UPDATES

‘കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ എങ്ങനെ ബിസിനസ് ചെയ്യും?’

സ്വാശ്രയ സംഘങ്ങളിലെ സ്ത്രീ സംരംഭകര്‍ക്ക് ‘ കുട്ടികളുടെ പരിധി’ നിശ്ചയിച്ച് അസം സര്‍ക്കാര്‍

                       

ഗ്രാമീണ സ്ത്രീ സംരംഭകര്‍ക്കായി ഒരു സാമ്പത്തിക സഹായ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് അസമിലെ ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രി മഹിള ഉദ്യമിത അഭിയാന്‍(എംഎംയുഎ) എന്നാണ് പദ്ധതിയുടെ പേര്. എന്നാല്‍, പദ്ധതിയുടെ ഗുണഫലം കിട്ടണമെങ്കില്‍ ചില നിബന്ധനകളുണ്ട്. കുട്ടികളുടെ എണ്ണത്തിലെ പരിധിയാണ് നിബന്ധന. ജനറല്‍ ഒബിസി വിഭാഗത്തിലെ സ്ത്രീകളാണെങ്കില്‍, കുട്ടികള്‍ മൂന്നില്‍ കൂടരുത്. എസ് സി / എസ് ടി വിഭാഗത്തിലുള്ളവര്‍ക്കാണെങ്കില്‍ നാലില്‍ കൂടുരുത്!

എഎംയുഎയുടെ ഗുണഭോക്താള്‍ക്ക് മാത്രമല്ല, ഭാവിയില്‍ എല്ലാ സര്‍ക്കാര്‍ സഹായപദ്ധതികള്‍ക്കും ജനസംഖ്യ നിയന്ത്രണം ഒരു പ്രധാന മാനദണ്ഡം ആക്കുമെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ധനസഹായ പദ്ധതികള്‍ക്കു കീഴില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് രണ്ട് കുട്ടികള്‍ നയം കൊണ്ടുവരുമെന്ന് 2021 ലും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്.

സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിലെ സ്വയം സഹായ സംഘങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ത്രീകളെ ചെറുകിട വ്യവസായ സംരംഭകരാക്കി വളര്‍ത്തിക്കൊണ്ടുവന്ന്, അവര്‍ക്ക് ഒരു ലക്ഷം രൂപയുടെയെങ്കിലും വാര്‍ഷിക വരുമാനം ഉണ്ടാക്കി കൊടുക്കുകയെന്നതാണ് എഎംയുഎയിലൂടെ ലക്ഷ്യമിടുന്നത്.

എന്തുകൊണ്ടാണ് ഇത്തരമൊരു പദ്ധതിക്ക് കുട്ടികളുടെ എണ്ണവുമായി ബന്ധം എന്ന ചോദ്യത്തിന് അസം മുഖ്യമന്ത്രി പറയുന്ന മറുപടി, കിട്ടുന്ന ഫണ്ട് വ്യവസായ സംരംഭത്തിന് തന്നെയായി ചെലവഴിക്കുന്നു എന്നു ഉറപ്പുവരുത്തകയാണ് അതിനു പിന്നിലെ ലക്ഷ്യമെന്നാണ്. ‘ നാല് കുട്ടികളുള്ള ഒരു സ്ത്രീയാണെങ്കില്‍, അവള്‍ക്ക് പണം ചെലവഴിക്കാന്‍ എവിടെ സമയം കിട്ടും? ബിസിനസ് ചെയ്യാന്‍ എവിടെ സമയം കിട്ടും? കുട്ടികളെ പഠിപ്പിക്കുന്ന തിരക്കിലായിരിക്കും അവള്‍’ -എന്നാണ് മുഖ്യമന്ത്രിയുടെ ന്യായം.

39 ലക്ഷത്തോളം സ്ത്രീകള്‍ ഗ്രാമമേഖലകളിലെ സ്വയം സഹായ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ അഞ്ചു ലക്ഷം പേരെങ്കിലും കൂടുതല്‍ കൂട്ടികള്‍ ഉള്ളതിന്റെ പേരില്‍ പദ്ധതിയില്‍ നിന്നും പുറത്താക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

145 ബിസിനസ് പദ്ധതികളാണ് സര്‍ക്കാര്‍ സ്ത്രീ സംരംഭകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അതില്‍ നിന്നും ഇഷ്ടമുള്ള ഒരെണ്ണം തെരഞ്ഞെടുക്കാം. ആദ്യ വര്‍ഷം സര്‍ക്കാര്‍ 10,000 രൂപ ഗ്രാന്റ് ആയി അനുവദിക്കും. സംരംഭത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിക്കുന്നതിനായി ആ തുക ചെലവഴിക്കാം. നിബന്ധനകള്‍ക്ക് വിധേയമായി തന്നെ തുക ചെലവഴിക്കപ്പെട്ടു എന്നു ബോധ്യമായാല്‍, അടുത്ത രണ്ടു വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ 12,500 രൂപയും അത്ര തന്നെ തുക ബാങ്കില്‍ നിന്നുള്ള ലോണ്‍ ആയും സംരംഭകര്‍ക്ക് കിട്ടും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

കുട്ടികളുടെ കാര്യത്തില്‍ മറ്റ് ചില നിബന്ധനകള്‍ കൂടി സര്‍ക്കാരിനുണ്ട്. ഗുണഭോക്താവിന് പെണ്‍കുട്ടികളുണ്ടെങ്കില്‍ അവരെ നിര്‍ബന്ധമായും സ്‌കൂളില്‍ ചേര്‍ത്തിരിക്കണം. പദ്ധതിയില്‍ അര്‍ഹയാകുന്ന സമയത്ത് സംരംഭകയുടെ പെണ്‍കുട്ടി സ്‌കൂളില്‍ പോകാനുള്ള പ്രായത്തില്‍ എത്തിയിട്ടില്ലെങ്കില്‍, സമയമാകുന്ന സമയത്ത് സ്‌കൂളില്‍ ഉറപ്പായും ചേര്‍ക്കാമെന്ന് സര്‍ക്കാരിന് എഴുതി നല്‍കണം. മറ്റൊരു നിബന്ധന, കഴിഞ്ഞ വര്‍ഷം ആരംഭിച്ച സര്‍ക്കാരിന്റെ മരം നടല്‍ പദ്ധതിയായ അമൃത് ബൃക്ഷ്യ ആന്ദോളന്‍-ന്റെ ഭാഗമായി മൂന്നു മരങ്ങള്‍ സംരംഭകര്‍ നട്ടു വളര്‍ത്തണമെന്നതാണ്.

ഹിമന്ത ബിശ്വ സര്‍ക്കാരിന്റെ മുന്‍ഗാമിയായ ബിജെപി സര്‍ക്കാര്‍ 2021-ല്‍ അസമില്‍ ഒരു തീരുമാനം എടുത്തിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാന്‍ അയോഗ്യരായിരിക്കുമെന്നതായിരുന്നു അത്. ജനസംഖ്യ നിയന്ത്രണവും വനിത ശാക്തീകരണവും അടിസ്ഥാനമാക്കി 2017-ല്‍ അസം നിയമസഭ പാസിാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്തരമൊരു തീരുമാനം.

Share on

മറ്റുവാര്‍ത്തകള്‍