UPDATES

ആ മാതാപിതാക്കളോട് ക്ഷമ ചോദിച്ച് സക്കര്‍ബര്‍ഗ്

സംഭവിച്ച ദുരന്തങ്ങള്‍ തടയാന്‍ കഴിയാത്തതില്‍ ഖേദിച്ച് സ്‌നാപ് ചാറ്റും

                       

സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ലൈംഗിക-മാനസിക അതിക്രമങ്ങള്‍ക്ക് ഇരകളായ കുട്ടികളുടെ മാതാപിതാക്കളോട് മാപ്പ് ചോദിച്ച് മാര്‍ക് സക്കര്‍ബര്‍ഗ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ നിരന്തരം വര്‍ദ്ധിക്കുന്ന സാഹര്യത്തില്‍, അവ തടയുന്നതിനും മതിയായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച ചടങ്ങായ കോണ്‍ഗ്രസ് ഹിയറിങ്ങില്‍ വച്ചായിരുന്നു മെറ്റാ സി ഇ ഒ ആയ സക്കര്‍ബര്‍ത്തിന്റെ ക്ഷമാപണം(ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍, അനുചതമായ ഉള്ളടക്കം തുടങ്ങി കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന ആശങ്കകള്‍ തുടങ്ങിയ വിഷയങ്ങള്‍ നിയമനിര്‍മാതാക്കള്‍ ചര്‍ച്ച ചെയ്യുന്ന ഔപചാരിക യോഗമാണ് കോണ്‍ഗ്രസ് ഹിയറിംഗ്).

‘നിങ്ങള്‍ കടന്നു പോകേണ്ടി വന്ന അവസ്ഥകള്‍ക്ക് ഞാന്‍ മാപ്പ് ചോദിക്കുന്നു. മരണപെട്ട ഓരോ കുട്ടിയുടെയും കുടുംബങ്ങള്‍ അനുഭവിച്ച സംഘര്‍ഷങ്ങളിലൂടെ ഇനിയാരും കടന്നുപോകരുത്. അതിനുവേണ്ടി ഞങ്ങള്‍ നന്നായി പ്രയത്‌നിക്കും. നിങ്ങളുടെ കുടുംബങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളിലൂടെ ഇനി ആരും കടന്നുപോകേണ്ടതില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ വ്യാപകമായി പുതിയ പദ്ധതികള്‍ക്ക് തുടക്കമിടാന്‍ ഒരുങ്ങുകയാണ്, കൂടാതെ നിങ്ങള്‍ അനുഭവിക്കേണ്ടി വന്ന എല്ലാ കാര്യങ്ങളിലും ഞാന്‍ ഖേദിക്കുന്നു’ സക്കര്‍ബര്‍ഗ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ വഴി ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരായി മരിച്ച കുട്ടികളുടെ ഫോട്ടോകള്‍ മാതാപിതാക്കള്‍ ഉയര്‍ത്തിക്കാട്ടിയപ്പോഴായിരുന്നു സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞത്.

സ്നാപ്ചാറ്റ് വഴി മയക്കുമരുന്ന് ഉപയോഗിക്കാന്‍ ഇടയായ കുട്ടികളുടെ മാതാപിതാക്കളോട് സ്നാപ്പ് ചാറ്റ് സിഇഒ ഇവാന്‍ സ്പീഗും മാര്‍ക്കിന്റേതിന് സമാനമായി ഖേദം രേഖപ്പെടുത്തി. കുട്ടികള്‍ക്ക് അമിതമായി മയക്കുമരുന്ന് ഉപയോഗിക്കാന്‍ സ്‌നാപ് ചാറ്റ് സൗകര്യമൊരുക്കിയെന്നാരോപിച്ചുകൊണ്ട് 60-ലധികം കൗമാര പ്രായക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ 2023-ന്റെ അവസാനത്തില്‍ സ്നാപ്പ് ചാറ്റിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.

സംഭവിച്ചുപോയ ദുരന്തങ്ങള്‍ തടയാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നുവെന്നും, സ്‌നാപ് ചാറ്റില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ തിരച്ചിലുകളും തടയാന്‍ തങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ഇവാന്‍ സ്പീഗല്‍ പറഞ്ഞു. ബിഗ് ടെക് ആന്‍ഡ് ഓണ്‍ലൈന്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ ‘കേസില്‍ ബുധനാഴ്ച നടന്ന സംവാദത്തില്‍ സക്കര്‍ബര്‍ഗ്, ഇവാന്‍ സ്പീഗല്‍, എക്‌സ്(ട്വിറ്റര്‍) പ്രതിനിധി ലിന്‍ഡ യാക്കറിനോ, ടിക് ടോക്കിലെ ഷൗ സി ച്യൂ, ഡിസ്‌കോര്‍ഡിന്റെ ജേസണ്‍ സിട്രോണ്‍ എന്നിവരുള്‍പ്പെടെയുള്ള പല മുഖ്യ സാമൂഹ മാധ്യമങ്ങളുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരും കോണ്‍ഗ്രസ് ഹിയറിങ്ങിനെത്തിയിരുന്നു.

യുഎസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ പ്രസ്താവന പ്രകാരം ‘സമൂഹ മാധ്യമങ്ങള്‍ വഴി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കുറ്റകൃത്യങ്ങളെ പറ്റി അന്വേഷിക്കുന്നതിനും മതിയായ പരിശോധനകള്‍ നടത്തുന്നതിനും വേണ്ടിയാണ് ഹിയറിങ്ങ് നടത്തുന്നത്.

നിങ്ങള്‍ മനപൂര്‍വം ചെയ്തല്ലെങ്കിലും നിങ്ങളുടെ കൈകളില്‍ രക്തമുണ്ട് എന്ന് കമ്മിറ്റി ചെയര്‍മാന്‍ ഡിക്ക് ഡര്‍ബിന്‍ ഓരോ സമൂഹ മാധ്യമ പ്രതിനിധികളോടും പറഞ്ഞു. സെനറ്റ് കമ്മറ്റിയുടെ ചെയര്‍മാനെന്ന നിലയില്‍ കുട്ടികള്‍ ഓണ്‍ലൈനില്‍ നേരിടുന്ന അപകടങ്ങളെ ചെറുക്കുകയെന്നത് തന്റെ മുന്‍ഗണനകളിലൊന്നാണെന്നും, സമൂഹ മാധ്യമങ്ങള്‍ വച്ചു നീട്ടുന്ന ഇത്തരം സാധ്യതകള്‍ കുട്ടികളെ ചൂഷണം ചെയ്യുന്നവര്‍ക്ക് ഒരു ശക്തമായ ആയുധമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

സെനറ്റില്‍ പങ്കെടുത്ത ഓരോരുത്തരും കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിനുള്ള സാധ്യതകളെ പറ്റി ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന്, അക്രമങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായി മെറ്റ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ നിലവില്‍ നടപ്പിലാക്കിയിട്ടുള്ള നിയന്ത്രണങ്ങളെ കുറിച്ച് മാര്‍ക് സക്കര്‍ബര്‍ഗ് പറഞ്ഞു. ഓരോ ആപ്പുകളും കുട്ടികള്‍ ഉപയോഗിക്കുമ്പോഴുളള സമയപരിധി നിശ്ചയിക്കാനും കുട്ടികള്‍ ആരെയൊക്കെ സമൂഹ മാധ്യമങ്ങള്‍ വഴി പിന്തുടരുന്നുവെന്നും രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാനും അനുവദിക്കുന്ന സംവിധാനങ്ങള്‍ ഉള്‍പ്പടെ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മെറ്റ പുറത്തിറക്കിയ ടൂളുകളെ പറ്റിയും മാര്‍ക് സക്കര്‍ബര്‍ഗ് വിശദീകരിച്ചിരുന്നു. 2016 മുതല്‍ മെറ്റ 20 ബില്യണ്‍ ഡോളര്‍ സുരക്ഷയ്ക്കുമായി ചെലവവഴിച്ചിട്ടുണ്ടെന്നും ഒപ്പം ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ പറ്റിയുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനുമായി ഏകദേശം 40,000 പേരിലധികം ആളുകള്‍ക്ക് ജോലി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സേവനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് യുവാക്കളെ സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും, അതേസമയം തന്നെ തങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്നത് നിരന്തരമായ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്രശ്‌നം പരിഹരിക്കുമ്പോള്‍ കുറ്റവാളികള്‍ അടുത്ത പ്രതിരോധവുമായി രംഗത്തെത്തുമെന്നും അവര്‍ ദിനംപ്രതി തന്ത്രങ്ങള്‍ മാറ്റികൊണ്ടിരിക്കുകയാണെന്നും അതിനാല്‍ തന്നെ തങ്ങള്‍ നിരന്തരമായി പുതിയ പ്രതിരോധ തന്ത്രങ്ങളും അവലംബിക്കേണ്ടത് അനിവാര്യമാണെന്നും സക്കര്‍ബര്‍ഗ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ഗാര്‍ഡിയന്‍ പത്രത്തിന്റെ രണ്ടു വര്‍ഷത്തോളം നീണ്ട അന്വേഷണത്തില്‍ ലൈംഗികവ്യാപാരത്തിനായി കുട്ടികളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും തടയിടുന്നതിനായി ഫേസ്ബുക്ക് വളരെയേറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. യുവാക്കളുടെ മാനസികാരോഗ്യത്തില്‍ സോഷ്യല്‍ മീഡിയ വഹിക്കുന്ന പ്രതികൂല സ്വാധീനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ജനുവരി 31ന് സെനറ്റില്‍ വാദ പ്രതിവാദങ്ങള്‍ നടന്നത്.

Share on

മറ്റുവാര്‍ത്തകള്‍