UPDATES

മത സ്വാതന്ത്ര്യമില്ലാത്ത ഇന്ത്യ

പ്രത്യേക ആശങ്കയുള്ള രാജ്യ’മായി ഇന്ത്യയെ പ്രഖ്യാപിക്കണമെന്ന് വീണ്ടും യുഎസ്‌സിഐആര്‍എഫ് റിപ്പോര്‍ട്ട്

                       

കടുത്ത മത സ്വാതന്ത്ര ലംഘനം നടത്തുന്ന ഇന്ത്യയെ ”പ്രത്യേക ആശങ്കയുള്ള രാജ്യം” എന്ന പട്ടികയിൽ ഉൾപ്പെടുത്താൻ വിസമ്മതിക്കുന്ന അമേരിക്കൻ ഭരണകൂട നടപടിയെ വിമർശിച്ച് യുഎസ്‌സി‌ഐ‌ആർ‌എഫ്. മത സ്വാതന്ത്രം ചോദ്യം ചെയ്യപ്പെടുന്ന ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപവും യുഎസ്‌സി‌ഐ‌ആർ‌എഫ് ഉയർത്തുന്നുണ്ട്.

നൈജീരിയയും ഇന്ത്യയും മതസ്വാതന്ത്രം സംരക്ഷിക്കുന്നതിൽ വിട്ടു വീഴ്ച ചെയ്തിട്ടും അമേരിക്ക ഔദ്യോഗികമായി ഇത് സ്ഥിരീകരിക്കുന്നതിൽ നിന്ന് മാറി നിൽക്കുന്നതിൽ കടുത്ത നിരാശ പ്രകടിപ്പിച്ചിരിക്കുയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്‌സി‌ഐ‌ആർ‌എഫ് ). ”യുഎസ്‌സി‌ഐ‌ആർ‌എഫ് പുറത്തുവിട്ട റിപ്പോർട്ടുകൾ അടക്കമുള്ള പ്രസ്താവനകൾ ഇരു രാജ്യങ്ങളിലും നടക്കുന്ന ഈ ലംഘനങ്ങൾ തുറന്നു കാണിച്ചിട്ടും പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളായി പ്രഖ്യാപിക്കാത്തതിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് മതിയായ കാരണമില്ലെന്ന് ” അധികൃതർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. തങ്ങളുടെ ശുപാർശകൾ പാലിക്കുന്നതിൽ അമേരിക്ക വരുത്തിയ വീഴ്ച്ചയെ കുറിച്ച് പബ്ലിക് ഹിയറിംഗ് വിളിക്കാൻ ചെയർമാൻ എബ്രഹാം കൂപ്പറും വൈസ് ചെയർമാൻ ഫ്രെഡറിക് എ. ഡേവിയും കോൺഗ്രസിനോട് ആവശ്യപെട്ടിട്ടുണ്ട്. നൈജീരിയയിലെ ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കൊപ്പം മതസ്വാതന്ത്ര്യത്തിനെതിരായ അതിർത്തി ഭീഷണികളും പ്രസ്താവനയിൽ പരാമർശിക്കുന്നുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങളെ കുറിച്ചും റിപ്പോർട്ടിൽ വിമർശനമുണ്ട്. രാജ്യത്തിനകത്തു കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങൾ നടത്തുന്നതിനു പുറമേ, വിദേശത്തുള്ള മതന്യൂനപക്ഷങ്ങളെയും അവർക്കുവേണ്ടി വാദിക്കുന്നവരെയും ലക്ഷ്യം വച്ചുള്ള രാജ്യാന്തര അടിച്ചമർത്തൽ പ്രവർത്തനങ്ങൾ ഇന്ത്യൻ ഗവൺമെന്റ് വർദ്ധിപ്പിച്ചതായി റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. 2023 ലെ വാർഷിക റിപ്പോർട്ടിൽ, 12 രാജ്യങ്ങളെ യാതൊരു ഇളവുകളുമില്ലാതെ പുനർനാമകരണം ചെയ്യാനും, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, നൈജീരിയ, സിറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്ക് “കൺട്രി ഓഫ് പാർട്ടിക്കുലർ കൺസേൺ (സിപിസി)” എന്ന പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ശുപാർശ ചെയ്തിരുന്നു. ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ സമീപ വർഷങ്ങളിൽ അപകടകരമായി മാറുന്നതിനെ കുറിച്ച് കഴിഞ്ഞ വർഷം ഒക്ടോബറിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

