ഓരോ സ്ത്രീധന മരണങ്ങളും ചര്‍ച്ചയാകും, വാക്കുകളില്‍ വിപ്ലവം നിറയ്ക്കും, ശക്തമായ ശബ്ദങ്ങള്‍ ഉയരും.
എത്ര മാത്രം സ്ഥായി ആയ മാറ്റങ്ങള്‍ ഇത്തരം ചര്‍ച്ചകളില്‍ നിന്നും ഉണ്ടാകുന്നുണ്ട്?
മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഷഹ്ന സ്ത്രീധനത്തിന്റെ പേരില്‍ ജീവനൊടുക്കിയ സംഭവത്തില്‍ മാധ്യമങ്ങളില്‍ ചര്‍ച്ചകളും പ്രതിഷേധങ്ങളും ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇതിനു മുന്‍പും മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച അനവധി സ്ത്രീധന പീഡന മരണങ്ങള്‍ സംഭവിച്ചു. അതിന്റെ പേരിലും ചര്‍ച്ചകള്‍ നടത്തി. പ്രതിഷേധങ്ങള്‍ ആര്‍ത്തിരമ്പി. എല്ലാം കെട്ടടങ്ങി കഴിയുമ്പോള്‍ പഴയ ആചാരങ്ങള്‍ പതിവ് പോലെ തല പൊക്കി തുടങ്ങും.
ഓരോ സ്ത്രീധന പീഡന കേസുകള്‍ക്കും ശേഷമുള്ള ചര്‍ച്ചകളും മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളും മനുഷ്യര്‍ക്കിടയില്‍ എത്രത്തോളം പുരോഗമനം നല്‍കിയിട്ടുണ്ട് എന്ന് അറിയണമെങ്കില്‍ സ്വന്തം വീട്ടില്‍ തന്നെ ഒരു വിവാഹം നടക്കുമ്പോള്‍ ശ്രദ്ധ നല്‍കിയാല്‍ മതി. മകള്‍ക്കു എന്താണ് നല്‍കുന്നത്/ മകന് എന്താണ് കിട്ടുന്നത്/ അവര്‍ എന്ത് തരുമെന്നാണ് പറഞ്ഞത് എന്നിങ്ങനെയുള്ള വിവിധ ചോദ്യങ്ങള്‍ ഉന്നയിക്കാത്ത എത്ര മനുഷ്യരുണ്ട് എന്ന് എണ്ണുന്നതാണ് എളുപ്പം.
സ്ത്രീധനം എന്നത് നിയമം എത്ര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിരോധിച്ചാലും, വധുവായി ഒരുങ്ങി വരുന്നവളുടെ സ്വര്‍ണാഭരണത്തിന്റെ അളവ് എടുക്കാന്‍ ചുറ്റിലും പൊതിയുന്നവര്‍ ഇന്നും സാധാരണമാണ്.
വിചാരിച്ച അത്രയും സ്വര്‍ണം വധുവിന്റെ ദേഹത്ത് ഇല്ല എന്ന് തോന്നിയാല്‍, അത് മറ്റുള്ളവര്‍ കേള്‍ക്കെ തന്നെ പറയുന്നവരും അടക്കം പറയുന്നവരും കുറവല്ല. ധരിച്ചിരിക്കുന്ന ആഭരണങ്ങളില്‍ സ്വര്‍ണം ഏതെന്നും ഡയമണ്ട് ഏതെന്നും ഫാന്‍സി ആഭരണങ്ങള്‍ ഏതെന്നും തുടങ്ങുന്ന ക്രോസ്സ് വിസ്താരങ്ങള്‍ പെണ്‍കുട്ടിയുടെ കുടുംബം കേള്‍ക്കെ തന്നെ നടത്താനും ചികയാനും പലര്‍ക്കും ഇന്നും മടിയില്ല.
കാരണം നമ്മുടെ ശീലം ഇതൊക്കെയാണ്. എത്ര പറഞ്ഞാലും, പഠിപ്പിച്ചാലും ”പിന്നോട്ട് നടക്കാനാണ് ഞങ്ങള്‍ക്കിഷ്ടം” എന്ന ഭാവത്തോടെ ഇന്നും പലരും വാചാലരാകും. അതില്‍ സമ്പത്തുള്ളവര്‍ എന്നോ കുറഞ്ഞവര്‍ എന്നോ വിദ്യാഭ്യാസം ഉള്ളവര്‍ എന്നോ കുറഞ്ഞവര്‍ എന്നോ വേര്‍തിരിവുകള്‍ ഇല്ല. എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ് എന്ന ഷഹ്നയുടെ വാക്കുകളാണ് ഇവിടെ പ്രസക്തമാകുന്നത്.
