March 18, 2025 |

ശത്രുത പഴങ്കഥ, ട്രംപിന്റെ ഉപദേശകനാവുമോ ഇലോണ്‍ മസ്‌ക് ?

നേരത്തെ മസ്‌കും ട്രംപും കൊടും വൈരികളെ പോലെയാണ് പെരുമാറിയിരുന്നത്.

ടെക് ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സംഘാംഗമാവാന്‍ സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. വര്‍ഷങ്ങളായി ട്രംപും മസ്‌കും തമ്മില്‍ ശത്രുതയിലാണ്. എന്നാല്‍ അടുത്തകാലത്തായി ഇരുവരും നിരന്തരം ഫോണ്‍ വഴി സംസാരിക്കുന്നത് പതിവാണെന്നും പഴയ ശത്രുത പഴങ്കഥയായി കഴിഞ്ഞെന്നുമാണ് റിപ്പോര്‍ട്ട്. ട്രംപ് വൈറ്റ് ഹൗസില്‍ അധികാരകസേരയിലെത്തിയാല്‍ മസ്‌ക് ഉപദേശ സംഘത്തിലേക്ക് എത്തുമെന്നുമാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോടീശ്വരനായ നെല്‍സണ്‍ പെല്‍റ്റ്സിന്റെ എസ്റ്റേറ്റില്‍ വച്ച് മസ്‌കും ട്രംപും കൂടികാഴ്ച നടത്തിയിരുന്നു. അഭയാര്‍ത്ഥി വിഷയം ഉള്‍പ്പെടെ
നയപരമായ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ഈ തെരഞ്ഞെടുപ്പില്‍ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും സംഭാവന നല്‍കില്ലെന്ന് നേരത്തെ തന്നെ മസ്‌ക് പറഞ്ഞിരുന്നു. എന്നാല്‍ ജോ ബൈഡന് പിന്തുണ നല്‍കരുതെന്ന് യുഎസിലെ സമ്പന്നരും ശക്തരുമായ വ്യക്തികളോട് മസ്‌ക് ആവശ്യപ്പെടുമെന്നാണ് വിവരം. നവംബറില്‍ ഇക്കാര്യം മസ്‌ക് ട്രംപിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതൊക്കെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വളര്‍ത്തിയതും.

നേരത്തെ മസ്‌കും ട്രംപും കൊടും വൈരികളെ പോലെയാണ് പെരുമാറിയിരുന്നത്. പരസ്പരം അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. 2022ലെ ഒരു റാലിയില്‍ ട്രംപ് മസ്‌കിനെ ‘ബുള്‍ഷിറ്റ് ആര്‍ട്ടിസ്റ്റ്’ എന്നാണ് വിളിച്ചത്. തിരികെ മറുപടിയായി ട്രംപിന്റെ കാലം കഴിഞ്ഞുവെന്നും വിശ്രമജീവിതം ആരംഭിക്കു എന്നുമാണ് മസക് പറഞ്ഞത്. അതേസമയം, വൈറ്റ് ഹൗസിലെ ഉപദേശക ഗ്രൂപ്പ് മസ്‌കിന് പുത്തരില്ല. ട്രംപിന്റെ കാലത്ത് വൈറ്റ് ഹൗസ് ബിസിനസ് ഉപദേശക ഗ്രൂപ്പില്‍ മസ്‌ക് ഹ്രസ്വമായി സേവനമനുഷ്ഠിച്ചിരുന്നു. എന്നാല്‍ 2017-ല്‍ പാരീസ് കാലാവസ്ഥാ ഉടമ്പടി കാലത്ത് സംഘത്തില്‍ നിന്ന് മസ്‌ക് പിന്മാറി. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തപ്പോള്‍ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചു. എക്സില്‍ കൂടുതല്‍ സജീവമാകാന്‍ മസ്‌ക് ട്രംപിനോട് ആവശ്യപ്പെട്ടതായും പറയുന്നു.ടെസ്ലയുടെയും സ്പേസ് എക്സിന്റെയും ഉടമ എന്ന നിലയില്‍, റോക്കറ്റ്-സര്‍വീസ് കരാറുകളും ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി ക്രെഡിറ്റുകളും ഉള്‍പ്പെടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫെഡറല്‍ ഗവണ്‍മെന്റ് നയങ്ങളില്‍ നിന്നും കരാറുകളില്‍ നിന്നും മസ്‌ക് പ്രയോജനം നേടിയിട്ടുണ്ട്.

 

English summary: Trump reportedly considers White House advisory role for Elon Musk

×