതേ വീഡിയോ പങ്കുവച്ചിട്ടുണ്ട്.’ ഹിന്ദു സ്ത്രീകള്‍ എന്തുകൊണ്ട് ജൗഹര്‍ അനുഷ്ഠിച്ചു എന്ന് ഹമാസ് നമ്മളെ മനസിലാക്കി തരുന്നു’ എന്നാണ് 6,600 ഫോളോവേഴ്‌സ് ഉള്ള ഈ പേജില്‍ കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്.

ഇപ്പോള്‍ നടത്തുന്ന യുദ്ധം കൊണ്ട് ഇന്ത്യക്കാരെ ഭയപ്പെടുത്താനാണ് വലതുപക്ഷ സംഘങ്ങള്‍ തീവ്രമായി ശ്രമിക്കുന്നത്. ‘ഹമാസിനെ പോലുള്ള ഇസ്ലാമിക് സംഘങ്ങളുടെ ആക്രമണം ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കു നേരെയും ഉണ്ടാകും’ എന്ന ഭയമാണ് അവരിതിലൂടെ കയറ്റിവിടാന്‍ നോക്കുന്നത്.

‘ ഇസ്രയേലിനെതിരേ നടക്കുന്ന ഗൂഢാലോചനകളും ആക്രമണങ്ങളും ഭാവിയില്‍ ഇന്ത്യയും അഭിമുഖീകരിക്കേണ്ടി വരും. ഹിന്ദു സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ക്രൂരതകള്‍ ഒഴിവാക്കാന്‍ സാധ്യമല്ലാതെ വരും’ ; ഇതൊക്കെ മുന്നറിയിപ്പ് സന്ദേശങ്ങളാണ്. ഈ മുന്നറിയിപ്പ് പ്രകാരം രണ്ട് കാര്യങ്ങള്‍ ഹിന്ദു ചെയ്യണം; ഒന്ന്, ആയുധം കൈയിലെടുക്കുക, രണ്ട്; മുസ്ലിങ്ങളെ മൊത്തത്തില്‍ സാമൂഹികമായി ബഹിഷ്‌കരിക്കുക!

മറ്റൊരു സന്ദേശം പ്രചരിപ്പിക്കുന്നത്; ‘ ദിവസം രണ്ടായിരത്തോളം പലസ്തീനികള്‍ ഇസ്രയേലിലേക്ക് ഒളിച്ചു കടക്കുന്നുണ്ടായിരുന്നു. ഇവര്‍ ഹമാസിനു വേണ്ടി രഹസ്യവേലകള്‍ ചെയ്യുന്നു, വേഷപ്രച്ഛന്നരായ തീവ്രവാദികളായിരുന്നു’ എന്നാണ്. അതിനൊപ്പം ചേര്‍ത്തു പറയുകയാണ്; സങ്കല്‍പ്പിച്ചു നോക്കുക, നമ്മുടെ ഡിഎന്‍എ പങ്കിടുന്നവരെന്നു നമ്മള്‍ കരുതുന്ന 15 കോടി തീവ്രവാദികള്‍ നമുക്കിടയിലുമുണ്ട്’. നേരിട്ട് പരാമര്‍ശിക്കാതെ മുസ്ലിങ്ങള്‍ക്കെതിരെയുള്ള ആക്ഷേപമാണ്.

ഇതുപോലുള്ള യുദ്ധങ്ങള്‍ ഇനിയും നടക്കുമെന്നു മുന്നറിയിപ്പ് കൊടുക്കുകയും, അവ എങ്ങനെയൊക്കെയായിരിക്കും നടക്കുകയെന്ന് സങ്കല്‍പ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക വഴി മുസ്ലിം രാഷ്ട്രങ്ങള്‍ക്കെതിരായ വെറുപ്പ് ആളുകള്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് വലതുപക്ഷ സംഘങ്ങള്‍ ശ്രമിക്കുന്നത്.

മുസ്ലിം വിദ്വേഷ പ്രചാരണം; പിന്നില്‍ ബിജെപിയും സംഘപരിവാറുമെന്ന് റിപ്പോര്‍ട്ട്

‘ ഇന്ത്യയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയാല്‍ നിങ്ങള്‍ കരുതുന്നുണ്ടോ, 59 ഇസ്ലാമിക രാഷ്ട്രങ്ങളും നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന്? അവര്‍ മുസ്ലിങ്ങള്‍ക്കൊപ്പമേ നില്‍ക്കൂ, നിങ്ങള്‍ അവര്‍ക്കെപ്പോഴും കാഫിറുകള്‍ മാത്രമായിരിക്കും’- പരക്കുന്നതില്‍ ഒരു സന്ദേശമാണ്.