മജിസ്‌ട്രേറ്റ് ആകാന്‍ കൊതിച്ചൊരു പെണ്‍കുട്ടി നീതി കിട്ടാതെ ജീവനൊടുക്കുന്നു
21 വയസുകാരിയായ മൊഫിയ മജിസ്‌ട്രേറ്റ് ആകാനാണ് ആഗ്രഹിച്ചത്. പാവങ്ങള്‍ക്ക് നീതി എത്തിക്കാനുള്ള ഒരു വഴിയായി താന്‍ മാറണമെന്നും നിയമവിദ്യാര്‍ഥിനി ആയിരുന്ന മൊഫിയ സ്വപ്നം കണ്ടിരുന്നു. ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും സന്തോഷങ്ങളുമായി ജീവിച്ച ആലുവ സ്വദേശിനിയായ ആ പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് വിവാഹമെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഇഷ്ടപെട്ട വ്യക്തി ആയ സുഹൈലിനെ മൊഫിയക്ക് ഭര്‍ത്താവായി ലഭിച്ചുവെങ്കിലും, സ്നേഹിച്ച കാലത്തു സുഹൈല്‍ പെരുമാറിയ രീതിയില്‍ ആയിരുന്നില്ല അയാള്‍ വിവാഹശേഷം മൊഫിയയോട് ഇടപെട്ടത്. നിരവധി വ്യക്തിത്വ വൈകല്യങ്ങള്‍ ഉണ്ടായിരുന്ന സുഹൈല്‍ നിരന്തരം മൊഫിയയെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ദിനം തോറും ദാമ്പത്യ പ്രശ്നങ്ങള്‍ ഇവര്‍ക്കിടയില്‍ വളര്‍ന്നു വന്നു. സ്ത്രീധനം മോഹിച്ച സുഹൈലും കുടുംബവും മൊഫിയയുടെ നേരെ നിരന്തരമായ ആരോപണങ്ങളും പീഢനങ്ങളുമായിരുന്നു നടത്തിയിരുന്നത്. താന്‍ നേരിട്ട പീഢനങ്ങള്‍ സുഹൃത്തുക്കളോടും സോഷ്യല്‍ മീഡിയയിലും മൊഫിയ പങ്കുവെച്ചിരുന്നു.
നീതി തേടി പോലീസിനെ സമീപിച്ചപ്പോള്‍ സ്ത്രീയെ കുറ്റപ്പെടുത്തുന്നതും അപമാനിക്കുന്നതുമായ നീക്കമാണ് നീതിപാലകര്‍ നടത്തിയത്. സ്ത്രീധനം കൊടുക്കേണ്ടത് കടമയല്ലേ എന്ന ചോദ്യം സി ഐ സുധീറിന്റെ ഭാഗത്തു നിന്നും വന്നത് നീതി ന്യായ വ്യവസ്ഥയെ തന്നെ പരിഹസിക്കുന്ന തരത്തിലായിരുന്നു. വലിയ സ്വപ്നങ്ങളുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളും ജീവനും ആരെല്ലാമോ കുറച്ചുപേര്‍ന്ന് ചേര്‍ന്ന് ഇല്ലാതാക്കി.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബര്‍ 25 നും മൂന്നു ദിവസങ്ങള്‍ മുമ്പാണ് നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്യുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് 16 ദിവസത്തെ ബോധവത്കരണ പരിപാടികള്‍ ഐക്യരാഷ്ട്ര സംഘടന ആവിഷ്‌ക്കരിച്ചപ്പോള്‍ നീതി നടപ്പിലാക്കേണ്ട പോലീസുകാര്‍ തന്നെ ഇവിടെ പ്രതിയോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണുണ്ടായത്.
സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുന്നതിനുള്ള ബോധവത്കരണ പരിപാടികളും ആഘോഷങ്ങളും സാധാരണ ജനങ്ങളിലേക്ക് എത്ര മാത്രം എത്തുന്നുണ്ട് എന്നത് സംശയകരമാണ്. കോടതി ഉത്തരവ് ലഭിച്ചിട്ട് പോലും ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്നതിന് അനുവാദം ലഭിക്കാത്ത 27 വയസ്സുകാരിയായ കായംകുളം സ്വദേശിനിയും സഹോദരിയുടെ വിവാഹത്തിനുള്ള സ്ത്രീധനം കണ്ടെത്താന്‍ സാധിക്കാത്ത മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത തൃശൂര്‍ സ്വദേശി വിപിനുമൊക്കെ വാര്‍ത്ത ആയതാണ്. തുടര്‍ന്നുകൊണ്ടിരിക്കുന്ന സ്ത്രീധന വിഷയങ്ങളുടെയും സ്ത്രീപീഢനങ്ങളുടെയും നിയമലംഘനങ്ങളുടെയും നേര്‍ചിത്രങ്ങളാണ് ഇവരൊക്കെ.
