UPDATES

ഇന്ത്യയിലെ ‘ബുള്‍ഡോസര്‍ അനീതി’; ജെസിബിയും പ്രതിക്കൂട്ടില്‍?

മുസ്ലിങ്ങളെ ലക്ഷ്യമിട്ടു നടക്കുന്ന ‘പൊളിക്കല്‍ ശിക്ഷ’ അവസാനിപ്പിക്കണമെന്ന് ആനംസ്റ്റി

                       

ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗമായ മുസ്ലിങ്ങളുടെ ആരാധനാലയങ്ങള്‍, വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേ നടക്കുന്ന നിയമവിരുദ്ധമായ ‘പൊളിക്കല്‍ ശിക്ഷവിധി’കള്‍ അടിയന്തരമായി നിര്‍ത്തണമെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. പുറത്തു വിട്ട രണ്ടു പുതിയ റിപ്പോര്‍ട്ടുകളിലാണ് വിവിധ സംസ്ഥാനങ്ങളിലായി ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള മുസ്ലിം വസ്തുവകകള്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ നശിപ്പിക്കുന്ന കാര്യം ആംനസ്റ്റി ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം നടപടികള്‍ നൂറുകണക്കിനു പേരെയാണ് വഴിയാധാരമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന അവരുടെ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നടക്കുന്ന ‘ ബുള്‍ഡോസര്‍ രാജി’ല്‍ ലോക പ്രശസ്ത നിര്‍മാണ യന്ത്രോപകരണ നിര്‍മാതാക്കളായ ജെസിബിക്കെതിരേയും ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. നിങ്ങളുടെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് ‘പൊളിക്കല്‍ ശിക്ഷകള്‍’ ഇന്ത്യയില്‍ നടപ്പിലാക്കുന്നതെന്നും, മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് തങ്ങളുടെ യന്ത്രോപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേ പരസ്യമായി അപലപിക്കണമെന്നും ആംനസ്റ്റി ജെസിബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

‘ ബുള്‍ഡോസര്‍ ഇന്‍ജസ്റ്റീസ് ഇന്‍ ഇന്ത്യ’, ‘ ജെസിബി’സ് റോള്‍ ആന്‍ഡ് റെസ്‌പോണ്‍സിബിളിറ്റി ഇന്‍ ബുള്‍ഡോസര്‍ ഇന്‍ജസ്റ്റീസ് ഇന്‍ ഇന്ത്യ’ എന്നിങ്ങനെ രണ്ടു റിപ്പോര്‍ട്ടുകളാണ് ആനംസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രസ്തുത റിപ്പോര്‍ട്ടുകളില്‍ പറയുന്നത്, 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ചുരുങ്ങിയത് 128 വസ്തുവകകള്‍ക്കു മേല്‍ ബുള്‍ഡോസര്‍ കയറ്റിയെന്നാണ്. ഇതു മൂലം 617 ഓളം മനുഷ്യര്‍ ഭവനരിഹതരാവുകയും അവരുടെ ജീവിതോപാധി തകരുകയും ചെയ്തു.

വിവേചനപരമായ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളുടെയോ, മത സംഘര്‍ഷത്തിന്റെയോ പേരു പറഞ്ഞ് അസം, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ ‘ശിക്ഷ’ നടപടിയായി മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവരുടെ വസ്തുവകള്‍ തുടര്‍ച്ചയായി പൊളിച്ചു നീക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ ഡല്‍ഹിയൊഴിച്ച് ബാക്കി നാലിടത്തും ഭരണത്തിലുള്ളത് ബിജെപിയാണ്.

