December 09, 2024 |

നൂഹിലെ ബുള്‍ഡോസര്‍ രാജ്: ഇടിച്ചുനിരപ്പാക്കിയ കോടതി വിധികളും ചട്ടങ്ങളും

ഒരു വിഭാഗത്തിനെതിരേ കൃത്യമായി ആസൂത്രണം ചെയ്തു നടക്കുന്ന ബുള്‍ഡോസര്‍ യജ്ഞം എന്നാണ് പരാതി

മുഹമ്മദ് സഹൂദിന് കുടുംബ സ്വത്തായി കിട്ടിയ ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന 18 കടകളാണ് ഓഗസ്റ്റ് നാലിന് വൈകിട്ട് ഹരിയാനയിലെ നൂഹ് ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തിയത്. 1998 മുതല്‍ ഈ ഭൂമി സഹൂദിന്റെയും സഹോദരങ്ങളുടെയും കൈവശമുണ്ട്. 4400 ചതുരശ്ര അടിയില്‍ 14 കെട്ടിടങ്ങള്‍, ഫാര്‍മസി, മെഡിക്കല്‍ ലാബുകള്‍, പലവ്യഞ്ജനക്കടകള്‍ ഉള്‍പ്പെടെ കടകള്‍ പ്രവര്‍ത്തിച്ചിരുന്നവ.

സഹൂദ് ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ്;

നിയമപരമായ എല്ലാ ഉടമസ്ഥാവകാശങ്ങളുമുണ്ടായിരുന്നിട്ടും ഭരണകൂടം തകര്‍ത്തു തരിപ്പണമാക്കിയ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്ന അനേകം പേരുടെ പ്രതിനിധി. സര്‍ക്കാരിനെ ഈ അന്യായത്തിന് പ്രേരിപ്പിച്ചതാകട്ടെ, ജൂലൈ 31 ലെ വര്‍ഗീയ സംഘര്‍ഷവും. നൂഹിലെ നല്‍ഹാര്‍, ഫിറോസ്പൂര്‍ ജിര്‍ക, നജിന മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഓഗസ്റ്റ് മൂന്ന് മുതല്‍ അഞ്ചു ദിവസത്തെ ഇടിച്ചുനിരപ്പാക്കല്‍ യജ്ഞം അരങ്ങേറിയത്. ചില കേസുകള്‍ പിനാംഗ്വാന്‍, തൌറു പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു.

സോഷ്യോ ലീഗല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന സംഘടനയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, 11 വില്ലേജുകളിലും താലൂക്കുകളിലും ബുള്‍ഡോസര്‍ സംഹാര താണ്ഡവമാടി.

നിയമവിരുദ്ധ നിര്‍മാണമെന്നാരോപിച്ച് മുനിസിപ്പല്‍ കൗണ്‍സില്‍ വിവിധ പ്രദേശങ്ങളില്‍ ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. നിയമവിരുദ്ധ നിര്‍മാണങ്ങള്‍ക്കെതിരെയുള്ള നടപടി മാത്രമാണിതെന്ന് സര്‍ക്കാറും വിശദീകരിക്കുന്നു. എന്നാല്‍ രേഖകള്‍ വിളിച്ചുപറയുന്നത് മറ്റൊന്നാണ്. നടന്നത് കോടതി വിധികളുടെയും ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനമായിരുന്നു.

സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആക്ഷേപത്തില്‍ ഇടക്കാല സ്റ്റേക്ക് വേണ്ടി 2022 ജൂലൈ 19 ന് സബ് ഡിവിഷനല്‍ ഓഫീസര്‍ക്ക് മുമ്പാകെ സഹൂദ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. റവന്യു രേഖകള്‍ പരിശോധിച്ച കോടതി ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സഹൂദിന്റെ ഭൂമിയില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് അക്കൊല്ലം ഒക്ടോബര്‍ ഏഴില്‍ ഉത്തരവിടുകയും ചെയ്തു.

‘ഇടിച്ചുനിരപ്പാക്കാന്‍ വന്നവരോട് ഈ കോടതി ഉത്തരവടക്കം കാണിച്ചു. പക്ഷെ, അതൊന്ന് നോക്കാന്‍ പോലും അവര്‍ തയ്യാറായില്ല. മുകളില്‍ നിന്ന് നിര്‍ദേശമുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ഞങ്ങളുടെ ആകെ ഉപജീവന മാര്‍ഗമായിരുന്നു ആ കടകള്‍’; സഹൂദിന്റെ വാക്കുകള്‍ മുറിഞ്ഞു.