മൊഫിയയുടെ ജീവിതത്തില്‍ നടന്നതുപോലെ ഭര്‍തൃവീട്ടുകാരും പോലീസും ഒരുമിച്ചു ചേര്‍ന്ന് വാദിയെ പ്രതിയാക്കുന്ന നിരവധി സംഭവങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഉത്ര, വിസ്മയ, മൊഫിയ എന്നിങ്ങനെ നിരവധി പേരുകള്‍ വിവിധ സമയങ്ങളിലായി കേരള മനസാക്ഷിയെ തന്നെ പിടിച്ചുലച്ചതായിരുന്നു. ഇത് അവസാനത്തേതായിരിക്കണം എന്ന് ഓരോ സ്ത്രീധന പീഡന മരണങ്ങള്‍ വരുമ്പോള്‍ കേരളം ഒന്നായി ഏറ്റു പാടാറുണ്ടെങ്കിലും വിഷയത്തിന്റെ ചൂടാറി കഴിയുന്ന സമയം സമൂഹം വന്ന വഴിയിലേക്ക് തിരികെ നടക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
സ്ത്രീപീഢനം, സ്ത്രീധനപീഢനം, ഭര്‍തൃപീഢനം, ഗാര്‍ഹികപീഢനം എന്നിങ്ങനെ വിവിധ തലക്കെട്ടുകളില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ ദിവസവും നിറയുമ്പോള്‍ തന്നെ വാര്‍ത്തകളിലേക്ക് എത്താതെ നിരന്തരമായ ഒത്തുതീര്‍പ്പു ചര്‍ച്ചകളില്‍ മുങ്ങി പോകുന്ന പരാതികളും പുറത്തു അറിയിക്കാതെ ഉള്ളില്‍ ഒതുക്കപ്പെടുന്ന പരാതികളും ഇതിനേക്കാള്‍ അധികമായി സമൂഹത്തില്‍ നിലനില്‍ക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ മുന്നിലെന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തില്‍ സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് അപരിഷ്‌കൃതമായ അവസ്ഥയാണ്. പീഢനത്തിനും സ്ത്രീധന പീഡനത്തിനും എതിരെയുള്ള ബോധവത്കരണങ്ങള്‍ നീതിപാലകരില്‍ തുടങ്ങി സാധാരണ ജനങ്ങളില്‍ വരെ എത്തിക്കേണ്ടതുണ്ട് എന്ന വസ്തുതയിലേക്കാണ് ഇത്തരം വാര്‍ത്തകള്‍ ചൂണ്ടി കാണിക്കുന്നത്.
2021 ലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ (എന്‍. എഫ്.എച് എസ്) റിപ്പോര്‍ട്ടില്‍ കേരളത്തിലെ സ്ത്രീകളില്‍ തന്നെയുള്ള അടിമത്ത മനോഭാവത്തെ കുറിച്ചു സൂചിപ്പിച്ചിരുന്നു. എന്‍ എഫ് എച്ച് എസ് സര്‍വേ റിപോര്‍ട്ട് പ്രകാരം കേരളത്തിലെ 52 % സ്ത്രീകളും ഭര്‍ത്താവ് മര്‍ദിക്കുന്നതില്‍ തെറ്റുകാണുന്നില്ല. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുന്നതിന് നിരവധി പരിപാടികള്‍ ലോകമെമ്പാടും കൊണ്ടാടുമ്പോള്‍ സ്വയം ഏല്‍ക്കുന്ന മര്‍ദ്ദനംപോലും തെറ്റാണ് എന്ന് തിരിച്ചറിയാനാവാത്ത സ്ത്രീകളില്‍ എത്ര പേര്‍ അവരുടെ ജീവിതത്തില്‍ അനുഭവിച്ച പീഢനങ്ങള്‍ തുറന്നു പറയാന്‍ തയ്യാറാകുന്നുണ്ടാകും?
പെണ്‍കുഞ്ഞു പിറന്നാല്‍?
ജനിച്ചു വീണ് ഒരാഴ്ച മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റ കല്യാണത്തിന് വേണ്ടി സമ്പാദിക്കുന്നതിനെക്കുറിച്ചു വ്യാകുലപ്പെടുന്ന അമ്മായി അമ്മയെക്കുറിച്ച് 25 വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയാണ് പറഞ്ഞത്. ചെലവു ചുരുക്കി മകള്‍ക്കു ഭാവിയില്‍ കല്യാണത്തിന് വേണ്ടി നല്‍കാനുള്ള സ്ത്രീധനം കരുതണമെന്നാണ് പ്രസവിച്ചു കിടക്കുന്ന മരുമകളോടുള്ള ഉപദേശം. പെണ്‍കുട്ടി ജനിച്ചാല്‍ വീട്ടിലുള്ളവരുടെ ജീവിത അഭിലാഷം തന്നെ കുട്ടിയുടെ വിവാഹമാണെന്ന ചിന്ത ഇപ്പോഴും നില നില്‍ക്കുകയാണ് എന്ന യാഥാര്‍ത്യമാണ് ഈ വാക്കുകളില്‍ നിന്നും മനസ്സിലാവുന്നത്.
‘ബേട്ടി ബചാവോ ബേട്ടി പാഠാവോ’ എന്നൊക്കെ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടെങ്കിലും പഠനം കഴിഞ്ഞ് ഒരാളെ കൈപിടിച്ചു ഏല്‍പ്പിക്കുന്നത് വരെ സമാധാനം കൊടുക്കാത്ത സമൂഹമാണ് പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് വില്ലനാകുന്നത്.
