Continue reading “രത്‌നവേല്‍ നിര്‍ത്തുന്ന മണ്ണ്, അതിവീരന്‍ ഇരുത്തുന്ന മാമന്നന്‍”

" /> Continue reading “രത്‌നവേല്‍ നിര്‍ത്തുന്ന മണ്ണ്, അതിവീരന്‍ ഇരുത്തുന്ന മാമന്നന്‍”

"> Continue reading “രത്‌നവേല്‍ നിര്‍ത്തുന്ന മണ്ണ്, അതിവീരന്‍ ഇരുത്തുന്ന മാമന്നന്‍”

">

UPDATES

രത്‌നവേല്‍ നിര്‍ത്തുന്ന മണ്ണ്, അതിവീരന്‍ ഇരുത്തുന്ന മാമന്നന്‍

                       

അര്‍ഹമായ ആനുകൂല്യത്തിനോ, ന്യായമായ അവകാശത്തിനോ ഒരു സര്‍ക്കാര്‍ ഓഫിസില്‍ പോകുന്നു. കാണേണ്ട ഉദ്യോഗസ്ഥന്റെ മുന്നില്‍ ചെല്ലുന്നു. ഉദ്യോഗസ്ഥന് അഭിമുഖമായി മേശയ്ക്കു മുന്നില്‍ ഒന്നോ അതിലധികമോ കസേരകള്‍ കിടപ്പുണ്ട്. ‘ഇരിക്കൂ…’ എന്ന് ഉദ്യോഗസ്ഥന്‍ അനുമതി തരുന്നതിനു മുന്നേ നിങ്ങളില്‍ എത്രപേര്‍ സ്വന്തം തീരുമാന പ്രകാരം ആ കേസരകളില്‍ ഇരുന്നിട്ടുണ്ട്/ ഇരിക്കാറുണ്ട്?

സര്‍ക്കാര്‍ ഓഫിസിലോ/ പൊലീസ് സ്റ്റേഷനിലോ/ മന്ത്രി/എംഎല്‍എ ഓഫിസിലോ; എവിടെ ചെന്നാലും, ബന്ധപ്പെട്ടവരുടെ മേശയ്ക്കു മുന്നില്‍ ഇട്ടിരിക്കുന്ന കസേരകള്‍ ആവശ്യക്കാര്‍ക്ക്/ പരാതിക്കാര്‍ക്ക് വേണ്ടിയാണ്. എന്നാലതില്‍ ഇരിക്കണമെങ്കില്‍ മുന്നിലിരിക്കുന്നവന്റെ അനുവാദം തേടും! അങ്ങനെയൊരു അവകാശം തനിക്കുണ്ടോ എന്നറിയാത്തതുകൊണ്ടോ, അല്ലെങ്കില്‍ ഭയപ്പെടുന്നതുകൊണ്ടോ…

എത്രകാലം അങ്ങനെ നില്‍ക്കുന്നുവോ, അത്രയും കാലം നിങ്ങള്‍ ‘മണ്ണ്’ മാത്രമാണ്, എപ്പോള്‍ അവകാശമുള്ളിടത്ത് ഇരുന്നു തുടങ്ങുന്നുവോ, അന്നു മുതല്‍ നിങ്ങള്‍ മാമന്നന്‍ ആണ്.

രാഷ്ട്രീയത്തിലെ ജാതി പറയുന്ന ‘മാമന്നന്‍’ എന്ന സിനിമയിലൂടെ മാരി സെല്‍വരാജ് ഓര്‍മിപ്പിക്കുന്നത് ഇതുമാകാം.

മാരിയുടെ മൂന്നാം സിനിമ രാഷ്ട്രീയക്കഥയാണ്. തമിഴ് രാഷ്ട്രീയമായി ചുരുക്കേണ്ട; ഇന്ത്യന്‍ രാഷ്ട്രീയമെന്ന് വലുതായി വിവക്ഷിക്കാം. രാഷ്ട്രീയത്തിലെ ജാതിക്കഥകള്‍ മൊത്തം ഇന്ത്യയ്ക്കുമുണ്ടല്ലോ പറയാന്‍.

