UPDATES

വര്‍ഗീയത പടര്‍ത്തുന്ന ചാനല്‍ ചര്‍ച്ചകള്‍

ടൈംസ് നൗ നവ്ഭാരത്, ന്യൂസ് 18, ആജ് തക് ചാനലുകളിലെ ‘ മുസ്ലിം വിരുദ്ധ’ ചര്‍ച്ചകള്‍ പിന്‍വലിക്കാനും പിഴയൊടുക്കാനും ഉത്തരവ്

                       

മുസ്ലിം വിരോധം പ്രകടിപ്പിക്കുന്ന പരിപാടികള്‍ പിന്‍വലിക്കാന്‍ മൂന്നു ദേശീയ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി(എന്‍ബിഡിഎസ്എ). ടൈംസ് നൗ നവ്ഭാരതി, ന്യൂസ് 18 ഇന്ത്യ, ആജ് തക് എന്നീ ചാനലുകള്‍ക്കെതിരെയാണ് എന്‍ബിഡിഎസ്എയുടെ നടപടി. ഏഴു ദിവസത്തിനകം നടപടിക്ക് വിധേയമായ പ്രോഗ്രാമുകള്‍ അതാത് ചാനലുകളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്‍പ്പെടെ പിന്‍വലിക്കണം.

ടൈംസ് നൗ നവ്ഭാരതിക്ക് ഒരു ലക്ഷവും ന്യൂസ് 18-ന് 50,000 രൂപയും പിഴയും ചുമത്തിയിട്ടുണ്ട്. ആജ് തക്കിന് മുന്നറിയിപ്പ് നോട്ടീസും നല്‍കി. സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് എ കെ സിക്രി അധ്യക്ഷനായ സമിതിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വര്‍ഗീയവും പ്രകോപനപരവുമായ ചാനല്‍ പരിപാടികള്‍ക്കെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഇന്ദ്രജീത് ഘോര്‍പഡെ നല്‍കിയ പരാതി പരിഗണിച്ചാണ് എന്‍ബിഡിഎസ്എ നടപടി. ടൈംസ് ഗ്രൂപ്പിന്റെ കീഴിലുള്ള ടൈംസ് നൗ നവ്ഭാരത് ചാനലില്‍ ഹിമാന്‍ഷു ദീക്ഷിത് അവതരിപ്പിച്ച ഷോ മുസ്ലിം സമുദായത്തെ പ്രത്യേകമായി ലക്ഷ്യം വച്ചുള്ളതാണെന്നും ഇതരമതവിഭാഗങ്ങളില്‍ ഉള്ളവരുടെ വിവാഹത്തെ ലൗ ജിഹാദ് എന്ന് ആരോപിക്കുന്നതായും കണ്ടെത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അംബാനി ഗ്രൂപ്പിന്റെ ന്യൂസ് 18 സംപ്രേക്ഷണം ചെയ്ത മൂന്നു പരിപാടികള്‍ക്കെതിരേ നടപടി വന്നിട്ടുണ്ട്. ഇതില്‍ രണ്ട് പ്രോഗ്രാം അമന്‍ ചോപ്ര അവതാരകനായതും, ഒരെണ്ണം അമീഷ് ദേവ്ഗണ്‍ അവതരിപ്പിച്ചതുമാണ്. ലൗ ജിഹാദ് ആരോപണം നേരിടുന്ന ശ്രദ്ധ വാല്‍ക്കര്‍ കൊലപാതക കേസ് മുസ്ലിം സമുദായത്തിനെതിരേ തിരിച്ചുവെന്നതാണ് ഈ പരിപാടികള്‍ പിന്‍വലിക്കാന്‍ കാരണം. ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആജ് തക് ചാനലില്‍ സുധീര്‍ ചൗധരി രാംനവമി ആഘോഷത്തിനിടയില്‍ സംഭവിച്ച സംഘര്‍ഷത്തിന് മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തുന്ന രീതിയില്‍ അവതരിപ്പിച്ച പരിപാടിക്കെതിരെയാണ് നടപടി.

