UPDATES

ഉത്തരകാലം

മലബാര്‍ ചര്‍ച്ച ചെയ്യുന്നത് പൗരത്വ നിയമം, പ്രചാരണച്ചൂട് പെരുന്നാളിന് ശേഷം കനക്കും

പൊന്നാനി, മലപ്പുറം, വയനാട്, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ മലബാര്‍ മണ്ഡലങ്ങള്‍ എന്താണ് ചര്‍ച്ച ചെയ്യുന്നതെന്നും തീരുമാനമെടുക്കുന്നതെന്നും പ്രധാനമാണ്

                       

വടകരയൊഴികെയുള്ള മലബാര്‍ മണ്ഡലങ്ങളിലൂടെ തിരഞ്ഞെടുപ്പ് കാലത്തുള്ള പകല്‍ യാത്രയില്‍ മത്സരത്തിന്റെ ചൂടൊന്നും പുറമെ കാണാനില്ലായിരുന്നു(വടകരയില്‍ 40 ഡിഗ്രി ചൂടിനേക്കാള്‍ തീവ്രമാണ് തിരഞ്ഞെടുപ്പിന്റെ ചൂട്). പൊള്ളുന്ന ചൂടും നോമ്പിന്റെ ക്ഷീണവും ചേര്‍ന്നതോടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫും യു.ഡി.എഫും രാവിലേയും വൈകീട്ടുമായി നിശ്ചയിച്ചു. നേരത്തേ കളത്തിലിറങ്ങിയ ഇടതുപക്ഷം ഒന്നാം റൗണ്ടും രണ്ടാം റൗണ്ടുമെല്ലാം കഴിഞ്ഞ് മുന്നേറുന്നുണ്ടെങ്കിലും പെരുന്നാളിന് ശേഷം ലീഗിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ശക്തമായി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പ് കൊഴുക്കുമെന്നാണ് പൊതുവേ പ്രവര്‍ത്തകരുടേയും നേതാക്കളുടേയും വിശ്വാസം.

പൊന്നാനി, മലപ്പുറം, വയനാട്, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ മലബാര്‍ മണ്ഡലങ്ങള്‍ ഈ ലോകസഭ തിരഞ്ഞെടുപ്പില്‍ എന്താണ് ചര്‍ച്ച ചെയ്യുന്നതെന്നും തീരുമാനമെടുക്കുന്നതെന്നും പ്രധാനമാണ്. 2019-ല്‍ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും കേന്ദ്രത്തില്‍ ബി.ജെ.പി ഇതര സര്‍ക്കാരിനെ കുറിച്ചുള്ള പ്രതീക്ഷയും ചേര്‍ന്ന് യു.ഡി.എഫിന് നല്‍കിയ വലിയ വിജയം ഇക്കുറി ആവര്‍ത്തിക്കാനാകുമെന്ന് അവര്‍ക്ക് പോലും പ്രതീക്ഷയില്ല. എങ്കിലും ‘ഇന്ത്യ’ മുന്നണിയും മതേതര സര്‍ക്കാരിന്റെ നേതൃത്വമെന്ന നിലയില്‍ കോണ്‍ഗ്രസിനെ കുറിച്ചുള്ള അണയാത്ത സങ്കല്പങ്ങളും വലിയ വിജയം നല്‍കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. അതേ സമയം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കും കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ സ്ഥിരതയാര്‍ന്ന നിലപാടുകളും യു.ഡി.എഫിന്റെ പ്രതീക്ഷകളെ തകര്‍ക്കുമെന്നാണ് എല്‍.ഡി.എഫ് കരുതുന്നത്.

