June 13, 2026 |
Share on

വിപണി പിടിച്ചടക്കി സ്പേസ് എക്സ്; ലോകത്തെ ആദ്യ ട്രില്യണെയറായി ഇലോണ്‍ മസ്‌ക്

ഓഹരി വിപണിയിലേക്ക് ചരിത്രപരമായ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് സ്‌പേസ് എക്‌സ്‌

ഏകദേശം രണ്ടര പതിറ്റാണ്ടോളം സ്വകാര്യ കമ്പനിയായി തുടര്‍ന്നശേഷം, ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സ് ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടത്തോടെ ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ആരംഭിച്ച ആദ്യദിന വ്യാപാരത്തില്‍ തന്നെ സ്പേസ് എക്സിന്റെ ഓഹരി മൂല്യം കുതിച്ചുയരുകയും കമ്പനിയുടെ ആകെ വിപണി മൂല്യം ഏകദേശം 2.1 ട്രില്യണ്‍ ഡോളര്‍ (ഏകദേശം 200 ലക്ഷം കോടി രൂപ) കടന്ന് ചരിത്രം കുറിക്കുകയും ചെയ്തു. ഈ വന്‍ മുന്നേറ്റത്തോടെ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഇലോണ്‍ മസ്‌ക് ലോകത്തിലെ ആദ്യത്തെ ‘ട്രില്യണെയര്‍’ (ഒരു ലക്ഷം കോടി ഡോളര്‍ – ഏകദേശം 104.6 ലക്ഷം കോടി രൂപ) പദവി സ്വന്തമാക്കി.’

ന്യൂയോര്‍ക്കിലെ നാസ്ഡാക് ഓഹരി വിപണിയില്‍ എല്‍ട്ടണ്‍ ജോണിന്റെ പ്രശസ്തമായ ‘റോക്കറ്റ് മാന്‍’ എന്ന ഗാനം പശ്ചാത്തലത്തില്‍ മുഴങ്ങവേയാണ് കമ്പനി എക്‌സിക്യൂട്ടീവുകള്‍ ഓഹരി വ്യാപാരത്തിനു തുടക്കം കുറിച്ച ബെല്‍ മുഴക്കിയത്. ‘ഇന്ന് നമ്മള്‍ വീണ്ടും ചരിത്രം കുറിക്കുകയാണ്. ചരിത്രം സൃഷ്ടിക്കുന്ന ഒരു പാരമ്പര്യമാണ് നമുക്കുള്ളത്,’ സ്‌പേസ് എക്‌സ് പ്രസിഡന്റ് ഗ്വിന്നി ഷോട്ട്വെല്‍ വിപണിയില്‍ നിന്ന് സംസാരിക്കവേ പറഞ്ഞ വാക്കുകള്‍. ഐപിഒ ദിനത്തിന്റെ ആവേശത്തിനിടയിലും ഫ്‌ലോറിഡയിലെ കേപ്പ് കനാവറല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് 29 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുമായി കമ്പനിയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചതായും അവര്‍ അറിയിച്ചു.

തുടക്കത്തില്‍ 135 ഡോളര്‍ പ്രീ-ഓപ്പണ്‍ വില നിശ്ചയിച്ചിരുന്ന സ്‌പേസ് എക്‌സ് ഓഹരികള്‍, വ്യാപാരം ആരംഭിച്ചപ്പോള്‍ 150 ഡോളറിലാണ് ലിസ്റ്റ് ചെയ്തത്. ആദ്യദിനത്തില്‍ വന്‍ ഡിമാന്‍ഡ് അനുഭവപ്പെട്ട ഓഹരി വില ഒരു ഘട്ടത്തില്‍ 176 ഡോളര്‍ വരെ ഉയര്‍ന്നു. വിപണി അടയ്ക്കുമ്പോള്‍ ഓഹരി ഒന്നിന് 160 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം അവസാനിച്ചത്. ഇത് പ്രാരംഭ വിലയേക്കാള്‍ 19 ശതമാനത്തിലധികം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കമ്പനിയുടെ ആകെ മൂല്യം 2.1 ട്രില്യണ്‍ ഡോളറിലെത്തി(ഏകദേശം 200 ലക്ഷം കോടി).