പെണ്‍കുട്ടികളെ സ്ത്രീധനം നല്‍കി വിവാഹം കഴിച്ചു അയക്കേണ്ടത് വീട്ടുകാരുടെ ഉത്തരവാദിത്തമാണെന്ന ചിന്തകളും സമ്മര്‍ദ്ദവുമാണ് തൃശൂര്‍ സ്വദേശിയായ യുവാവിന്റെ ജീവനെടുത്തത്. പെണ്‍കുട്ടികളെ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ മൂലം വിവാഹത്തിന് നിര്ബന്ധിക്കുന്നതിനോടൊപ്പം തന്നെ വലിയ സ്ത്രീധന മഹിമകള്‍ക്കു വേണ്ടി അനാവശ്യ ബാധ്യതകള്‍ തലയില്‍ ഏല്‍ക്കേണ്ടി വരുന്ന മാതാപിതാക്കളും സഹോദരങ്ങളും സമൂഹത്തിന്റെ ഇരകളാണ്. മറ്റുള്ളവരുടെ മുന്നില്‍ കുടുംബത്തിന്റെ പ്രതാപം ഉയര്‍ന്നു നില്‍ക്കണമെന്ന ചിന്തയില്‍ സമ്പാദിച്ചതെല്ലാം ചേര്‍ത്ത് തികയാത്തതിന് ലോണും എടുത്തു വലയുന്ന നിരവധി കുടുംബങ്ങളുണ്ട്.
വിവാഹമാണോ പെണ്‍കുട്ടിയുടെ ഇഷ്ടഭക്ഷണങ്ങള്‍ പോലും തീരുമാനിക്കുന്നത്?
വിദ്യാഭ്യാസത്തിലും തൊഴിലിലും മുന്നേറാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ പെണ്‍കുട്ടികള്‍ വളര്‍ത്തപ്പെടുന്നത് തുല്യതയില്‍ തന്നെ ആണോ എന്നത് ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കുന്നുണ്ട്. സ്വന്തം വീട്ടില്‍ നിന്ന് പോലും സഹനത്തിന്റെയും ക്ഷമയുടെയും ചിന്തകളില്‍ വളര്‍ത്തപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് സാചര്യങ്ങളില്‍ പൊരുത്തപ്പെട്ടു മുന്നോട്ടു പോയിക്കൊണ്ടിരിക്കുക എന്ന ഉപദേശങ്ങളാണ് പലപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.
‘തോന്നുന്ന സമയത്തൊക്കെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നാല്‍ ചെന്ന് കയറുന്ന വീട്ടില്‍ ഉള്ളവര്‍ക്ക് ഇഷ്ടപ്പെട്ടെന്നു വരില്ല. രുചിക്ക് വയ്ക്കാനും വേവിക്കാനും അറിയില്ലെങ്കില്‍ അമ്മായി അമ്മ ചൂലെടുത്ത് ഓടിച്ചോളും. വേറൊരു വീട്ടിലേക്കു കയറി ചെല്ലേണ്ടവളാണ് നീ, അവിടെ നിന്റെ ഇഷ്ടങ്ങള്‍ നടന്നെന്നു വരില്ല.’ ഭക്ഷണ കാര്യങ്ങളില്‍ പോലും കൊച്ചു പെണ്‍കുട്ടികള്‍ കേള്‍ക്കേണ്ടി വന്നിട്ടുള്ള ചില വാക്കുകളാണ് ഇവ. ഈ കാലത്തും ഇങ്ങനെയൊക്കെ പറയുന്നവര്‍ ഉണ്ടാകുമോ എന്ന ചോദ്യം അപ്രസക്തമാണ്. നേരിട്ടും അല്ലാതെയും സമൂഹത്തിലുള്ളവര്‍ക്ക് ഇപ്പോഴും പഴയ കാലങ്ങളില്‍ നിന്നും മുന്നോട്ടു നടക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ്. സ്വന്തം മാതാപിതാക്കളില്‍ നിന്നോ അപ്പൂപ്പനും അമ്മൂമ്മയില്‍ നിന്നോ അകന്ന ബന്ധുവില്‍ നിന്നോ പോലും ഇത്തരം ഉപദേശങ്ങള്‍ സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കും. പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ എന്ന പേരില്‍ നല്‍കപ്പെടുന്ന ഇത്തരം ഉപദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ തന്നെ ഒരു അടിമയാക്കി മാറ്റുന്നതിനുള്ള പരിശീലനങ്ങളാണ് നല്‍കുന്നത് എന്ന് തിരിച്ചറിയപ്പെടാറില്ല.
സിനിമ താരം റിമ കല്ലിങ്ങല്‍, പെണ്ണായതിന്റെ പേരില്‍ തന്റെ കുട്ടിക്കാലത്ത് വറുത്ത മീന്‍ കഷ്ണം കിട്ടാതെ പോയതിനെ കുറിച്ച് പറഞ്ഞപ്പോഴും അവരെ പരിഹസിക്കുന്നതിനായിരുന്നു ആളുകള്‍ കൂടുതല്‍ ഉത്സാഹിച്ചത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതങ്ങളില്‍ ഒരേ വീട്ടില്‍ വളരുന്ന സഹോദരങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടികളുടെ ഭക്ഷണ താല്പര്യങ്ങള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നവര്‍ തന്നെ ആണ്‍കുട്ടികളുടെ വാശികള്‍ സാധിച്ചു കൊടുക്കുന്ന കാഴ്ചകളും ഉണ്ട്. തുല്യമായ രീതിയില്‍ ഇവരുടെ വാശികള്‍ അംഗീകരിക്കാനും ഉപദേശിക്കാനും സാധിക്കാത്ത മനോഭാവം തന്നെയാണ് പഴയ തലമുറയില്‍ ഉള്‍പ്പെട്ടവര്‍ക്ക്.