വയനാട്, മലപ്പുറം ജില്ലകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ്. ഇരു സ്ഥാനാര്‍ത്ഥികളെ കുറിച്ച് വലിയ മതിപ്പും ജനങ്ങള്‍ക്കിടയിലുണ്ട്. എങ്കിലും അവരുടെ വിജയം ആരും പ്രതീക്ഷിക്കുന്നില്ല. മുസ്ലിം ലീഗിന്റെ കൊടി ഉയര്‍ത്താന്‍ പോലും കഴിയാത്തതിന്റെ പേരില്‍ വയനാട്ടിലെ ഇത്തവണത്തെ രാഹുല്‍ ഗാന്ധിയുടെ ആദ്യ റാലി വിവാദത്തിലായെങ്കിലും രാഹുലിന് ഇപ്പോഴും ആകര്‍ഷിക്കാന്‍ കഴിയുന്ന ജനസഞ്ചയത്തെ കുറിച്ച് ആര്‍ക്കും സംശയമില്ല. ആനി രാജയെ പോലെ ദേശീയതലത്തില്‍ അറിയപ്പെടുന്ന, പോരാട്ട വീര്യമുള്ള ഒരു വലിയ നേതാവ് മത്സരരംഗത്ത് ഉള്ളതിന്റെ ആവേശം വയനാട്ടില്‍ ഇടതുപക്ഷത്തിനുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് മുതല്‍ അങ്ങകലെ മണിപ്പൂരില്‍ നിന്ന് വരെ ആനി രാജയക്ക് പിന്തുണയുമായി ജനങ്ങള്‍ വയനാട്ടിലെത്തിയിട്ടുണ്ട്.

തമിഴ്നാട്ടില്‍ വീരപ്പന്‍ വേട്ടയുടെ പേരില്‍ സത്യമംഗലം വനമേഖലയില്‍ കര്‍ണാടക-തമിഴ്നാട് സര്‍ക്കാരുകളുടെ സംയുക്ത സേന നടത്തിയ നരനായാട്ടിനിരയായ മനുഷ്യരുടെ നീതിക്ക് വേണ്ടി പൊരുതിയ ആനി രാജയോടുള്ള സ്നേഹമറിയിക്കാനാണ് തമിഴ്നാട്ടില്‍ നിന്ന് ഒരു വലിയ സംഘം സ്ത്രീകള്‍ വയനാട്ടില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തുന്നത്. അതുപോലെ തന്നെ മണിപ്പൂരില്‍ ഈയടുത്ത് നടന്ന വര്‍ഗ്ഗീയാക്രമണങ്ങളില്‍ ഇരയാക്കപ്പെട്ട കുക്കി സമുദായത്തിന്റെ പ്രതിനിധികളും വയനാട്ടിലെത്തി. മണിപ്പൂരില്‍ മെയ്തി ജനവിഭാഗം ബി.ജെ.പിയുടെയും മണിപ്പൂരിലെ വലതുപക്ഷ അക്രമി സമൂഹത്തിന്റെയും പിന്തുണയോടെ കുക്കി സമുദായത്തേയും അവരുടെ പള്ളികളേയും സ്വത്തിനേയും ആക്രമിക്കുമ്പോള്‍ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവര്‍ത്തിച്ചിരുന്ന ആളാണ് സി.പി.ഐയുടെ മുതിര്‍ന്ന നേതാവായ ആനി രാജ.

മലപ്പുറത്ത് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി വി.വസീഫിന് പിന്തുണയായി ജെ.എന്‍.യു.വില്‍ എബിവിപി സഖ്യത്തെ പരാജയപ്പെടുത്തിയ വിദ്യാര്‍ത്ഥി നേതാക്കളടക്കം രംഗത്തുണ്ട്. ഡി.വൈ.എഫ്.ഐയുടേയും എസ്.എഫ്.ഐയുടേയും പ്രവര്‍ത്തകരുടെ പിന്തുണയോടെ, വസീഫ് നേരത്തേ തന്നെ രംഗത്തുണ്ടെങ്കിലും മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും യു.ഡി.എഫിന്റെയും ആത്മവിശ്വാസത്തിന് ഇളക്കമില്ല. എല്‍.ഡി.എഫ് തൂത്തുവാരിയ 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ പോലും ലീഗിനൊപ്പം അടിയുറച്ച് നിന്ന മണ്ഡലങ്ങളാണ് കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍ മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നിങ്ങനെ മലപ്പുറം ലോകസഭ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭ മണ്ഡലങ്ങളും.

