UPDATES

എങ്ങനെ റിങ്കുവും സുന്ദറും പുറത്തായി?

ഈ തീരുമാനങ്ങള്‍ തിരിച്ചടിയാകുമോ?

                       

ടീം ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡ് തെരഞ്ഞെടുപ്പ് ആരാധകര്‍ക്ക് നല്‍കിയിരിക്കുന്നത് ആശ്വാസവും അതോടൊപ്പം ചില സംശയങ്ങളുമാണ്. സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെട്ടത് മലയാളികള്‍ക്ക് മാത്രമല്ല ആശ്വാസം നല്‍കിയിരിക്കുന്നത്. അതേസമയം, ടീമില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ചിലരെ കാണാത്തത് സംശയങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ട്വന്റി-20 മത്സരങ്ങളില്‍, നിലവില്‍ ഏറ്റവും വിനാശകാരിയായ ഫിനിഷര്‍ എന്ന് പേരെടുത്തു കഴിഞ്ഞ റിങ്കു സിംഗ് പതിനഞ്ചംഗ സ്‌ക്വാഡില്‍ ഉള്‍പ്പപെട്ടിട്ടില്ല. അതേസമയം റിങ്കു, ശുഭ്മാന്‍ ഗില്‍, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ റിസര്‍വ് താരങ്ങളായി ടീമിനൊപ്പം കാണും.

റിങ്കു എന്തുകൊണ്ട് പതിനഞ്ചംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടില്ല എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. 2023 ഐപിഎല്‍ ആണ്, റിങ്കു എന്ന വെടിക്കെട്ടു വീരനെ ഇന്ത്യന്‍ ക്രിക്കറ്റിന് പരിചയപ്പെടുത്തിയത്. ടി-20 കളിക്കാന്‍ ദേശീയ ടീമില്‍ അവസരം കിട്ടിയപ്പോഴേക്കെ റിങ്കു അത് പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സീസണില്‍ ഇതുവരെ മാച്ച് വിന്നിംഗ് പെര്‍ഫോമന്‍സ് കളിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും, ടി-20ക്ക് യോജിച്ച ബാറ്റിംഗ് തന്നെയാണ് കളിക്കുന്നത്. ലോകകപ്പില്‍ റിങ്കുവിനെപ്പോലൊരു ഫിനിഷറെ ഇന്ത്യക്ക് ആവശ്യമായിരുന്നില്ലേ ? മുന്‍ നിരയും മധ്യനിരയും പെട്ടെന്നു തകര്‍ന്നാല്‍ റിങ്കു ഉള്ളതൊരാശ്വാസമാകുമായിരുന്നില്ലേ ? സിലക്ടര്‍മാര്‍ മറ്റൊരു തരത്തില്‍ ചിന്തിച്ചതാണ് റിങ്കുവിന് വിനയായത്. ഏഴാം സ്ഥാനത്ത് ഒരു ബാറ്റര്‍ക്ക് പകരം ഒരു ഓള്‍ റൗണ്ടറെയാണ് അവര്‍ പരിഗണിച്ചത്. മൂന്നു പേരായിരുന്നു ആ സ്ഥാനത്തേക്കായി മത്സരിച്ചത്; റിങ്കു, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍. അക്‌സറും സുന്ദറും സ്പിന്‍ ബൗളേഴ്‌സാണ്. എന്നാല്‍ മോശമല്ലാതെ ബാറ്റിംഗ് ചെയ്യുന്നവര്‍. ദേശീയ ടീമിലും ഐപിഎല്ലിലും കാണിച്ചിട്ടുള്ള ബാറ്റിംഗ് ഓള്‍ റൗണ്ട് മികവ് കൂടി പരിഗണിച്ച് ഒടുവില്‍ അക്‌സര്‍ ടിക്കറ്റ് സ്വന്തമാക്കുകയായിരുന്നു, റിങ്കു റിസര്‍വ് ബഞ്ചിലേക്കും പോയി.

