June 04, 2026 |
Share on

ഹിന്ദുക്കള്‍ ആയുധമെടുക്കാന്‍ തയ്യാറാവുക: കേരളത്തിലെ മുസ്ലീം വിരുദ്ധ വിദ്വേഷണ പ്രചരണത്തിന് വേദിയാകുന്നത് ‘എക്സ് സ്പേസസ്’ പ്ലാറ്റ്ഫോം

ഏത് മലയാളിയും ആത്യന്തികമായി ‘കമ്മ്യൂണിസ്റ്റുകളോ ജിഹാദികളോ’ ആകും

ഒരു വായനക്കാരന്‍ നല്‍കിയ സൂചനയനുസരിച്ച് ന്യൂസ് മിനുട്ട്സ് ഒരാഴ്ചയിലധികം ‘എക്സ് സ്പേസസ്’ എന്ന പഴയ ട്വിറ്ററിന്റെ ഓഡിയോ ചാറ്റ് പ്ലാറ്റ്ഫോമില്‍ നടക്കുന്ന ലൈവ് ചര്‍ച്ചകളും റിക്കോര്‍ഡഡ് ചര്‍ച്ചകളും കേട്ട് തയ്യാറാക്കിയ സ്റ്റോറി. മലയാളികള്‍ക്കിടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന, ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വര്‍ഗ്ഗീയ വിദ്വേഷ പ്രചരണമാണ് ഈ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം വഴി നടക്കുന്നത് എന്ന് ഈ സ്റ്റോറി ചൂണ്ടിക്കാണിക്കുന്നു.

‘നമുക്ക് നേരെ ആക്രമണം നടക്കുന്ന ദിവസം വരും. കാരണം അതവരുടെ വിശുദ്ധ ഗ്രന്ഥത്തില്‍ (ഖുറാന്‍) എഴുതിയിട്ടുള്ളതാണ്. മുസ്ലീങ്ങള്‍ക്ക് എല്ലാ മനുഷ്യരേയും അവരുടെ മതത്തിലേയ്ക്ക് മാറ്റണം. അല്ലേല്‍ അവര്‍ നിങ്ങളെ (മലയാളികളെ) ആക്രമിക്കും. നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ സുരക്ഷിതത്വം തോന്നുന്നില്ലെങ്കില്‍ അടുത്തുള്ള ആര്‍.എസ്.എസ് ശാഖയുമായി ബന്ധപ്പെടുക.”-സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ന്റെ ‘സ്പേയ്സസില്‍’ നടക്കുന്ന ഒരു ചര്‍ച്ചയില്‍ ഒരാള്‍ പറയുന്നു. മറ്റൊരാള്‍ സംസ്ഥാനത്ത് മുസ്ലിങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ നേരിടുന്ന ‘ഭീഷണി’യെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

സന്ദേശം വ്യക്തമാണ്. കേരളത്തില്‍ ഹിന്ദുക്കള്‍ മുസ്ലിങ്ങളില്‍ നിന്ന് ഭീഷണി നേരിടുകയാണ് എന്ന് സ്ഥാപിക്കുക.

ഓഡിയോ ചാറ്റുകളിലൂടെ ആശയവിനിമയം നടത്താന്‍ സാധിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമാണ് ‘എക്സ് സ്പേസസ്’. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് കേള്‍ക്കുകയും ചര്‍ച്ചാ വിഷയം സംബന്ധിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയുമാകാം. കഴിഞ്ഞ ജൂണ്‍ ആറിനാണ് ഇത്തരത്തില്‍ മതവിദ്വേഷം പടര്‍ത്തുന്ന ചര്‍ച്ചകള്‍ ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നടക്കുന്ന വിവരം ഒരു വായനക്കാരന്‍ ‘ന്യൂസ് മിനുട്സി’ന്റെ ശ്രദ്ധയില്‍ പെടുത്തുന്നത്. ഞങ്ങള്‍ ഒരാഴ്ചയിലധികം ലൈവ് ആയതും റിക്കോര്‍ഡ് ചെയ്തതുമായ ചര്‍ച്ചകള്‍ കേട്ടു. ഇത് സമാന്തരമായ ഏതോ ലോകത്തെ ചര്‍ച്ചകള്‍ മാത്രമല്ല, ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വെറുപ്പും വിദ്വേഷവും നിറഞ്ഞ വലിയ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാന്‍ പോന്നതുമാണ് എന്ന് ഞങ്ങള്‍ക്ക് തോന്നി.

hindutva

ഇതില്‍ ചില ചര്‍ച്ചകളാകട്ടെ, ധാരാളം ഹിന്ദുത്വാനുകൂല മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും അത് ഊതിവീര്‍പ്പിച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്നു.

സാധാരണയായി രാത്രി 11.30-ന് ആരംഭിച്ച് പുലര്‍ച്ചെ 1.30 വരെ നീണ്ടുനില്‍ക്കുന്ന ഈ ചര്‍ച്ചകള്‍ ആഴ്ചയില്‍ നാലോ അഞ്ചോ തവണ നടക്കുന്നു. ഇതില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും അജ്ഞാത അക്കൗണ്ടുകളാണ് ഉപയോഗിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇവരാരാണ് എന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ഇവര്‍ പ്രധാനമായും ഗള്‍ഫ് മേഖലയുള്‍പ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഹിന്ദുക്കളായ കേരളീയരാണെന്നാണ് തോന്നുന്നത്.

മിക്ക ചര്‍ച്ചകളിലും, വിഷയം എന്താണെങ്കിലും, മുസ്ലിം വിരുദ്ധ വികാരങ്ങളാണ് മുഴച്ച് നിന്നിരുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ മുസ്ലിങ്ങളെ സൂചിപ്പിക്കാന്‍ ‘കോയ’, ‘സുഡു’, ‘മുറിയന്‍’ തുടങ്ങിയ തികച്ചും അധിക്ഷേപകരമായ വാക്കുകളാണ് ഉപയോഗിക്കുന്നത്. ഇതില്‍ സജീവമായ അക്കൗണ്ടുകള്‍ക്ക്, വ്യാജ പേരുകളില്‍ ഉള്ളതിതും അല്ലാത്തവയ്ക്കും, ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ട്, അവരില്‍ ഭൂരിഭാഗവും ഏതെങ്കിലും തരത്തില്‍ സംഘപരിവാറുമായി ബന്ധമുള്ളവരുമാണ്.