മൂന്നു ചാനലുകളും സംപ്രേക്ഷണം ചെയ്ത പ്രോഗ്രാമുകള്‍ കോഡ് ഓഫ് എത്തിക്‌സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചുവെന്നായിരുന്നു എന്‍ബിഡിഎസ്എയ്ക്ക് മുന്നിലെത്തിയ പരാതിയില്‍ ആരോപിച്ചിരുന്നത്. വാര്‍ത്ത ചെയ്യുന്നതില്‍ നിഷ്പക്ഷതയോ, കൃത്യതയോ പാലിക്കാന്‍ ചാനലുകള്‍ക്കായില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. വിദ്വേഷകരമായ പ്രസ്താവനകള്‍ ഒഴിവാക്കുക, സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വര്‍ഗീയ വിവരണങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ ചാനലുകള്‍ ലംഘിച്ചതായി എന്‍ബിഡിഎസ്എയും കണ്ടെത്തി.

ഒരു പ്രത്യേക മതവിഭാഗത്തിനെതിരേ മുന്‍വിധിയോടെയുള്ള വിവരണങ്ങളാണ് അവതാരകര്‍ നടത്തിയതെന്നാണ് അഥോറിറ്റി ചൂണ്ടിക്കാണിക്കുന്നത്. ടൈംസ് നൗ നവ്ഭാരതിന്റെ പരിപാടിയുടെ തുടക്കത്തില്‍ തന്നെ, ഒരു പ്രത്യേക സമുദായത്തിലെ പുരുഷന്മാര്‍ മറ്റൊരു സമുദായത്തില്‍ നിന്നുള്ള സ്ത്രീകളെ അവരുടെ മതപരമായ വ്യക്തിത്വം മറച്ചുവെച്ച് ആകര്‍ഷിക്കുകയും പിന്നീട് അത്തരം സ്ത്രീകള്‍ക്കെതിരേ അക്രമമോ കൊലപാതകമോ നടത്തുകയും ചെയ്യുന്നുവെന്ന് അവതാരകന്‍ നിഗമനം നടത്തുകയാണ്. ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും ലൗ ജിഹാദിന്റെ ഭാഗമാണെന്ന് അവതാരകന്‍ സ്ഥാപിക്കുകയാണെന്നാണ് എന്‍ബിഡിഎസ്എ പറയുന്നത്. പരിപാടിക്കിടയില്‍ അവതാരകന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും ഇക്കാര്യം ബോധ്യപ്പെടുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് വര്‍ഗീയ നിറം നല്‍കുന്നതിലും, കുറ്റവാളികള്‍ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട സ്ത്രീകളെ ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളിലും പാനല്‍ ലിസ്റ്റില്‍ ഉള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍, അവതാരകന്‍ അവര്‍ക്കെതിരേ ആക്രോശിക്കുകയും അവരെ അഭിപ്രായം പറയാന്‍ അനുവദിക്കാതിരിക്കുകയും ചെയ്‌തെന്നും എന്‍ബിഡിഎസ്എ ഉത്തരവില്‍ പറയുന്നു. മിശ്ര വിവാഹങ്ങള്‍ക്ക് സാമുദായിക നിറം നല്‍കുന്നതെന്തിനാണെന്നാണ് എന്‍ബിഡിഎസ്എ ചോദിക്കുന്നത്. ഏതൊരു പൗരനും അവന്‍/ അവള്‍ ഏത് മതവിഭാഗത്തില്‍പ്പെട്ടതായാലും അവന്റെ/ അവളുടെ ഇഷ്ടമനുസരിച്ച് വിവാഹം കഴിക്കാനുള്ള അവകാശമുണ്ടെന്നാണ് എന്‍ബിഡിഎസ്എ മാധ്യമങ്ങളെ ഓര്‍മിപ്പിക്കുന്നത്. ഹിന്ദു സമുദായത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ മറ്റൊരു സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടി വിവാഹം കഴിച്ചത് നിര്‍ബന്ധിച്ചോ കബളിപ്പിച്ചോ അല്ലാത്തപക്ഷം അത്തരം വിവാഹങ്ങളെ ലൗ ജിഹാദ് എന്നു വിളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് അഥോറിറ്റിയുടെ ഉത്തരവില്‍ പറയുന്നത്. അല്ലാത്ത തരത്തിലുള്ള വിവാഹങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഒരു സമുദായത്തെ അടച്ചാക്ഷേപിക്കാന്‍ അനുവാദമില്ലെന്നും ഉത്തരവില്‍ പറയുന്നു. ഒരു വാര്‍പ്പ് മാതൃകയില്‍ മതാക്ഷേപം തുടരുകയാണെങ്കില്‍ അത് രാജ്യത്തിന്റെ മതേതരഘടനയെ നശിപ്പിക്കുമെന്നും അതിനാല്‍ ‘ ലൗ ജിഹാദ്’ എന്ന പദം ഗൗരവമായ ആത്മപരിശോധനയോടെ വേണം ഭാവിയില്‍ ഉപയോഗിക്കേണ്ടതെന്നും എന്‍ബിഡിഎസ്എ ഉത്തരവില്‍ പറയുന്നുണ്ടെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 ഫെബ്രുവരി 4 ന്, ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിന് നല്‍കിയ രേഖാമൂലമുള്ള പ്രതികരണത്തില്‍, ‘ലൗ ജിഹാദ്’ എന്ന പദം നിലവിലുള്ള നിയമങ്ങള്‍ക്ക് കീഴില്‍ നിര്‍വചിച്ചിട്ടില്ലെന്നാണ് പറഞ്ഞത്. ഏതെങ്കിലും കേന്ദ്ര ഏജന്‍സികള്‍ ഇതുവരെ ലൗ ജിഹാദ് എന്നു പറയാവുന്ന ഒരു കേസ് പോലും രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. കേരളത്തില്‍ നടന്ന രണ്ടു മിശ്ര വിവാഹ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ചിരുന്നു. എന്നാല്‍ കേരള ഹൈക്കോടതി ലൗ ജിഹാദ് എന്നാരോപണം തള്ളിക്കളയുകയായിരുന്നു. പൊതുജനവിരുദ്ധമാകാതെയും ധാര്‍മികതയോടെയും സാമൂഹികാന്തരീക്ഷം തകര്‍ക്കാതെയും മതം വിശ്വാസം പ്രചരിപ്പിക്കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം പൗരന് അവകാശമുണ്ട്. കോടതികള്‍ പോലും വ്യക്തമാക്കിയൊരു കാര്യത്തിലാണ് മാധ്യമങ്ങള്‍ ഇപ്പോഴും അവരുടെ താത്പര്യത്തിനനുസൃതമായി വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നത്.