അക്‌സര്‍ റിങ്കുവിനെ പോലൊരു ഫിനിഷര്‍ ആകുമോ എന്ന ചോദ്യത്തിന്, സിലക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്ന ഉത്തരം ഹര്‍ദിക് പാണ്ഡ്യയാണ്, പിന്നെ ജഡേജയുമുണ്ട്. വൈസ് ക്യാപ്റ്റനാക്കിയ സ്ഥിതിക്ക് പാണ്ഡ്യ പതിനൊന്നംഗ ടീമില്‍ ഉറപ്പായിരിക്കും. ഹര്‍ദിക് ആറാം നമ്പരിലും ജഡേജ ഏഴാം നമ്പറിലും ഇറങ്ങിയാല്‍, അക്‌സറിലൂടെ അഡീഷണലായി എട്ടാം ബാറ്ററെയും കിട്ടും. പക്ഷേ, അവിടെയൊരു ചോദ്യം, ഐപിഎല്ലിലെ ഇതുവരെയുള്ള കളികള്‍ കണ്ടതില്‍, ഹര്‍ദിക് ബൗളിംഗിലും ബാറ്റിംഗിലും ഒരുപോലെ നിറം മങ്ങി നില്‍ക്കുന്നതാണ്. ലോകക്രിക്കറ്റില്‍ തന്നെ വിരളമാണ് ഫാസറ്റ് ബൗളര്‍ ഓള്‍റൗണ്ടര്‍. അതുകൊണ്ട് ഹര്‍ദികിനെ പോലൊരു കളിക്കാരന്‍ ടീമില്‍ അത്യാവശ്യമാണ്, അതിലേറെ അത്യാവശ്യമാണ് അയാള്‍ ഫോമിലാകേണ്ടതും. ജഡേജയുടെ കാര്യത്തിലും അമിത പ്രതീക്ഷ നല്ലതല്ല, ഹര്‍ദികിനെ അപേക്ഷിച്ച് കുറച്ചു മികവ് കാണിക്കുന്നുണ്ടെന്നു മാത്രം. മധ്യനിരയില്‍ മറ്റൊരു മത്സരം സഞ്ജുവും പന്തും തമ്മിലാണ്. രണ്ടു വിക്കറ്റ് കീപ്പര്‍മാരില്‍ ആരെ കളിപ്പിക്കുമെന്നത് ചോദ്യമാണ്. നിലവിലെ ഫോം അനുസരിച്ച് പന്തിനെക്കാള്‍ മുന്നിലാണ് സഞ്ജു, വിക്കറ്റിനു മുന്നിലായാലും പിന്നിലായാലും. ഒന്നുകില്‍ പന്തിനെ കീപ്പറാക്കിയിട്ട് സഞ്ജുവിനെ ബാറ്ററായി മാത്രം ഉള്‍പ്പെടുത്തണം. അങ്ങനെ വരുമ്പോള്‍ ജഡേജ, അക്‌സര്‍; ഇവരിലൊരാള്‍ക്ക് ഒഴിയേണ്ടി വരും. ഏകദിന ലോകകപ്പില്‍ കണ്ടതുപോലെ ശക്തമായിരിക്കില്ല ടി-20 ലോകകപ്പിലെ ബൗളിംഗ് സ്‌ക്വാഡ് എന്നതിനാല്‍, ഇങ്ങനെയൊരു തീരുമാനത്തിന് ക്യാപ്റ്റന്‍ രോഹിത് തയ്യാറാകുമോയെന്ന് കണ്ടറിയണം. ജഡേജയെയും അക്‌സറിനെയും ഒരുമിച്ച് കളിപ്പിക്കേണ്ടതുണ്ടോ എന്നൊരു ചോദ്യവും ക്യാപ്റ്റനു മുന്നില്‍ വരും. ഏതാണ്ട് ഒരുപോലെ കളിക്കുന്ന രണ്ടുപേരില്‍ ഒരാളെ ഒഴിവാക്കിയാല്‍, സഞ്ജുവിനെ ഉള്‍പ്പെടുത്തി ബാറ്റിംഗ് നിര ശക്തമാക്കാം.