അതെ, ഞാനൊരു വര്‍ഗീയ വാദിയാണ്’

”അവര്‍’ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ആപത്തിനെ നേരിടാന്‍ അതേ കുറിച്ച് അറിവില്ലാത്തവരെ തയ്യാറെടുപ്പിക്കുകയാണ് ഞങ്ങള്‍. നാളെ അവര്‍ നമ്മുടെ കുടുംബങ്ങളില്‍ കടന്നുവന്നാലോ?” എക്‌സ് സ്പേസസ് ചര്‍ച്ചകളിലൊന്നില്‍ രാജേഷ് കൃഷ്ണന്‍ എന്നയാള്‍ പറഞ്ഞു. ആലത്തൂര്‍ മണ്ഡലത്തിലെ ബി.ജെ.പി. ജനറല്‍ സെക്രട്ടറിയാണ് രാജേഷ്. അദ്ദേഹം സജീവമായി ഇത്തരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്യുന്നയാളാണ്.

‘അതെ, ഞാന്‍ ഒരു വര്‍ഗീയവാദിയാണ്,’ മെയ് 27-ന് നടന്ന ‘കോണ്‍ഗ്രസ് (ലവ് ഇമോജി; ജമാഅത്തെ ഇസ്ലാമി (ആംഗ്രി ഇമോജി)’ എന്ന പേരിലുള്ള ഒരു എക്സ് സ്പേസസ് ചര്‍ച്ചയില്‍ രാജേഷ് പറഞ്ഞു. ഇതേ ചര്‍ച്ചയില്‍, എ (പേര് ഒഴിവാക്കുന്നു), എന്ന മറ്റൊരു എക്സ് അക്കൗണ്ട്, ഖുര്‍ആന്‍ കത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ആദ്യം പുസ്തകത്തിന്റെ പേര് പറഞ്ഞില്ലെങ്കിലും, മറ്റൊരു പങ്കാളി ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം ഖുര്‍ആന്‍ എന്ന് പേര് എടുത്തുപറഞ്ഞു. ബി, എന്ന ഒരു സ്ത്രീയുടെ പേരിലുള്ള മറ്റൊരു എക്സ് അക്കൗണ്ട്, കേരളത്തിലെ ഹിന്ദുക്കള്‍ നേരിടുന്ന ”ഭീഷണികളെക്കുറിച്ച്” കേരളത്തിന് പുറത്തുള്ളവരെ അറിയിക്കുന്നതിനായി എക്സ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അവരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ ഹിന്ദുക്കളോട് ആവശ്യപ്പെട്ടു. ‘വടക്കേ ഇന്ത്യക്കാരും കേന്ദ്രസര്‍ക്കാറും കേരളത്തിലെ ഭീഷണിയെക്കുറിച്ച് ബോധവാന്മാരാകാന്‍, എക്‌സ് പോലുള്ള പ്ലാറ്റ്‌ഫോമില്‍ ഈ പ്രശ്‌നങ്ങള്‍ എല്ലാ ദിവസവും ഉന്നയിക്കുന്നുവെന്ന് ഉറപ്പാക്കുക,’ അവര്‍ പറഞ്ഞു.

‘മുസ്ലിം ആക്രമണങ്ങള്‍ക്കെതിരെ’ തയ്യാറെടുക്കാന്‍ ഹിന്ദുക്കളോട് നേരിട്ട് ആഹ്വാനം ചെയ്യുന്നതിനു പുറമേ, യാതൊരു തെളിവുമില്ലാതെ മുസ്ലിം വിരുദ്ധ ആഖ്യാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഈ ചര്‍ച്ചകളില്‍ ചരിത്രത്തെയും രാഷ്ട്രീയത്തെയും കുറിച്ച് പല അവകാശവാദങ്ങളും ഉയര്‍ന്ന് വരും. മതപരമായ വിദ്വേഷം പ്രചരിപ്പിക്കുന്നതിന് പുറമെ, ഈ ചര്‍ച്ചകളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ് വിരുദ്ധ വൈകാരിതയ്ക്കുമാണ് പ്രധാന്യം.

ഉദാഹരണത്തിന്, മിക്ക സ്പേസസ് ചര്‍ച്ചകളിലും അജ്ഞാതനായി സംസാരിക്കുന്ന സി എന്ന എക്സ് ഐഡി, മുസ്ലിം ആക്രമണങ്ങള്‍ മാത്രമാണ് ഇന്ത്യയുടെ സാംസ്‌കാരിക പുരോഗതിയെ ”തകര്‍ത്തത്” എന്ന് ഉറപ്പിച്ചുപറയുന്നു. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സി, വടക്കേ ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും ആളുകള്‍ മലയാളികളെ ജോലിക്കെടുക്കുന്നില്ല എന്നവകാശപ്പെട്ടു. കാരണം ഏത് മലയാളിയും ആത്യന്തികമായി ‘കമ്മ്യൂണിസ്റ്റുകളോ ജിഹാദികളോ’ ആകുമെന്നാണ് അവര്‍ കരുതുന്നുവെന്നും അയാള്‍ പറഞ്ഞു.

