UPDATES

ചാനല്‍ ചര്‍ച്ചകള്‍ കൊണ്ട് നാടിന് ഗുണവുമുണ്ടാകും; ഒരു സൊമാലിയന്‍ ഉദാഹരണം

രാജ്യത്ത് നിഷിദ്ധമെന്ന് കരുതപ്പെടുന്ന ചില വിഷയങ്ങളില്‍ സംവാദം നടത്താന്‍ ഈ ഷോയിലൂടെ അവര്‍ ലക്ഷ്യമിടുന്നു.

                       

ബിലാന്‍ സൊമാലിയായിലെ ഒരു മീഡിയ ടീം ആണ്. ഇവരുടെ പ്രത്യേകത എന്തെന്നാല്‍; ഇവിടെ സ്ത്രീകള്‍ മാത്രമാണുള്ളത്. അവരിപ്പോള്‍, രാജ്യത്തെ ആദ്യ കറന്റ് അഫയേഴ്‌സ് ഷോ ആരംഭിക്കുകയാണ്. ആ ഷോ അവതരിപ്പിക്കുന്നതും ഒരു സ്ത്രീയാണ്. ചാനലിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ നൈമ സെയ്ദ് സലാ.

രാജ്യത്ത് നിഷിദ്ധമെന്ന് കരുതപ്പെടുന്ന ചില വിഷയങ്ങളില്‍ സംവാദം നടത്താന്‍ ഈ ഷോയിലൂടെ അവര്‍ ലക്ഷ്യമിടുന്നു. ഈ സംവാദത്തില്‍ 50 ശതമാനവും സ്ത്രീകളെയായിരിക്കും ഉള്‍പ്പെടുത്തുക. സൊമാലിയന്‍ ടെലിവിഷനുകളില്‍ ഇത്രയധികം പ്രാതിനിധ്യം സ്ത്രീകള്‍ക്കു മാറ്റിവയ്ക്കുന്ന ഒരു പ്രോഗ്രാമും ഇതാണ്. രാജ്യത്ത് സ്ത്രീ അധ്യാപകരുടെ ക്ഷാമം, രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍, പരിസ്ഥിതി പ്രശ്‌നം തുടങ്ങിയ വിവാദങ്ങള്‍ നിറഞ്ഞതും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമായ വിഷയങ്ങള്‍ തുടര്‍ച്ചയായി സ്വീകരിക്കാനാണ് തീരുമാനം.

അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് എട്ടിനായിരിക്കും പ്രോഗ്രാം ആരംഭിക്കുന്നത്. ബ്രിട്ടനിലെ ബിബിസി ക്വസ്റ്റിയന്‍ ടൈം-ന്റെ മാതൃകയിലായിരിക്കും ഈ പ്രതിമാസ പരിപാടി സംപ്രേക്ഷണം ചെയ്യുക. ചാനല്‍ സ്റ്റുഡിയോയ്ക്കുള്ളില്‍ അല്ലാതെ, നാടിന്റെ വിവിധ ഭാഗങ്ങളില്‍ പോയി, അവിടെയുള്ള നാട്ടുകാരായ ആള്‍ക്കാരെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും സംവാദ പരിപാടി നടത്തുക. പ്രോഗ്രാമിന്റെ ഒരു പൈലറ്റ് എപ്പിസോഡ് കഴിഞ്ഞ ഡിസംബറില്‍ വിജയകരമായി അവതരിപ്പിച്ചിരുന്നു. സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ടതായിരുന്നു ചര്‍ച്ച വിഷയം.

ആ പരിപാടിക്ക് അനുകൂലമായ പ്രതികരണങ്ങളായിരുന്നു കിട്ടിയതെന്ന് അവതാരക നൈമ സെയ്ദ് സലാ പറയുന്നതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ത്തവുമായി ബന്ധപ്പെട്ട ആരോഗ്യകരമായ വിവരങ്ങളുടെ അഭാവം പെണ്‍കുട്ടികളില്‍ ചെലത്തുന്ന സ്വാധീനം ആ ചര്‍ച്ചയിലൂടെ തുറന്നു കാട്ടാനായി എന്നാണ് നൈമ പറയുന്നത്. ‘ ഓഡിയന്‍സിനിടയില്‍ നിന്നും ഒരു പെണ്‍കുട്ടി അവളുടെ സ്വന്തം അനുഭവം പങ്കുവച്ചിരുന്നു. അവള്‍ക്ക് ആദ്യമായി ആര്‍ത്തവം ഉണ്ടായ ദിവസവും സമയവുമക്കെ അവള്‍ക്ക് ഓര്‍മയുണ്ട്. പക്ഷേ, അന്ന് എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് അറിയാന്‍ അവള്‍ക്കായില്ല. അവള്‍ ഭയന്നത്, താന്‍ മരിക്കാന്‍ പോവുകയാണെന്നോര്‍ത്താണ്. പിന്നീട് അവളുടെ മൂത്ത ചേച്ചിയോട് പറഞ്ഞതിനുശേഷമാണ് കാര്യമെന്താണെന്ന് അവള്‍ക്ക് മനസിലായത്.’