എന്താണ് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം

1998-ൽ അന്തരാഷ്ട്ര മത സ്വാതന്ത്ര നിയമ പ്രകാരം നിലവിൽ വന്ന ഒരു സ്വതന്ത്ര, ഉഭയകക്ഷി ഫെഡറൽ ഗവൺമെന്റ് സ്ഥാപനമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം. അമേരിക്കക്കു പുറത്തു മറ്റ് രാജ്യങ്ങളിൽ മതസ്വാതന്ത്ര്യത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നിരീക്ഷിക്കുകയും അത് സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിഡന്റിനും സ്റ്റേറ്റ് സെക്രട്ടറിക്കും കോൺഗ്രസ്സിനും കൈ മാറേണ്ട ചുമതല യുഎസ്‌സി‌ഐ‌ആർ‌എഫ്ന്റെതാണ്. അമേരിക്കയുടെ വിദേശ നയങ്ങൾക്ക് നിർദേശം നൽകുന്നതും ഈ ഫെഡറൽ ഗവൺമെന്റ് സ്ഥാപനമാണ്. എല്ലാ വർഷവും, വിവിധ രാജ്യങ്ങളിൽ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള സമഗ്ര റിപ്പോർട്ട് യുഎസ്‌സി‌ഐ‌ആർ‌എഫ് പുറത്തുവിടാറുണ്ട്. 2022 ലെ 28 രാജ്യങ്ങളുടെ മതസ്വാതന്ത്രത്തെ കുറിച്ചുള്ള 2023 ലെ റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം പലപ്പോഴും ഇന്ത്യയിലെ മതസ്വതന്ത്ര ലംഘനങ്ങൾ നിരീക്ഷിക്കുകയും സർക്കാരിന്റെ ‘മത ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള അന്തർദേശീയ അടിച്ചമർത്തൽ പ്രവർത്തനങ്ങൾ’ ഉയർത്തിക്കാട്ടുകയും ചെയ്തിട്ടുണ്ട്.

എന്താണ് റിപ്പോർട്ടിൽ പരാമർശിക്കുന്ന ഇന്ത്യയിലെ മത സാഹചര്യം

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യ രാജ്യത്ത് ഏകദേശം 1.4 ബില്യൺ ജനങ്ങളുണ്ട്. അവരിൽ ഭൂരിഭാഗവും ഹിന്ദു (79.8%), മുസ്ലീങ്ങൾ (14.2%), ക്രിസ്ത്യാനികൾ (2.3%), സിഖ് (1.7%) എന്നിവരാണ്. ബുദ്ധമതക്കാർ, ജൈനമതക്കാർ, ബഹായികൾ, ജൂതന്മാർ, സൊരാഷ്ട്രിയക്കാർ (പാർസികൾ), മതവിശ്വാസികളല്ലാത്ത ആളുകൾ തുടങ്ങിയ ചെറിയ ശതമാനം ആളുകളുമുണ്ട്. രാജ്യം ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് ആണെന്ന് ഇന്ത്യൻ ഭരണഘടന പറയുന്നുണ്ടെങ്കിലും, എല്ലാ മതങ്ങളെയും തുല്യമായി കാണണം എന്നർത്ഥം വരുന്നുണ്ടെങ്കിലും, 2014 മുതൽ, ബിജെപി സർക്കാർ ഈ മതന്യൂനപക്ഷങ്ങളോട് നീതി പുലർത്താത്ത നയങ്ങളെ പിന്തുണച്ചുകൊണ്ടിരിക്കുക യാണെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. സർക്കാരിന്റെ ഈ നയങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. 2022- ഓടെ ഇന്ത്യയിൽ മതസ്വാതന്ത്ര്യത്തിന്റെ സ്ഥിതി കൂടുതൽ വഷളായി. മതസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും നിയന്ത്രിക്കാൻ സർക്കാർ വർഷം മുഴുവനും യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം), രാജ്യദ്രോഹ നിയമം തുടങ്ങിയ നിയമങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. മതസ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയർത്തുന്ന മാധ്യമപ്രവർത്തകർ, അഭിഭാഷകർ,മനുഷ്യാവകാശ പ്രവർത്തകർ, മതന്യൂനപക്ഷങ്ങൾ എന്നിവരെ നിരീക്ഷണത്തിനു വിധേയമാക്കുകയും തടവിലാക്കുകയും ചെയ്യുന്നുണ്ട്. പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ (സിഎഎ) 2019 മുതൽ നടന്ന സമാധാനപരമായ പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട വ്യക്തികൾക്കെതിരെ നൂറുകണക്കിന് കേസുകൾ നിലവിലുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയുടെ നാലാമത്തെ യൂണിവേഴ്സൽ പീരിയോഡിക് റിവ്യൂവിൽ (യുപിആർ) ഇന്ത്യ മതന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറുന്നുവെന്നും അതിന്റെ “ഭീകരവിരുദ്ധ” നിയമങ്ങൾ എത്ര വിശാലമായി പ്രയോഗിക്കുന്നുവെന്നും മറ്റു രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഓരോ സാഹചര്യങ്ങളും ചൂണ്ടിക്കണിച്ചാണ് മത ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വിവേചനം റിപ്പോർട്ട് ചെയ്യുന്നത്. ഹിജാബ് നിരോധനവും, മിശ്രവിവാഹങ്ങൾ നിരോധിക്കാനും ക്രിമിനൽ കുറ്റമാക്കാനും 12 സംസ്ഥാനങ്ങൾ പദ്ധതിയിടുന്നത് അക്രമ സംഭവങ്ങളിലേക്ക് നയിച്ചതായി റിപ്പോർട്ട് പറയുന്നു. 2022 – ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിൽ പ്രധാന വാഗ്ദാനമായിരുന്നു ഇത്. പശു സംരക്ഷണത്തിന്റെ പേരിലും അക്രമങ്ങൾ പതിവുകാഴച്ചയാണെന്ന് റിപ്പോർട്ടിൽ അടിവരയിടുന്നുണ്ട്. 18 സംസ്ഥാനങ്ങളിൽ പശു കടത്തും, കശാപ്പും നിയമവിരുദ്ധമാണ്. പശുക്കടത്ത് സംശയത്തിന്റെ പേരിൽ ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ദളിതർക്കും എതിരായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബിജെപി അംഗം ഗ്യാൻ ദേവ് അഹൂജ കശാപ്പു ചെയ്യുന്നവരെ വധിക്കാൻ ആഹ്വാനം ചെയ്തിരുന്നു.