‘ഇന്ത്യയിലെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ‘ ബുള്‍ഡോസര്‍ നീതി’ എന്നു വിശേഷിപ്പിക്കുന്ന മുസ്ലിം സ്വത്തുവകകളുടെ അനധികൃതമായ തകര്‍ക്കല്‍ ക്രൂരവും ഭയാനകവുമാണ്… അവര്‍ കുടുംബങ്ങളെ നശിപ്പിക്കുകയാണ്, എത്രയും വേഗമിത് അവസാനിപ്പിക്കണ’മെന്നാണ് ആനംസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്നസ് കല്ലമാര്‍ഡ് ഫെബ്രുവരി ഏഴിന് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

‘വീടുകളും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും തരിപ്പണമാക്കിക്കൊണ്ടും, പ്രത്യേക ലക്ഷ്യത്തോടെ വെറുപ്പിന്റെ പ്രചാരണങ്ങള്‍ നടത്തിയും, കലാപങ്ങള്‍ സൃഷ്ടിച്ചും, ജെസിബി ബുള്‍ഡോസറുകളെ ആയുധമാക്കിയുമൊക്കെ അധികാരികള്‍ നിയമവാഴ്ച്ചയെ തുടര്‍ച്ചയായി തുരങ്കം വയ്ക്കുകയാണ്. ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടണം’- പ്രസ്താവനയിലെ മറ്റൊരു ഭാഗമാണ്.

അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ ബോധപൂര്‍വം സൃഷ്ടിച്ച സാമുദായിക സംഘര്‍ഷത്തിനുള്ള ‘ശിക്ഷ’യായി മുംബൈയില്‍ മുസ്ലിം വീടുകളും വസ്തുവകകളും മാത്രം ബുള്‍ഡോസറുകള്‍ കൊണ്ട് ലക്ഷ്യം വച്ചതിനെക്കുറിച്ചും ആനംസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് (പ്രാണ പ്രതിഷ്ഠക്കു പിന്നാലെ തുടരുന്ന സംഘര്‍ഷങ്ങള്‍).

2023-ല്‍ സമുദായിക സംഘര്‍ഷങ്ങളുടെ പേരില്‍ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയുടെ പ്രാന്തമേഖലകളിലായി 300 മുസ്ലിം വസ്തുവകകളാണ് തകര്‍ത്തത്. 2021-ല്‍ ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ 100 വര്‍ഷം പഴക്കമുള്ള ഒരു മോസ്‌ക് തകര്‍ത്തതും, 2023-ല്‍ അതേ സംസ്ഥാനത്ത് തന്നെ പ്രയാഗ്‌രാജില്‍ റോഡ് വികസന പദ്ധതിയുടെ പേര് പറഞ്ഞു 16 ആം നൂറ്റാണ്ടില്‍ നിര്‍മിച്ച മറ്റൊരു മോസ്‌ക് തകര്‍ത്തിന്റെ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയിലിപ്പോള്‍ ബുള്‍ഡോസര്‍ മുസ്സിം അടിച്ചമര്‍ത്തലിന്റെ പ്രതീകമായിട്ടുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നതെന്നാണ് വിമര്‍ശനം. മുസ്ലിം വിരോധിയെന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായശേഷമാണ്, കുറ്റകൃത്യങ്ങള്‍ക്കെതിരേ ഉടനടി നീതിയെന്ന പേരില്‍ വീടടക്കമുള്ള വസ്തുവകകള്‍ തകര്‍ക്കുന്ന ശീലം ആരംഭിച്ചതെന്നും, 2014-ല്‍ മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയില്‍ പശുക്കടത്തല്‍ ആരോപിച്ചുള്ള ആള്‍ക്കൂട്ട മര്‍ദ്ദനമടക്കം മുസ്ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, ബിജെപി നേതാക്കള്‍ ബുള്‍ഡോസര്‍ രാജ് ആഘോഷിക്കുകയാണെന്നും അവര്‍ തെരഞ്ഞടുപ്പ് പ്രചാരണങ്ങളില്‍ ബുള്‍ഡോസറുകള്‍ പ്രയോജനപ്പെടുത്തുകയാണെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. കൈയേറ്റ ഭൂമിയിലുള്ളതും, ക്രിമിനലുകളും ഗൂണ്ടാസംഘങ്ങളും നിര്‍മിച്ചതുമായ കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്നാണ് ബിജെപി നേതാക്കളുടെ വാദം. മുസ്ലിങ്ങളെ പ്രത്യേകമായി ലക്ഷ്യം വയ്ക്കുന്നില്ലെന്നാണ് അവര്‍ പറയുന്നത്.