ജൂലൈ 10-ന് നടന്ന മറ്റൊരു ചര്‍ച്ചയില്‍, നവജാതശിശുക്കളുടെയും കുട്ടികളുടെയും ചേലാകര്‍മ്മം കഴിഞ്ഞ് നീക്കം ചെയ്യുന്ന അഗ്രചര്‍മ്മം വിലകൂടിയ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളില്‍ ഉപയോഗിക്കാന്‍ അവയവ മാഫിയ കടത്തുന്നുണ്ടെന്ന് സി അവകാശപ്പെട്ടു. എല്ലാ മതസ്ഥരും പല കാരണങ്ങളാല്‍ ചേലാകര്‍മ്മം ചെയ്യാറുണ്ടെങ്കിലും, സി ഇവിടെ കേരളത്തിലെ പല മുസ്ലിങ്ങള്‍ക്കും മതപരമായ പ്രാധാന്യമുള്ള ഒരു ആചാരമായ ‘സുന്നത്ത് കല്യാണത്തെ’ക്കുറിച്ചാണ് സൂചിപ്പിച്ചത്. ‘അത് പാഴായിപ്പോകില്ല. നവജാത ശിശുക്കളില്‍ നിന്നുള്ളതായതുകൊണ്ട്, ആവശ്യം കൂടുതലാണ്,’ സി അവകാശപ്പെട്ടു.

എന്നിരുന്നാലും, ഏതാനും മിനിറ്റുകള്‍ക്ക് ശേഷം അദ്ദേഹം പറഞ്ഞു, ‘ഇതിനെക്കുറിച്ച് ഞാന്‍ ആഴത്തിലുള്ള ഗവേഷണം നടത്തിയിട്ടില്ല, അതിനാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് സമയമുണ്ടെങ്കില്‍, ദയവായി ഗവേഷണം ചെയ്യുക. ഇത്തരം ചര്‍മ്മ കയറ്റുമതി കേരളത്തില്‍ നിന്നും നടക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു.” ശിശുക്കളുടെ അഗ്രചര്‍മ്മത്തില്‍ നിന്ന് കോശങ്ങള്‍ വേര്‍തിരിച്ചെടുത്ത് സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന ആരോപണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും, ഇന്ത്യയില്‍ നിന്ന് ഇത്തരത്തിലുള്ള കള്ളക്കടത്ത് നടന്നതായി വിശ്വസനീയമായ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല.

മറ്റൊരു സ്പേസസ് ചര്‍ച്ചയില്‍, ഗാസയിലെ കുട്ടികളുടെ മരണം കാണുമ്പോള്‍ താന്‍ ചിരിക്കുമെന്ന് രാജേഷ് പറഞ്ഞു. ‘ഇപ്പോള്‍ മരിച്ച കുട്ടികള്‍ ഭാവിയിലെ തീവ്രവാദികളായിരുന്നു. അതിനാല്‍, കൊലപാതകത്തില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതെ, അവര്‍ കുട്ടികളാണ്, പക്ഷേ മനുഷ്യത്വപരമായ രീതിയില്‍ ചിന്തിക്കേണ്ട ആവശ്യമില്ല,” അദ്ദേഹം പറഞ്ഞു.

രാജേഷുമായി ന്യൂസ്മിനുട്ട് ബന്ധപ്പെട്ടപ്പോള്‍, എക്സ് സ്പേസസ് ഫോറങ്ങളിലെ തന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്ന് അദ്ദേഹം പറഞ്ഞു. ”കോണ്‍ഗ്രസ് ബന്ധമുള്ളവരും കമ്മ്യൂണിസ്റ്റ് അനുഭാവികളും ഞങ്ങളെ ചാണകം, വര്‍ഗീയവാദികള്‍ എന്നൊക്കെ വിളിക്കുന്നു. നിങ്ങള്‍ എന്നെ ഒരു വര്‍ഗീയവാദിയെന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞാന്‍ അങ്ങനെയാണ്, കാരണം മറ്റൊരു വ്യക്തിയുടെ കാഴ്ചപ്പാട് മാറ്റാന്‍ എനിക്ക് സമയമില്ല,” അദ്ദേഹം ഞങ്ങളോട് പറഞ്ഞു.

ഗാസയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മനുഷ്യത്വരഹിതമായ പ്രസ്താവനകളെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞു, ”മതത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്നവരോട് മാനുഷികമായ താല്‍പ്പര്യം കാണിക്കേണ്ട ആവശ്യമില്ല. മനുഷ്യരോട് മാത്രമേ നമ്മള്‍ മനുഷ്യത്വം കാണിക്കേണ്ടതുള്ളൂ. ഇതാണ് ഞാന്‍ പറഞ്ഞത്, അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു.”

വംശം, മതം, ഭാഷ അല്ലെങ്കില്‍ സമുദായം എന്നിവയെ അടിസ്ഥാനമാക്കി ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുതയോ സംഘര്‍ഷമോ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു രേഖാമൂലമുള്ളതോ ഇലക്ട്രോണിക് ആശയവിനിമയത്തെയോ ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) വിദ്വേഷ പ്രസംഗമായി തരംതിരിക്കുന്നു. ഈ വിദ്വേഷ പ്രസംഗം ഭയവും അസ്വസ്ഥതയും സൃഷ്ടിക്കുന്ന പ്രവര്‍ത്തനമായി കണക്കാക്കി, അത് പൊതു സമാധാനം തകര്‍ക്കുന്നതോ ഏതെങ്കിലും ഗ്രൂപ്പിനെതിരെ അക്രമം ഉപയോഗിക്കാന്‍ ആളുകളെ പഠിപ്പിക്കുന്നതോ ആണ് എന്ന് കണ്ടെത്തി ശിക്ഷ നല്‍കാനും ബി.എന്‍.എസ് നിര്‍ദ്ദേശിക്കുന്നു.

എങ്കിലും, താന്‍ നടത്തുന്ന സ്പേസസ് ചര്‍ച്ചകള്‍ വിദ്വേഷ പ്രസംഗത്തിന് തുല്യമല്ലെന്ന് രാജേഷ് ശഠിച്ചു.

”ഞങ്ങള്‍ ആളുകളെ രാഷ്ട്രീയപരമായി മാത്രമേ വിമര്‍ശിക്കുന്നുള്ളൂ, അത് വിദ്വേഷ പ്രസംഗമായി കണക്കാക്കാനാവില്ല. ഞങ്ങള്‍ക്ക് ധാരാളം മുസ്ലിം സുഹൃത്തുക്കളുണ്ട്. ഞങ്ങള്‍ രാഷ്ട്രീയ ഇസ്ലാമിനെ വിമര്‍ശിക്കുന്നു, പക്ഷേ ഞങ്ങള്‍ ഒരു മതത്തെയും വിമര്‍ശിക്കുന്നില്ല, കാരണം മതം ഒരു വ്യക്തിപരമായ കാര്യവും ഭരണഘടനാപരമായ അവകാശവുമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞങ്ങള്‍ക്ക് അവകാശമില്ല,” അദ്ദേഹം പറഞ്ഞു.