ഇതിനു പുറമെ മറ്റു മതങ്ങളുടെ ആരാധനാലയങ്ങൾ തകർക്കപ്പെട്ട സംഭവങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്. ജൂണിൽ ബിജെപി അംഗങ്ങളുടെ അധിക്ഷേപകരമായ ഭാഷയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിൽ മൂന്ന് മുസ്ലീം കുടുംബങ്ങളുടെ വീടുകൾ തകർത്തിരുന്നു. ഫെബ്രുവരിയിൽ മംഗലാപുരത്തിനടുത്തുള്ള ഒരു കത്തോലിക്കാ കേന്ദ്രവും ഹിന്ദു ദേശീയവാദികൾ നശിപ്പിക്കുകയും ഡിസംബറിൽ ഹിന്ദുമതത്തിലേക്ക് മാറാൻ വിസമ്മതിച്ച നൂറുകണക്കിന് ക്രിസ്ത്യാനികളുടെ വീടുകൾ ആക്രമിക്കുകയും ചെയ്തു. കൂടാതെ, മദ്രസകൾ ഇല്ലാതാക്കണമെന്ന പ്രസ്താവനയെത്തുടർന്ന് അസമിൽ കുറഞ്ഞത് നാല് ഇസ്ലാമിക മദ്രസകകളെങ്കിലും തകർത്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലും വിദ്വേഷ പ്രസംഗങ്ങളിലും മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും സോഷ്യൽ മീഡിയയ്ക്ക് കാര്യമായ പങ്കുണ്ടെന്ന് യുഎസ്‌സി‌ഐ‌ആർ‌എഫ് പറയുന്നു.

നയതന്ത്ര നിർദ്ദേശം എന്തായിരുന്നു ?

യുഎസ്‌സി‌ഐ‌ആർ‌എഫ് നിരീക്ഷിച്ച വ്യവസ്ഥാപിതവും ഗുരുതരമായി നടന്നുകൊണ്ടിരിക്കുന്നതുമായ ഈ സാഹചര്യങ്ങൾ മതന്യൂനപക്ഷത്തെ വളരെ മോശമായി ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടന്ന് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ആക്റ്റ് (ഐആർഎഫ്എ) അനുസരിച്ച് ഇന്ത്യയെ “പ്രത്യേക ആശങ്കയുള്ള രാജ്യം” (സിപിസി) ആയി പ്രഖ്യാപിക്കണമെന്നായിരുന്നു പ്രധാന നിർദ്ദേശം. കൂടാതെ, മതസ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ സർക്കാർ ഏജൻസികൾക്കും ഉദ്യോഗസ്ഥർക്കും എതിരെ ഉപരോധങ്ങൾ ഏർപ്പെടുത്താനും സ്വത്തുക്കൾ മരവിപ്പിക്കുകയോ അല്ലെങ്കിൽ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താനും നിർദേശിച്ചിരുന്നു. ഇന്ത്യയുമായി നേരിട്ടും അന്താരാഷ്ട്ര ചർച്ചകളിലും സംസാരിക്കുന്നതിലൂടെയും സഹകരിക്കുന്നതിലൂടെയും മതസ്വാതന്ത്ര്യം, അന്തസ്സ്, വ്യത്യസ്ത വിശ്വാസങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാനും റിപ്പോർട്ട് ആവിശ്യപെട്ടിരുന്നു. യു.എസ്-ഇന്ത്യ ഉഭയകക്ഷി ബന്ധത്തിലും, ഹിയറിംഗ്, ബ്രീഫിംഗുകൾ, കത്തുകൾ, കോൺഗ്രസ് പ്രതിനിധികൾ എന്നിവയിലൂടെ യും ഈ ആശങ്കകൾ ഉയർത്തിക്കാട്ടാനും യുഎസ്‌സി‌ഐ‌ആർ‌എഫ് നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