സഹൂദിന്റെ കെട്ടിടം പൊളിച്ചത് ജില്ലാ കോടതിയുത്തരവിന്റെ ലംഘനമാണെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി അഭിഭാഷക അഞ്ജലി ഷീറാന്‍ പറഞ്ഞു. മേല്‍ക്കോടതിയുടെ മറിച്ചൊരു ഉത്തരവ് വരുന്നതുവരെ ജില്ല കോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

ഹൈക്കോടതി സ്വമേധയാ കേസെടുത്ത് ഉത്തരവിട്ടതിന് ശേഷം മാത്രമേ ഇടിച്ചുനിരത്തല്‍ നിര്‍ത്തിയുള്ളൂ. വംശീയ ഉന്‍മൂലനം എന്നാണ് നൂഹ് ഭരണകൂടത്തിന്റെ നടപടിയെ ഹൈക്കോടതി വിശേഷിപ്പിച്ചത്. ‘ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ ഒരു സമുദായത്തിന്റെ കെട്ടിടങ്ങള്‍ തെരഞ്ഞുപിടിച്ച് ഇടിച്ചുനിരത്തി’ യെന്ന് കോടതി വിമര്‍ശിച്ചു. സ്വാഭാവിക നടപടിയെന്നാണ് ഹരിയാന സര്‍ക്കാരിന് വേണ്ടി ഗുഡ്ഗാവ് ഡെപ്യൂട്ടി കമ്മിഷണര്‍ നിഷാന്ത് കുമാര്‍ യാദവും നൂഹ് ഡെപ്യൂട്ടി കമ്മിഷണര്‍ ധീരേന്ദ്ര ഘട്കട്ടയും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചത്. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ സര്‍ക്കാരിന്റെ അഞ്ചു വിവിധ വകുപ്പുകള്‍ സംയോജിച്ച് എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് നടത്തിയ നടപടിയെന്നും അവകാശവാദം.

2016 തൊട്ട് 15 ദിവസം മുമ്പുവരെ വിവിധ സന്ദര്‍ഭങ്ങളിലായി നല്‍കിയ നോട്ടീസുകളും സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇടിച്ചു നിരപ്പാക്കലിന്റെ വേഗതയും തെരഞ്ഞെടുത്ത സമയവും ഈ അവകാശവാദങ്ങളെ പൊളിച്ചടുക്കുന്നു.

ഡെപ്യൂട്ടി കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം

കൃത്യമായി ആസൂത്രണം ചെയ്തതാണ് ബുള്‍ഡോസര്‍ യജ്ഞം എന്ന് സോഷ്യോ ലീഗല്‍ ഇന്‍ഫര്‍മേഷന്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ജവഹര്‍ യാദവ്, ഹരിയാന ശഹരി വികാസ് പ്രതികരണ്‍ ഉദ്യോഗസ്ഥര്‍, നഗരവികസന വകുപ്പ്, പൊലീസ്, വനംവകുപ്പ്, പഞ്ചായത്ത് എന്നിവരെല്ലാം ചേര്‍ന്നാണ് ഇടിച്ചുനിരത്തേണ്ട കെട്ടിടങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ സത്യാവാങ്മൂലപ്രകാരം, 443 കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയതില്‍ 162 എണ്ണം സ്ഥിരവും ബാക്കി താത്കാലിക നിര്‍മിതികളുമാണ്. എന്നാല്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം 72.1 ഏക്കറിലെ 1208 കെട്ടിടങ്ങള്‍ നിലംപരിശാക്കി. മൈല്‍സ് 2 സ്‌മൈല്‍സ് എന്ന എന്‍ ജി ഒയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത് 1200 ആണ്. ഭൂരിഭാഗം പേര്‍ക്കും പൊളിക്കും മുമ്പ് നോട്ടീസ് പോലും കൊടുത്തിട്ടില്ല.

