UPDATES

അമിത ദേഷ്യമുണ്ടോ?

അറിയണം കാലാവസ്ഥക്കൊപ്പം മാറി മറിയുന്ന മനസ്

                       

പ്രവചനാതീതമായ അവസ്ഥയിലേക്ക് കാലാവസ്ഥ മാറുമ്പോൾ മനുഷ്യ മനസും അത്തരം ഒരു അവസ്ഥയിലേക്ക് നീങ്ങുകയാണ്. കൊടും ചൂടും, മഴയും മാറിയും തിരിഞ്ഞും വരുമ്പോൾ അതിന്റെ ആഘാതങ്ങൾ പ്രകൃതിയിലുണ്ടാകുന്നത് പോലെ മനുഷ്യന്റെ മാനസിക നിലയിലും പ്രതിഫലനം കാണാം. കടുത്ത ചൂടും പെട്ടന്നുള്ള മഴയും മനുഷ്യമനസിന്റെ താളം തെറ്റിക്കാനിടയുണ്ടെന്നും, മുൻകോപം മുതൽ വിഷാദം വരെയുള്ള അവസ്ഥയിൽ മനുഷ്യനെ കൊണ്ടെത്തിച്ചേക്കാം എന്ന് പറയുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്ധനായ ഡോക്ടർ അരുൺ ബി നായർ. climatechange mentalhealth

ചൂടും മാനസികാരോഗ്യവും

തീവ്രമായ ചൂട് മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കാറുണ്ട് . ചൂടിന്റ കാഠിന്യം ഏറുമ്പോൾ ശരീരത്തിൽ നിർജലീകരണം സംഭവിക്കും ജലാംശങ്ങളോടൊപ്പം ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ലവണങ്ങളായ സോഡിയം പൊട്ടാസ്യം എന്നിവ കൂടി നഷ്ടപ്പെടും. ഇത് വളരെ അധികം ശാരീരിക പ്രശ്നങ്ങളിലേക്ക് നയിക്കും പ്രധാനമായും രാത്രിയിലെ ഉറക്കം നഷ്ടപ്പെടും എന്നതാണ് ഏറ്റവും വലിയ പ്രശ്നം. പകൽ സമയത്ത് ക്ഷീണം, ഓർമ്മ കുറവ് , അലസത, കാര്യങ്ങൾ ആസൂത്രണം ചെയ്ത് ചെയ്യാനുള്ള കഴിവില്ലായ്മ, തുടങ്ങിയ കുറെ അധികം ബുദ്ധിമുട്ടുകളും അനുഭവപ്പെടാനുളള സാധ്യതയുണ്ട്

ദേഷ്യം വർധിപ്പിക്കുന്ന ചൂട്

മറ്റൊരു പ്രശ്നം ചൂട് കൂടുമ്പോൾ വ്യക്തികളിൽ ദേഷ്യം കൂടുതലായിരിക്കും എന്നതാണ്. ഇതിന്റെ പ്രധാനപ്പെട്ട കാരണം ലവണങ്ങളിലുള്ള ഏറ്റക്കുറച്ചിലുകൾ തലച്ചോറിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങളാണ്. എടുത്ത് ചാടിയുള്ള പ്രതികരണം, പൊടുന്നനെ പൊട്ടിത്തെറിക്കുക, വാഹനം ഓടിക്കുമ്പോൾ റോഡിൽ അമിത ദേഷ്യ പ്രകടനങ്ങൾ നടത്തുക തുടങ്ങിയവയും ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ്.