ബുള്‍ഡോസര്‍ രാജ് ഒരുവിധത്തിലും നീതികരിക്കാനാകാത്ത നടപടിയാണെന്നും, ന്യൂനപക്ഷങ്ങളെ, പ്രധാനമായും മുസ്ലിങ്ങളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ബോധപൂര്‍വമായ കലാപ ശ്രമമാണെന്നുമാണ് ആംനസ്റ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അല്‍-ജസീറ ആരാഞ്ഞ പ്രതികരണത്തില്‍ ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

നിയമപരമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയുള്ള പൊളിക്കലുകളാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും ആനംസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് മുമ്പ് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയോ, ഉടമകള്‍ക്ക് ഒഴിഞ്ഞുപോകാനാവശ്യമായ സമയം അനുവദിക്കുകയോ, അവരുടെ സാധനങ്ങള്‍ മാറ്റുന്നതിനോ പോലും അനുവദിക്കാറില്ല. ബുള്‍ഡോസര്‍ രാജിന് ഇരകളായ 75 കുടുംബങ്ങളുമായി സംസാരിച്ചതില്‍ ആറു പേര്‍ക്ക് മാത്രമാണ് മുന്‍കൂര്‍ അറിയിപ്പ് അധികാരികളില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്നാണ് ആനംസ്റ്റി പറയുന്നത്. നിയമപ്രകാരമുള്ള നടപടികള്‍ നടക്കുന്നില്ലെന്നു കോടതികള്‍ ചൂണ്ടിക്കാട്ടിയിട്ടും അനധികൃത പൊളിക്കലുകള്‍ തുടരുകയാണ്.

മത സ്വാതന്ത്ര്യമില്ലാത്ത ഇന്ത്യ

പൗരന്മാരുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനുള്ള അന്താരാഷ്ട്ര ഉടമ്പടിയായ ഐസിഇഎസ്‌സിആറില്‍(ICESCR) ഒപ്പ് വച്ചിട്ടുള്ള രാജ്യമെന്ന നിലയില്‍ ഇന്ത്യ, അതിന്റെ പൗരന്മാരുടെ പാര്‍പ്പിടത്തിനും, ജോലി ചെയ്യാനും, സാമൂഹിക സുരക്ഷ ലഭ്യമാകാനുമുള്ള അവകാശങ്ങളെ മാനിക്കാനും നിറവേറ്റാനും ബാധ്യസ്ഥരാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഓര്‍മിപ്പിക്കുന്നു.

യുകെ ആസ്ഥാനമായ ജോസഫ് സിറില്‍ ബാംഫോര്‍ഡ് എക്‌സ്‌കാവറ്റേഴ്‌സ്(Joseph Cyril Bamford Excavators) അഥവ ജെസിബി-യുടെ ബുള്‍ഡോസറുകളാണ് ഇന്ത്യയില്‍ നടക്കുന്ന പൊളിക്കല്‍ ശിക്ഷകള്‍ക്ക് ഉപയോഗിക്കുന്നതെന്നാണ് ആനംസ്റ്റി കണ്ടെത്തിയിരിക്കുന്നത്. ‘ ഇന്ത്യയില്‍ നടക്കുന്ന പൊളിക്കലുകളില്‍ ജെസിബി ബുള്‍ഡോസറുകള്‍ നിര്‍ണായക ഭാഗമാണ്. ആ വാക്ക് ജെസിബി, ബുള്‍ഡോസര്‍ എന്നിങ്ങനെ മാറിമാറി ഉപോയഗിക്കുന്നുണ്ട്. പൊളിക്കല്‍ ശിക്ഷകള്‍ നടക്കുമ്പോള്‍ ജെസിബിയുടെ പേരാണ് ബിജെപി നേതാക്കള്‍ എടുത്തു പറയുന്നത്. ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു എക്‌സില്‍ എഴുതിയൊരു പോസ്റ്റില്‍ വിശദീകരിച്ചത്, ജെസിബി എന്നാല്‍ ‘ജിഹാദി കണ്‍ട്രോള്‍ ബോര്‍ഡ്’ എന്നാണെന്നായിരുന്നു. പിന്നീടയാള്‍ ആ പോസ്റ്റ് നീക്കം ചെയ്തുവെന്നും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്താരാഷ്ട്ര നയം പ്രകാരം, തങ്ങളുടെ ഉപകരണം വാങ്ങിയൊരു മൂന്നാം കക്ഷി അവ ഉപയോഗിച്ച് എന്തു ചെയ്തു എന്നു വിശദീകരിക്കേണ്ട ബാധ്യത ജെസിബിക്ക് ഉണ്ടെന്നാണ് ആനംസ്റ്റി ചൂണ്ടിക്കാണിക്കുന്നത്. മുസ്ലിങ്ങളെ ലക്ഷ്യംവച്ച് ശിക്ഷിക്കാന്‍ ജെസിബി ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ കമ്പനി തയ്യാറാകണമെന്നും, മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്താന്‍ തങ്ങളുടെ യന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ജെസിബിക്കു കഴിയില്ലെന്നും ആംനസ്റ്റി സെക്രട്ടറി ജനറല്‍ ആഗ്നസ് കല്ലമാര്‍ഡ് പറഞ്ഞു. ‘മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്താന്‍ തങ്ങളുടെ യന്ത്രസാമഗ്രികള്‍ ഉപയോഗിക്കുന്നതിനെ പരസ്യമായി അപലപിക്കണമെന്നും സെക്രട്ടറി ജനറല്‍ ആവശ്യപ്പെടുന്നു.