എന്നാല്‍ പൊന്നാനിയില്‍ ഇക്കുറിയൊന്ന് പിടിച്ച് നോക്കാമെന്ന പ്രതീക്ഷ എല്‍.ഡി.എഫിനുണ്ട്. മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നാലും 2021-ല്‍ വിജയിച്ചത് എല്‍.ഡി.എഫാണ്. തൃത്താല, പൊന്നാനി, തവനൂര്, താനൂര് എന്നിവ. തിരൂര്, തിരൂരങ്ങാടി, കോട്ടക്കല്‍ മണ്ഡലങ്ങള്‍ ലീഗിനൊപ്പം തന്നെ നിലകൊള്ളുന്നു. മുന്‍ ലീഗ് നേതാവ് കൂടിയായ എല്‍.ഡി.എഫിന്റെ കെ.എസ് ഹംസക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് അണികള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അബ്ദുള്‍ സമദ് സമദാനിക്ക് ലീഗിന്റെ കോട്ട നിലനിര്‍ത്താന്‍ പ്രയാസമുണ്ടാകില്ലെന്നാണ് യു.ഡി.എഫ് വൃത്തങ്ങളുടെ കണക്ക് കൂട്ടല്‍.

എന്നാല്‍ മലബാറിലെ ഏതാണ്ട് മുഴുവന്‍ സീറ്റുകളേയും ബാധിക്കുന്ന തിരഞ്ഞെടുപ്പ് വിഷയമായി പൗരത്വ നിയമം ഉയര്‍ന്ന് വന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. പൊന്നാനിയിലെ ചന്തപ്പടിയില്‍ മുതല്‍ കോഴിക്കോട് മണ്ഡലത്തിന്റെ ഭാഗമായ കൂടത്തായിയിലും വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടി പട്ടണത്തിലും എന്ന് വേണ്ട, യാത്രയില്‍ കണ്ട് മുട്ടിയ സകലമനുഷ്യര്‍ക്കും ലിംഗ/മത/വര്‍ഗ്ഗ ഭേദമില്ലാതെ ഇതേ അഭിപ്രായമാണുള്ളത്. മലബാറിലെ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തെ ഏതാണ്ട് ഒറ്റയ്ക്ക് തോളിലേറ്റുന്ന മുസ്ലിം ലീഗിന്റെ അടിത്തട്ടില്‍ ഇത് ഒരു ആശങ്കയായി നിലനില്‍ക്കുന്നുമുണ്ട്. പൗരത്വ വിഷയത്തില്‍ കേരളത്തിലോ ദേശീയ തലത്തിലോ കോണ്‍ഗ്രസ് വലിയ പ്രതികരണങ്ങളോ പ്രതിഷേധങ്ങളോ നടത്തിയില്ല എന്നത് മാത്രമല്ല, സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം ഈ വിഷയത്തില്‍ ശക്തമായ നിലപാട് കൈക്കൊണ്ടുവെന്നത് താഴെ തട്ടില്‍ വലിയ ഇളക്കമുണ്ടാക്കിയിട്ടുണ്ട്.

