June 13, 2025 |
Share on

‘ഞാന്‍ ബിന്ദു, കോരന്റെയും കാളിയുടെയും മകള്‍’

ആര്‍ജ്ജവത്തോടെ ഒരു മാധ്യമപ്രവര്‍ത്തക സ്വയം അടയാളപ്പെടുത്തുന്നു

”ഉയരക്കുറവുള്ളോണ്ടാണ് മോളെ തോല്‍പ്പിച്ചത്”

എട്ടാം ക്ലാസുകാരിയായ മകളെ പരീക്ഷയില്‍ തോല്‍പ്പിച്ചതിന്റെ കാരണം കോരനോട് കൂസലന്യേന പറയുമ്പോള്‍ അധ്യാപികയ്ക്ക് പിന്നിലെ ചുമരില്‍ എല്ലാത്തിനും മൂകസാക്ഷിയായി ‘ ബാബ’യുടെ ഫ്രെയിം ചെയ്ത ചിത്രമുണ്ടായിരുന്നു(അതേ സ്‌കൂളില്‍ പ്രത്യേക ക്ഷണം സ്വീകരിച്ച് പഠിപ്പിക്കാന്‍ എത്തി അവളതിന് മധുരമായി പ്രതികാരം ചെയ്തപ്പോള്‍ നീല കോട്ടിനുള്ളിലെ മനസ് തുടിച്ചിട്ടുമുണ്ടാകണം).

കോരന്റെ മകന് ഏഴാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തേണ്ടി വന്നതിനു കാരണവും പഠനത്തില്‍ മികവില്ലാത്തതുകൊണ്ടായിരുന്നില്ല. മൂന്നാം ക്ലാസുകാരിയായ മകള്‍ക്കും തോല്‍വി വിധിച്ചപ്പോഴും ആ സാധു പിതാവിന് സ്വയം പഴിക്കാനല്ലാതെ മറ്റൊന്നിനുമാകുമായിരുന്നില്ല.

ആ മൂന്നാം ക്ലാസുകാരി ഇന്ന് ഒരു മാധ്യമ പ്രവര്‍ത്തകയാണ്. താന്‍ നേരിടേണ്ടി വന്ന അസ്തിത്വ പ്രതിസന്ധിയെക്കുറിച്ച് ആര്‍ജ്ജവത്തോടെ തുറന്നു സംസാരിക്കുകയാണ് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ബിന്ദു പാലക്കപ്പറമ്പില്‍

”എന്റെ ബാല്യത്തിൽ ഞാൻ ഏറ്റവും ഭയപ്പെട്ടൊരു സംഗതി ഞാൻ ആരാണെന്ന ചോദ്യത്തിന് ഉത്തരം നൽകാനായിരുന്നു. ‘എന്റെ പേര് ബിന്ദു, അച്ഛന്റെ പേര് കോരൻ’ എന്ന് ഞാൻ പറഞ്ഞു തുടങ്ങുമ്പോഴേക്കും ക്ലാസ്സിൽ ഒന്നടങ്കം ഒരു പൊട്ടിച്ചിരി വീണിട്ടുണ്ടാകും. ചിരിയുടെ ഒച്ച കൂടുന്നതിന്നനുസരിച്ചു എന്റെ തലയും കുനിഞ്ഞു തുടങ്ങും, കണ്ണിൽ നിന്ന് വേദനകൾ ഉരുണ്ടിറങ്ങും, പുറത്തേക്ക് കടക്കാനാവാത്ത എന്തോ ഒന്ന് തൊണ്ട കുഴിയിൽ വന്നു നിറയും. ഞാൻ എന്നത് വലിയ തെറ്റാണെന്ന് ഓരോ വട്ടവും എന്നെ പഠിപ്പിച്ചു കൊണ്ടിരുന്നത് ഈ ചിരികളായിരുന്നു. മറുചിന്തക്ക് ഇടയില്ലാത്ത വിധം അപകർഷതാ ബോധമായാണ് ഇതെന്നിൽ വളർന്നു വന്നത്.

