UPDATES

ട്രെന്‍ഡിങ്ങ്

ലോണാവാല ബംഗ്ലാവുകളിലെ ‘സെക്‌സ് ഫാന്റസി’ ബിസിനസ്

നേപ്പാള്‍ വരെ നീണ്ടു കിടക്കുന്ന ശൃംഖലയിലെ പ്രധാനികള്‍ അറസ്റ്റില്‍

                       

ലോണാവാല മേഖലയിലെ ബംഗ്ലാവിൽ അശ്ലീലചിത്രങ്ങൾ നിർമ്മിച്ചത്തിന് 18 പേരെ പൂനെ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജ്യത്തുടനീളവും നേപ്പാളിലും അശ്ലീലചിത്ര നിർമ്മാണ റാക്കറ്റിന്റെ പ്രവർത്തങ്ങൾ വ്യാപകമായി നടക്കുന്നുണ്ടെന്ന് കണ്ടെത്തി. കേസിൽ അറസ്റ്റിലായ കൊൽക്കത്ത സ്വദേശി വിഷ്ണുവാണ് ‘സെക്‌സ് ഫാൻ്റസി’ എന്ന പ്രൊഡക്ഷൻ കമ്പനിക്ക് വേണ്ടി അശ്ലീല സിനിമകൾ നിർമ്മിച്ച് നൽകിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

ഉത്തർപ്രദേശ്, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, ഡൽഹി, ഉത്തരാഖണ്ഡ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റ് ചെയ്ത മറ്റുള്ളവർ എന്നും പോലീസ് പറഞ്ഞു. കസ്റ്റഡിയിൽ എടുത്തവരിൽ അഞ്ച് സ്ത്രീകളും അഭിനേതാക്കളായ പുരുഷന്മാരും ക്യാമറമാൻമാരും ലൈറ്റ് ടെക്നീഷ്യൻമാരും മേക്കപ്പ് ആർട്ടിസ്റ്റുകളും ഉൾപ്പെട്ടിട്ടുണ്ട് എന്നും പോലീസ് വ്യക്തമാക്കി.

അനധികൃത പോണോഗ്രാഫി വെബ്‌സൈറ്റുകൾ നടത്തുന്നവർക്ക് ലോണാവാല ബംഗ്ലാവിൽ നിർമ്മിച്ച ചിത്രങ്ങൾ വിറ്റ് വിഷ്ണുവും സഹായികളും പണം സമ്പാദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മൊബൈൽ ഫോൺ ആപ്പുകളിലും പ്രതികൾ സ്ഥിരമായി അശ്ലീല ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതായും പോലീസ് പറയുന്നുണ്ട്. ഇതിന് പുറമെ ഇവർ അപ്‌ലോഡ് ചെയ്ത അശ്ലീല സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന വരിക്കാരിൽ നിന്ന് “സബ്‌സ്‌ക്രിപ്‌ഷൻ ചാർജുകൾ” വഴിയും പണം സമ്പാദിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

‘പ്രതികളിൽ ചിലർ നേപ്പാളിലും മറ്റ് സ്ഥലങ്ങളിലും ഇതിന് മുമ്പ് പോൺ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്,’ എന്നും മാർച്ച് 30 ന് ലോണാവാല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഭരത് ഭോസാലെ പറഞ്ഞു.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്, ഇൻസ്പെക്ടർ കിഷോർ ധുമലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 2024 മാർച്ച് 29 ന് വൈകുന്നേരം പൂനെ ജില്ലയിലെ ലോണാവാലയിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള പാടാൻ ഗ്രാമത്തിലെ “അർണവ് വില്ല” എന്ന ബംഗ്ലാവിൽ റെയ്ഡ് നടത്തുന്നത്. ബംഗ്ലാവിനുള്ളിലെ വിവിധ മുറികളിൽ നിന്നായി അഞ്ച് സ്ത്രീകളെയും പുരുഷന്മാരുമടക്കം 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവരെ കൂടാതെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെ പ്രതികൾക്ക് ബംഗ്ലാവ് വാടകയ്ക്ക് നൽകിയ മൂന്ന് പ്രാദേശിക ഏജൻറുമാരെ കൂടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 30,000 രൂപയ്ക്ക് ക്കാണ് പ്രതികൾ ബംഗ്ലാവ് വാടകയ്ക്കെടുത്തിരുന്നത്. അശ്ലീല ചിത്ര നിർമ്മാണമാണ് നടക്കുന്നത് എന്ന് അറിഞ്ഞിട്ടും മൂവരും പോലീസ് അധികൃതരെ അറിയിച്ചില്ലെന്നും അധികൃതർ പറഞ്ഞു.

പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 292, 293, 34, ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ക്യാമറകൾ, 16 മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പ്, കോണ്ടം പാക്കറ്റുകൾ, ക്യാപ്‌സ്യൂളുകൾ തുടങ്ങി 6.72 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളും പ്രതികളിൽ നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു.

മുഖ്യപ്രതിയായ വിഷ്ണുവിന് കഴിഞ്ഞ കുറച്ച് മാസങ്ങളായി പോൺ സിനിമ നിർമ്മാതാക്കളുടെ ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. “വിഷ്ണുവിന് നല്ല കമ്പ്യൂട്ടർ പരിജ്ഞാനമുണ്ട്. കൂടാതെ പോൺ സിനിമകളുടെ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ കുറിച്ചും വ്യക്തമായി അറിയാം. ഒരു പ്രൊഡക്ഷൻ കമ്പനിക്ക് വേണ്ടി അശ്ലീല സിനിമകൾ ചിത്രീകരിച്ചതായി വിഷ്ണു സമ്മതിച്ചിട്ടുണ്ട്. പോൺ സിനിമകൾ ചിത്രീകരിക്കുകയും വിൽക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള കൂടുതൽ സംഘങ്ങൾ രാജ്യത്തുടനീളം ഉണ്ടെന്നാണ് നിഗമനം എന്നും. ഊർജിതമായ അന്വേഷണങ്ങൾ നടക്കുകയാണെന്നും ,” പോലീസ് സബ് ഇൻസ്പെക്ടർ ഭരത് ഭോസാലെ തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

അശ്ലീല സിനിമകൾ നിർമ്മിക്കാൻ വിഷ്ണു സ്ത്രീകളെ പ്രതിദിനം 20,000 രൂപയ്ക്കും പുരുഷന്മാരെ 10,000 രൂപയ്ക്കുമാണ് എത്തിച്ചിരുന്നത്. ഇവർ എല്ലാവരും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ലോണാവാലയ്ക്ക് സമീപമുള്ള ബംഗ്ലാവിൽ മൂന്ന് ദിവസത്തിനുള്ളിൽ ഒന്നിലധികം സിനിമകൾ ചിത്രീകരിക്കാനും അത് ഇന്ത്യൻ, വിദേശ പോണോഗ്രാഫി വെബ്‌സൈറ്റുകൾക്ക് വിൽക്കാനുമുള്ള പദ്ധതിയിലായിരുന്നു.

പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ലോണാവാലയിൽ പാർട്ടികൾക്കായി നിരവധി ബംഗ്ലാവുകൾ വാടകയ്‌ക്കെടുക്കുന്നത് സ്വാഭാവികമായതിനാലാകണം ഇവർ ഇവിടം തന്നെ തെരെഞ്ഞെടുത്തത് എന്നാണ് പോലീസിന്റെ നിഗമനം.

സംഭവത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാവ് വാടകയ്‌ക്ക് നൽകുന്ന വ്യക്തികളോട് ജാഗ്രത പാലിക്കണമെന്നും സ്വന്തം സ്ഥലം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അസിസ്റ്റൻ്റ് പോലീസ് സൂപ്രണ്ട് സത്യ സായ് കാർത്തിക് പറഞ്ഞു. കൂടാതെ ബംഗ്ലാവുകൾ വാടകയ്‌ക്കെടുക്കുന്നത് സംബന്ധിച്ച വിവരങ്ങൾ പോലീസ് സ്റ്റേഷനിൽ സമർപ്പിക്കാനും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