പൊളിക്കല്‍ നിയമവിരുദ്ധമാണെന്നും ഒരു സമുദായത്തെ ലക്ഷ്യംവെച്ചുള്ളതാണെന്നുമുള്ള ആരോപണം സര്‍ക്കാര്‍ തള്ളി. ‘പൊളിക്കല്‍ യജ്ഞം നിയമവിരുദ്ധമല്ല’ ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല ഒരു അഭിമുഖത്തില്‍ പറഞ്ഞു (ഫ്രണ്ട് ലൈന്‍ ആഗസ്റ്റ് 13) ‘നൂഹിലെ വര്‍ഗീയ സംഘര്‍ഷവും ഇടിച്ചുനിരത്തലും ബന്ധിപ്പിക്കുന്നതെന്തിനെന്ന് എനിക്ക് മനസ്സിലാവുന്നില്ല. നോട്ടീസ് കിട്ടിയിട്ടില്ലെന്നാണ് പരാതിയെങ്കില്‍ മറുപടി ഞങ്ങള്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചോളം. മറ്റ് സംസ്ഥാനങ്ങളെപ്പോലെ, നിയമവിരുദ്ധപ്രവൃത്തികള്‍ തടയാനാണ് ഞങ്ങളും ശ്രമിക്കുന്നത്’.

നല്‍ഹാറിലെ നിയമപരമായ ഉടസ്ഥതയും നിയമവിരുദ്ധ നടപടിയും
ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും ബിജെപി സര്‍ക്കാരുകളുടെ ‘ബുള്‍ഡോസര്‍ നീതി’ യുടെ തുടര്‍ച്ചയാണ് ഹരിയാനയിലും കണ്ടത്. ഒരു സമുദായത്തിന്റെ സ്വത്തുവകകള്‍ തെരഞ്ഞുപിടിച്ച് നശിപ്പിക്കുക. നല്‍ഹാറില്‍ ശിവ ക്ഷേത്രത്തിന് സമീപമേഖലയിലാണ് ബുള്‍ഡോസര്‍ ഉരുണ്ടത്. വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ച വിശ്വ ഹിന്ദു പരിഷത്തിന്റെ റാലി തുടങ്ങിയ അതേ ഇടം.

ഇടിച്ചുനിരപ്പാക്കലിന്റെ ഇരകളായ നൂറോളം കുടുംബങ്ങള്‍ക്കുവേണ്ടി നൂഹിലെ അഭിഭാഷകന്‍ താഹിര്‍ ഹുസൈന്‍ രൂപാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇവരുടെയെല്ലാം ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളും ഹരജിക്കൊപ്പം സമര്‍പ്പിച്ചു. ശഹീദ് ഹസന്‍ ഖാന്‍ മേവാത്തി മെഡിക്കല്‍ കോളജിന് സമീപത്തെ മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ ഉടമകളാണ് ഇരകള്‍. 2.6 ഏക്കറില്‍ 40 വ്യാപാരസ്ഥാപനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ലാബുകള്‍, ഫാസ്റ്റ് ഫുഡ് കടകള്‍, ഫാര്‍മസികള്‍ ഉള്‍പ്പെടെ. സഹൂദിന്റെയും സഹോദരങ്ങളുടെയും കടകള്‍ ഇവിടെയായിരുന്നു.

‘1998 മുതല്‍ ഭൂമി ഞങ്ങളുടെ ഉടമസ്ഥതതയിലാണെങ്കിലും 2012 ല്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് അവിടെ കടകള്‍ നിര്‍മിച്ചത്. നിയമവിരുദ്ധമായിരുന്നെങ്കില്‍ അന്നേ പൊളിക്കേണ്ടതല്ലേ?. ഇപ്പോള്‍ ഇത്ര ധൃതിപ്പെട്ട് പൊളിച്ചതെന്തിനാണ്? ‘സഹൂദിന്റെ സഹോദരന്‍ അബ്ദുല്‍ റാശിദ് ചോദിക്കുന്നു.

ആരവല്ലി പര്‍വത മേഖലയിലല്ല പ്രസ്തുത ഭൂമിയെന്ന് നല്‍ഹാറിലെ റവന്യു ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ രേഖയും അബ്ദുല്‍ റാശിദ് കാണിച്ചുതന്നു.

മുഹമ്മദ് ആരിഫിനും മൂന്ന് സഹോദരങ്ങള്‍ക്കുമായി 24 കടകളുണ്ടായിരുന്നു ഇവിടെ. രണ്ടെണ്ണമൊഴിച്ച് ബാക്കി വാടകക്ക് കൊടുത്തിരുന്നവയാണ്.