എക്സ് സ്പേസസ് പ്ലാറ്റ്ഫോമില്‍ വര്‍ഗീയതയുടെ ഉയര്‍ച്ച

സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ക്ലബ്ഹൗസ് എന്ന ചര്‍ച്ചാ പ്ലാറ്റ്ഫോം പ്രചാരത്തിലായതിന് ശേഷമാണ്, 2020 ഡിസംബറില്‍, ട്വിറ്റര്‍ സ്പേസസ് ഫീച്ചര്‍ പുറത്തിറക്കിയത്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ മക്വാറി യൂണിവേഴ്സിറ്റിയിലെ കുര്‍ട്ട് സെന്‍ഗുലിന്റെ ഒരു ഗവേഷണ പ്രബന്ധത്തില്‍, വിദ്വേഷ പ്രസംഗത്തിനായി എക്സ് സ്പേസസ് ഉപയോഗിക്കുന്നത് ഒരു ലോകവ്യാപക പ്രതിഭാസമാണെന്ന് പറയുന്നു.

”2022-ല്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം, പ്രത്യേകിച്ച് കണ്ടന്റ് മോഡറേഷനോടുള്ള അദ്ദേഹത്തിന്റെ ടെക്നോ-ലിബര്‍ട്ടേറിയന്‍, ‘ഫ്രീ സ്പീച്ച് അബ്സല്യൂട്ടിസ്റ്റ്’ സമീപനം പ്ലാറ്റ്‌ഫോമിന്റെ ഭരണത്തില്‍ വലതുപക്ഷ ചായവ് കാണിച്ചതോടെ, തീവ്രവലത്പക്ഷക്കാര്‍ക്കിടയില്‍ എക്സിനോടുള്ള താത്പര്യം വര്‍ദ്ധിച്ചു,” ഗവേഷണ പ്രബന്ധം പറയുന്നു.

ഇന്ത്യയില്‍ എങ്ങനെയാണ് എക്സ് സ്പേസസ് ചര്‍ച്ചകള്‍ വിദ്വേഷം വളര്‍ത്താന്‍ ഉപയോഗിച്ചുതുടങ്ങിയതിന്റെ കാലക്രമം കണ്ടെത്തുന്നത് സങ്കീര്‍ണ്ണമാണ്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു എക്സ് ഉപയോക്താവ് ന്യൂസ്മിനുട്ടിനോട് പറഞ്ഞത്, കോവിഡ്-19 മഹാമാരിയുടെ സമയത്താണ് ഇത്തരം ഫോറങ്ങള്‍ ജനപ്രിയമായത്, കാരണം ആളുകള്‍ സാമൂഹിക ബന്ധങ്ങള്‍ക്കായി ഡിജിറ്റല്‍ നെറ്റ്വര്‍ക്കുകളെ ആശ്രയിച്ചിരുന്നു എന്നാണ്. ”മിക്ക സ്പേസസ് ഫോറങ്ങളും രാഷ്ട്രീയ ചര്‍ച്ചകളായിട്ടാണ് തുടങ്ങിയത്, കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായിരുന്നു. എന്നിരുന്നാലും, ഫോക്കസ് പതുക്കെ മതപരമായ വിദ്വേഷം പ്രചരിപ്പിക്കുന്നത് പോലുള്ള പ്രത്യേക അജണ്ടകളുള്ള ചെറിയ ഗ്രൂപ്പുകളുടെ രൂപീകരണത്തിലേക്ക് വഴിമാറി” അവര്‍ പറഞ്ഞു.

പതുക്കെ, അത്തരം ഗ്രൂപ്പുകള്‍ വലുതാവുകയും, പൊതുരംഗത്തെ എല്ലാ വിവാദങ്ങളെയും വര്‍ഗീയവത്കരിച്ച് അവരുടെ ആശയങ്ങളും ആഖ്യാനങ്ങളും കൂടുതല്‍ സാധുത സൃഷ്ടിക്കുകയും ചെയ്തു.

പഹല്‍ഗാം, എമ്പുരാന്‍, എന്‍.ഐ.എ വിവാദങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും

സമീപകാലത്ത്, മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച, എമ്പുരാന്‍ സിനിമയുടെ റിലീസിനുശേഷം എക്സ് സ്പേസസില്‍ മുസ്ലിം വിരുദ്ധ വിദ്വേഷം പ്രചരിപ്പിക്കുന്ന വലതുപക്ഷ ചര്‍ച്ചകള്‍ക്ക് ആക്കം കൂടി. മാര്‍ച്ച് 27-ന് ചിത്രം പുറത്തിറങ്ങി, തൊട്ടടുത്ത ദിവസം തന്നെ ആര്‍.എസ്.എസ്. മുഖപത്രം ഓര്‍ഗനൈസര്‍ 2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള രംഗങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഇതിന്റെ ഫലമായി ഓണ്‍ലൈനില്‍ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായി. സിനിമയുടെ നിര്‍മാതാക്കള്‍ സിനിമയില്‍ 24 കട്ടുകള്‍ വരുത്തി.

”എമ്പുരാന്‍ ഒരു ഹിന്ദു വിരുദ്ധ സിനിമയാണെന്ന് ആദ്യമായി ആരോപിച്ചത് വലതുപക്ഷ പ്രചരണ ചര്‍ച്ചകള്‍ സജീവമായി നടത്തുന്ന ഈ എക്സ് സ്പേസസ് ഗ്രൂപ്പാണ്. എന്നാല്‍ അടുത്ത ദിവസം, മാധ്യമങ്ങള്‍ അത് ഏറ്റെടുത്തു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സ്വമേധയാ രംഗങ്ങള്‍ വെട്ടിക്കുറച്ചപ്പോള്‍ ഞങ്ങള്‍ എല്ലാവരും അമ്പരന്നുപോയി,” ഈ സംഭാഷണങ്ങള്‍ എക്സില്‍ കേട്ട ഒരു എക്സ് ഹാന്‍ഡില്‍ പറഞ്ഞു.