വ്യാപര-മനുഷ്യാവകാശ നയങ്ങളില്‍ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച നിര്‍ദേശങ്ങള്‍ പ്രകാരം മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടാതെ സംരക്ഷിക്കേണ്ടതിന് ഓരോ വ്യാപാരത്തിനും ഉത്തരവാദിത്തമുണ്ട്. ഇന്ത്യയില്‍ നടക്കുന്ന പൊളിക്കലുകള്‍ക്ക് തങ്ങളുടെ യന്ത്രങ്ങള്‍ ഉപയോഗിച്ചതിലും ബുള്‍ഡോസര്‍ വില്‍പ്പന കരാറുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തിലും ജെസിബി ഉത്തരം പറയേണ്ടതുണ്ടെന്നാണ് ആനംസ്റ്റി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍, ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ വിരുദ്ധ പൊളിക്കലുകളുമായി തങ്ങളെ നേരിട്ട് ബന്ധിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് ജെസിബി നിയമപരമായി നടത്തിയിരിക്കുന്ന പ്രതികരണം. ഒരു സ്വതന്ത്ര മൂന്നാംകക്ഷിയായ ജെസിബി ഇന്ത്യ വഴിയാണ് ബുള്‍ഡോസര്‍ വില്‍പ്പനകള്‍ ഇന്ത്യയില്‍ നടക്കുന്നതെന്നും അവര്‍ വാദിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കാന്‍ ജെസിബിക്ക് കഴിയില്ലെന്നും അതിന്റെ ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ ഡീലര്‍ഷിപ്പ് ശൃംഖല ഉപയോഗിക്കുന്നവരില്‍ ജെസിബിക്ക് യാതൊരു സ്വാധീനവും ഇല്ലെന്നും കമ്പനിക്കു വേണ്ടി പ്രതികരിച്ച നിയമ സ്ഥാപനം പറയുന്നു.

പലസ്തീനികളുടെ വീടും ഫാമുകളും ഇടിച്ചു നിരത്താന്‍ ഇസ്രയേല്‍ ജെസിബി ബുള്‍ഡോസറുകള്‍ ഉപയോഗിച്ചതിലും ആനംസ്റ്റി കമ്പനിക്കെതിരേ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു എന്നാണ് അല്‍ ജസീറ പറയുന്നത്. അന്ന് ജെസിബി പറഞ്ഞത്, ഇസ്രയേലി സര്‍ക്കാരിനോ പലസ്തീനില്‍ പൊളിക്കല്‍ കരാര്‍ ഏറ്റെടുത്തവര്‍ക്കോ തങ്ങള്‍ യാതൊരുവിധ യന്ത്രോപകരണങ്ങളും വില്‍ക്കുന്നില്ലെന്നാണ്.

Share on

മറ്റുവാര്‍ത്തകള്‍