ഇന്ത്യയിലെ വാര്‍ത്ത ചാനലുകള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിദ്വേഷപ്രചാരണ ഉപാധികളായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതില്‍ പലകോണുകളില്‍ നിന്നും ആശങ്ക ഉയരുന്നുണ്ട്. ടിആര്‍പി കൂട്ടാനും അതുവഴി ലാഭം ഉയര്‍ത്താനും വിദ്വേഷ പ്രചാരണം ഒരു കാരണമാക്കുന്നുണ്ടെന്ന് സുപ്രിം കോടതിയും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.

2023 മാര്‍ച്ച് രണ്ടിനും ഇപ്പോഴത്തേതിനു സമാനമായി എന്‍ബിഡിഎസ്എ മൂന്നു ചാനലുകളോട് അവരുടെ പരിപാടി പിന്‍വലിക്കാന്‍ ഉത്തരവിട്ടിരുന്നു. ന്യൂസ് 18, ടൈംസ് നൗ, സീ ടീവി എന്നിവരായിരുന്നു ചാനലുകള്‍. കോഡ് ഓഫ് എത്തികിസ് ആന്‍ഡ് ബ്രോഡ്കാസ്റ്റ് ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ ഏഴോളം പരിപാടികളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും യൂട്യൂബില്‍ നിന്നും ഉള്‍പ്പെടെ പിന്‍വലിക്കാന്‍ എന്‍ബിഡിഎസ്എ നിര്‍ദേശിച്ചത്. ഇതില്‍ ന്യൂസ് 18 ഉം, ടൈംസ് നൗവും അവരുടെ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിച്ചു.

Share on

മറ്റുവാര്‍ത്തകള്‍