UPDATES

മതം മാത്രം മൗനദണ്ഡമാക്കുന്ന പൗരത്വം

എന്തുകൊണ്ട് പൗരത്വഭേദഗതി നിയമം ഭരണഘടനയ്ക്ക് വെല്ലുവിളിയാകുന്നു?

                       

വിവാദമായ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തി വിജ്ഞാപനമിറക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 2019 ഡിസംബര്‍ 4 ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ ബില്ലാണിത്. 2019 ഡിസംബറില്‍ തന്നെ പാര്‍ലമെന്റിലും നിയമം പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഒട്ടേറെ പ്രതിഷേധങ്ങള്‍ ബില്ലിനെതിരേ രാജ്യത്ത് നടന്നിരുന്നു. 2020 ജനുവരി 10 ന് നിയമം നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ പ്രാബല്യത്തില്‍ വരുത്താന്‍ സാധിച്ചിരുന്നില്ല. ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടകളിലെ മുഖ്യവാഗ്ദാനങ്ങളിലൊന്നായ സിഎഎ ഒടുവില്‍ 2024 ലെ പൊതു തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുകയാണ്. നിയമം പ്രാബല്യത്തില്‍ വരുത്തിയതിനു പിന്നാലെയും പ്രതിഷേധങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. നിയമം നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.

ആരാണ് നിയമവിരുദ്ധ കുടിയേറ്റക്കാര്‍ എന്നത് സംബന്ധിച്ച് കൃത്യമായ നിര്‍വചനം കൊണ്ടുവരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്. അതേസമയം അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മാത്രം പൗരത്വം നല്‍കുന്ന ബില്‍ ഭരണഘടനാവിരുദ്ധമാകുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സിഎഎയ്‌ക്കെതിരേ ഉയരുന്ന പ്രതിഷേധം മതാടിസ്ഥാനത്തിലുള്ള വിഭജനത്തിന്റെ പേരിലല്ല. മറിച്ച് തദ്ദേശീയ ജനവിഭാഗങ്ങളുടെ ഭൂമിയും തൊഴിലും കുടിയേറ്റക്കാര്‍ക്ക് കൂടി അവകാശം സ്ഥാപിക്കാന്‍ കഴിയുന്നതാകുന്നതോടെ തങ്ങളുടെ ഇടങ്ങള്‍ ഇല്ലാതാകും എന്ന ആശങ്കയില്‍ നിന്നുള്ളതാണ്. പൗരത്വ പരിഗണനയില്‍ മുസ്ലീമെന്നത് അയോഗ്യതയാക്കുന്ന ബില്ലാണ് മതേതര ഇന്ത്യയുടെ നിയമ വ്യവസ്ഥയില്‍ കൂട്ടിചേര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

2019 ലെ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്ത ബില്ലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു പൗരത്വ നിയമ ഭേദഗതി ബില്ല്. (Citizenship Amendmetn Act). 1955 പൗരത്വ നിയമമാണ് ഇതിനായി ഭേദഗതി ചെയ്തത്. അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് – അതായത് ഹിന്ദു, സിഖ്, ബൗദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ പാസ്‌പോര്‍ട്ടോ വീസയോ ഒന്നും വേണ്ടെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചത്. എന്നാല്‍, ഈ സൗജന്യവും സഹായവുമൊന്നും മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കില്ല.

പൗരത്വം തെളിയിക്കാനാകാത്തവരെ രാജ്യത്ത് നിന്ന് പുറത്താക്കുന്ന നടപടികള്‍ക്ക് 2019 ല്‍ അസമില്‍ തുടക്കം കുറിച്ചിരിന്നു (എന്‍ആര്‍സി). എന്നാല്‍ അന്നു തയ്യാറാക്കിയ പട്ടികയില്‍ ഹിന്ദുക്കളും ഉള്‍പ്പെട്ടിരുന്നു. ഇത് ബിജെപിയെ അസ്വസ്ഥമാക്കിയിരുന്നു. ഒരൊറ്റ ഹിന്ദുവിനും ഇന്ത്യ വിട്ടുപോകേണ്ടി വരില്ലെന്നും മേല്‍പറഞ്ഞ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് വലിയ വിവാദത്തിനാണ് അന്നു കാരണമായത്. മതാടിസ്ഥാനത്തില്‍ നിയമവിരുദ്ധ കുടിയേറ്റവും പൗരത്വവും നിര്‍ണയിക്കാനുള്ള ശ്രമമാണ് പൗരത്വ ഭേദഗതി ബില്ലിനെ വിവാദപരവും ഭരണഘടനാവിരുദ്ധ മാനങ്ങളുള്ളതുമായി മാറ്റുന്നത്.