‘ഫാര്‍മസി, മെഡിക്കല്‍ ലാബ്, മണി എക്‌സ്‌ചേഞ്ച്, ടീ ഷോപ്പ് തുടങ്ങിയവയാണ് അവിടെ പ്രവര്‍ത്തിച്ചിരുന്നത്. ഒന്നും ഞങ്ങള്‍ നേരിട്ട് നടത്തിയിരുന്നതല്ല. എല്ലാത്തില്‍ നിന്നുമായി ദിവസം 4400 രൂപ വാടകയിനത്തില്‍ കിട്ടുമായിരുന്നു. ഇടിച്ചുനിരത്തിയ ശേഷം ഞങ്ങള്‍ക്ക് ഇനി നൂഹില്‍ കഴിയാന്‍ തന്നെ പേടിയാണ്. ഇനിയും എന്താണ് അവര്‍ ചെയ്യാനുദ്ദേശിച്ചിട്ടിള്ളതെന്ന് അറിയില്ലല്ലോ’ ആരിഫ് പറഞ്ഞു.

ആസ് മുഹമ്മദിന്റെ വസ്തുവകകള്‍ ഇടിച്ചുനിരത്തിയ നിലയില്‍

മുഹമ്മദ് ശരീഫിന് ആറും സലീമിന് ഒരു കടയുമാണ് ഉണ്ടായിരുന്നത്. 2018 ല്‍ 2.6 ലക്ഷം രൂപ കൊടുത്താണ് സലീം കട വാങ്ങിയത്. ഒരു നോട്ടീസ് പോലും നല്‍കാതെ ഇരുവരുടെയും ജീവനമാര്‍ഗം സര്‍ക്കാര്‍ പൊളിച്ചുതാഴെയിട്ടു. ഇവരുടേത് അനധികൃതനിര്‍മാണമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം. 2010 ല്‍ പണി പൂര്‍ത്തിയാക്കിയ മുഹമ്മദ് അക്കീലിന്റെ രണ്ട് നില ഹോട്ടലും സര്‍ക്കാര്‍ വാദപ്രകാരം അനധികൃതമാണ്. ഇവക്ക് 2016 ഒക്ടോബറിലും 2017 ഫെബ്രുവരിയിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. Haryana Development and Regulation of Urban Areas Act, 1975, Punjab Scheduled Roads and Controlled Areas Restriction of Unregulated Development Act, 1963 എന്നിവ പ്രകാരം അതോറിറ്റികള്‍ എന്തെങ്കിലും നിയമവിരുദ്ധ നിര്‍മാണം കണ്ടെത്തിയാല്‍ ഉടമസ്ഥരെ ഹിയറിങ്ങിന് വിളിക്കണം. പക്ഷെ വിളിച്ചിട്ടില്ല. ഇവരുടെ കാര്യത്തില്‍ മാത്രമല്ല, മിക്കവാറും എല്ലാ കേസിലും ഇതാണ് സ്ഥിതി.

കയ്യേറ്റം ആരോപിച്ചുള്ള വനം വകുപ്പ് റിപ്പോര്‍ട്ടിന്റെ കോപ്പി

അക്കീലിന്റെ ഹോട്ടലിന് അല്‍പം അകലെയാണ് ഡല്‍ഹി സ്വദേശിയായ മുബീന്‍ ഖാന്റെ കജാരിയ ടൈല്‍സ് ഷോറൂം പ്രവര്‍ത്തിച്ചിരുന്ന 881 ചതുരശ്രയടി കെട്ടിടം. പൊളിക്കും മുമ്പ് ഒരു നോട്ടീസും കിട്ടിയിരുന്നില്ലെന്ന് മുബീന്‍ ഖാന്‍ പറഞ്ഞു. പ്രദേശത്ത് കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ അങ്ങോട്ടേക്ക് പോകാനോ നഷ്ടം കണക്കാക്കാനോ കഴിഞ്ഞിട്ടില്ല. മുബീന്‍ ഖാന്റെ ഭാര്യ അര്‍ഫിനയുടെ പേരില്‍ വാങ്ങിയതാണ് ഭൂമി. ഉടമസ്ഥാവകാശ രേഖകള്‍ ഒന്ന് മറിച്ചുനോക്കാന്‍ പോലും തയ്യാറാകാതെയാണ് ഭരണകൂടം ബുള്‍ഡോസറുമായി ഇറങ്ങിയതെന്ന് സാക്ഷ്യപ്പെടുത്തുന്നു ഈ സംഭവം.

