December 09, 2024 |
Share on

ഇസ്രയേല്‍-ഹമാസ് കരാര്‍ ഗാസയെ രക്ഷിക്കുമോ?

ബന്ദി മോചനവും വെടി നിര്‍ത്തലും

2023 ഒക്ടോബര് 7 ന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണവും അതിന്റെ പ്രതികാര നടപടിയും ഈ രണ്ടു കൂട്ടര്‍ക്കുമിടയില്‍ ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല. മരണത്തിനു മുന്നോടിയായി ഒസ്യത്തെഴുതി നല്‍കുന്ന ബാലികയും, മക്കളുടെ ശവശരീരങ്ങള്‍ തിരിച്ചറിയുന്നതിനായി കാലുകളില്‍ പേരെഴുതി വയ്ക്കുന്ന മാതാപിതാക്കളും, ഒരായുസ്സിന്റെ ശ്രമഫലമായി പടുത്തുയര്‍ത്തിയതൊക്കെയും തകര്‍ന്നു തരിപ്പണമാവുന്നത് നിസ്സഹായരായി കണ്ടു നില്‍ക്കേണ്ടി വന്ന വയോജനങ്ങളും ഇസ്രായേലിന്റെ വംശഹത്യകളുടെ ഇരകളായിരുന്നു. ഇരു കൂട്ടരും തമ്മിലുള്ള വെടിനിര്‍ത്തലും, സമാധാന ചര്‍ച്ചകളും ഉള്‍പ്പെടെയുള്ള ആശ്വാസകരമായ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും പ്രായഭേദമന്യേ പൊലിഞ്ഞു പോയ ഉറ്റവരുടെ ജീവന്റെയും പൊടിഞ്ഞ ചോരയുടെയും ക്രൂരമായ ഗന്ധവും ഓര്‍മയും പേറിയാണ് ഗാസയിലെ ജനങ്ങള്‍ക്ക് ഇനി അവിടെ ജീവിതം തുടരേണ്ടിവരിക. ആക്രമണം നിര്‍ത്തിവയ്ക്കനുള്ള സന്ധി ചര്‍ച്ചകള്‍ ഫലം കണ്ടാലും ഗാസയുടെ സമാധാനത്തിന്റെ പുലരിയിലേക്കുളള ദൂരം ഇനിയും ഏറെയാണ്.

ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലിനെ ഭൂമിയിലെ തുറന്ന ശവക്കല്ലറയാക്കി മാറ്റികൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ പ്രതികാര നപടികള്‍ക്ക് അന്ത്യം കുറിക്കാനുള്ള ആദ്യ പടിയായി വെടി നിര്‍ത്തലിനെ കണക്കാക്കാമോ?

ഗാസയില്‍ ഹമാസും മറ്റ് ഗ്രൂപ്പുകളും ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും ഖത്തര്‍ ഇടനിലക്കാരായ കരാറിലൂടെ മോചിപ്പിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സന്നദ്ധരായതിനു പകരമായാണ് ഒക്ടോബര്‍ 7 മുതല്‍ ബന്ദികളാക്കി പാര്‍പ്പിച്ചവരെ ഹമാസ് മോചിപ്പിക്കുന്നത്. ഈ ആഴ്ച്ച നാല് വയസ് തികയുന്ന ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് അമേരിക്കക്കാരും ബന്ദിയാക്കപ്പെട്ടവരിലുണ്ട്. അമേരിക്കന്‍ പിന്തുണയോടെ വ്യാഴാഴ്ച നടക്കുന്ന ആദ്യ മോചനത്തില്‍ അമേരിക്കക്കാര്‍ ഉള്‍പ്പടെയുള്ളവരെ വിട്ടയക്കുമെന്നാണ് യുഎസ് ഉദ്യോഗസ്ഥന്‍ അറിയച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹമാസിന്റെ ആവശ്യപ്രകാരം, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 150 പലസ്തീന്‍ തടവുകാരെ, ഇസ്രയേല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുകയും, ഈജിപ്തുമായുള്ള റാഫ അതിര്‍ത്തി കടക്കാന്‍ പ്രതിദിനം നൂറുകണക്കിന് എയ്ഡ് ട്രക്കുകള്‍ അനുവദിക്കുകയും, ഗാസയിലെ പലസ്തീന്‍കാര്‍ക്ക് അവശ്യ സാധനങ്ങള്‍ നല്‍കുകയും ചെയ്യും. ഹമാസുമായി നടത്തിയ കരാര്‍ പ്രകാരം തെക്കന്‍ ഗാസയിലെ വ്യോമാക്രമണം ഇസ്രയേല്‍ നിര്‍ത്തുകയും വടക്ക് ദിവസത്തില്‍ ആറ് മണിക്കൂര്‍ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യും. ഗാസയുടെ തെക്കന്‍ മേഖലയിലെ വ്യോമഗതാഗതം ഇസ്രയേല്‍ നിര്‍ത്തിവെക്കും. വടക്കന്‍ ഭാഗത്ത്, വ്യോമാക്രമണം തുടരുമെങ്കിലും, അവ ദിവസത്തില്‍ ആറ് മണിക്കൂറായി പരിമിതപ്പെടുത്തി. കൂടാതെ, ഈ വെടിനിര്‍ത്തല്‍ സമയത്ത് ഇസ്രയേലി സേന ഗാസയിലേക്ക് സൈനിക വാഹനങ്ങള്‍ കൊണ്ടുവരാനോ, ആളുകളെ തടങ്കലില്‍ വയ്ക്കാനോ ശ്രമിക്കില്ല. അടിസ്ഥാനപരമായി, പിരിമുറുക്കം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് ഒരു നിശ്ചിത കാലയളവിലേക്ക് ഈ മേഖലകളിലെ ചില സൈനിക പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ ബന്ദികളെ വിട്ടയച്ചാല്‍ ഒരു അധിക ദിവസം കൂടി വെടിനിര്‍ത്തല്‍ നീട്ടുമെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇരുപക്ഷങ്ങളും കരാര്‍ അംഗീകരിച്ചതോടെ ആറാഴ്ചയിലേറെയായി നീണ്ടുനില്‍ക്കുന്ന യുദ്ധത്തിനാണ് താല്‍ക്കാലിക വിരാമം കാണാനായത്. ഗാസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം 14,128 പലസ്തീനികളുടെ ജീവനും ഇസ്രയേലില്‍ 1,200-ലധികം ആളുകളും ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലില്‍ കൊല്ലപ്പെട്ടത് ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ ഇരകളായിരുന്നു. പകരം വീട്ടിയപ്പോള്‍ ഗാസയില്‍ അതിന്റെ ഇരട്ടിയെയാണ് കൊന്നൊടുക്കിയത്. കുട്ടികളുടെ ശവപ്പറമ്പായി മാറിയ ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 4,237 പേര്‍ കുട്ടികളായിരുന്നു.