ഈ വന്‍ കുതിപ്പോടെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും കൈവശമുള്ള ഇലോണ്‍ മസ്‌കിന്റെ വ്യക്തിഗത ആസ്തി ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച് 1.1 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു. 1.2 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ടെസ്ലയുടെയും സിഇഒ ആയ മസ്‌കിന് ആ ഇലക്ട്രിക് വാഹന കമ്പനിയില്‍ മാത്രം ഏകദേശം 300 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 2.85 ലക്ഷം കോടി രൂപ) ഓഹരി പങ്കാളിത്തമുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) കമ്പനികളുടെ ഐപിഒകള്‍ക്ക് വലിയ മുന്നേറ്റം പ്രവചിക്കപ്പെടുന്ന ഒരു വര്‍ഷത്തിലാണ് സ്‌പേസ് എക്‌സിന്റെയും വിപണി പ്രവേശം. മസ്‌കിന്റെ എഐ സ്റ്റാര്‍ട്ടപ്പായ എക്‌സ് എ ഐയെ സ്‌പേസ് എക്‌സ് ഏറ്റെടുത്തതോടെ ഈ മേഖലയിലും കമ്പനിക്ക് വലിയ സ്വാധീനമുണ്ട്. വിപണിയിലെ മറ്റ് പ്രമുഖ എഐ കമ്പനികളായ ഓപ്പണ്‍ എഐ , ആന്ത്രോപിക് എന്നിവയും ഈ വര്‍ഷം തന്നെ പൊതുവിപണിയിലേക്ക് ഇറങ്ങാന്‍ ഒരുങ്ങുകയാണ്.

പൊതുവിപണിയിലൂടെ സമാഹരിക്കുന്ന കോടിക്കണക്കിന് ഡോളര്‍, ബഹിരാകാശ പര്യവേക്ഷണങ്ങള്‍ ശക്തമാക്കാനും മറ്റ് ഗ്രഹങ്ങളില്‍ മനുഷ്യ കോളനികള്‍ സ്ഥാപിക്കാനും ഉപയോഗിക്കുമെന്ന് മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. നക്ഷത്രങ്ങളിലേക്ക് ബോധത്തിന്റെ വെളിച്ചം വ്യാപിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനിയുടെ നിക്ഷേപക പ്രൊസ്‌പെക്ടസ് പറയുന്നു. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം, എക്‌സ് എ ഐ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ്, പ്രധാന റോക്കറ്റ് നിര്‍മ്മാണ ബിസിനസ് എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഒരു വന്‍ സമുച്ചയമാണ് നിലവില്‍ സ്‌പേസ് എക്‌സ്.

എന്നാല്‍ കമ്പനി ഇത്ര വലിയ മൂല്യം കൈവരിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ലാഭത്തിലല്ല പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനി 18.7 ബില്യണ്‍ ഡോളര്‍ (ഏകദേശം 17.8 ലക്ഷം കോടി രൂപ) റവന്യൂ നേടിയപ്പോള്‍ 4.3 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 40,900 കോടി രൂപ) പ്രവര്‍ത്തന നഷ്ടമാണ് രേഖപ്പെടുത്തിയത്. ഉദാഹരണത്തിന്, സോഷ്യല്‍ മീഡിയ ഭീമനായ മെറ്റാ കഴിഞ്ഞ വര്‍ഷം 200 ബില്യണ്‍ ഡോളറിലധികം (ഏകദേശം 19 ലക്ഷം കോടി രൂപയിലധികം) വരുമാനവും 60 ബില്യണ്‍ ഡോളറിലധികം (ഏകദേശം 5.7 ലക്ഷം കോടി രൂപയിലധികം) അറ്റാദായവും നേടിയിരുന്നു.’