എമ്പുരാന്‍ റിലീസ് ചെയ്ത് ഏകദേശം ഒരു മാസത്തിനുശേഷം, ഏപ്രില്‍ 22-ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഒരു ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുസ്ലിം വിരുദ്ധ എക്സ് ഗ്രൂപ്പുകള്‍ ഈ സംഭവം വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ വേഗത്തില്‍ ഉപയോഗിച്ചു.

ന്യൂസ് മിനുട്ട് കേട്ട ഒരു എക്സ് സ്പേസസ് ചര്‍ച്ചയില്‍, ഒരു അജ്ഞാത എക്സ് ഹാന്‍ഡില്‍ നേവി ഓഫീസര്‍ വിനയ് നര്‍വാളിന്റെ മരണത്തിന് കാരണം അദ്ദേഹത്തിന്റെ ഭാര്യ ഹിമാന്‍ഷി ആണെന്ന് ആരോപിച്ചു. പഹല്‍ഗാമിലെ ഭീകരരുടെ കൈകളാലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മറ്റൊരു ഉപയോക്താവ് ഡി ഈ സംഭവത്തിന് ശേഷം ഹിമാന്‍ഷിയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് കൂടിയത് ചൂണ്ടിക്കാട്ടി വിചിത്രമായ വാദങ്ങള്‍ ഉന്നയിച്ചു. സാമൂഹ്യ മാധ്യമ ശ്രദ്ധ നേടാന്‍ മരണം ഉപയോഗിച്ചു എന്ന ആരോപിക്കുകയും ചെയ്തു. രണ്ട് ഉപയോക്താക്കളും ഹിമാന്‍ഷിയെക്കുറിച്ച് നിന്ദ്യമായ പരാമര്‍ശങ്ങള്‍ നടത്തുകയും, അവര്‍ ജെ.എന്‍.യു. പൂര്‍വ്വവിദ്യാര്‍ത്ഥിനിയാണെന്ന് അവകാശപ്പെടുകയും ചെയ്തു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ലിബറല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവര്‍ ‘പ്രശ്ന’മായി കണ്ട മറ്റൊരു വിഭാഗം.

പഹല്‍ഗാം ആക്രമണത്തിന് ശേഷം വലതുപക്ഷ എക്സ് ഗ്രൂപ്പുകള്‍ കേരളത്തില്‍ നിന്നുള്ള ആരതി എന്ന മറ്റൊരു സ്ത്രീയെയും ലക്ഷ്യമിട്ടു. ആരതിയുടെ അച്ഛന്‍ രാധാകൃഷ്ണന്‍ അവളുടെ കണ്‍മുന്നില്‍ വെടിയേറ്റ് മരിച്ചു. ആരതി കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍, രണ്ട് കശ്മീരി മുസ്ലിം ഡ്രൈവര്‍മാര്‍ തന്നെ സഹായിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. എക്സ് സ്പേസസ് ചര്‍ച്ചകള്‍ ആരതിക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ തിടുക്കത്തോടെ നടത്തി. ചര്‍ച്ച നടത്തുന്നവര്‍ ആരതിയെ നിന്ദ്യമായ പദങ്ങള്‍ ഉപയോഗിച്ച് വിശേഷിപ്പിച്ചു.

ഈ സംഭാഷണങ്ങള്‍ പതിവായി കേള്‍ക്കുന്ന വലതുപക്ഷക്കാരല്ലാത്ത കുറച്ച് ആളുകളുമായും ന്യൂസ് മിനുട്ട് സംസാരിച്ചു. പഹല്‍ഗാം ആക്രമണങ്ങള്‍ക്ക് ഇന്ത്യയുടെ സൈനിക പ്രതികാരമായ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ന് ശേഷം, പല എക്സ് പ്രഭാഷകരും ആഹ്ലാദഭരിതരായെന്നും, യുദ്ധസമാനമായ സാഹചര്യത്തെ കേരളത്തിലെ ഉത്സവമായ തൃശ്ശൂര്‍ പൂരവുമായി താരതമ്യം ചെയ്തെന്നും അവര്‍ ഞങ്ങളോട് ഫോണ്‍ കോളില്‍ പറഞ്ഞു.

മെയ് മാസത്തില്‍, പഹല്‍ഗാം ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, മറ്റൊരു സംഭവം എക്സ് ഗ്രൂപ്പുകള്‍ വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ചു. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്) പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഘടന, ദുബായില്‍ മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു പ്രശ്നം. ഈ വിവാദത്തിനും തിരികൊളുത്തിയത് ഒരു എക്സ് സ്പേസസ് ചര്‍ച്ചയാണ്. സംഭവത്തെക്കുറിച്ചുള്ള ഒരു സ്പേസസ് സംഭാഷണത്തില്‍, ബി പറഞ്ഞു, ‘ഇത് ആസൂത്രണം ചെയ്തതാണ്, സംഘാടകര്‍ മുന്‍ എസ്.എഫ്.ഐക്കാരാണ്. ഇവരെ കുറിച്ച് അന്വേഷണം നടത്തണം. ഈ പണം എവിടെ നിന്ന് വരുന്നുവെന്ന് പരിശോധിക്കണം, അവരുടെ ആസ്തികള്‍ മരവിപ്പിക്കണം,’ അവര്‍ പറഞ്ഞു.

കുസാറ്റ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരുടേതാണ് എന്നും ബി.ആരോപിച്ചു.