ഹൈക്കോടതിയും ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. തര്‍ക്കമുള്ള കെട്ടിടം സംബന്ധിച്ച് നോട്ടീസ് അയക്കുകയും ഉടമകള്‍ക്ക് രേഖകള്‍ ഹാജരാക്കാനുള്ള മതിയായ സമയം അനുവദിക്കുകയും വേണം. പൊളിക്കലിന് മുന്പ് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് തെളിയിക്കാന്‍ കഴിയുമോ എന്നാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചത്.

ഫിറോസ്പൂര്‍ ജിര്‍ക്ക താലൂക്കില്‍ പൊളിക്കലുമായി ബന്ധപ്പെട്ട 70 കേസുകളില്‍ ഇരകളുടെ അഭിഭാഷകന്‍ മുഹമ്മദ് യൂസുഫ് പറയുന്നത് ഭൂരിഭാഗം കേസുകളിലും ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുണ്ടെന്നാണ്. നഗിനയിലെ ഒരു കേസ് കൗതുകരമാണ്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കായുള്ള പ്രിയദര്‍ശിനി ആവാസ് യോജനപ്രകാരം സര്‍ക്കാര്‍ തന്നെ നിര്‍മിച്ചുനല്‍കിയ 10 വര്‍ഷം പഴക്കമുള്ള അക്ബരി ബീഗത്തിന്റെ ഒറ്റ മുറി വീടും അനധികൃതമെന്ന് ആരോപിച്ച് പൊളിച്ചുനീക്കി.

‘അന്നത്തെ സര്‍പഞ്ച് ആണ് വീട് കൈമാറിയത്. ഭൂമിയുടെ കാര്യത്തില്‍ ഒരു തര്‍ക്കവും പറഞ്ഞിരുന്നില്ല. 12 പേരാണ് കൊച്ചുവീട്ടില്‍ താമസിച്ചിരുന്നത്. എല്ലാവരും പെരുവഴിയിലായി. വാടകവീട്ടിലേക്ക് മാറേണ്ടിവന്നു.’ അക്ബരി ബീഗത്തിന്റെ മകന്‍ മുഹമ്മദ് ഷാദ് വേദനയോടെ പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതി പ്രകാരം നിര്‍മിച്ച വീടായിട്ടും ഭൂമിയുടെ രേഖകള്‍ ഇവര്‍ക്ക് കൈമാറിയിരുന്നില്ല. രേഖകള്‍ക്കായി 2017 ല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് സര്‍പഞ്ച് കത്തെഴുതിയിരുന്നു. പക്ഷെ ഫലമുണ്ടായില്ല. കയ്യേറ്റ ഭൂമിയില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് വീട് വെച്ചെന്ന് ആരോപിച്ച് അക്ബരി ബീഗത്തിന് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കി, പൊളിക്കലിന് ഒരു മാസം മുമ്പ്.

ചട്ടങ്ങള്‍ പടിക്കുപുറത്ത്
സഹോദരങ്ങളായ അസദും ആസ് മുഹമ്മദും 1996 മുതല്‍ താമസിച്ചുവന്നിരുന്ന കോണ്‍ക്രീറ്റ് വീട് ഓഗസ്റ്റ് മൂന്നിന് ബുള്‍ഡോസര്‍ നിലംപരിശാക്കി. വാടക വീട്ടിലാണ് ഇപ്പോള്‍ താമസം. വനംവകുപ്പിന്റെ നോട്ടീസ് പ്രകാരം ഇവരുടെ വീട് വനഭൂമി കയ്യേറി നിര്‍മിച്ചതാണത്രെ. ‘കറണ്ട് ബില്ലും വെള്ളത്തിന്റെ ബില്ലുമെല്ലാം മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്ന കെട്ടിടമാണ്. മുമ്പ് ഒരിക്കല്‍ പോലും ഭൂമിയുടെ ഉടസ്ഥത സംബന്ധിച്ച് ചോദ്യമുണ്ടായിട്ടില്ല. രേഖകള്‍ ചോദിച്ചിട്ടില്ല’ 55 കാരനായ ആസ് പറയുന്നു. വീടിനുള്ളിലെ സാധനങ്ങള്‍ എടുക്കാന്‍ പോലും അഞ്ചു മിനിറ്റ് കൊടുക്കാതെയായിരുന്നു ബുള്‍ഡോസര്‍ കയറിയിറങ്ങിയത്. സമാനമായ രീതിയില്‍ 12 വീടുകള്‍ കൂടി ഈ മേഖലയില്‍ പൊളിച്ചു. പഴയ തീയതിയിലുള്ള നോട്ടീസുകളാണ് ഈ കെട്ടിടങ്ങളില്‍ പതിച്ചത്. അതും പൊളിക്കുന്ന അതേ ദിവസം. നൂഹിലെ ഇരകളാകെ ഉന്നയിക്കുന്ന ഏറ്റവും പ്രധാന കാര്യം ഇതാണ്. പൊളിക്കും മുന്‍പ് ഒന്നുകില്‍ നോട്ടീസ് നല്‍കിയില്ല. അല്ലെങ്കില്‍ നോട്ടീസിന് ശേഷം മതിയായ സമയം അനുവദിച്ചില്ല.

