December 10, 2024 |

ബിയറും ഡ്രൈഫ്രൂട്ടും കൊടുത്തു വളര്‍ത്തുന്ന പശുക്കളുമായി ബിഫ് കച്ചവടത്തിനിറങ്ങി സക്കര്‍ബര്‍ഗ്

കാലാവസ്ഥ പ്രശ്‌നമുണ്ടാക്കരുതെന്ന് വിമര്‍ശനം

തന്റെ പുതിയ ബിസിനസ് ഐഡിയ ലോകത്തോട് പങ്കുവെച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുകയാണ് മാര്‍ക് സക്കര്‍ബര്‍ഗ്. ലോകോത്തര നിലവാരമുള്ള ബീഫ് ഉത്പാദിപ്പിക്കുന്നതിനായി കന്നുകാലി വളര്‍ത്തുന്ന പുതിയ സംരംഭം താന്‍ ആരംഭിച്ചുവെന്നും ഇതിലൂടെ ഏറ്റവും ഗുണനിലവാരമുള്ള ബീഫ് ലഭ്യമാക്കാന്‍ സാധിക്കുമെന്നും സക്കര്‍ബര്‍ഗ് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ഹവായിയന്‍ ദ്വീപ് സമൂഹത്തിന്റെ ഭാഗമായ കവായിലാണ് സക്കര്‍ബര്‍ഗിന്റെ കന്നുകാലി വളര്‍ത്തല്‍ സംരംഭം. എന്നാല്‍ പുതിയ സംരംഭം അര്‍ത്ഥ ശൂന്യമാണെന്നും പാരിസ്ഥിതിക നിരുത്തരവാദപരവുമാണെന്ന ആക്ഷേപങ്ങള്‍ വ്യാപകമായി സക്കര്‍ബര്‍ഗിനെതിരെ ഉയര്‍ന്നു വരുന്നുണ്ട്. 1,400 ഏക്കര്‍ വിസ്തൃതിയില്‍ കവായിലുള്ള കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുള്ള ബീഫ് കഴിക്കുന്നതിന്റെ ചിത്രവും സക്കര്‍ബര്‍ഗ് സാമൂഹ്യ മാധ്യമം വഴി പങ്കുവെച്ചിരുന്നു. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാംസം ഉല്പാദിപ്പിക്കുന്ന വാഗ്യൂ, ആംഗസ് എന്നീ ഇനങ്ങളില്‍പ്പെട്ട പശുക്കളെ താന്‍ വളര്‍ത്തുന്നുണ്ടെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

”ഓരോ പശുവും വര്‍ഷംതോറും ഏകദേശം 5,000-10,000 പൗണ്ട് ഭക്ഷണം കഴിക്കുന്നുണ്ട്, ഗുണനിലവാരമുള്ള ബീഫ് ലഭിക്കാന്‍ കന്നുകാലികള്‍ക്കു നല്‍കുന്ന ഭക്ഷണം ഗുണമേന്മയുള്ളതാണെന്നു ഉറപ്പ് വരുത്താന്‍ താന്‍ ശ്രമിക്കുന്നെണ്ടെന്നും ഇതിനായി ബിയറും ലോകത്തിലെ തന്നെ വിലയേറിയ ഡ്രൈഫ്രൂട്ട് ഇനത്തില്‍ പെട്ട മക്കഡമിയയുമാണ് തീറ്റയായി നല്‍കുക എന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. തന്റെ പെണ്‍മക്കള്‍ മാക് മരങ്ങള്‍ നട്ടുപിടിപ്പിക്കാനും മൃഗങ്ങളെ പരിപാലിക്കാനും സഹായിക്കുന്നുണ്ടെന്നും ഇത് വരെയുള്ള എല്ലാ പ്രൊജക്റ്റുകളിലും വച്ച് ഏറ്റവും രുചികരമായത് ഇതാണെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ തങ്ങള്‍ ഈ യാത്രയുടെ തുടക്കത്തിലാണെന്നും, ഓരോ സീസണുകള്‍ കഴിയുമ്പോഴും അത് മെച്ചപ്പെടുന്നതായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

100 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കോമ്പൗണ്ടിനുള്ളില്‍ ഉല്‍പ്പാദിപ്പിക്കുന്ന മക്കാഡാമിയ നട്ട്‌സ്, ബിയര്‍ എന്നിവ ഉപയോഗിച്ചാണ് കന്നുകാലികളെ വളര്‍ത്തുന്നതെന്ന് വയര്‍ഡിന്റെ (അമേരിക്കന്‍ മാസിക) സമീപകാല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വെള്ളം കൂടുതല്‍ ആവശ്യമായി വരുന്ന മക്കാഡാമിയ നട്സും ബിയറും ഉപയോഗിച്ച് കന്നുകാലികളെ വളര്‍ത്തുന്നത് ഒരു കോടീശ്വരന്റെ വിചിത്രമായ ഒരു രീതിയാണെന്നും, നമ്മുടെ ഭക്ഷ്യ സമ്പ്രദായത്തിലെ അസമത്വങ്ങളും അതോടൊപ്പം നിലവിലുള്ള ചൂടുപിടിച്ച കാലാവസ്ഥയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടുന്ന കാര്‍ഷിക പരിഷ്‌ക്കരണവും ആവശ്യമാണെന്നും ദേശീയ നിയമ-ലാഭരഹിത ഫുഡ് ആന്‍ഡ് വാട്ടര്‍ വാച്ചിലെ പോളിസി ഡയറക്റ്റര്‍ മിച്ച് ജോണ്‍സ് പറഞ്ഞു.