ഒരു ചാനല്‍ പരിപാടിയില്‍ മകളെ വീട്ടുജോലികള്‍ പഠിപ്പിച്ചു വളര്‍ത്തുന്ന ചലച്ചിത്ര താരം മുക്തയെ കണ്ടിരുന്നു. ഏതൊരു കുട്ടിയും സ്വന്തം കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് നേടിയെടുക്കണം എന്ന ചിന്തയിലല്ല സിനിമ താരം ആ വിഷയം പറഞ്ഞത്. ഒരു പെണ്‍കുട്ടി ആയതുകൊണ്ട് വേറൊരു വീട്ടില്‍ ചെന്ന് ബുദ്ധിമുട്ടേണ്ടി വരരുത് എന്ന ചിന്തയില്‍ ആണ് മകളെ വീട്ടുജോലികള്‍ പഠിപ്പിക്കുന്നത് എന്നതായിരുന്നു മുക്തയുടെ ചിന്താഗതി. സ്ത്രീകള്‍ക്ക് അറപ്പും വെറുപ്പും പാടില്ല, രുചി നോക്കാതെ ഭക്ഷണം കഴിക്കണം, ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞു പാചകം ചെയ്തു കൊടുക്കുന്നതാണ് ഒരു ഉത്തമയായ വീട്ടമ്മ എന്നിങ്ങനെയുള്ള ചിന്തകള്‍ ടെലിവിഷന്‍ പരിപാടികളിലൂടെ വിളമ്പുന്ന ചലച്ചിത്ര താരം ആനിയും വിധു ബാലയുമൊക്കെ പഴയ കാലത്തെ അടിമത്ത വ്യവസ്ഥ പുതിയ തലമുറകളിലേക്ക് കൂടി പകര്‍ന്നു കൊടുക്കാനാണ് പലപ്പോഴും ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. സമൂഹം ഇനിയും പിന്നോട്ട് തന്നെ നടക്കട്ടെ എന്നാണോ ഇത്തരം പരിപാടികളിലൂടെ സമൂഹത്തില്‍ മുന്നില്‍ ഉള്ളവര്‍ തന്നെ ഉദ്ദേശിക്കുന്നത്?
ഇത്തരം ചിന്താഗതികളില്‍ തന്നെ മകന്റെ ഓരോ ഇഷ്ടഭക്ഷണങ്ങളും മരുമകളെ പഠിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന അമ്മായി അമ്മമാരെയും കാണാം. വളരെ സാധാരണമായി ഇത് പലര്‍ക്കും തോന്നുമെങ്കിലും സ്വന്തം മകനെ അവന്റെ ഇഷ്ടമുള്ള ഭക്ഷണം പാചകം ചെയ്യാന്‍ പഠിപ്പിക്കുന്നതാണ് ശരി എന്ന തിരിച്ചറിവുള്ളത് വളരെ ചുരുക്കം ആളുകള്‍ക്കാണ്.
ഭര്‍ത്താവാണോ ദൈവം?
‘ഭര്‍ത്താവിന്റെ കുറ്റവും കുറവും സഹിക്കാന്‍ കഴിവുള്ള വ്യക്തിയെ ആണ് അവനു ഭാര്യ ആയി ലഭിക്കുക. ഈ സഹനത്തിനുള്ള പ്രതിഫലം നിനക്ക് ദൈവത്തില്‍ നിന്നും ലഭിക്കും. ഭര്‍ത്താവിനെ ദൈവം ആയി കരുതി അവനെ അനുസരിക്കണം. പട്ടു വസ്ത്രമുടുത്തു സ്വന്തം വീട്ടില്‍ താമസിക്കുന്നതിനേക്കാള്‍ അന്തസ്സ് നീ സാധാരണ വസ്ത്രം ഉടുത്തു ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കുന്നതാണ്. പെണ്ണായി പിറന്നാല്‍ മണ്ണിനോട് ചേരുന്നവരെ സഹിച്ചും ക്ഷമിച്ചും മുന്നോട്ടു പോവുക. സ്ത്രീ എന്നാല്‍ ആണിന്റെ സംരക്ഷണയില്‍ കഴിയേണ്ടവളാണ്.’