‘നമ്മുടെ രാജ്യം നേരിടുന്ന ഭീഷണി പാകിസ്താനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ അല്ല, അകത്ത് നിന്നുള്ളതാണ്. അഫ്രീദിയെ ക്ഷണിച്ച, ഭീകരവാദികളെ പിന്തുണക്കുന്നവരെ കുറിച്ച് അന്വേഷണം നടത്തുന്നത് ഫാഷിസമല്ല.  അവരുടെ ഓരോ കുടുംബത്തെയും തുറന്നുകാട്ടണം. കുസാറ്റ് ഐസിസ് റിക്രൂട്ട്മെന്റിന്റെ ഒരു പ്രജനന കേന്ദ്രമാണോ?” അവര്‍ ചോദിച്ചു.

ഷാഹിദ് അഫ്രീദിയും മറ്റ് പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളും പൂര്‍വ്വവിദ്യാര്‍ത്ഥി സമ്മേളനം നടന്ന സ്ഥലത്തുണ്ടായിരുന്നുവെന്നും അവര്‍ ആകസ്മികമായി യോഗത്തിലേയ്ക്ക് പ്രവേശിച്ചതാണെന്നും സംഘടന വിശദീകരണം നല്‍കി.

അഫ്രീദി വിവാദത്തിന് രണ്ട് മാസത്തിന് ശേഷം, ഛത്തീസ്ഗഢില്‍ നിന്നുള്ള മൂന്ന് കേരളീയ കന്യാസ്ത്രീകളുടെ അറസ്റ്റ്, വലതുപക്ഷ എക്സ് ഗ്രൂപ്പുകള്‍ ഏറ്റെടുത്ത മറ്റൊരു സംഭവമായിരുന്നു. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഹിന്ദുക്കള്‍ക്കെതിരെ ഒന്നിക്കുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു.

ജൂലൈ 26-നാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ അറസ്റ്റിലായത്. എക്സ് സ്പേസിലെ വലത്പക്ഷ ഗ്രൂപ്പുകള്‍ ‘മതപരിവര്‍ത്തനത്തിന് സഹായിക്കുന്നത് ആര്’ എന്ന പേരില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചു. ഇ എന്ന പേരുള്ള ഒരു എക്സ് ഉപയോക്താവ്, ക്രിസ്ത്യാനികളെ ഹിന്ദുക്കളെ വെറുക്കാനും ശത്രുക്കളായി കണക്കാക്കാനും പഠിപ്പിക്കുന്നുണ്ടെന്നും, അതേസമയം മുസ്ലിങ്ങളെ അവരുടെ സഹോദരങ്ങളായി കണക്കാക്കുന്നുണ്ടെന്നും അവകാശപ്പെട്ടു.

അതേസമയം, എഫ് എന്ന ഒരു അജ്ഞാത എക്സ് ഹാന്‍ഡില്‍, കോണ്‍ഗ്രസ് പാര്‍ട്ടി ഒരു വോട്ട് ബാങ്ക് ഉണ്ടാക്കാന്‍ ക്രിസ്ത്യന്‍ മതപരിവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെട്ടു. ‘നമ്മള്‍ ജിഹാദികളെയും ഈ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികളെയും നേരിടേണ്ടതുണ്ട്,’ അദ്ദേഹം പ്രഖ്യാപിച്ചു. അതേ ചര്‍ച്ചയില്‍, ഹിന്ദുക്കളോട് മതപരിവര്‍ത്തനങ്ങള്‍ നടത്താന്‍ സി ആവശ്യപ്പെട്ടു. ‘നിങ്ങള്‍ക്ക് ഒന്നുകില്‍ കരയാം അല്ലെങ്കില്‍ മതപരിവര്‍ത്തനങ്ങള്‍ ആരംഭിക്കാം. ഞാന്‍ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നില്ല. അവര്‍ ചെയ്യുന്നത് നിങ്ങള്‍ ചെയ്യണം. അതിനെ ഘര്‍ വാപ്‌സി എന്നോ മറ്റോ പേരിട്ട് അവരുടെ വീടുകളില്‍ പോകുക,” അദ്ദേഹം പറഞ്ഞു.

സകല വിവാദങ്ങളേയും വംശീയവും വര്‍ഗ്ഗീയവുമാക്കി മാറ്റുക എന്നതാണ് ഈ ചര്‍ച്ചകളുടെ ഒരു പൊതു സ്വഭാവം. ഇന്ത്യയുടെ പ്രധാന തീവ്രവാദ വിരുദ്ധ ഏജന്‍സിയായ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) എക്സ് സ്പേസസ് ചര്‍ച്ചകളില്‍ സ്ഥിരം ഇടം പിടിക്കും.

ഇത്തരം ചര്‍ച്ചകളിലെ സ്ഥിരം പങ്കാളിയായ ജി ഹാന്‍ഡില്‍ ഒരു സ്പേസസ് ചര്‍ച്ചയില്‍ ഉടനെ നടക്കാന്‍ പോകുന്ന എന്‍.ഐ.എ. ഓപ്പറേഷനെക്കുറിച്ച് വിശ്വസനീയമായ ഒരു വിവരം ലഭിച്ചുവെന്ന് അവകാശപ്പെട്ടു. ”എനിക്ക് ഒരു പ്രധാന വിഷയം ചര്‍ച്ച ചെയ്യാനുണ്ട്. കേരളത്തിലെ മതപരിവര്‍ത്തന കേന്ദ്രങ്ങളില്‍ എന്‍.ഐ.എ. ഒരു അന്വേഷണം ആരംഭിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