ഇതിനപ്പുറത്താണ് കാലാകാലങ്ങളായി ലീഗിന്റേയും അതുവഴി അവരുടെ മുന്നണിയായ യു.ഡി.എഫിന്റെയും പിന്തുണക്കാരായ ഇകെ.വിഭാഗത്തിന്റെ നിലപാട്. ലീഗിനുള്ള പിന്തുണയുടെ കാര്യത്തില്‍ സമസ്തയില്‍ വലിയ ആശയക്കുഴപ്പമില്ലെങ്കിലും പലസ്തീന്‍, പൗരത്വനിയമം, രാമക്ഷേത്രം, മണിപ്പൂര്‍ തുടങ്ങി പല വിഷയങ്ങളിലും കോണ്‍ഗ്രസ് ശക്തമായ നിലപാട് കൈക്കൊള്ളുന്നില്ല എന്ന പരാതി പരക്കെയുണ്ട്. ബി.ജെ.പിയിലേയ്ക്കുള്ള കോണ്‍ഗ്രസ് പ്രതിനിധികളുടേയും നേതാക്കളുടേയും ഒഴുക്ക് കേരളത്തിലേയ്ക്കും പത്മജ വേണുഗോപാലിലേയ്ക്കും വരെ എത്തിയതും കാലങ്ങളായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ടുകള്‍ തിരിയുന്നതിനെ തടയുന്നതിന് കോണ്‍ഗ്രസും ലീഗും പ്രധാനമായി ഉപയോഗിക്കുന്നത് കാസര്‍ഗോഡ് റിയാസ് മൗലവി കേസിലെ കോടതി വിധിയാണ്. കേസ് കൃത്യമായി നടത്താത്തത് കൊണ്ടാണ് ഇത്തരമൊരു സാഹചര്യമുണ്ടായതെന്നും പോലീസ് ബി.ജെ.പിക്കനുകൂലമായി പ്രവര്‍ത്തിക്കുന്നതിനെ ആഭ്യന്തരവകുപ്പ് തടയുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു. പ്രോസിക്യൂഷന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ട് എന്ന റിയാസ് മൗലവിയുടെ ഭാര്യയുടെ പ്രതികരണമാണ് ഇടതുപക്ഷത്തിന്റെ അതിനുള്ള മറുപടി.

പ്രദേശിക വിഷയങ്ങളും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളും യു.ഡി.എഫിന് ഉന്നയിക്കാനുണ്ടെങ്കിലും പൗരത്വനിയമം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പ്രത്യേകം പരാമര്‍ശിക്കാത്തത് ക്ഷീണം തന്നെയാണ് എന്നുള്ളതാണ് കോഴിക്കോട്, വടകര, പൊന്നാനി മണ്ഡലങ്ങളിലെ ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തില്‍ ലീഗിന്റെ കൊടി പേടിച്ച് സകല കൊടികളും വേണ്ടെന്ന് വച്ച കോണ്‍ഗ്രസിന്റെ നിലപാടുണ്ടാക്കിയ നാണക്കേട് വേറെ. എന്നാല്‍ നോമ്പിന്റെ ഈ ക്ഷീണമൊക്കെ പെരുന്നാളിന്റെ ആഘോഷത്തോടെ ഇല്ലാതാകുമെന്നും പെരുന്നാളിന് ശേഷമുള്ള ദിവസങ്ങളില്‍ യു.ഡി.എഫിന്റെ പ്രചാരണം പൊടി പാറുമെന്നുമെന്നാണ് അവരുടെ പ്രതീക്ഷ. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയതയും ജനദ്രോഹനടപടികളും അതിനെതിരെ പ്രതികരിക്കാതെ നിഷ്‌ക്രിയമായ കോണ്‍ഗ്രസും എന്നതാണ് എല്‍.ഡി.എഫ് പ്രചാരണത്തിന്റെ പൊതുഭാഷ്യം. സംസ്ഥാനത്തെ ഭരണവും ആരോപണങ്ങളും പ്രചാരണത്തിലേയ്ക്ക് കൊണ്ടുവരാനും യു.ഡി.എഫ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും തന്നെയാണ് മലബാറില്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തുള്ളത്. അതുകൊണ്ട് തന്നെ ആരാണ് ഫലപ്രദമായി ബി.ജെ.പിയെ പ്രതിരോധിക്കുക എന്ന ചോദ്യത്തിന് ജനങ്ങള്‍ നല്‍ക്കുന്ന മറുപടിയാകും ഈ മണ്ഡലങ്ങളിലെ ജനവിധി.

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