‘സമ്പന്നരായ സെലിബ്രിറ്റികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് മാത്രമല്ല, എല്ലാവര്‍ക്കും ഭക്ഷണം പ്രധാനം ചെയ്യാനായി പ്രവര്‍ത്തിക്കുന്ന ചെറുതും ഇടത്തരവുമായ ഫാമുകളുടെ പ്രവര്‍ത്തനക്ഷത ഉയര്‍ത്തുന്നതിനായി വേണ്ട പ്രോത്സാഹനം നകുന്നത് അത്യാവശ്യമാണ്. വനനശീകരണം, ജലമലിനീകരണം, ആഗോളതാപനം പോലുള്ള വലിയ വെല്ലുവിളികള്‍ക്കും കാരണമാകുന്നതില്‍ ബീഫ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാല്‍ തന്നെ കാലാവസ്ഥ പ്രതിസന്ധിയുടെ ഏറ്റവും ദോഷകരമായ പ്രത്യാഘാതങ്ങള്‍ പരിമിതപ്പെടുത്തുന്നതിനായി വികസിത രാജ്യങ്ങളില്‍ ഉള്‍പ്പടെ ബീഫിന്റെ ഉപഭോഗം കുറയണമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പൂര്‍ണവളര്‍ച്ചയെത്തിയ ഒരു പശുവിന് പ്രതിദിനം 500 ലിറ്റര്‍ മീഥേന്‍ പുറത്തുവിടാന്‍ കഴിയും, ഇത് ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ 3.7% വരും, ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്, യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ എന്നിവ പ്രകാരം കന്നുകാലികള്‍ തികട്ടുമ്പോള്‍ പുറപ്പെടുവിക്കുന്ന ഹരിത ഗൃഹ വാതകം വളരെ ശക്തമാണ്. കൂടാതെ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2 ) ഉത്പാദനം കൂടുമെന്നതിനാല്‍ ഇപ്പോള്‍ ഉള്ളതിന്റെ 85 മടങ്ങ് കൂടുതല്‍ ചൂട് ഉണ്ടാകാന്‍ ഇത് കാരണമാകുകയും ചെയ്യും.

സക്കര്‍ബര്‍ഗിന്റെ പുതിയ പോസ്റ്റ് വലിയ വിവാദങ്ങള്‍ക്കാണ് വഴി വച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍, ബീഫ് കര്‍ഷകനെന്ന നിലയില്‍ സക്കര്‍ബര്‍ഗിന്റെ പുതിയ ജീവിതത്തോടുള്ള പ്രതികരണം ഏറെക്കുറെ എല്ലാവരില്‍നിന്നും പരിഹാസം ഏറ്റുവാങ്ങുന്ന തരത്തിലുള്ളതായിരുന്നു.

”നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു, ഒരു മനുഷ്യനാല്‍ സാധ്യമായ രീതിയിലെല്ലാം കലാവസ്ഥവ്യതിയാനത്തിന് കാരണമാകുന്ന ഭക്ഷണം കഴിക്കുക എന്ന സ്വപ്നം നിങ്ങള്‍ സത്യത്തില്‍ നിറവേറ്റി’ എന്ന് എഴുത്തുകാരനു പത്രപ്രവര്‍ത്തകനായുമായ ആന്‍ഡ്രൂ ഗ്രീന്‍ബെര്‍ഗ് പറഞ്ഞിരുന്നു.

മൃഗാവകാശ സംഘടനയായ പെറ്റയിലെ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്) വൈസ് പ്രസിഡന്റായ ഷാലിന്‍ ഗാല ‘ഇരുണ്ട യുഗത്തില്‍’ കുടുങ്ങിപ്പോയതിന് സക്കര്‍ബര്‍ഗിനെ അപലപിച്ചിരുന്നു. കൂടാതെ നിരവധി സസ്യഹാരികളും മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഒരു വശത്ത് തന്റെ കന്നുകാലികളെ പരിപാലിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും ആത്യന്തികമായി അവയെ തന്റെ തീന്‍മേശയില്‍ ഭക്ഷണമാക്കാനാണ് സക്കര്‍ബര്‍ഗിന്റെ ഉദ്ദേശം എന്നും ഇവര്‍ ആരോപണമുയര്‍ത്തി.

നിലവില്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്‌സ്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്ന മെറ്റ എന്ന കമ്പനിയുടെ തലവനാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇതിന് പുറമെ നിരവധി സ്റ്റാര്‍ട്ട് അപ്പുകളിലും സക്കര്‍ബര്‍ഗ് നിക്ഷേപം നടത്തുന്നുുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ വ്യവസായം ആരംഭിക്കാന്‍ സക്കര്‍ബര്‍ഗ് തയ്യാറായിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് മികച്ച ബീഫ് ലഭ്യമാക്കാനായി കന്നുകാലി വളര്‍ത്തലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സക്കര്‍ബര്‍ഗിന്റെ പുതിയ തീരുമാനം.

×