തങ്ങളുടെ അവകാശവാദങ്ങള്‍ ശക്തിപ്പെടുത്താന്‍, അത്തരം ചര്‍ച്ച നടത്തുന്നവര്‍ വാര്‍ത്തകള്‍ ഉദ്ധരിക്കും. ഉദാഹരണത്തിന്, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി പ്രയാഗ്രാജില്‍ നിന്ന് ഒരു ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കേരളത്തിലെത്തിച്ചെന്ന വാര്‍ത്തയില്‍ നിന്നാണ് തന്റെ എന്‍.ഐ.എ. അന്വേഷണത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ഉണ്ടായതെന്ന് ജി പറഞ്ഞു. ഇതിനോട് പ്രതികരിച്ച്, എച്ച് എന്ന പേരുള്ള ഒരു എക്സ് ഉപയോക്താവ് പറഞ്ഞു, ‘ഓഗസ്റ്റ് ഒന്ന് മുതല്‍, വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ‘സുഡു’ക്കളെ കണ്ടെത്തുന്നതിനുള്ള ഒരു ‘പ്രോജക്റ്റ്’ ഉണ്ടാകും. അതിനാല്‍, അതിനായി നിങ്ങളുടെ പട്ടിക തയ്യാറാക്കുക.” മറ്റൊരു സംഭാഷണത്തില്‍, എച്ച് അവകാശപ്പെട്ടു, ‘എന്‍.ഐ.എ.യെ അറിയിക്കുന്നതിനായി ജി ‘സുഡു’ അക്കൗണ്ടുകള്‍ക്കായി തിരച്ചിലിലാണ്. അങ്ങനെ ചെയ്യാന്‍ എന്‍.ഐ.എ. അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.”

ന്യൂസ് മിനുട്ടിനോട് സംസാരിച്ച എക്സ് ഹാന്‍ഡിലുകള്‍ സംഭാഷണങ്ങളില്‍ എന്‍.ഐ.എ.യുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം, പ്രഭാഷകര്‍ ഉന്നയിക്കുന്ന മുസ്ലിം വിരുദ്ധ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്ന ആരെയും ഭയപ്പെടുത്താനുള്ള ഒരു തന്ത്രമാകാം എന്ന് പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് വേണ്ട ആഖ്യാനങ്ങള്‍ സൃഷ്ടിക്കുക

സ്പേസസ് ഫോറങ്ങളിലെ ചര്‍ച്ചകള്‍ പലപ്പോഴും വാര്‍ത്താ വെബ്സൈറ്റുകളിലേക്ക്, കൂടുതലും വലതുപക്ഷ മാധ്യമങ്ങളിലേക്ക്, ഒഴുകിയെത്തുന്നു. യഥാര്‍ത്ഥ വാര്‍ത്താമൂല്യമുണ്ടെന്ന് വരുത്തി ഈ അവകാശവാദങ്ങളെ സാധൂകരിക്കുകയാണ് അവര്‍ ചെയ്യുന്നത്.

ഉദാഹരണത്തിന്, വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) തങ്ങളുടെ 14-ാമത്തെ ദ്വിവത്സര ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജൂണില്‍ അസര്‍ബൈജാനിലെ ബാക്കുവില്‍ നടത്താന്‍ തീരുമാനിച്ചപ്പോള്‍, കേരളത്തിനെതിരെ സ്പേസസ് ചര്‍ച്ചകളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് അസര്‍ബൈജാന്‍ പാകിസ്താനെ പിന്തുണച്ചതാണ് കാരണം.

‘പ്രവാസി സമ്മേളനം അസര്‍ബൈജാനില്‍ വെച്ച് നടത്തുന്നത് മലയാളികളെ വീണ്ടും അപമാനിക്കുകയാണോ?’ എന്ന തലക്കെട്ടിലുള്ള സ്പേസസ് ചര്‍ച്ചയില്‍ ബി.ജെ.പി. ചായ്വുള്ള മലയാളം വാര്‍ത്താ ചാനലായ ജനം ടി.വി.യിലെ മാധ്യമപ്രവര്‍ത്തക നീലിമ ഭാസ്‌കര്‍ പങ്കെടുത്തു. വലതുപക്ഷ എക്സ് ഗ്രൂപ്പുകളില്‍ നിന്ന് ജനം ടി.വി. നിരവധി ചര്‍ച്ചകള്‍ എടുക്കാറുണ്ടെന്ന് അവര്‍ ഇവിടെ സ്ഥിരീകരിച്ചു.

”ഇത്തരം സ്പേസസ് ഗ്രൂപ്പുകള്‍ക്ക് തങ്ങളുടെ ചര്‍ച്ചകള്‍ക്ക് ആവശ്യമായ പ്രചാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സ്വാധീനമുണ്ട്. വലിയ പ്രൊഫൈലുകള്‍ അവരുടെ ഉള്ളടക്കം റീട്വീറ്റ് ചെയ്യുന്നു, കൂടാതെ അവര്‍ പ്രചരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഏറ്റുപാടാന്‍ തയ്യാറായ മാധ്യമ സ്ഥാപനങ്ങളുമുണ്ട്,” ഒരു എക്സ് ഹാന്‍ഡില്‍ ന്യൂസ്മിനുട്ടിനോട് പറഞ്ഞു. ഓപ് ഇന്ത്യ എന്ന വലതുപക്ഷ പ്രസിദ്ധീകരണം, ഡബ്ല്യു.എം.സി-അസര്‍ബൈജാന്‍ വാര്‍ത്ത കവര്‍ ചെയ്തപ്പോള്‍, ഈ ഹാന്‍ഡിലുകളില്‍ ചിലരുടെ ട്വീറ്റുകള്‍ അതോടൊപ്പം ചേര്‍ത്തു.

മറുവശത്ത്, വലതുപക്ഷ അജണ്ടയെ വിമര്‍ശിക്കുന്ന മാധ്യമ സ്ഥാപനങ്ങളെ എക്സ് ഫോറങ്ങളിലെ പ്രഭാഷകര്‍ ‘ജിഹാദി’ എന്ന് മുദ്രകുത്തുന്നു. അത്തരം ഫോറങ്ങളില്‍ വളരെ സജീവമായ അജ്ഞാത എക്സ് ഉപയോക്താവ് എഫ് മലയാളം വാര്‍ത്താ ചാനലായ മീഡിയവണിനെ ജിഹാദി എന്ന് ആരോപിച്ചു.