സാധാരണ കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി, ഓഹരികള്‍ക്ക് ഒരു നിശ്ചിത വില പരിധി നിശ്ചയിക്കുന്നതിന് പകരം നിക്ഷേപകര്‍ക്ക് മുന്നില്‍ ‘സ്വീകരിക്കുക അല്ലെങ്കില്‍ നിരസിക്കുക’ എന്ന വ്യവസ്ഥയില്‍ 135 ഡോളര്‍(12,848.28 രൂപ) എന്ന ഒറ്റ വിലയാണ് സ്‌പേസ് എക്‌സ് മുന്നോട്ട് വെച്ചത്. ഈ ഐപിഒ വഴി 75 ബില്യണ്‍ ഡോളര്‍(ഏകദേശം 71.38 ലക്ഷം കോടി രൂപ) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടതെങ്കിലും, നിക്ഷേപകരുടെ താല്‍പ്പര്യം പ്രതീക്ഷിച്ചതിലും നാലിരട്ടിയായി വര്‍ദ്ധിച്ചതോടെ ഇത് 250 ബില്യണ്‍ ഡോളറിലേക്ക്(23.79 ലക്ഷം കോടി) വരെ ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, കമ്പനിയുടെ അക്കൗണ്ടിംഗിലും മൂല്യനിര്‍ണ്ണയത്തിലും കൃത്യതക്കുറവുണ്ടാകാം എന്ന് ചൂണ്ടിക്കാണിച്ച് ഐപിഒ വൈകിപ്പിക്കണമെന്ന് മസാചുസെറ്റ്‌സ് സെനറ്റര്‍ എലിസബത്ത് വാറന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

കമ്പനിയുടെ പ്രവര്‍ത്തന നഷ്ടവും മസ്‌കിന്റെ എഐ ഡാറ്റാ സെന്ററുകള്‍ക്കായുള്ള വന്‍ തുക ചിലവഴിക്കലും സ്‌പേസ് എക്‌സിനെ ഒരു അസ്ഥിരമായ നിക്ഷേപമാക്കി മാറ്റിയേക്കാമെന്ന് ചില വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കമ്പനിയുടെ 85% വോട്ടിംഗ് ഓഹരികളും മസ്‌കിന്റെ പക്കലാണെന്നതും ശ്രദ്ധേയമാണ്. കൂടാതെ, സ്‌പേസ് എക്‌സ് ഓഹരികള്‍ അതിവേഗം ഇന്‍ഡെക്‌സ് ഫണ്ടുകളില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍, സാധാരണക്കാരുടെ പെന്‍ഷന്‍, വിരമിക്കല്‍ നിക്ഷേപങ്ങള്‍ എന്നിവ സ്‌പേസ് എക്‌സിന്റെ ഓഹരി തകര്‍ച്ചയുണ്ടായാല്‍ അപകടത്തിലായേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

കമ്പനിയുടെ ഈ റെക്കോര്‍ഡ് നേട്ടം ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക നേട്ടമാണ് സമ്മാനിക്കുന്നത്. കമ്പനിയിലെ നിലവിലുള്ളതും മുന്‍കാലങ്ങളിലുമുള്ള 4,400-ലധികം ജീവനക്കാര്‍ ഈ ഐപിഒയിലൂടെ മില്യണെയര്‍മാരായി മാറും. ഇതില്‍ 400 ഓളം പേര്‍ക്ക് 100 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള ആസ്തി ലഭിക്കുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, അതിസമ്പന്നരുടെ വളര്‍ച്ചയെക്കുറിച്ച് പഠിക്കുന്ന ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഗബ്രിയേല്‍ സുക്മാന്‍ ഈ വന്‍ മൂലധന കേന്ദ്രീകരണത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം അതിരുകടന്ന സമ്പത്ത് ജനാധിപത്യ സമൂഹങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അതിസമ്പന്നത ഭൂതകാലത്തിന്റെ ഭാഗമായി മാറിയെന്ന് കരുതിയെങ്കിലും, ഇന്നത്തെ എഐ വിപ്ലവം പ്രതിദിനം കോടീശ്വരന്മാരെ സൃഷ്ടിക്കുകയാണെന്നും ആദ്യത്തെ ട്രില്യണെയറുകള്‍ നമ്മുടെ മുന്നിലേക്ക് എത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം നിരീക്ഷിച്ചു.

Content Summary; SpaceX makes history with the biggest tech IPO as its valuation crosses $2.1tn, making CEO Elon Musk the world’s first-ever trillionaire. Read more

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×