ഭര്‍ത്താവിന്റെ വീട്ടിലെ ബുദ്ധിമുട്ടുകള്‍ അറിയിച്ചു വരുന്നവരെ മനം മാറ്റി തിരിച്ച് അയക്കാന്‍ പരിശ്രമിക്കുന്ന പല വിധ ഉപദേശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. സ്വന്തം വീടെന്നു കരുതി തിരിച്ചു ചെല്ലാന്‍ ഒരിടം ബാക്കിയില്ലാതാകുന്ന അവസ്ഥയാണ് വിവാഹത്തിലൂടെ പലപ്പോഴും ഉണ്ടാകുന്നത്. വീട്ടുകാര്‍ സ്വീകരിച്ചാല്‍ തന്നെ നിയമം ഉള്‍പ്പെടുന്ന സമൂഹം പലപ്പോഴും വീട്ടില്‍ തിരിച്ചു എത്തിയ പെണ്‍കുട്ടിയെ അഹങ്കാരിയും തന്റേടിയുമായി മുദ്ര കുത്തുന്നതും കാണാം.
ഭര്‍ത്താവ് മദ്യപാനി ആയാലും, മര്‍ദ്ദിക്കുന്നവന്‍ ആയാലും, സംശയ രോഗി ആയാലും, സ്ത്രീധനം ചോദിക്കുന്നവന്‍ ആണെങ്കിലും, പരസ്ത്രീ ബന്ധമുള്ളവന്‍ ആണെങ്കിലും മോശം കൂട്ടുകെട്ടുകള്‍ ഉണ്ടെങ്കിലും അവനെ നന്നാക്കിയെടുക്കാന്‍ ജീവിതം സമര്‍പ്പിക്കേണ്ടവളാണ് സ്ത്രീ എന്നതാണ് ഒത്തുതീര്‍പ്പു ചര്‍ച്ചകളില്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന പ്രധാന ഉപദേശങ്ങള്‍.
സ്വന്തം വിവാഹത്തില്‍ തീരുമാനമെടുക്കാന്‍ അവകാശമില്ലേ?
പെണ്‍കുട്ടികള്‍ കല്യാണത്തിന് ഇപ്പോള്‍ തയ്യാറല്ല എന്ന് പറഞ്ഞാലും, അവരെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ച് അയക്കേണ്ടത് ഉത്തരവാദിത്തമായി കരുതുന്ന വീട്ടുകാരും സമൂഹവും ചുറ്റിലുമുണ്ട്. സമൂഹത്തെ പേടിച്ചു ദൂരെ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പുതിയ തലമുറയിലെ പെണ്‍കുട്ടികളും കുറവല്ല. ഒരു മനുഷ്യജീവിയോടുള്ള യാതൊരു പരിഗണനയും ലഭിക്കാതെ നിരന്തരമായ സമ്മര്‍ദ്ദങ്ങളില്‍ സ്വന്തം സ്വപ്നങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്ന നിരവധി പെണ്‍കുട്ടികള്‍ ചുറ്റിലും ഉണ്ടായിട്ടുണ്ട്.
തമിഴ് നാട്ടില്‍ നിന്നുമുള്ള ഒരു പത്രവാര്‍ത്തയില്‍ പറഞ്ഞത് പ്രകാരം പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം തീരുമാനിച്ചത് മൂലമാണ് കോളേജ് വിദ്യാര്‍ത്ഥിനിയായ 18 വയസ്സുകാരി ആത്മഹത്യ ചെയ്തത്. ചെന്നൈ സ്വദേശിനി മോഹനപ്രിയ എന്ന പെണ്‍കുട്ടി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്നു. ഇഷ്ടമില്ലാത്ത വിവാഹം കഴിക്കാതെ ഇരിക്കാനുള്ള മാനുഷിക പരിഗണന പോലും ലഭിക്കാത്തത് ഒരു ജനാധിപത്യ രാജ്യത്തു തന്നെയാണ്.
സമ്പാദിക്കുന്നത് ചെലവാക്കാന്‍ അറിയാത്തവരാണോ സ്ത്രീകള്‍?
റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ്. ഭാര്യയും ഭര്‍ത്താവും ഉദ്യോഗസ്ഥര്‍ ആയിരുന്നു. അന്നത്തെ കാലത്തു ഭാര്യ ശമ്പളം കിട്ടിയാല്‍ അന്ന് തന്നെ കൃത്യമായി ഭര്‍ത്താവിനെ ഏല്‍പ്പിക്കും. ഭര്‍ത്താവാണ് അതിലെ ഓരോ രൂപയും ഏതു രീതിയില്‍ ചെലവഴിക്കണമെന്ന തീരുമാനം എടുക്കുന്നത്. സ്വന്തം മാതാപിതാക്കള്‍ക്ക് എന്തെങ്കിലും വാങ്ങി നല്‍കുന്നതിന് പോലും ഭര്‍ത്താവിന്റെ സമ്മതം ലഭിച്ചില്ലെങ്കില്‍ വാങ്ങാന്‍ കഴിയാത്ത അവസ്ഥ ഇവര്‍ക്കുണ്ടായിട്ടുണ്ട്. ഉദ്യോഗം ഉണ്ടെങ്കിലും ചെലവാക്കാന്‍ അറിയാത്തവരാണ് സ്ത്രീകള്‍ എന്നിങ്ങനെയുള്ള ഭരണം ഇന്നും അവരുടെ കുടുംബത്തില്‍ തുടര്‍ന്ന് പോരുന്നു.