എന്താണ് 1955ലെ പൗരത്വ ബില്‍?

2019 നു മുമ്പുള്ള 12 മാസവും, 2019 നു മുമ്പുള്ള 14 വര്‍ഷത്തിനിടെ 11 വര്‍ഷവും ഇന്ത്യയില്‍ താമസിച്ചിട്ടുള്ളവര്‍ക്കാണ് 1955ലെ നിയമ പ്രകാരം പൗരത്വത്തിന് അര്‍ഹതയുള്ളത്. പുതിയ ഭേദഗതി ഈ 11 വര്‍ഷം ആറ് വര്‍ഷമായി കുറച്ചിരിക്കുന്നു. ഇന്ത്യയില്‍ ജനിച്ച ഒരാള്‍ക്ക്, അല്ലെങ്കില്‍ ഇന്ത്യന്‍ മാതാപിതാക്കളുള്ളവര്‍ക്ക്, ഒരു പ്രത്യേക കാലപരിധിയില്‍ ഇന്ത്യയില്‍ താമസിച്ചിട്ടുള്ളവര്‍ക്കും പൗരത്വം നല്‍കാന്‍ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. അതേസമയം നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിന് അര്‍ഹതയില്ല. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ വിദേശികളാണ്. മതിയായ യാത്രാരേഖകളില്ലാതെ- പാസ്പോര്‍ട്ട്, വീസ, മറ്റ് രേഖകള്‍ എന്നിവയില്ലാതെ രാജ്യത്തെത്തുന്നവരും യാത്ര രേഖകളുണ്ടെങ്കിലും വീസ കാലാവധിക്കപ്പുറം അനുമതിയില്ലാതെ താമസിക്കുന്നവരും 1955ലെ നിയമ പ്രകാരം നിയമവിരുദ്ധ കുടിയേറ്റക്കാരാണ്. ഇവരെ ജയിലിടക്കുകയോ, 1946ലെ വിദേശി നിയമം (The Foreigners Act), 1920ലെ പാസ്പോര്‍ട്ട് നിയമം (The Passport – Entry into India -Act) എന്നിവ പ്രകാരം നാട് കടത്തുകയോ ചെയ്യാം.

2015ലും 2016ലും വിദേശി നിയമത്തിലും പാസ്‌പോര്‍ട്ട് നിയമത്തിലും വരുത്തിയ മാറ്റങ്ങള്‍

2015ലും 2016ലും ചില പ്രത്യേക വിഭാഗങ്ങളില്‍ പെട്ട നിയമവിരുദ്ധ കുടിയേറ്റക്കാരെ 1946ലെ വിദേശി നിയമത്തിന്റേയും 1920ലെ പാസ്പോര്‍ട്ട് നിയമത്തിന്റേയും വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കി. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ മുസ്ലീം രാജ്യങ്ങളിലെ ന്യൂനപക്ഷ മത വിഭാഗങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, ബുദ്ധ മതക്കാര്‍, പാഴ്സികള്‍, ജൈനര്‍ എന്നിവര്‍ക്കാണ് ഇളവ് നല്‍കിയത്.

ബില്‍ വന്ന വഴി

2016 ജൂലായ് 19ന് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഓഗസ്റ്റ് 12ന് ബില്‍ പരിശോധനയ്ക്കായി ജെപിസിക്ക് (ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി) റഫര്‍ ചെയ്തു. ജനുവരി എട്ടിന് ബില്‍ ലോക്സഭ പാസാക്കി. അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം തുടങ്ങിയത് മോദി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി. അസമില്‍ അസം ഗണ പരിഷദ് അടക്കമുള്ളവ പ്രക്ഷോഭങ്ങളുടെ ഭാഗമായി. രാജ്യസഭ ഫെബ്രുവരി 13ന് നിര്‍ത്തിവച്ചു. രാജ്യസഭയില്‍ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. 16-ാം ലോക്സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്‍ ലാപ്സായി.

പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ അനുസരിച്ച് രാജ്യസഭയുടെ പരിഗണനയിലുള്ളതും ലോക്സഭ പാസാക്കാത്തതുമായ ബില്ലുകള്‍ രാജ്യസഭയില്‍ ലാപ്സാകില്ല. എന്നാല്‍ ലോക്സഭ പാസാക്കുകയും രാജ്യസഭ പാസാക്കാത്തതുമായ ബില്ലുകള്‍ ലോക്സഭ കാലാവധി അവസാനിക്കുന്നതോടെ ലാപ്സാകും. അതോടെ ബില്‍ വീണ്ടും പുതുതായി അവതരിപ്പിക്കേണ്ടി വന്നു. നിയമമാകണമെങ്കില്‍ രണ്ട് സഭകളും പാസാക്കുകയും വേണമായിരുന്നു. അതിനും കേന്ദ്രസര്‍ക്കാരിന് സാധിച്ചു.

പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും

എന്‍ആര്‍സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) അപ്ഡേറ്റ് ചെയ്തത് പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. 1951ലെ എന്‍ആര്‍സി ഡാറ്റയും 1971 മാര്‍ച്ച് 24 വരെയുള്ള വോട്ടര്‍പട്ടികകളും എന്‍ആര്‍സി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി ഉപയോഗിച്ചു. പൗരത്വ ഭേദഗതി പ്രകാരം 1966 ജനുവരി ഒന്നിനും 1974 മാര്‍ച്ച് 24നും ഇടയില്‍ ഇന്ത്യയിലെത്തിയ മുസ്ലീം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കും. ഇത് എന്‍ആര്‍സിക്ക് വിരുദ്ധമാണ്.

ബില്ലിനെ സംബന്ധിച്ച പ്രധാന വിവാദം, നിയമവിരുദ്ധ കുടിയേറ്റക്കാരെ മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്നതിലെ ഭരണഘടനാവിരുദ്ധതയാണ്‌.

മുസ്ലിങ്ങളെ പുറത്താക്കാന്‍ ലക്ഷ്യമിടുന്നു എന്നതാണ് പൗരത്വ ഭേഗതി ബില്ലിനെതിരായ ഏറ്റവും പ്രധാന പരാതി. എല്ലാ പൗരന്മാര്‍ക്കും മത, സാമുദായിക, ജാതി, ലിംഗ ഭേദങ്ങള്‍ക്ക് അതീതമായി സമത്വം ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണ് ബില്‍ എന്ന് വിമര്‍ശകര്‍ പറയുന്നു. അതേസമയം മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ അടിച്ചമര്‍ത്തല്‍ നേരിട്ട മതന്യൂനപക്ഷങ്ങളെ പൗരത്വം നല്‍കി സംരക്ഷിക്കുന്നു എന്നാണ് സര്‍ക്കാരിന്റെ വാദം. ഇന്ത്യ വിഭജനത്തെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിയവരടക്കം, യഥാര്‍ത്ഥ ‘മണ്ണിന്റെ മക്കള്‍’ക്ക് അര്‍ഹതപ്പെട്ട പൗരത്വം നല്‍കുന്നു, ‘ചരിത്രത്തിന്റെ തെറ്റ് തിരുത്തുന്നു’ എന്നെല്ലാമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം ബില്ലിനെതിരെ നടന്ന പ്രതിഷേധം

2019ല്‍ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, അസമിലെത്തിയപ്പോള്‍ അസം ഗണ പരിഷദ് അടക്കമുള്ളവ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കരിങ്കൊടികളുമായാണ് മോദിയെ സ്വീകരിച്ചത്. അസമിലും മേഘാലയയിലും മിസോറാമിലുമെല്ലാം ശക്തമായ പ്രതിഷേധമുണ്ടായി.