ഇസ്രയേലും ഹമാസും എന്തുകൊണ്ടാണ് ഒരു കരാറിലെത്തിയത്?

ഹമാസ് ബന്ദികളാക്കിയവരെ തിരികെ കൊണ്ടുവരുന്നതു സംബന്ധിച്ച് സ്വന്തം ജനങ്ങളില്‍ നിന്ന് തന്നെ ഇസ്രയേല്‍ ഭരണകൂടം വളരെയധികം സമ്മര്‍ദ്ദം നേരിട്ടിരുന്നു. തിങ്കളാഴ്ച രാത്രി ഇസ്രയേല്‍ വാര്‍ കാബിനറ്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ബന്ദികളുടെ കുടുംബങ്ങള്‍ ”ബ്രിങ് ദെം ഹോം” എന്ന പേരില്‍ ശക്തമായ പ്രചാരണങ്ങളും നടത്തിയിരുന്നു. വടക്കന്‍ ഗാസയിലെ സൈനിക ആക്രമണത്തില്‍ ഒരു ബന്ദിയെ മാത്രമാണ് സൈന്യം ജീവനോടെ രക്ഷപ്പെടുത്തിയത്. ഇതോടെ ബാക്കിയുള്ള ബന്ദികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യങ്ങളും ഇസ്രയേലില്‍ ശക്തമായി.

ആഭ്യന്തര സമ്മര്‍ദ്ദത്തിനു പുറമെ ഗാസയില്‍ മോശമായി കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തോടുള്ള പ്രതികരണമായി അന്താരാഷ്ട്ര തലത്തിലും പ്രതിഷേധം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രയേല്‍ സൈന്യം ഗാസയില്‍ നടത്തിയ ബോംബാക്രമണത്തെത്തുടര്‍ന്ന് സിവിലിയന്‍സ് നേരിട്ടുകൊണ്ടിരിക്കുന്ന ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്നുകള്‍ തുടങ്ങിയവയുടെ പ്രതിസന്ധികളും പ്രതിഷേധത്തിന്റെ ആക്കം കൂട്ടിയിരുന്നു. 2.3 ദശലക്ഷത്തില്‍ 1.7 ദശലക്ഷം ആളുകള്‍ ഗാസയില്‍ നിന്ന് പലായനം ചെയ്തു, 36 ആശുപത്രികളില്‍ 10 എണ്ണം മാത്രമാണ് നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. ഇസ്രയേല്‍ നടത്തുന്നത് കടുത്ത സൈനിക അക്രമണമാണെന്ന ആശങ്ക യുഎസ് പ്രകടിപ്പിച്ചിരുന്നു. 68% വരുന്ന അമേരിക്കന്‍ ജനത ഇസ്രയേലിന്റെ വെടിനിര്‍ത്തലിനെ പിന്തുണച്ചിരുന്നു. ഗാസ സിറ്റി ഉള്‍പ്പെടുന്ന വടക്കന്‍ ഗാസയുടെ വലിയ ഭാഗങ്ങള്‍ ഇസ്രയേല്‍ സേന പിടിച്ചെടുത്തതോടെ ഹമാസിന് യുദ്ധക്കളത്തില്‍ നില തെറ്റിക്കൊണ്ടിരിക്കുകയാണ്. 24 ഹമാസ് ബറ്റാലിയനുകളില്‍ 10 എണ്ണത്തിലും കനത്ത നഷ്ടം വരുത്തിയതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നുണ്ട്.

