February 13, 2025 |

അദാനിയുടെ കണ്ണ് പേടിഎമ്മിലോ, ചര്‍ച്ചയ്ക്ക് പിന്നിലെന്ത്?

കടുത്ത പ്രതിസന്ധിയിലാണ് പേടിഎം

ഡിജിറ്റല്‍ പേയ്മെന്റ് സേവനദാതാക്കളായ പേടിഎമ്മിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ് ഒരുങ്ങിന്നതായി അഭ്യൂഹം. അദാനി ഗ്രൂപ്പ് ഫിന്‍ ടെക് മേഖലയിലേക്ക് ചുവട് വയ്ക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് പേടിഎം സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്നതെന്നുമായിരുന്നു വാര്‍ത്ത. വിഷയത്തില്‍ പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ടായി. വാര്‍ത്തയ്ക്ക് പിന്നാലെ ഓഹരി വിപണിയില്‍ പേടിഎം ഓഹരികള്‍ വന്‍ കുതിപ്പ് നടത്തി. ഇന്നലെ
വ്യാപാരത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഓഹരികള്‍ അപ്പര്‍സര്‍ക്യൂട്ടില്‍ ക്ലോസ് ചെയ്തു. ഈ വര്‍ഷം ആരംഭത്തില്‍ ആര്‍ബിഐ നിയന്ത്രണങ്ങളും വിലക്കും ഏര്‍പ്പെടുത്തിയതോടെ കടുത്ത പ്രതിസന്ധിയിലാണ് പേടിഎം. ഇതിനിടെ വന്ന പോസീറ്റീവ് വാര്‍ത്തയായി ചര്‍ച്ചയെ നിക്ഷേപകര്‍ വിലയിരുത്തിയതോടെയാണ് ഓഹരികളില്‍ മുന്നേറ്റമുണ്ടായത്.
രണ്ട് വര്‍ഷം മുന്‍പ് അദാനി വണ്‍ എന്ന പേരില്‍ അദാനി ഗ്രൂപ്പ് മൊബൈല്‍ ആപ്പ് ആരംഭിച്ചിരുന്നു. ട്രെയിന്‍, വിമാന യാത്രാടിക്കറ്റുകള്‍, ഹോട്ടല്‍ ബുക്കിങ് ആപ്പാണിത്. എന്നാല്‍ അന്നും സമാനമായ അഭ്യൂഹമുണ്ടായി. പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സുമായുള്ള പങ്കാളിത്തമാണോ ആപ്പിന്റെ പേരിന് പിന്നിലെന്ന സംശയവും അന്ന് ചിലര്‍ ഉന്നയിച്ചിരുന്നു.

പേടിഎമ്മിന്റെ മറുപടി

അദാനി ഗ്രൂപ്പുമായുള്ള ചര്‍ച്ച വെറും കെട്ടുകഥയാണെന്നാണ് പേടിഎമ്മിന്റെ മറുപടി. സെബിയുടെ നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ചാണ് കമ്പനി മുന്നോട്ട് പോവുന്നത്. അഭ്യൂഹങ്ങളിലൂടെ ഓഹരി വില ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. മുന്നോട്ടും അത്തരത്തില്‍ തന്നെയായിരിക്കും പോവുകയെന്നുമാണ് പേടിഎം ഔദ്യോഗിക വിശദീകരണത്തില്‍ പറഞ്ഞത്. ഒപ്പം എന്‍എസ്ഇ ഫയലിങ്ങിലും ചര്‍ച്ചയെ കുറിച്ചുള്ള പരാമര്‍ശം കമ്പനി നടത്തിയിട്ടില്ല. സമാന മറുപടി തന്നെയാണ് ഗൗതം അദാനി ഗ്രൂപ്പില്‍ നിന്നുമുണ്ടായിരിക്കുന്നത്. വ്യാജ വാര്‍ത്ത എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് അദാനി ഗ്രൂപ്പ് റിപ്പോര്‍ട്ട് തള്ളിയത്. വ്യാജ കെ.വൈ.സി ആരോപണങ്ങള്‍ക്കിടെയാണ് ആര്‍ബിഐ പേടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ശേഷം ഓഹരിവിപണിയില്‍ തുടര്‍ച്ചയായി താഴെയ്ക്ക് പതിച്ച ഓഹരി അടുത്തിടെയാണ് ചെറിയ തോതിലെങ്കിലും പിടിച്ച് നിന്നത്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനി 550 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തിയിരുന്നു. വണ്‍97 കമ്മ്യൂണിക്കേഷന്‍സില്‍ വിജയ് ശേഖര്‍ ശര്‍മ്മയ്ക്ക് 19 ശതമാനമാണ് ഓഹരി പങ്കാളിത്തം. ഇതിന് ഏകദേശം 4,500 കോടി രൂപ മൂല്യം വരും. 2007ലാണ് അദ്ദേഹം പേടിഎം സ്ഥാപിച്ചത്.

 

English Summary: Paytm, Adani Group deny talks of any deal for stake buy; Paytm stock hits upper circuit

Tags:

×