മുസ്ലിങ്ങള്‍ക്കെതിരേ മാത്രമല്ല വെറുപ്പ് പടര്‍ത്തുന്നത്. മഹാത്മ ഗാന്ധിയും കോണ്‍ഗ്രസുമെല്ലാം കുറ്റവാളികളും വെറുക്കപ്പെടേണ്ടവരുമാണെന്ന പ്രചാരണവും വലിയതോതില്‍ നടക്കുന്നുണ്ട്.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ മുന്‍നിര്‍ത്തി സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിപ്പിക്കുന്നൊരു കാര്യം; ‘ ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെയോട് നമ്മള്‍ നന്ദിയുള്ളവര്‍ ആയിരിക്കണം’ എന്നാണ്. ‘ അദ്ദേഹം(ഗോഡ്‌സെ) ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലും മൂവായിരം കിലോമീറ്റര്‍ ദൂരമുള്ള ഒരു ഗാസ മുനമ്പ് ഉണ്ടാകുമായിരുന്നു’ എന്നാണ് മുന്നറിയിപ്പ്. ഇതിനൊപ്പം അവരുണ്ടാക്കിയൊരു മാപ്പ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതില്‍ പാകിസ്താനില്‍ നിന്നാരംഭിച്ച് ഇന്ത്യയ്ക്കുള്ളിലേക്ക് നീളുന്ന പച്ചനിറത്തിലൂള്ള ഇടനാഴി പോലുള്ള ഭാഗം ചിത്രീകരിച്ചിട്ടുണ്ട്. ഇന്ത്യയെ മുറിച്ചുകൊണ്ട് നീളുന്ന ഈ പച്ച ഇടനാഴി അപ്പുറത്ത് ബംഗ്ലാദേശില്‍ ചെന്നു മുട്ടുകയാണ്. ചിത്രത്തിനൊപ്പമുള്ള സന്ദേശത്തില്‍ പറയുന്നത്, ഇങ്ങനെയൊരു ഇടനാഴിക്കായി ജിന്ന മുന്നോട്ടുവച്ച നിര്‍ദേശം ഗാന്ധിജി അംഗീകരിച്ചിരുന്നുവെന്നാണ്. ഗാന്ധിജിയെ അവര്‍ ‘ ഗുന്ധിജി’ എന്നാണ് ഈ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നത്. ഫാക്ട് ചെക്കിംഗ് സൈറ്റുകള്‍ എല്ലാം തന്നെ ഇങ്ങനെയൊരു നിര്‍ദേശം ജിന്ന മുന്നോട്ടുവയ്ക്കുകയോ ഗാന്ധിയത് അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നെയും സംഘപരിവാര്‍ സംഘങ്ങള്‍ ഇതേ നുണ ആവര്‍ത്തിക്കുകയാണ്.

ഇസ്രയേലിനെതിരേ നടക്കുന്ന ആക്രമണങ്ങള്‍ക്കെല്ലാം കാരണം കോണ്‍ഗ്രസ് ആണെന്ന ആരോപണവും വലത് സോഷ്യല്‍ മീഡിയ സംഘങ്ങള്‍ക്കുണ്ട്. പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് യാസര്‍ അറഫാത്തിന് സമാധാന പുരസ്‌കാരം നല്‍കിയതെന്നതാണ് ഒരു പ്രചാരണം. അറഫാത്തിന് ഇന്ത്യയില്‍ നിന്നും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്; ഇന്ദിര ഗാന്ധി അവാര്‍ഡ് ഫോര്‍ ജസ്റ്റീസ് ആന്‍ഡ് ഹാര്‍മണി’ പുരസ്‌കാരം. അതുപക്ഷേ നല്‍കിയത് രാജീവ് ഗാന്ധിയോ ഇന്ത്യന്‍ സര്‍ക്കാരോ അല്ല, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സ് ആയിരുന്നു. ഈ പുരസ്‌കാരം സമ്മാനിക്കുന്നത് 1992 ജനുവരിയിലാണ്. 1991 മേയില്‍ രാജീവ് ഗാന്ധി കൊലപ്പെട്ടിരുന്നു.

വലതുപക്ഷ വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ കൂടി നിരവധി വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ആക്രമണത്തിന്റെ ഇരകളായ സാധാരണക്കാരുടെ ദൃശ്യങ്ങളാണ്. വൈകാരികമായി അവതരിപ്പിക്കുന്ന ആ വീഡിയോകളെല്ലാം തന്നെ ഇസ്രയേലികളുടെതെന്ന നിലയ്ക്കാണ്. പലസ്തീനിലെ ജനങ്ങളുടെ വേദനകള്‍ പരിഹാസരൂപത്തിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട പലസ്തീനി ജനങ്ങളെ ഭീകരവാദികളാക്കി ചിത്രീകരിച്ചുകൊണ്ട് സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ ഹൂറികളെ കിട്ടും എന്നു പരിഹസിക്കുകയാണ്.

