UPDATES

വിദേശം

ചാനല്‍ സ്റ്റുഡിയോയില്‍ ‘ലൈവ്’ അറ്റാക്ക്

ഇക്വഡോറില്‍ മാഫിയ വാര്‍

                       

തത്സമയ സംപ്രേക്ഷണം നടക്കുന്നതിനിടയില്‍ ടെലിവിഷന്‍ സ്റ്റുഡിയോയിലേക്ക് മെഷീന്‍ ഗണ്ണുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി അക്രമികള്‍ ഇരച്ചു കയറി നടത്തിയ അക്രമം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തെക്കന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ നടന്ന സംഭവമാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഇത്തരം ആസൂത്രിത അക്രമങ്ങള്‍ അരങ്ങേറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ‘ആഭ്യന്തര ആയുധ സംഘര്‍ഷം’ ആണെന്ന് ഇക്വഡോര്‍ പ്രസിഡന്റിന് പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് ടെലിവിഷന്‍ സ്റ്റുഡിയോയില്‍ നടന്ന ആക്രമം സൃഷ്ടിച്ചത്.

ഇക്വഡോറിലെ പ്രധാന നഗരമായ ഗ്വയാക്വിലില്‍ പ്രവര്‍ത്തിക്കുന്ന ടി സി ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിന്റെ ഓഫിസിലായിരുന്നു അക്രമം. മുഖംമൂടി ധരിച്ചാണ് അക്രമികളെല്ലാവരും എത്തിയത്. ടി വി സ്റ്റുഡിയോയില്‍ അക്രമം നടത്തിയവരെ മുഴുവന്‍ പിടികൂടിയെന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

പിസ്റ്റളുകള്‍, ഷോട്ട് ഗണ്‍, മെഷീന്‍ ഗണ്ണുകള്‍, ഗ്രനേഡ്, ഡൈനാമിറ്റ് സ്റ്റിക്കുകള്‍ എന്നിവയുമായിട്ടായിരുന്നു അക്രമികള്‍ എത്തിയത്. എല്‍ നോട്ടീസിറോ(ദ ന്യൂസ്) എന്ന തത്സമയ പ്രോഗ്രാം നടക്കുന്നതിനിടയിലായിരുന്നു ഇവര്‍ സ്റ്റുഡിയോക്കുള്ളിലേക്ക് ഇരച്ചു കയറുന്നത്. അക്രമകാരികള്‍ അകത്തു കയറി നടത്തിയ പരാക്രമങ്ങള്‍ ഓണ്‍ ആയിരുന്ന ടെലിവിഷന്‍ കാമറകള്‍ വഴി ലോകം കാണുന്നുണ്ടായിരുന്നു. ചാനല്‍ ജീവനക്കാരില്‍ ചിലര്‍ നിലത്തു കിടക്കുകയും മറ്റു ചിലര്‍ ‘ വെടി വയ്ക്കരുത്’ എന്ന് നിലവിളിക്കുകയുമൊക്കെ ചെയ്യുന്നത് സിഗ്നല്‍ കട്ട് ആകുന്നതുവരെയുള്ള ലൈവ് സംപ്രേക്ഷണത്തിലൂടെ കാണാമായിരുന്നു.

റിപ്പോര്‍ട്ടര്‍മാരും കാമറമാന്മാരും സഹായം തേടി പലര്‍ക്കും മെസേജ് അയച്ചിരുന്നുവെന്നാണ് എല്‍ യൂണിവേഴ്‌സോ എന്ന ഇക്വഡോര്‍ പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സഹായിക്കണം, അവര്‍ ഞങ്ങളെയെല്ലാം കൊല്ലാന്‍ പോവുകയാണ് എന്നൊക്കെയായിരുന്നു സന്ദേശങ്ങള്‍.

അക്രമികള്‍ ഒരാള്‍ തലയില്‍ തോക്ക് വച്ച് നിലത്തു കിടക്കാന്‍ തന്നോട് ആക്രോശിച്ചുവെന്നാണ് ടിസി ടെലിവിഷന്റെ വാര്‍ത്ത മേധാവി അലിന മാന്റിക്യു അസോഷ്യേറ്റഡ് പ്രസിനോട് പറഞ്ഞത്. അക്രമികള്‍ എത്തുമ്പോള്‍ അലിന സ്റ്റുഡിയോയിലെ കണ്‍ട്രോള്‍ റൂമിനുള്ളിലായിരുന്നു.

‘ ഇപ്പോഴും എന്റെ ഞെട്ടല്‍ മാറിയിട്ടില്ല. എല്ലാം തകര്‍ന്നു. ഈ രാജ്യം വിട്ടു ദൂരെ എങ്ങോട്ടെങ്കിലും ഓടിപ്പോകാനുള്ള സമയമായെന്ന് കരുതുന്നു’ അലിന എ.പിയോട് നടത്തിയ ടെലിഫോണ്‍ പ്രതികരണത്തില്‍ പറയുന്നത്.

പൊലീസ് കമാന്‍ഡര്‍ സീസര്‍ സപാറ്റയാണ്, ചാനല്‍ സ്റ്റുഡിയോയില്‍ കടന്നു കയറിയ 13 അക്രമകാരികളെയും അവരുടെ ആയുധങ്ങളും പിടികൂടിയെന്ന വാര്‍ത്ത സ്ഥിരീകരിക്കുന്നത്. ഭീകരാക്രമണം ആയി ഈ പ്രവര്‍ത്തിയെ പരിഗണിക്കുമെന്നാണ് പൊലീസ് കമാന്‍ഡര്‍ പറയുന്നത്.