തങ്ങളുടെ തൊഴിലവസരങ്ങള്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ തട്ടിയെടുക്കും, ഇത് കൂടാതെ തദ്ദേശീയ ജനവിഭാഗങ്ങള്‍ ന്യൂനപക്ഷമാക്കപ്പെടും എന്നുള്ള വംശീയമായ ആശങ്കകളുമാണ് വടക്കുകഴിക്കന്‍ സംസ്ഥാനങ്ങളിലുള്ളത്. ബംഗാളി മുസ്ലിങ്ങള്‍ക്കെതിരെ അസമിലെ ബോഡോകള്‍ നടത്തിവന്നിരുന്ന ആക്രമങ്ങളുടെ സമയത്ത് മുസ്ലിം കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും ബോഡോകള്‍ക്ക് പിന്തുണ നല്‍കുകയുമാണ് ബിജെപി ചെയ്തത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയങ്ങള്‍ക്കും ഭൂരിപക്ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അധികാരം നേടുകയും ചെയ്തതിന് പിന്നില്‍ ഈ കുടിയേറ്റ വിരുദ്ധ പ്രചാരണത്തിന് വലിയ പങ്കുണ്ട്. എന്നാല്‍ ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സഖ്യകകക്ഷികളില്‍ നിന്നടക്കം അവര്‍ക്കെതിരെ പ്രതിഷേധമുയരാന്‍ ഇടയാക്കി.

നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂനപക്ഷവും, മ്യാന്‍മറിലും ശ്രീലങ്കയിലും ബുദ്ധിസ്റ്റ് ഭൂരിപക്ഷ മതതീവ്രവാദികളില്‍ നിന്ന് ആക്രമണങ്ങള്‍ നേരിടുന്നവരുമായ മുസ്ലിങ്ങളെ ഒഴിവാക്കിയതിനെതിരെ രാജ്യസഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പൗരത്വത്തിന്റെ മാനദണ്ഡം മതം മാത്രമാകുമ്പോള്‍

2014ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരത്തില്‍ തന്നെ ബംഗ്ളാദേശില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാര പുറത്താക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. കൃത്യമായി വര്‍ഗീയ ധ്രുവീകരണ ലക്ഷ്യത്തോടെയാണ് ഈ പ്രചാരണം എന്ന് എതിരാളികള്‍ ആരോപിച്ചു. അമിത് ഷാ ബിജെപി അധ്യക്ഷനായി ചുമതലയേറ്റ ശേഷം ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരെ ലക്ഷ്യം വച്ചുള്ള ഈ പ്രചാരണം ശക്തമാക്കി. രണ്ടാം മോദി സര്‍ക്കാരില്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയായ ശേഷം പൊതുയോഗത്തില്‍ പ്രസംഗിക്കവേ, രേഖകളില്ലാത്ത ഏതൊക്കെ കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കും എന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മതാടിസ്ഥാനത്തില്‍ തന്നെയാവും പൗരത്വം നല്‍കുകയെന്നാണ് അദ്ദേഹം പറഞ്ഞത്. സുപ്രിം കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടപ്പാക്കിയ ദേശീയ പൗരത്വ പട്ടിക വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കപ്പെട്ടുവെന്ന ആരോപണവും ഉണ്ടായി. അസമില്‍ ഹിന്ദുക്കളും പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുന്നു എന്ന് വ്യക്തമായതോടെ പൗരത്വ പട്ടികയെ വിമര്‍ശിച്ച് ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ രംഗത്ത് വരാന്‍ തുടങ്ങി. രാജ്യത്താകെ പൗരത്വ പട്ടിക നടപ്പാക്കുമെന്നും അതേസമയം അസമില്‍ സംഭവിച്ച ‘തെറ്റുകള്‍’ തിരുത്തും എന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന്റെയൊക്കെ തുടര്‍ച്ചയായാട്ടായിരുന്നു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന ബില്ല് ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കുന്നതാണൊ എന്ന് കാര്യം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. കോടതിയുടെ പരിഗണനയില്‍ ഈ വിഷയം ഇരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിയമം നടപ്പില്‍ വരുത്തിയിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