എല്ലാ രീതിയിലും അണ്ടർ പ്രിവിലേജ്ഡ് ആയൊരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. എന്റെ അമ്മയുടെ 45 ആം വയസിലാണ് 6 മത്തെ കുട്ടിയായി ഞാൻ ജനിക്കുന്നത്. എന്റെ സഹോദരങ്ങളുടെ കാലത്ത് കോരനും കാളിയുമെന്ന മാതാപിതാക്കളുടെ പേര് ഒരുപക്ഷെ സർവ്വസാധാരണമായിരുന്നു. പക്ഷെ അവരെക്കൾ വലിയ രീതിയിൽ പ്രായ വ്യത്യസമുണ്ടയിരുന്ന എനിക്ക് നേരിടേണ്ടി വന്ന സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു. മാച്ച് കളയാനാവാത്ത കറപോലെ പറ്റിപിടിച്ചു നിൽക്കുന്ന ജാതി വർണ്ണ ബോധത്തിന് മുന്നിൽ കോരനും കാളിയും ബിന്ദുവും ഒരു പോലെ അപമാനിക്കപെട്ടു. കോരൻ എന്ന പേര് പരിഹസിക്കപ്പെടേണ്ടതാണെന്ന മനോഭാവമുള്ള സമൂഹത്തിനു മുന്നിൽ പിന്നെയും തലകുനിച്ചു നിൽക്കേണ്ടി വന്നു. തൊണ്ടക്കുഴിയോളം കനത്തു വന്നിരുന്ന ഓരോ അപമാനത്തിലും എനിക്ക് പോരാടേണ്ടി വന്നത് ഒരു പോലെ സമൂഹത്തിനോടും, എന്നോടുമായിരുന്നു.

2020 ൽ അച്ഛൻ മരിച്ചതിനു ശേഷമാണ് ഞാൻ എഴുതി തുടങ്ങുന്നത്, അച്ഛനെ കുറിച്ചുള്ള ഫേസ്ബുക് കുറിപ്പുകൾക്ക് വലിയ സ്വീകാര്യത ആ സമയത്താണ് ലഭിച്ചു തുടങ്ങുന്നത്. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും എന്നെ പരുവപ്പെടുത്തിയെടുത്ത അനുഭവങ്ങളെല്ലാം ചേർത്ത് വച്ച് ഒരു പുസ്തകമാക്കണെമെന്ന് ആഗ്രഹത്തിന്റെ ആദ്യ പടിയായാണ് ഈ എഴുത്തിനെ ഞാൻ കാണുന്നത്.

മേൽജാതിയും കീഴ്ജാതിയുമെന്ന കൃത്യമായ വിവേചനം നിലനിന്നിരുന്ന ഭൂതകാലത്ത് ദളിതർ നേരിടേണ്ടി വന്നിട്ടുണ്ടാകുക ചിന്തിക്കാൻ കഴിയുന്നതിന്റെ അപ്പുറമുള്ള അനുഭവങ്ങളായിരിക്കും. ജാതി വിവേചനം ഒളിച്ചു കടത്തുന്ന ഇക്കാലത്ത് ദളിത് സമൂഹത്തിൽ നിന്നുള്ളവർ നേരിടേണ്ടി വരിക അന്നെത്തെക്കാൾ ഭീകരമായ സ്ഥിതി വിശേഷമാണ്. ജാതി വിവേചനത്തെ കുറിച്ച് ഓർമ്മക്കുറിപ്പുകൾ എഴുതി തുടങ്ങിയത് മുതൽ സമൂഹമാധ്യമങ്ങളിലടക്കം എന്നെ തേടിയെത്തുന്ന ഓരോ സന്ദേശങ്ങളും, അതിലൂടെ എന്നോട് അവർ പങ്കുവക്കുന്ന ജീവിതാനുഭവങ്ങളും ഇത് തന്നെയാണ് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. പലപ്പോഴും ഞാൻ തുറന്നു പറയുന്ന കഥകൾ എന്റെ സുഹൃത്തുക്കൾക്ക് അവിശ്വസിനീയമാണ്. ഞങ്ങൾ എല്ലാവരും തന്നെ വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നെത്തുന്ന വിദ്യർത്ഥികൾ തന്നെയാണെന്നതിൽ സംശയമില്ല. പക്ഷെ സമൂഹത്തിന്റെ പല തട്ടുകളിൽ നിൽക്കുന്നവരെ ആളുകളെ എങ്ങനെ പരിഗണിക്കുന്നു, എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായിരിക്കും ഞാനും എന്റെയാ കഥകളും. രണ്ടു തരം ജീവിതമാണ് പ്രിവിലേജ് ഉള്ളവരും ഇല്ലാത്തവരും ഇവിടെ ജീവിച്ചുതീർക്കുന്നതെന്ന് അവർ പോലും മനസിലാക്കുന്നത് എന്റെ അനുഭവങ്ങൾ പറയുമ്പോഴാണ്.