നാല് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്ളത്, കുല്‍ദീപ്, ചഹല്‍, ജഡേജ, അക്‌സര്‍. ഇവരില്‍ ചഹല്‍ സര്‍പ്രൈസ് ആണ്. കുറച്ചു നാളായി ചഹല്‍ ദേശീയ ടീമില്‍ ഇല്ല. മാത്രമല്ല, രവി ബിഷ്‌ണോയിയെ തഴഞ്ഞാണ് ചഹല്‍ വന്നിരിക്കുന്നത്. ബിഷ്‌ണോയി ടി-20 ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമനായ കളിക്കാരനാണ്. നിലവില്‍ ആറാം സ്ഥാനത്തുണ്ട്. എതിര്‍ ബാറ്റര്‍മാര്‍ക്ക് ചഹലിനോളം പരിചയമില്ലാത്ത സ്ഥിതിക്ക് ബിഷ്‌ണോയ്‌ക്കെതിരേ കളിക്കുന്നത് കുറച്ചു ബുദ്ധിമുട്ടാകാനും സാധ്യതയുണ്ടായിരുന്നു. എന്നാല്‍, സിലക്ടര്‍മാര്‍ കണക്കാക്കിയിരിക്കുന്നത് ഈ ഐപിഎല്‍ സീസണ്‍ പ്രകടനമാണെന്നു വ്യക്തം. ചഹലാണ്, ബിഷ്‌ണോയിയെക്കാള്‍ വിക്കറ്റ് നേടിക്കൊണ്ടിരിക്കുന്നത്. നിലവിലെ ഫോം വച്ച് ചഹലാണ് മുന്നില്‍, അക്കാര്യം തന്നെയായിരിക്കാം സിലക്ടര്‍മാരും പരിഗണിച്ചിരിക്കുന്നത്. പക്ഷേ, കഴിഞ്ഞ ടി-20 ലോകകപ്പില്‍ സൈഡ് ബഞ്ചില്‍ തന്നെയായിരുന്നു ചഹലിന്റെ സ്ഥിരവാസം. യുഎസ്-കരീബിയന്‍ സാഹചര്യത്തില്‍ അതിനൊരു മാറ്റം ഉണ്ടാകുമോയെന്നു കണ്ടറിയണം. കുല്‍ദീപ് തന്നെയാകും ഒന്നാമന്‍. കുല്‍ദീപിനൊപ്പം ജഡേജയോ അക്‌സറോ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വരികയാണെങ്കില്‍ ചഹല്‍ ഇത്തവണയും സൈഡ് ബഞ്ചില്‍ തന്നെയായിരിക്കും. അങ്ങനെയെങ്കില്‍, ചഹലിനു പകരം വാഷിംഗ്ടണ്‍ സുന്ദറിനെ എന്തുകൊണ്ട് തെരഞ്ഞെടുത്തില്ല എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ചഹലിനെക്കാള്‍ കുറഞ്ഞ ബൗളിംഗ് എക്കോണമിയില്‍ പന്തെറിയുന്ന സുന്ദര്‍, അത്യാവശ്യം ബാറ്റും ചെയ്യും. എന്നാല്‍, പരിക്കാണ് സുന്ദറിന് വിനയായതെന്നു കരുതുന്നു. ഈ ഐപിഎല്‍ സീസണില്‍ സുന്ദര്‍ രണ്ടു കളി മാത്രമാണ് കളിച്ചിരിക്കുന്നത്, പരിക്കില്‍ നിന്നും അയാള്‍ പൂര്‍ണമായി മുക്തമായിട്ടില്ലെന്നാണ് കരുതുന്നത്. എന്നാല്‍, സുന്ദറിനെ പോലൊരു കളിക്കാരനെ കൂടുതല്‍ മത്സപരിചയം നല്‍കി ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യും. ഫാസ്റ്റ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലും കാര്യങ്ങള്‍ ശുഭസൂചകമല്ല. ബുമ്രയില്‍ മാത്രമാണ് പ്രതീക്ഷ. ഏകദിന ലോകകപ്പിലെ ഹീറോ ഷമി ടീമിലല്ല. ദേശീയ ടീമിന്റെ കളിയിലെല്ലാം തിളങ്ങിയ മുഹമ്മദ് സിറാജ് ഐപിഎല്ലില്‍ ഓടിനടന്ന് തല്ലു കൊള്ളുകയാണ്. പിന്നെയുള്ള അര്‍ഷദീപ് സിംഗ് ആണ്. ഡെത്ത് ഓവറുകളില്‍ ബ്രുമയല്ലാതെ വിശ്വസിക്കാന്‍ പറ്റുന്നൊരു ബൗളര്‍ ഇന്ത്യക്കില്ല. ട്വന്റി-20 ബാറ്റര്‍മാര്‍ തമ്മിലുള്ള കളിയായി മാറിയിരിക്കുകയാണ്. അടിക്കടി തിരിച്ചടി എന്ന ശൈലിയാണ്. ഏതായാലും ബാറ്റിംഗില്‍ ഇന്ത്യ ശക്തമാണെന്നതാണ് ആശ്വാസം.

English Summary;  Why Rinku singh and Washington Sundar missed out form team India’s t20 world cup squad?

Share on

മറ്റുവാര്‍ത്തകള്‍