കാലം പുരോഗമിച്ചപ്പോള്‍ പുതിയ തലമുറയിലുള്ളവര്‍ ഭാര്യയുടെ എ. ടി. എം. കാര്‍ഡ് കൈക്കലാക്കുന്ന അവസ്ഥകളും കാണുന്നുണ്ട്. മാസാമാസം വരുന്ന വരുമാനം ഭര്‍ത്താവ് എടുക്കുന്നതില്‍ തെറ്റ് കാണാത്ത സ്ത്രീകളും പ്രതികരിച്ചാലും പ്രയോജമില്ലാത്തതു കൊണ്ട് മിണ്ടാതിരിക്കുന്നവരും സമൂഹത്തില്‍ ജീവിക്കുന്നു.
ത്യാഗങ്ങളും കുറ്റപ്പെടുത്തലുകളും
ഗര്‍ഭിണിയാകാന്‍ വൈകുന്നതിന്റെ പേരില്‍ കുറ്റപ്പെടുത്തലുകള്‍ ഏറ്റു വാങ്ങുന്നവരും, സ്ത്രീധനം ഒന്നും കൊണ്ട് വന്നില്ലെന്ന് ഇടയ്ക്കിടെ ഓര്‍മിപ്പിച്ചു തരുന്നവരും ഉള്‍പ്പെടുന്ന സമൂഹത്തിലാണ് ഇന്നും ഓരോ സ്ത്രീയും ജീവിക്കുന്നത്. പാലക്കാട് സ്വദേശിനിയായ 19 വയസ്സുകാരി നഫ്‌ലയുടെ മരണത്തിനു കാരണമായിരിക്കുന്നത് ഗര്‍ഭിണിയാകാന്‍ വൈകുന്നതിലുള്ള നിരന്തരമായ കുറ്റപ്പെടുത്തലുകളായിരുന്നു. വിവാഹം കഴിഞ്ഞു മകള്‍ക്കു നിരന്തരമായ കുറ്റപ്പെടുത്തലുകളാണ് കേള്‍ക്കേണ്ടി വന്നതെന്നും നഫ്‌ലയുടെ മാതാവ് പറയുന്നു.
ആഗ്രഹിച്ചു ലഭിച്ച ജോലിക്കു പോകാന്‍ സാധിക്കാതെ, ചെയ്തുകൊണ്ടിരുന്ന ജോലികള്‍ രാജി വെക്കേണ്ടി വരുന്നതും സ്ത്രീകള്‍ക്കാണ്. പലപ്പോഴും ഒരു കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ക്ക് അനുസൃതമായി തന്റെ ജോലിയും ക്രമപ്പെടുത്തേണ്ട അവസ്ഥ പല സ്ത്രീകള്‍ക്കും ഉണ്ടാകാറുണ്ട്. ആഗ്രഹിച്ച പഠനം ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും സമ്മതം ഇല്ലാത്തതിന്റെ പേരില്‍ ഉപേക്ഷിക്കേണ്ടി വന്നവരും നമ്മുടെ സമൂഹത്തിലുണ്ട്.
2018 ല്‍ ഇടുക്കി സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്തതിനു കാരണമായി മാറിയത് ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞ ഭര്‍തൃവീട്ടുകാര്‍ ആയിരുന്നു. 2021 ല്‍ എറണാകുളം സ്വദേശിനിയായ ഒരു 27 വയസ്സുകാരിയുടെ ആത്മഹത്യക്കു കാരണമായി മാറിയത് ഉയര്‍ന്ന പഠനത്തിന് സമ്മതിക്കാതിരുന്ന ഭര്‍ത്താവും വീട്ടുകാരുമായിരുന്നു.
നിശബ്ദമാകുന്ന നീതി വ്യവസ്ഥ
പൊലീസ് പ്രതിയുടെ പക്ഷം പിടിച്ച് പരാതിക്കാരെ അവഗണിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയായ ശാമിലി ഭര്‍ത്താവിന്റെ പീഢനത്തെ തുടര്‍ന്ന് നിരവധി തവണ പോലീസില്‍ പരാതി അറിയിച്ചിരുന്നു. ഭര്‍ത്താവിനെതിരെ പരാതി നല്‍കി മാസം ഒന്നും കഴിഞ്ഞിട്ടും പോലീസുകാരില്‍ നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ശാമിലിയെ ഭര്‍ത്താവായ നിധീഷ് മര്‍ദിച്ചത്. മാധ്യമ വാര്‍ത്ത ആയതിനു ശേഷമാണ് കേസില്‍ പോലീസ് നടപടികള്‍ എടുത്തത്.