ഈ പ്രിവിലേജ് ഇല്ലായ്‌മ എന്നെ സംബന്ധിച്ച് പുതിയതല്ല. കാളിയും, കോരനുമെന്ന മാതാപിതാക്കളുടെ പേരിൽ നിന്ന് തുടങ്ങി ബാല്യം മുതൽ അറിവെത്തും വരെ ചുറ്റിനുമുള്ള ജീവിതസാഹചര്യങ്ങളത്രയും ഉള്ളിൽ കുത്തി നിറച്ചത് അപകർഷതാബോധം മാത്രമായിരുന്നു. സ്വയം പരിചയപ്പെടുത്തി തുടങ്ങുന്ന ഓരോ ഘട്ടത്തിലും എന്നെ എതിരേറ്റിരുന്നത് പരിഹാസമായിരുന്നു. ‘ഞാൻ’ ഒരു വലിയ തെറ്റാണെന്ന ചിന്തയായിരുന്നു അന്ന് ഉള്ളിൽ നിറഞ്ഞു നിന്നിരുന്നത്. സ്വയം മറ്റുള്ളവർക്ക് മുന്നിൽ പരിചയപ്പെടുത്തേണ്ടി വരുന്ന സാഹചര്യങ്ങളിലെല്ലാം ഞാൻ നേരിടേണ്ടി വന്നിട്ടുള്ള അപമാനമത്രയും അത് ഊട്ടിയുറപ്പിക്കുന്നതായിരുന്നു. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ, അച്ഛന്റെ പേര് പറയേണ്ടി വരുന്ന, രക്ഷിതാക്കൾ സ്കൂളിലേക്ക് വരേണ്ടി വരുന്ന,അപ്രതീക്ഷിതമായി അച്ഛനെ കൂട്ടുകാർക്കൊപ്പം കാണേണ്ടി വരുന്ന സന്ദർഭങ്ങളെ, നെഞ്ചിടിപ്പോടെ നേരിട്ട ഒരു കുട്ടിയുടെ മാനസികാവസ്ഥ. പിന്നീട് കാലം മാറുന്നതനുസരിച്ച്, നമുക്ക് ചുറ്റിനുമുള്ള ആളുകൾ മാറുകയും, പഠനത്തിലൂടെയും വായനയിലൂടെയും സമൂഹത്തെ കൂടുതലായി കണ്ടറിയുന്ന മാറ്റങ്ങളിലൂടെയും സ്വയം നവീകരിക്കുമ്പോഴാണ് ഞാൻ തെറ്റല്ലെന്ന തിരിച്ചറിവുണ്ടാകുന്നത്. കോരനും കാളിയുമാണ് എന്റെ രക്ഷിതാക്കൾ എന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ കഴിയാത്തതും, പരിഹസിക്കാൻ തോന്നുന്നതും പൊതുബോധം സൃഷ്ട്ടിച്ചു വച്ചിരിക്കുന്ന മാനങ്ങൾ മൂലവും, വിദ്യാഭ്യാസമില്ലായ്മയാണെന്നും തിരിച്ചറിയുന്നതും ആ ഘട്ടത്തിലായിരുന്നു. അത്രയും കാലം ഞാൻ പരിഭവിച്ചു നടന്നിരുന്ന അരക്ഷിതാവസ്ഥകളുടെ മറു പുറം കൂടി ഞാൻ കാണുന്നതും ഈ സമയത്തായിരുന്നു. കൂട്ടുകാർ പറഞ്ഞു കേട്ട് മാത്രം പരിചയിച്ചു വന്ന ലാളനകൾ എനിക്ക് കിട്ടാതെ പോയത് സ്നേഹക്കുറവ് കൊണ്ടിയിരുന്നില്ല ; രക്ഷിതാക്കളുടെ സാഹചര്യം കൊണ്ടായിരുന്നുവെന്നും ചിന്തിക്കുന്നത് ഇവിടം മുതലാണ്. അത്രയും വലിയ അംഗസംഖ്യയുള്ള കുടുംബത്തിന്റെ ആവശ്യങ്ങൾ തങ്ങളാലാവും വിധം കണ്ടറിഞ്ഞു ചെയ്തു തരാൻ സമൂഹം കളിയാക്കിയിരുന്ന കോരനും കാളിക്കും സാധിച്ചിരുന്നതും ഇന്ന് എന്റെ അഭിമാനങ്ങളിൽ ഒന്നാണ്.

