യൂട്യൂബര്‍ ധ്രുവ് റാഠിയുടെ വീഡിയോ ഷെയര്‍ ചെയ്തതിന് മഹാരാഷ്ട്ര സിപിഐ സെക്രട്ടറിയ്‌ക്കെതിരേ കേസെടുത്തിരിക്കുകയാണ് പോലീസ്. അഭിഭാഷകന്‍ കൂടിയായ ആദേശ് ബന്‍സോഡെയ്‌ക്കെതിരെയാണ് പോലീസ് സ്വമേധയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ ബിജെപിയുടെയും സംഘപരിവാരത്തിന്റെയും കണ്ണിലെ കരടായി മാറിയ വ്യക്തിയാണ് ധ്രുവ് റാഠി. അദ്ദേഹത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തതിനാണ് ആദേശിനെതിരേ കേസ് വന്നിരിക്കുന്നതെന്നത് ഗൗരവകരമായ വസ്തുതയാണ്. കാരണം 15 കോടിയോളം ആളുകള്‍ കാഴ്ചക്കാരായുള്ള യൂട്യൂബറാണ് റാഠി. അതിനാല്‍ തന്നെ റാഠിയുടെ വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പാണോ ഈ കേസെന്ന സംശയം ബലപ്പെടുന്നു.
മഹാരാഷ്ട്രയിലെ മീരാ ഭയന്ദര്‍ വസായ് വിരാര്‍ പോലീസാണ് ആദേശിനെതിരേ കേസെടുത്തിരിക്കുന്നത്.വസായ് ബാര്‍ അസോസിയേഷന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ മെയ് 20ന് മൈന്‍ഡ് ഓഫ് എ ഡിക്‌റ്റേറ്റര്‍ എന്ന വീഡിയോ പങ്ക് വച്ചിരുന്നു. വോട്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പ് ഈ വീഡിയോ കാണുക എന്നുകൂടി ചേര്‍ത്തായിരുന്നു വീഡിയോ പങ്ക് വച്ചത്. അന്നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് മഹാരാഷ്ട്രയില്‍ നടന്നതും. ഈ വീഡിയോ അധിക്ഷേപകരമാണെന്ന് കാണിച്ച് മീരാ ഭയന്ദര്‍ വസായ് വിരാര്‍ പോലീസിന് ഗ്രൂപ്പിലെ മറ്റൊരു അഭിഭാഷകന്‍ പരാതി കത്തയച്ചിരുന്നു. ഇതിന് പിന്നാലൊണ് പോലീസ് സ്വമേധയാ കേസെടുത്തത്. മെയ് 21ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
സ്ഥാനാര്‍ത്ഥികളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറയുന്നതാണ് ഈ വീഡിയോ. ഫലത്തില്‍ അത് വഴി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ആദേശിന്റെ നടപടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരോധന ഉത്തരവുകള്‍ ലംഘിച്ചുവെന്ന് എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നുണ്ട്. ക്രമസമാധാനത്തിന്റെ ഭാഗമായി പ്രദേശത്ത് മെയ് 18 മുതല്‍ 20 വരെ പോലീസ് കമ്മീഷണര്‍ മധുകര്‍ പാണ്ഡെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യമാണ് എഫ്‌ഐആറില്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. അതേസമയം, കൃത്യമായ നിയമനടപടികള്‍ പാലിക്കാതെയാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നതെന്നാണ് ആദേശ് ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ വീഡിയ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരേയുള്ളതാണെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നുമാണ് മണിക്പൂരിലെ സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ രാജു മാനെ പറഞ്ഞത്.
മോദിയെ വോട്ട് ചെയ്ത് ജനം പുറത്താക്കണമെന്നും ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ വിവരിക്കുന്ന വീഡിയോ ആണ് ധ്രുവ് റാഠിയുടെ മൈന്‍ഡ് ഓഫ് എ ഡിക്‌റ്റേറ്റര്‍. മോദിയ്്ക്ക് കീഴില്‍ രാജ്യം ഏകാധിപത്യത്തിലേക്ക് പോവുകയാണെന്ന മുന്നറിയിപ്പും വീഡിയോയിലുണ്ട്.കേന്ദ്രത്തെയും ബി.ജെ.പിയെയുമല്ലൊം പ്രതിരോധത്തിലാക്കുന്ന വിഡിയോകളാണ് റാഠി ചെയ്ത് വരുന്നതും. അദാനി-മോദി അവിശുദ്ധബന്ധം,മണിപ്പൂരിലെ ക്രിസ്ത്യന്‍ വേട്ട, ഗുസ്തി താരങ്ങളുടെ സമരം, പുല്‍വാമ ആക്രമണത്തില്‍ സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍, നൂപുര്‍ ശര്‍മ വിവാദം, കര്‍ഷക പ്രക്ഷോഭം, ഹിജാബ് വിവാദം ഇവയെല്ലാം ഇത്തരത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.
English summary: Lawyer Booked For Sharing Dhruv Rathee Video Criticising PM Modi On WhatsApp Group