പ്രചരിപ്പിക്കുന്ന മറ്റൊരു ചിത്രത്തില്‍, ഇസ്രയേലി വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു പോകുന്ന ചവിട്ടു പടികളാണുള്ളത്. ‘പലസ്തീനികള്‍ എങ്ങനെയാണ് നേരിട്ട് ജന്നത്തിലേക്ക്(സ്വര്‍ഗം) പ്രവേശിക്കുന്നത്’ എന്നാണവര്‍ ഈ ചിത്രത്തിനൊപ്പം ആഹ്ലാദം പങ്കുവയ്ക്കുന്നത്. പലസ്തീനികളെ ‘ വിഷപ്പാമ്പുകള്‍’ എന്നാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ആക്ഷേപിക്കുന്നത്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന വ്യോമാക്രമണത്തിന്റെ ചിത്രത്തിന് കൊടുക്കുന്ന അടിക്കുറിപ്പ്; ‘ ഇന്ത്യയിലും വിഷപ്പാമ്പുകള്‍ക്ക് കുറവില്ല’ എന്നാണ്.

ഏകരക്ഷകനായി മോദിയെ അവതരിപ്പിക്കുന്നതാണ് കൂടുതലും സന്ദേശങ്ങള്‍. ഇസ്രയേലില്‍ സംഭവിച്ചത് നാളെ ഇന്ത്യയിലും സംഭവിക്കാം, അത് തടയാന്‍ മോദിക്ക് മാത്രമെ സാധിക്കൂ എന്നാണവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

‘ വാസ്തവത്തില്‍ അവര്‍ എന്റെ പിന്നാലെയല്ല, നിങ്ങളുടെ പിന്നാലെയാണ്, ആ വഴിയില്‍ ഞാനുണ്ടെന്ന് മാത്രം’; മോദിയുടെ ചിത്രത്തിനൊപ്പമുള്ള വാചകങ്ങളാണ്.

മറ്റൊരു പ്രോപ്പഗാണ്ട ചിത്രം മോദി, അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നീ മൂന്നുപേരെയും ചേര്‍ത്തുള്ളതാണ്. രാജ്യത്തെ സുരക്ഷിതമാക്കി നിര്‍ത്തുന്നതിന് രാത്രിയില്‍ നിങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പായി ഇവരോട് നന്ദി പറയാനാണ് ആവശ്യം. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നടന്ന ഒരു ഭീകരാക്രമണത്തെയും കുറിച്ചവര്‍ പക്ഷേ മിണ്ടുന്നില്ല.

ഇസ്ലാമോഫോബിയ പടര്‍ത്തുന്ന മറ്റൊരു വീഡിയോയും ഗ്രൂപ്പുകളില്‍ ആവര്‍ത്തിച്ച് ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. മോദി മുസ്ലിങ്ങളെ കുറിച്ച് പറയുന്നതാണ് വീഡിയോ. ‘ അവര്‍ ലോകത്തെ മൂന്നു ഭാഗങ്ങളായി വിഭജിച്ചു. ‘ ദാര്‍ അല്‍-അമാന്‍, ദാര്‍ അല്‍-ഹറാബ്, ദാര്‍ അല്‍-ഇസ്ലാം. അതായത്, സമാധാനത്തിന്റെ ഭൂമിക, സംഘര്‍ഷത്തിന്റെ ഭൂമിക, മൂന്നാമത്തെത്, മൊത്തം ലോകത്തെയും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ഭൂമിക. 20 വര്‍ഷത്തിന് മുമ്പ് മോദി പറഞ്ഞ കാര്യങ്ങളാണ് ഈ വീഡിയോയില്‍ ഉള്ളതെന്നാണ് വയറിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഈ വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പില്‍ പറയുന്നത്; ‘ സുരക്ഷിതമായൊരു ഇന്ത്യക്കായി, എന്തൊക്കെ സംഭവിച്ചാലും മോദിക്ക് ഞാന്‍ നൂറു വട്ടം വോട്ട് ചെയ്യും’ എന്നാണ്.

ഇന്ത്യയില്‍ ഇസ്ലാമിക അക്രമം നടക്കുന്നത് തടയാന്‍ മോദിക്ക് മാത്രമെ കഴിയൂ എന്നാണ് വാദം. ഗ്രൂപ്പുകളിലൂടെയുള്ള രസകരമായ ആഹ്വാനങ്ങളില്‍ ചിലത്; ‘നിങ്ങള്‍ വില കുറഞ്ഞ പെട്രോള്‍, സൗജന്യ റേഷന്‍ എന്നീ കാര്യങ്ങളൊക്കെ മറക്കുക, ഈ രാജ്യത്ത് നിരവധി ചതിയന്മാരുണ്ട്, നിങ്ങള്‍ യുക്രെയ്‌ന്റെ വിധി എന്താണെന്നോലിച്ചിക്കുക…’

കടപ്പാട്; ദ വയര്‍

Share on

മറ്റുവാര്‍ത്തകള്‍