ജാതി ചിന്ത ബോധ്യങ്ങൾ കുടിയിറക്കപ്പെട്ടതു മുതലാണ് കോരന്റെയും കാളിയുടെയും മകളെന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ പറഞ്ഞു തുടങ്ങുന്നത്. ”കോരനോ അതെന്ത് പേരാണ് ” സ്വയം പരിചയപ്പെടുത്തി തുടങ്ങുമ്പോൾ മുതൽ കേട്ടുപഴകിച്ച ഇത്തരം ചോദ്യങ്ങളും പരിഹാസവും ആദ്യമാദ്യം എന്നെ വേട്ടയാടിയിരുന്നു. ഒരു മാധ്യമസ്ഥാപനത്തിന്റെ ഇന്റർവ്യൂ ബോർഡിൽ നിന്ന് പോലും ഞാൻ ഈ ചോദ്യം നേരിട്ടിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ അച്ഛന്റെ പേര് തന്നെയാണ് എന്റെ അച്ഛനുമെന്ന് അഭിമാനത്തോടെ പറഞ്ഞു കൊണ്ട് ആ പരിഹാസത്തെ അതെ പടി കൈ കാര്യംചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. ജാതി, വർണ്ണ ചിന്തകളെ അതെ രീതിയിൽ ശക്തമായ നിലപടുകളോടെ നേരിട്ടു കൊണ്ടിരുന്ന ഞാൻ ആ നിമിഷം തീർത്തും നിശ്ചലയായി പോയി. ”കോരൻ” എന്ന പേര് പാടത്തും പറമ്പിലും പണിയെടുക്കുന്നവന് മാത്രമായിരിക്കും, അത് കളിയാക്കപ്പെടേണ്ടതാണെന്നുമുള്ള മനോഭാവം എന്നെ പരിഹസിക്കുന്നവർക്കുണ്ട്. അപ്പോൾ പിന്നെ അവർ മറുത്തു പറയുമെന്ന് നമുക്കെങ്ങെനെ ആശിക്കാനാവും. ഈ പറയുന്ന അവഗണനകളൊക്കെ ചവിട്ടി മെതിച്ചുകൊണ്ട് ജീവിതത്തിൽ തെളിയിച്ചു കാണിച്ചു കൊടുത്താലും അവർ പിന്നെയും നമ്മുടെ സ്വത്വത്തെ പരിഹസിച്ചു കൊണ്ടിരിക്കും. അവരുടെ മനോഭാവത്തിന് മാറ്റമില്ലെന്ന് ഇതേപോലെ ഓർമിപ്പിച്ചുകൊണ്ടിരിക്കും. പേരിനൊപ്പം ജാതി വാലുണ്ടായിരുന്നെങ്കിൽ ഈ അപമാനങ്ങളൊന്നും നേരിടേണ്ടി വരില്ലെന്ന തിരിച്ചറിവുണ്ടാക്കുന്നത് മറ്റൊരു ട്രോമയായിരിക്കും.

മറ്റു തൊഴിലിടങ്ങളെക്കാൾ പുരോഗമന വാദത്തിന് വഴിയൊരുക്കുന്നത് മാധ്യമങ്ങളാണ്. ഈ ഒരു പ്രത്യേകത കൊണ്ടായിരിക്കാം പലരും മാധ്യമപ്രവർത്തനം തിരഞ്ഞെടുക്കുന്നത്. നിറത്തിന്റെയും, ജാതിയുടെയും പേരിൽ സമൂഹത്തിലെ പല പ്രശസ്തരായ വ്യക്തികളും അപമാനിക്കപ്പെട്ടപ്പോൾ മാധ്യമങ്ങൾ വലിയ രീതിയിലാണ് പിന്തുണ നൽകിയത്. പക്ഷെ സമൂഹം പറഞ്ഞു വക്കുന്ന സൗന്ദര്യ ബോധങ്ങൾ കൃത്യമായി പാലിക്കുന്നതും, നടപ്പിലാക്കുന്നതും മാധ്യമങ്ങൾക്കും പങ്കില്ലേ ? എന്തുകൊണ്ടാണ് കറുത്ത നിറമുള്ള അവതാരകരെ മാധ്യമങ്ങൾ അത്രകണ്ട് പ്രോത്സാഹിപ്പിച്ചു മുൻ നിരയിലെത്തിക്കാത്തത്? എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും തെളിഞ്ഞു കാണുന്ന ഈ ജാതി ബോധത്തിന്റെ തുരുത്തിൽ എന്നേക്കാൾ നീറി പോയ മനുഷ്യരുണ്ടാവും, അവർക്കു വേണ്ടി കൂടിയാണീ തുറന്നു പറച്ചിൽ”  ബിന്ദു പറഞ്ഞവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

×