മാമന്നാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. ഇടവേളയോട് ചേര്‍ന്ന്; അതിവീരന്‍ നിര്‍ബന്ധിച്ച് അയാളെ ഇരുത്തുമ്പോള്‍ മാത്രമാണ് മണ്ണില്‍ നിന്നും മാമന്നനായി ആ കഥാപാത്രം മാറുന്നത്. ഇങ്ങനെ രൂപാന്തരം സംഭവിക്കാതെ, മണ്ണായി മാത്രം നിന്നു പോകുന്ന എത്രയെത്ര രാഷ്ട്രീയക്കാരുണ്ട് ഇന്ത്യയില്‍. സുന്ദരവും രത്‌നവേലും അരികില്‍ ‘ നിര്‍ത്തി’ മാത്രം വളര്‍ത്തുന്ന രാഷ്ട്രീയക്കാര്‍. ആ നില്‍പ്പ് ശീലമാക്കിയവര്‍ക്ക് രാജ്യത്തിന്റെ രാഷ്ട്രപതിവരെയാകാം! ഇന്നത്തെ രാഷ്ട്രീയ ഇന്ത്യയിലുണ്ട് അത്തരത്തില്‍ ശക്തരായ സുന്ദരവും രത്‌നവേലും.

മാമന്നനിലേക്ക് വളര്‍ച്ച പൂര്‍ത്തിയാകുന്നതുവരെ ‘ മണ്ണ്’ കേവലമൊരു രാഷ്ട്രീയക്കാരനാണ്. പുത്രസ്‌നേഹത്താല്‍ നിസ്സഹായനായവന്‍ എന്ന പരിഗണനയില്‍ ന്യായീകരിക്കാന്‍ സാധിക്കാത്ത സ്വാര്‍ത്ഥനായ രാഷ്ട്രീയക്കാരന്‍. രാസിപുരത്ത് അയാള്‍ രണ്ടാം തവണയാണ് എംഎല്‍എയാകുന്നത്. വീണ്ടും മത്സരിക്കുന്നതിനോ ജയിക്കുന്നതിനോ തടസ്സങ്ങളുമില്ലായിരുന്നു. രത്‌നവേല്‍ എന്ന മേല്‍ക്കോയ്മയെ, മകന്‍ അതിവീരന്‍ വെല്ലുവിളിക്കുന്നതുവരെ ജാതി ഗര്‍വ്വിന്റെ കാല്‍ചുവട്ടില്‍ മണ്ണായി കിടക്കുന്നതില്‍ കുഴപ്പമൊന്നും തോന്നാതിരുന്ന രാഷ്ട്രീയക്കാരന്‍. മണ്ണ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കിയതും എംഎല്‍എ ആയതും മൂന്നു ചെറു ജീവനുകളുടെ പുറത്താണ്. അച്ഛനിട്ട മാമന്നന്‍ എന്ന പേരിന് അയാള്‍ക്ക് അര്‍ഹതയില്ല. ഒരു ചക്രവര്‍ത്തിയ്ക്ക് സ്വന്തം ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. എന്താണ് തന്റെ പേരെന്ന് അയാള്‍ക്ക് അറിയാത്തതുമൊന്നുമല്ല, അതുകൊണ്ടാണല്ലോ, തന്നെ മാമന്നന്‍ എന്നല്ല, മണ്ണ് എന്നാണ് എല്ലാവരും വിളിക്കുന്നതെന്ന് അച്ഛനോട് പരാതി പറയുന്നത്. ഓമനപ്പേരായിട്ട് വിളിക്കുന്നതാണെന്ന അച്ഛന്റെ നുണ അയാള്‍ ബോധപൂര്‍വം വിശ്വസിക്കുകയാണ്. കുറ്റബോധം കൊണ്ടാകും. അയാള്‍ക്കറിയാം, തനിക്കൊരിക്കലും മാമന്നനാകാന്‍ കഴിയില്ല, തന്റെ നേതാവിന് ചവിട്ടി നില്‍ക്കാനുള്ള മണ്ണാകാനെ കഴിയൂ എന്ന്.

ഇത്തരം കഴിവുകെട്ട ‘മണ്ണുകള്‍’ രാഷ്ട്രീയ ഇന്ത്യയിലേറെയുണ്ട്. ഏതൊരു പാര്‍ട്ടിയിലുമുണ്ട്. അവരുടെ രാഷ്ട്രീയ യജമാനന്മാരാണ് സുന്ദരവും രത്‌നവേലും. ഈ രാഷ്ട്രീയ യജമാനന്മാര്‍ ദളിതനെ മന്ത്രിയാക്കും, ആദിവാസിയെ രാഷ്ട്രപതിയാക്കും. പക്ഷേ, അവരുടെ അരികിലെ നിര്‍ത്തൂ, ഇരുത്തില്ല. ഇരിക്കാനുള്ള അവകാശമുണ്ടെന്നതുപോലും മറന്ന്, നിര്‍ത്തപ്പെടുന്നവര്‍ നില്‍പ്പ് തുടരും.