മഴയും ചൂടും മാറിവരുമ്പോൾ മനസ്സിനേൽക്കുന്ന ആഘാതം

മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന ആളുകളെ ചൂടും മഴയും മാറി മാറി വരുന്നത് വലിയ രീതിയിൽ ബാധിക്കും. കാരണം ഉറക്കം കുറയുമ്പോൾ അവരിലെ മാനസികാരോഗ്യ പ്രശ്‍നങ്ങൾ കൂടുതൽ വഷളാകും. വൈകാരിക പ്രശ്നങ്ങൾ, ഉന്മാദവിഷാദ രോഗം, ചിത്തഭ്രമം, ലഹരി അടിമത്വം തുടങ്ങിയവ സാധാരണ വ്യക്തികളിൽ വഷളാകാനുള്ള സാധ്യത കൂടുതലാണ്. പെട്ടന്ന് ചൂടിൽ നിന്ന് മഴയിലേക്ക് വരുമ്പോൾ മനുഷ്യന്റെ വൈകാരിക അവസ്ഥയിലും മാറ്റങ്ങൾ സംഭവിക്കാം. കഠിന ചൂടിൽ ആദ്യം ലഭിക്കുന്ന മഴ ആശ്വാസമഴയായി കണക്കാവുന്നതാണ്. പക്ഷെ ചൂടിൽ നിന്ന് സംരക്ഷണം പകരുന്ന ഒരു അനുഭവമാകാമെങ്കിലും, കൊടും ചൂടിൽ നിന്നും പെട്ടന്ന് തണുപ്പിലേക്ക്  കാലാവസ്ഥ മാറുമ്പോൾ വിഷാദത്തിന് സമാനമായ ഒരു അവസ്ഥ സൃഷ്ട്ടിക്കാൻ സാധ്യതയുണ്ട്. മടി , കാര്യങ്ങൾ ഉത്സാഹത്തോടെ ചെയ്യാനുള്ള ബുദ്ധിമുട്ട്, ഓർമ്മിച്ചെടുക്കാനുളള പ്രയാസം, ഇത്തരത്തിലുളള പ്രയാസങ്ങളും അനുഭവപ്പെട്ടേക്കാം. ചൂടിൽ പെട്ടന്ന് മഴവരുമ്പോൾ തണുത്ത കാലാവസ്ഥ രൂപപ്പെടുമ്പോഴും വിഷാദ രോഗത്തിന്റെ തോത് കൂടുകയും മേൽപറഞ്ഞ പ്രശ്ങ്ങൾ വ്യാപകമായി വ്യക്തികളിൽ കാണാനുള്ള സാധ്യതയുമുണ്ട്.

കാലാവസ്ഥ വ്യതിയാനം ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നു

വിഷാദത്തിലേക്ക് മനുഷ്യൻ പോകുമ്പോൾ ലഹരി ഉപയോഗിക്കാനുള്ള പ്രവണത വരാം. അതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണം മറ്റു തരത്തിലുളള സന്തോഷങ്ങൾ മഴക്കാലത്ത് കുറയാൻ സാധ്യതയുണ്ട് എന്നതാണ്. യാത്രകൾക്കും, പുറമെയുള്ള ഉല്ലാസങ്ങളിലും വിനോദങ്ങളിലും ഏർപ്പെടാനുമുളള സാധ്യതകൾ കുറയും അതിനെ തുടർന്ന് ഒരു നിരാശയിലൂടെ ആയിരിക്കും മനുഷ്യർ ആ സമയങ്ങളിൽ കടന്ന് പോവുക. ഈ അവസ്ഥയെ മറികടക്കാനും സന്തോഷം ലഭിക്കാനും പലരും ലഹരി വസ്തുക്കളെ ആശ്രയിക്കാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും ലഹരി വസ്തുക്കളുടെ ഉപയോഗം അളവിൽ കൂടിക്കഴിഞ്ഞാൽ അത് ഒരു തരം അടിമത്വമായി മാറാനും പിന്നീട് അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിലേക്കും എത്തിച്ചേരും. കാലക്രമേണ അതില്ലാതെ മുന്നോട്ട് പോകാൻ പറ്റാത്ത സ്ഥിതിവിശേഷം ആകാനും മതി.

 

content summary : How climate change affects mental health

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