ആര്‍ത്തവം പോലൊരു വിഷയം പൊതുമധ്യത്തില്‍ ചര്‍ച്ചയാക്കി കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനം ഉണ്ടെന്നാണ് സലാ ഗാര്‍ഡിയനോട് പറഞ്ഞത്. ‘ ഞാന്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍, പെണ്‍കുട്ടികള്‍ക്ക് വരുന്ന ആര്‍ത്തവത്തെ കുറിച്ച് അറിയാനും മനസിലാക്കാനുമുള്ള അവസരം കിട്ടാത്തവരാണ്. സ്വന്തം അമ്മമാരോടും പോലും ഇതേക്കുറിച്ച് സംസാരിക്കാന്‍ പറ്റാറില്ല. ആളുകള്‍ കരുതിയിരിക്കുന്നത് ഇതൊക്കെ വിലക്കപ്പെട്ട വിഷയമാണെന്നാണ്. പക്ഷേ, ആര്‍ത്തവം എന്നതൊരു യാഥാര്‍ത്ഥ്യവും, നിലനില്‍ക്കുന്നതും നമുക്ക് അവഗണിക്കാന്‍ കഴിയാത്തതുമായ ഒന്നാണ്’ – നൈമ പറയുന്നു.

ഇത്തരമൊരു വിഷയത്തില്‍ ഒരു പൊതു ചര്‍ച്ച ഉണ്ടായതില്‍ സന്തോഷം പങ്കുവയ്ക്കുകയാണ് മൊഗാദിഷു സ്‌കൂള്‍ ശൃംഖലയുടെ ഡയറക്ടറായ കബ്ദുള്‍ഖാദിര്‍ മക്‌സമദ് ക്‌സാസന്‍. ‘ വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീ അധ്യാപകരുടെ അഭാവം കൗമാരക്കാരായ വിദ്യാര്‍ത്ഥിനികളെ അവരുടെ ആര്‍ത്തവ സമയത്ത് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്, പ്രത്യേകിച്ച് കൗമാരത്തിന്റെ തുടക്കത്തിലെത്തിയ കുട്ടികളെ. പെണ്‍കുട്ടികളുടെ ആര്‍ത്തവ സമയത്ത് അവര്‍ക്ക് കിട്ടേണ്ട സാമൂഹിക പിന്തുണ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഇത്തരം ചര്‍ച്ചകള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്’- സ്‌കൂള്‍ ഡയറക്ടര്‍ തന്റെ അഭിപ്രായം പങ്കുവയ്ക്കുന്നു.

2022-ല്‍ ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതിയുടെ പിന്തുണയോടെയാണ് ബിലന്‍ മീഡിയ ടീം രൂപീകരിക്കുന്നത്. രാജ്യത്തെ നാമമാത്രമായ വനിത സീനിയര്‍ ന്യൂഡ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ നസ്രിന്‍ മുഹമ്മദ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ആറ് ജേര്‍ണലിസ്റ്റുകളാണ് ഈ ടീമിലുള്ളത്. സൊമാലിയന്‍ തലസ്ഥാനമായ മൊഗദിഷു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മീഡിയ ഓര്‍ഗനൈസേഷനായ ഡല്‍സാന്‍ മീഡിയുടെ ഭാഗമായാണ് ബിലാന്‍ പ്രവര്‍ത്തിക്കുന്നത്.

അടുത്ത മൂന്നു വര്‍ഷത്തേക്ക് ബിലാന് യൂറോപ്യന്‍ യൂണിയന്റെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ട് ലഭിച്ചാല്‍ ഈ വര്‍ഷം തന്നെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും 20 പുതിയ മാധ്യമപ്രവര്‍ത്തകരെ ജോലിക്കെടുക്കാനും ലക്ഷ്യമിടുന്നുണ്ട്. അതോടൊപ്പം അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് തെരഞ്ഞെടുക്കുന്ന 10 പേര്‍ക്ക് ഗ്രാന്റ് നല്‍കാനും തീരുമാനമുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