തന്റെ വീട്ടില്‍ വരുന്നവരെ, പ്രായമോ, ലിംഗമോ നോക്കാതെ, നിര്‍ബന്ധിച്ച് ഇരുത്തുന്നുണ്ട് മാമന്നന്‍. ആരോടാണെങ്കിലും എവിടെയാണെങ്കിലും ഇരുന്ന് സംസാരിക്കണമെന്ന് ഉപദേശിക്കുന്നുമുണ്ട്. ഇതേ മാമന്നന്‍ തന്നെയാണ് രത്‌നവേലിന്റെ മുന്നില്‍ മണ്ണാകുന്നത്. ഒരു മനുഷ്യന്റെ പ്രാഥമിക അവകാശങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിട്ടും, അത് അടിയറവച്ച് നില്‍ക്കുന്ന മാമന്നന്‍ ബുദ്ധനെയോ ബാബയെയോ പിന്തുടരുന്നവനാണെന്ന് എങ്ങനെ പറയും? മാമന്നന്‍ ആകുന്നതുവരെ മണ്ണ് രാഷ്ട്രീയത്തില്‍ ജാതി കളിക്കുന്നവര്‍ക്ക് കോര്‍ത്തിടാന്‍ സ്വയം ഇരകളാകുന്ന അടിമകളുടെ പ്രതിനിധിയാണ്. ആദിവാസിയെയും ദളിതനെയും മുസ്ലിമിനെയും ‘ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്ന’ രാഷ്ട്രീയ കാപട്യത്തിന് കൂട്ടുനില്‍ക്കുന്ന ഒരുവന്‍.

ബ്രാഹ്‌മണന്‍ പൂജിച്ചാലേ ശരിയാകൂ എന്നു വിശ്വസിക്കുന്ന അനേകം ദളിതര്‍ ഇന്നുമുണ്ട്. സ്വന്തം കൂട്ടത്തില്‍പ്പെട്ടവന്റെ പൂജയ്‌ക്കോ മന്ത്രത്തിനോ ദൈവത്തെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നവര്‍. ഇതുപോലെ ഏതു മേഖലയിലും കീഴ്‌വഴക്കങ്ങളെ അനുസരിക്കുന്നവരുണ്ട്. ധൈര്യമുണ്ടായിരുന്നുവെങ്കില്‍ മേല്‍ജാതിക്കാര്‍ എറിഞ്ഞുകൊന്ന മൂന്നു കുഞ്ഞുങ്ങള്‍ക്ക് നീതി വാങ്ങിക്കൊടുത്ത് മണ്ണിനു പണ്ടേ മാമന്നനാകാമായിരുന്നു. പതിനഞ്ചു വര്‍ഷത്തോളം മകനാല്‍ അവഗണിക്കപ്പെടില്ലായിരുന്നു. അയാളാകട്ടെ രാഷ്ട്രീയ യജമാനന്മാര്‍ക്ക് വിധേയനായി നിന്നു. അങ്ങനെ നിന്നാല്‍ കിട്ടുന്ന പദവികള്‍, പരിലാളനങ്ങളാണ് മാമന്നന്‍മാരെ വെറും മണ്ണാക്കി മാറ്റുന്നത്. അവര്‍ കാലങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടേയിരിക്കും. യജമാനന്മാരാണ് തങ്ങളെ ഉരുവപ്പെടുത്തിയെടുക്കുന്നതെന്നു വിശ്വസിക്കും, സ്വന്തം അവകാശങ്ങള്‍ മറക്കും. അവരെപ്പോലുള്ളവര്‍ക്ക് കിട്ടേണ്ട തിരിച്ചറിവാണ് അതിവീരന്‍. മണ്ണിനെ മാമന്നന്‍ ആക്കുന്നത് ആ തിരിച്ചറിവാണ്. വെല്ലുവിളിക്കാനും പോരാടാനും അതിവീരന്‍ കൊടുക്കുന്ന ധൈര്യമാണ് മണ്ണിനെ മാമന്നനാക്കുന്നത്.

അതുകൊണ്ട് ഒരിക്കല്‍ കൂടി പറയുന്നു;

എത്രകാലം ഇങ്ങനെ നില്‍ക്കുന്നുവോ, അത്രയും കാലം നിങ്ങള്‍ ‘മണ്ണ്’ മാത്രമാണ്, എപ്പോള്‍ അവകാശമുള്ളിടത്ത് ഇരുന്നു തുടങ്ങുന്നുവോ, അന്നു മുതല്‍ നിങ്ങള്‍ മാമന്നന്‍ ആണ്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