വെടിനിര്‍ത്തല്‍ അവസാനിച്ചു കഴിഞ്ഞാല്‍ യുദ്ധം പുനരാരംഭിക്കുമോ?

ഹമാസിനെ സംബന്ധിച്ച് വെടിനിര്‍ത്തലിന് ശേഷം, വീണ്ടും സംഘടിക്കാനും ശക്തി ശേഖരിക്കാനും ശ്രമങ്ങള്‍ നടന്നേക്കാമെന്ന് ദി ഗാര്‍ഡിയന്‍ പറയുന്നു. ക്രമേണ കൂടുതല്‍ ബന്ദികളെ വിട്ടയച്ച് വെടിനിര്‍ത്തല്‍ നീട്ടാന്‍ ഹമാസ് ശ്രമിച്ചേക്കാം, ഇത് ഇസ്രയേലുമായി ചര്‍ച്ച നടത്താനുള്ള ഒരു മാര്‍ഗമാണ്. മറുവശത്ത്, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യമാണ് ഇസ്രയേല്‍ പ്രഖ്യാപിച്ചിരിക്കുന്നത്, അതിനാല്‍ ഹമാസിന് ഒരു ഗ്രൂപ്പായി നിലനില്‍ക്കാന്‍ കഴിഞ്ഞാല്‍, അത് ഒരു വിജയമായി കണക്കാക്കപ്പെടും. യുദ്ധക്കളത്തിലേക്ക് മടങ്ങാന്‍ ഇസ്രയേലിന് വലിയ ലക്ഷ്യങ്ങളുണ്ട്. വടക്കന്‍ ഗാസ മുഴുവന്‍ ഇസ്രയേല്‍ സൈന്യം ഇതുവരെ പിടിച്ചടക്കിയിട്ടില്ല. ചൊവ്വാഴ്ച്ച, ഹമാസിന്റെ ശക്തികേന്ദ്രമായി കണക്കാക്കുന്ന ജബാലിയയെയും വടക്ക് പ്രവര്‍ത്തിക്കുന്ന ഒരേയൊരു വലിയ മെഡിക്കല്‍ സ്ഥാപനമായ ഇന്തോനേഷ്യന്‍ ആശുപത്രിയെയും വളഞ്ഞിരുന്നു. ഇസ്രയേല്‍ കമാന്‍ഡര്‍മാരും ഗാസയുടെ തെക്ക് ഭാഗത്ത്, പ്രത്യേകിച്ചും ഖാന്‍ യൂനിസ് നഗരത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഹമാസിന്റെ നേതൃനിര കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശത്ത് കടന്നു കയറുന്നതിനൊപ്പം ബാക്കിയുള്ളവരെ ബന്ദികളാക്കിയേക്കാമെന്നും സൈന്യം കരുതുന്നുണ്ട്. ഹമാസിനെ തളര്‍ത്തുന്ന പ്രഹരം നല്‍കുന്നതിന് നഗരത്തെ അക്രമിക്കണമെന്ന് ഇസ്രയേലി സൈനിക സേനയിലെ ചിലര്‍ വാദിക്കുന്നുണ്ട്. ഈ നടപടികള്‍ പ്രാവര്‍ത്തികമാക്കാനുള്ള ഇസ്രയേല്‍ ശ്രമങ്ങള്‍ ഒരുപക്ഷെ രാജ്യത്തെ കൂടുതല്‍ സാധാരണക്കാരെ കൊല്ലുന്നതിലേക്കും, നാട് കടത്തുന്നതിലേക്കോ വഴി വച്ചേക്കാം. സിവിലിയന്‍സിന് നാശം വിതക്കുന്ന തരത്തിലുള്ള കര ആക്രമണങ്ങളെ പിന്തുണയ്ക്കില്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വെടിനിര്‍ത്തലിന് ശേഷവും പോരാട്ടം വീണ്ടും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു. താല്‍ക്കാലിക വെടി നിര്‍ത്തലിന്റെ അര്‍ഥം യുദ്ധം അവസാനിച്ചു എന്നല്ലെന്നും നെതന്യാഹു പറയുന്നുണ്ട്.

 

×