രാജ്യത്തെ ജയിലുകളില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപുറപ്പെട്ടതിന്റെ വാര്‍ത്തകള്‍ സമീപകാലത്തായി ഇക്വഡോറില്‍ നിന്നും വരുന്നുണ്ടായിരുന്നു. ഇതിനു പിന്നാലെ പലഭാഗങ്ങളിലുമായി ക്രിമിനല്‍ സംഘങ്ങളുടെ നേതൃത്വത്തില്‍ അതിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പറയുന്നു.

ഗ്വായക്വില്‍ നഗരത്തിലെ ഒരു സര്‍വകലാശാലയില്‍ അക്രമം നടത്തിയതിന്റെയും ക്വിറ്റോ നഗരത്തില്‍ കൊള്ള നടത്തിയതിന്റെയും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. തടവുകാര്‍ ഒരു ജയില്‍ ഗാര്‍ഡനെ മര്‍ദ്ദിച്ചശവനാക്കിയ ബന്ദിയാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു.

ടി വി സ്റ്റുഡിയോയില്‍ നടന്ന അക്രമത്തിനു പിന്നാലെ ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയേല്‍ നൊബോവ 20 മയക്കുമരുന്ന് സംഘങ്ങളെ തീവ്രവാദി സംഘടനകളായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കുകയുണ്ടായി. അതുപോലെ ക്രിമിനല്‍ സംഘങ്ങളെ അടിച്ചമര്‍ത്തുന്നതിന് സൈന്യത്തിന് പ്രത്യേക അധികാരവും നല്‍കി. രാജ്യത്തെ ഏറ്റവും അപകടകാരികളായ മാഫിയ തലവന്മാര്‍ ജയില്‍ഭേദനം നടത്തി പുറത്തു കടന്നതിനു പിന്നാലെ പ്രസിഡന്റ് ഇക്വഡോറില്‍ രണ്ടു മാസത്തെ ആഭ്യന്തര അടിയാന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ രക്ഷപ്പെട്ടവരില്‍ പ്രമുഖനാണ് ഫിറ്റോ എന്നറിയപ്പെടുന്ന അഡോള്‍ഫോ മസിയാസ്. രാജ്യത്തെ ഏറ്റവും ശക്തമായ മാഫിയ സംഘമായ ലോസ് കോണേറോസിന്റെ തലവനാണ് മാസിയാസ്. മാഫിയ സംഘങ്ങളാണ് ജയിലനകത്ത് അക്രമങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതും അതിന്റെ മറവില്‍ രക്ഷപ്പെടുന്നതും. 44 കാരനായ മാസിയാസിനെതിരേ സംഘടിത കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, ലഹരി കടത്ത് തുടങ്ങി നിരവധി കുറ്റങ്ങളുണ്ട്. 2011 മുതല്‍ ഇയാള്‍ ജയിലിലാണ്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മാസിയാസിനെ ജയില്‍ മാറ്റം നടത്താന്‍ നിശ്ചയിച്ചിരുന്നതിനിടയിലാണ് അയാള്‍ രക്ഷപ്പെടുന്നത്. ജയിലില്‍ നിന്നും രക്ഷപ്പെട്ട മറ്റൊരു മാഫിയ തലവനാണ് ഫാബ്രിഷ്യോ കൊളോണ്‍. റിയോബാംബ ജയിലില്‍ നടന്ന സംഘര്‍ഷങ്ങളുടെ മറവിലാണ് ഫാബ്രിഷ്യോ തടവ് ചാടുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഫെര്‍ണാണ്ടോ വില്ലവിനിഷ്യോയെ കൊലപ്പെടുത്തിയതും അറ്റോര്‍ണി ജനറല്‍ ഡയാന സലസാറിനെതിരേ വധഭീഷണി മുഴക്കിയതും ഫാബ്രിഷ്യോയുടെ ലോസ് ലോബോസ് ഗ്യാംഗ് ആയിരുന്നു.

2021 മുതല്‍ ജയിലില്‍ നടക്കുന്ന അക്രമങ്ങളില്‍ ഇതുവരെ 420 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. പല നഗരങ്ങളിലും നിന്നും പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോവുകയാണ്. ഡസണ്‍ കണക്കിന് ഗാര്‍ഡുമാരാണ് തടവുകാരാല്‍ ജയിലുകളില്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്നത്. എത്രയും വേഗം ജയിലുകളുടെ നിയന്ത്രണം തിരികെ പിടിക്കുമെന്നാണ് പ്രസിഡന്റ് നൊബേവ അവകാശപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ക്രിമിനല്‍ സംഘങ്ങളെ ഇല്ലായ്മ ചെയ്യുമെന്ന വാഗ്ദാനത്തോടെയായിരുന്നു ഡാനിയേല്‍ നൊബേവ അധികാരത്തിലേറുന്നത്.

ഇക്വഡോറിലെ സാഹചര്യം വഷളാകുന്നതിന്റെ പശ്ചാത്തലത്തില്‍ ആ രാജ്യവുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മേഖലയില്‍ പെറു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെയുള്ള പൊലീസുകാരെ സഹായിക്കാനായി സൈന്യത്തെയും അയച്ചിട്ടുണ്ടെന്നും ആഭ്യന്തര-പ്രതിരോധ മന്ത്രിമാര്‍ അവിടെ സന്ദര്‍ശിക്കുമെന്നും പെറു പ്രധാനമന്ത്രി ആല്‍ബര്‍ട്ടോ ഒട്ടറോള അറിയിച്ചിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