”എല്ലാ മലയാളം മാധ്യമങ്ങളിലെയും ഓണ്‍ലൈന്‍ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് സുഡാപ്പികളാണ്. അവരുടെ റിപ്പോര്‍ട്ടര്‍മാര്‍ സുഡാപ്പികളാണ്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ എല്ലാവരും സുഡാപ്പികളെ വിവാഹം കഴിച്ചവരാണ്, കൂടാതെ മിക്ക വനിതാ അവതാരകരും സുഡാപ്പികളോടൊപ്പം കിടക്കുന്നു,” ഒരു സ്പേസസ് ചര്‍ച്ചയില്‍ എഫ് പറഞ്ഞു. ഇതുകാരണം ഹിന്ദുക്കള്‍ക്ക് ”അവരുടെ പ്രശ്നങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ കഴിയില്ല” എന്ന് എഫ് തുടര്‍ന്ന് അവകാശപ്പെട്ടു. ”മാധ്യമങ്ങളും മതേതര പാര്‍ട്ടികളും നമ്മളെ വര്‍ഗീയവാദികളെന്ന് മുദ്രകുത്തും. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ബി.ജെ.പിക്ക് ഇടപെടുന്നതില്‍ പരിമിതികളുണ്ടായിരിക്കാം, പക്ഷേ ഹിന്ദു സംഘടനകള്‍ ലവ് ജിഹാദിനെയും മതപരിവര്‍ത്തന മാഫിയയെയും കുറിച്ച് ജാഗ്രത പുലര്‍ത്തണം,” എഫ് പറഞ്ഞു.

വിദ്വേഷ പ്രസംഗവും അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള നേര്‍ത്ത അതിര്‍വരമ്പ്

നിരവധി വര്‍ഷങ്ങളായി വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രവര്‍ത്തിക്കുന്ന സുപ്രീം കോടതി അഭിഭാഷകനായ അനസ് തന്‍വീര്‍, വാചിക വിദ്വേഷ പ്രസംഗം കേരളത്തില്‍ അതിന്റെ സ്വാധീനം വ്യാപിപ്പിക്കാന്‍ സംഘപരിവാര്‍ ഉപയോഗിക്കുന്ന ഒരു തന്ത്രത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിച്ചു. ‘കേരളവും പശ്ചിമ ബംഗാളും അവര്‍ക്ക് ജയിക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ്. വിദ്വേഷം പ്രചരിപ്പിച്ച് സമൂഹത്തെ വിഭജിക്കുക എന്നതാണ് അവര്‍ക്ക് അത് നേടാനുള്ള ഒരേയൊരു വഴി,” അദ്ദേഹം പറഞ്ഞു.

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നിലവില്‍ നിയമങ്ങളുണ്ട്. പ്രശ്നം അവയുടെ നടപ്പാക്കുന്ന രീതിയാണ്. ”വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പരാതി ഫയല്‍ ചെയ്യുന്നതില്‍ നിന്ന് ഒരാളെ തടയുന്നതും, അതിനോട് പ്രതികരിക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെ തടയുന്നതും എന്താണ്? വിദ്വേഷം വേഗത്തില്‍ പടരുന്നു, അത് സൈബര്‍ ഇടങ്ങളിലാണെങ്കില്‍ കൂടുതല്‍ വേഗത്തില്‍,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X space

സോഷ്യല്‍ മീഡിയയില്‍ വ്യക്തികളോ ഗ്രൂപ്പുകളോ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങളെക്കുറിച്ച് വളരെയധികം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സംസ്ഥാനത്തെ അനുവദിച്ചാല്‍ അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന ആശങ്കയും അനസ് ഉയര്‍ത്തി. ”വിദ്വേഷ പ്രസംഗവും അഭിപ്രായ സ്വാതന്ത്ര്യവും തമ്മില്‍ ഒരു നേര്‍ത്ത അതിര്‍വരമ്പുണ്ട്. നമ്മള്‍ എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുകയാണെങ്കില്‍, സംസ്ഥാനം ആ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യം തടയാന്‍ ഉപയോഗിച്ചേക്കാം. ഇതൊരു വളരെ സൂക്ഷ്മമായ സാഹചര്യമാണ്,” അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭാഷണങ്ങളെക്കുറിച്ച് നിയമം വ്യക്തമാണ് – കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍, ഈ എക്സ് സ്പേസസ് ഫോറങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന മിക്ക ഉള്ളടക്കങ്ങളും വിദ്വേഷ പ്രസംഗത്തിന് തുല്യമാകാം.രാജ്യത്ത് വര്‍ധിച്ചുവരുന്ന വിദ്വേഷത്തിന്റെ അന്തരീക്ഷം സംബന്ധിച്ച് സുപ്രീം കോടതിയെ സമീപിച്ച ഷഹീന്‍ അബ്ദുള്ളയുടെ 2022-ലെ റിട്ട് ഹര്‍ജി പരിഗണിച്ച്, ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് ഹൃഷികേശ് റോയും മതേതരത്വം പരമപ്രധാനമാണെന്ന് അഭിപ്രായപ്പെട്ടു.

”ഇന്ത്യന്‍ ഭരണഘടന ഭാരതത്തെ ഒരു മതേതര രാഷ്ട്രമായി വിഭാവനം ചെയ്യുന്നു, വ്യക്തിയുടെ അന്തസ്സ്, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത എന്നിവ ഉറപ്പാക്കുന്ന സാഹോദര്യം ആമുഖത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വഴികാട്ടിയാണ്. വ്യത്യസ്ത മതങ്ങളില്‍ നിന്നോ ജാതികളില്‍ നിന്നോ ഉള്ള സമൂഹത്തിലെ അംഗങ്ങള്‍ക്ക് സൗഹാര്‍ദ്ദത്തോടെ ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സാഹോദര്യം ഉണ്ടാകില്ല,” ബെഞ്ച് പറഞ്ഞു.

എന്നിരുന്നാലും, എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ മതപരമായ വിദ്വേഷം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകള്‍ക്ക് നിയമം ഒരു തടസ്സമായി തോന്നുന്നില്ല. ‘X Spaces’ platform becomes a stage for anti-Muslim hate propaganda in Kerala

(‘ന്യൂസ് മിനിറ്റ്’ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ

Content Summary: ‘X Spaces’ platform becomes a stage for anti-Muslim hate propaganda in Kerala
ഹരിത മാനവ്‌

ഹരിത മാനവ്‌

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×