ഗാര്‍ഹിക പീഡനത്തിനെതിരെ പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തു നിന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാടുകളാണ് ഉണ്ടായത് എന്നാരോപിച്ചു കാസറഗോഡ് സ്വദേശിനി സഹന എന്ന യുവതിയും രംഗത്തു വന്നിരുന്നു. ഭിന്നശേഷക്കാരനായ മകനൊപ്പം വാടക താമസിക്കുന്ന യുവതിയുടെ പരാതികള്‍ കേള്‍ക്കേണ്ടതിനു പകരം നീലേശ്വരം പോലീസ് ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയതായും യുവതി ആരോപിക്കുന്നു. പരാതി നല്‍കി 44 ദിവസത്തിനു ശേഷമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
സ്വന്തം കാലില്‍ നില്‍ക്കട്ടെ
വിദ്യാഭ്യാസത്തിലും സാമ്പത്തികപരമായും ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സ്ത്രീകളുടെ മുന്നേറ്റത്തിന് വേണ്ടിയുള്ള പോരാട്ടം വര്‍ഷങ്ങള്‍ മുമ്പേ തുടങ്ങി വെച്ചതാണ്. 1915-ല്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടത്തിയ കല്ലുമാല സമരവും മൂന്നു പതിറ്റാണ്ടിലധികം നീണ്ടു നിന്ന ചാന്നാര്‍ ലഹളയും മുലക്കരത്തിനെതിരെ പ്രക്ഷോഭം നടത്തി രക്തസാക്ഷിയായ നങ്ങേലിയുമൊക്കെ പഴയകാലത്തു സ്ത്രീകള്‍ക്ക് വേണ്ടി നടന്ന സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
1961 -ല്‍ ഇന്ത്യയില്‍ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാക്കിയതാണ്. 2004 ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ത്രീധന നിരോധന ചട്ടവും നടപ്പിലാക്കി. സ്ത്രീപുരോഗമനത്തിന്റെ യുഗമാണ് ഇത് എന്ന് വിശേഷിക്കപ്പെടുമ്പോഴും തിരശീലക്കു മറവില്‍ എന്നോണം മകളുടെ വിവാഹം നടത്താന്‍ നെട്ടോട്ടമോടുന്ന ആളുകള്‍ അധികമാണ്. നിങ്ങള്‍ക്കിഷ്ടമുള്ളത് മകള്‍ക്കു നല്‍കിക്കോളൂ എന്ന ഉദാര മനസ്‌കത ചെറുക്കന്റെ വീട്ടുകാര്‍ കാണിക്കുമ്പോഴും നിലക്ക് ചേര്‍ന്ന രീതിയില്‍ അവര്‍ക്കു ലഭിക്കും എന്ന് തന്നെയുള്ള ചിന്തകള്‍ പല കുടുംബങ്ങളിലും ഉണ്ട്.
ഭാഗ്യ ദേവതയെ പ്രതീക്ഷിച്ചു
2009 -ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ‘ഭാഗ്യദേവത’ എന്ന സിനിമയില്‍ ലഭിക്കാന്‍ പോകുന്ന സ്ത്രീധനത്തില്‍ നിന്നും പുതിയ ബിസിനസ് സംരംഭങ്ങളെക്കുറിച്ചു സ്വപ്നങ്ങള്‍ നെയ്തു കൂട്ടുന്ന നായകനെ നമുക്ക് കാണാം. നമ്മുടെ സമൂഹത്തിലും ഇത്തരം പ്രതീക്ഷകളില്‍ വിവാഹത്തിലേക്ക് കടക്കുന്ന നിരവധി ചെറുപ്പക്കാരെ വരെ കാണാന്‍ സാധിക്കാറുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ പലപ്പോഴും ‘സ്ത്രീധനം നല്‍കില്ല’ എന്ന ഉറച്ച തീരുമാനം എടുക്കാന്‍ സമൂഹം വിലങ്ങു തടി ആയി മാറുന്നുണ്ട്.
ബോധവത്കരണ പരിപാടികള്‍ വര്‍ഷം തോറും നടത്തുന്നുണ്ടെങ്കിലും നീതി ലഭിക്കേണ്ട ഇടങ്ങളില്‍ പലപ്പോഴും സ്ത്രീകള്‍ ഒറ്റയ്ക്കായി മാറുന്ന യാഥാര്‍ഥ്യങ്ങളാണ് നമുക്ക് കാണാന്‍ ആവുന്നത്. ആയുഷ്‌ക്കാലം മുഴുവന്‍ ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ജീവിച്ചിട്ടും സംസാരിക്കാനോ അഭിപ്രായം പറയാനോ അനുവാദം ഇല്ലാത്ത സ്ത്രീകളും ഈ സമൂഹത്തില്‍ ജീവിക്കുന്നു. സ്വന്തമായി അഭിപ്രായമോ ഇഷ്ടങ്ങളോ ഇല്ലാതെ ജീവിക്കുന്ന ഇവരില്‍ പലര്‍ക്കും കേള്‍ക്കേണ്ടി വരുന്നത് ലഭിക്കാത്ത സ്ത്രീധനത്തിന്റെ കുറ്റപ്പെടുത്തലുകളും വിഴുപ്പലക്കലുമാണ്.
സ്വന്തം കാലില്‍ ജീവിച്ചു സ്വന്തം ജീവിതവും തീരുമാനങ്ങളും എടുക്കാന്‍ ഓരോ പെണ്‍കുട്ടിക്കും സാധിക്കണമെങ്കില്‍ അതിനു വേണ്ടി ഒപ്പം നില്‍ക്കുന്ന സമൂഹവും കുടുംബവും അവളോടൊപ്പം തന്നെ വേണം.