നൂഹ് കേസില്‍ അഡീഷണല്‍ സിവില്‍ ജഡ്ജിയുടെ വിധി

വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരിക്കാനാവില്ലെന്ന് നൂഹ് ഡെപ്യൂട്ടി കമ്മിഷണര്‍ ധീരേന്ദ്ര ഖഡ്ഗാട്ട പറഞ്ഞു. നഗര വികസന ആസൂത്രണ വകുപ്പ്, ഹരിയാന ശഹരി വികാസ് പ്രതികരണ്‍, വനം വകുപ്പ്, നൂഹ് ജില്ലാ ഭരണകൂടം, പൊലീസ് എന്നിവരെയും ബന്ധപ്പെട്ടെങ്കിലും ആരും ഇതുവരെ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.

കയ്യേറ്റമായാലും അനധികൃത നിര്‍മാണമായാലും പൊളിക്കും മുമ്പ് സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളുമുണ്ട്. പുനരധിവാസം ഉറപ്പാക്കാതെയുള്ള കുടിയൊഴിക്കലും പൊളിക്കലും ശരിയല്ലെന്നാണ് കഴിഞ്ഞവര്‍ഷം Krishna Nagar Gram Vikas Samiti v Union of India കേസില്‍ കോടതി നിരീക്ഷിച്ചത്. 1985 ലെ Olga Tellis v Bombay Municipal Corporation കേസിലെ സുപ്രീം കോടതി വിധി ഈ വിഷയത്തില്‍ ഒരു നാഴികക്കല്ലാണ്. തെരുവില്‍ കുടില്‍കെട്ടി താമസിക്കുന്നവരെപ്പോലും അവരുടെ ഭാഗം കേള്‍ക്കാന്‍ അവസരം കൊടുക്കാതെ കുടിയൊഴിക്കുന്നത് ഭരണഘടനാവിരുദ്ധം എന്നാണ് ആ സുപ്രധാന വിധി.

സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ബുള്‍ഡോസര്‍ അതിക്രമത്തിന്റെ നിയമവശങ്ങളെക്കുറിച്ച് നമ്മള്‍ ഇവിടെ ചര്‍ച്ച ചെയ്യുമ്പോള്‍, സഹൂദ് ഉള്‍പ്പെടെ നൂറുകണക്കിന് കുടുംബങ്ങള്‍ തലചായ്ക്കാനിടമില്ലാതെ, വരുമാനമില്ലാതെ തെരുവില്‍ കഴിയുകയാണ്, ഇടിച്ചുനിരത്തലിന്റെ ഭീകരാനുഭവങ്ങള്‍ മാത്രം തലയില്‍ ചുമന്നുകൊണ്ട്…

(ഫ്രണ്ട്‌ലൈന്‍ 2023 ഓഗസ്റ്റ് 25 ന് പ്രസിദ്ധീകരിച്ച ഒറിജനല്‍ റിപ്പോര്‍ട്ടിന്റെ മലയാളം പരിഭാഷയാണ് അഴിമുഖം പ്രസിദ്ധീകരിക്കുന്നത്)

(ഇന്ത്യയിലെ ഭൂമി സംബന്ധ സംഘര്‍ഷങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിവിഭവ പരിപാലനം എന്നിവയെക്കുറിച്ച് പഠിക്കുന്ന ഗവേഷകരുടെ ഒരു സ്വതന്ത്ര ശൃംഖലയായ ‘ലാന്‍ഡ് കോണ്‍ഫ്‌ളിക്റ്റ് വാച്ചി’ലെ അംഗങ്ങളാണ് സുകൃതി വട്‌സയും പ്രിയന്‍ഷ ചൗഹാനും)

×