UPDATES

വിദേശം

ആരാണീ ‘സെക്‌സി ഹാപ്പി കപ്പിള്‍’?

പോണ്‍ വീഡിയോ നിര്‍മാണവും അവതരണവും; വിസ്‌കോണ്‍സിന്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കി

                       

അമേരിക്കയിലെ പ്രശസ്തമായ സര്‍വകലാശാലകളില്‍ ഒന്നാണ് വിസ്‌കോണ്‍സിന്‍-ലാ ക്രോസ്. കഴിഞ്ഞ 17 വര്‍ഷമായി വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി വഹിച്ചിരുന്നത് ജോ ഗോവ് ആയിരുന്നു. ഈയാഴ്ച്ച ഗോവ് തന്റെ പദവിയില്‍ നിന്നും പുറത്താക്കപ്പെട്ടു. അതിനുള്ള കാരണവും, തന്റെ പുറത്താക്കലിനോടുള്ള ഗോവിന്റെ പ്രതികരണവും ഇപ്പോള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ്.

പോണ്‍ വീഡിയോകള്‍ നിര്‍മിക്കുകയും അവയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു എന്ന കുറ്റം കണ്ടെത്തിയാണ് സര്‍വകലാശാല ഗവേര്‍ണിംഗ് ബോഡി കൂട്ടായ തീരുമാനത്തിലൂടെ ഗോവിനെ പുറത്താക്കിയത്. ഗോവ് ഒറ്റയ്ക്കല്ല, അദ്ദേഹത്തിന്റെ ഭാര്യ കാര്‍മെന്‍ വില്‍സണും വീഡിയോ നിര്‍മാണത്തിലും അവതരണത്തിലും ഭര്‍ത്താവിനൊപ്പം പങ്കാളിയായിരുന്നു. ലാ ക്രോസിലെ മുന്‍ അധ്യാപികയാണ് കാര്‍മനും.

തന്നെ പുറത്താക്കിയ തീരുമാനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് ജോ ഗോവ് പരാതിപ്പെടുന്നത്.

വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള 11 പ്രാദേശിക കാമ്പസുകളുടെയും പ്രതിനിധികള്‍ അടങ്ങിയ അധികാര സമതിയാണ് വോട്ടെടുപ്പ് നടത്തി ജോ ഗോവിനെ പുറത്താക്കാനുള്ള തീരുമാനം ഡിസംബര്‍ 27ന് കൈക്കൊണ്ടത്. സര്‍വകലാശാലയുടെ അഭിമാനത്തിന് കളങ്കമുണ്ടാക്കിയെന്നാണ് ഗോവിനെ പുറത്തിക്കിക്കൊണ്ടുള്ള പ്രസ്താവനയില്‍ സര്‍വകലാശാല പ്രസിഡന്റ് ജേ റോത്ത്മാനും ബോര്‍ഡ് പ്രസിഡന്റ് കേറന്‍ വാല്‍ഷും ആരോപിച്ചിരിക്കുന്നത്. നാണക്കേടും, വെറുപ്പുണ്ടാക്കുന്നതും എന്നാണ് റോത്ത്മാനും വാല്‍ഷും ഗോവിന്റെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തിയത്.

എന്നാല്‍, ജോ ഗോവിന് തന്റെ പ്രവര്‍ത്തികളില്‍ കുറ്റബോധമോ, താന്‍ ചെയ്തത് മോശമായ കാര്യമാണെന്നോ തോന്നുന്നില്ല. തന്റെ വീഡിയോകളില്‍ ഒരിക്കല്‍ പോലും സര്‍വകലാശാലയെ പരാമര്‍ശിക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്നാണ് ഗോവ് അസോഷ്യേറ്റഡ് പ്രസ്(എ.പി)നോട് പറയുന്നത്. ഇത് തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പരാതിപ്പെടുന്നു. ” മൗലിക സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുള്ളൊരു രാജ്യത്താണ് ഞാനും ഭാര്യയും ജിവിക്കുന്നത്. പൊതുസമ്മതത്തോടെയുള്ള, പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വീഡോയകളാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. അഭിപ്രായ സ്വാതന്ത്യത്തോടോ ഭരണഘടനയോടോ ഉള്ള പ്രതിബദ്ധത സര്‍വകലാശാല ബോര്‍ഡ് കാണിക്കണമായിരുന്നു’ എന്നാണ് ഗോവ് എ.പിയോട് നടത്തി പ്രതികരണത്തില്‍ പറയുന്നത്.

സര്‍വകലാശാല അധികാര സമതി തന്നെ കേള്‍ക്കാന്‍ തയ്യാറാവുകയോ, ഏത് നയമാണ് താന്‍ ലംഘിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഗോവ് പറയുന്നത്. സര്‍വകലാശാല നടപടിക്കെതിരേ നിയമപേരാട്ടത്തിന് ഒരുങ്ങുകയാണ് അദ്ദേഹം. പുറത്താക്കിയെന്ന വിവരം ഒരു ഇമെയ്ല്‍ വഴി അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഗോവ് പറഞ്ഞു. 2024 ലെ മധ്യവേനല്‍ സെമസ്റ്ററോടെ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞ് അധ്യാപക ജീവിതത്തിലേക്കു പോകാന്‍ ഗോവ് തയ്യാറെടുത്തിരിക്കുകയായിരുന്നു.

2018-ല്‍ പോണ്‍ താരം നീന ഹാര്‍ട്‌ലിയെ സര്‍വകലാശാലയില്‍ സംസാരിക്കാന്‍ ക്ഷണിച്ച ഗോവിന്റെ നടപടി വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. നാല് ലക്ഷം രൂപയ്ക്കു മുകളില്‍ തുകയാണ് നീനയ്ക്ക് ചടങ്ങിനു വരുന്നതിനായി ഗോവ് നല്‍കിയത്. അതും വിദ്യാര്‍ത്ഥികളുടെ ഫീസ് തുകയില്‍ നിന്നും. ഈ പ്രവര്‍ത്തിയുടെ പേരില്‍ അന്ന് സര്‍വകലാശാല പ്രസിഡന്റായിരുന്ന റേ ക്രോസ് ഗോവിനെ ശാസിക്കുകയും അധികാര സമിതി ആ വര്‍ഷം അദ്ദേഹത്തിന് ശമ്പള വര്‍ദ്ധനവ് നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. രാജ്യത്തുള്ള അഭിപ്രായ സ്വാതന്ത്ര്യ നയങ്ങള്‍ ഉപയോഗിക്കാനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു ഗോവിന്റെ ന്യായം.

സെക്‌സി ഹെല്‍ത്തി കുക്കിംഗ് എന്ന യൂട്യൂബ് വീഡിയോയിലൂടെയാണ് ഗോവും ഭാര്യ കാര്‍മനും ഇന്റര്‍നെറ്റ് ലോകത്ത് പ്രശസ്തരായിരിക്കുന്നത്. പോണ്‍ താരങ്ങള്‍ക്കൊപ്പമുള്ള പാചകമാണ് ഇവരുടെ വീഡിയോകള്‍.

തങ്ങള്‍ ചെയ്യുന്നത് മോശം കാര്യമാണെന്ന ചിന്ത ഗോവിനില്ല. തന്റെ ജീവിത്തിലെ ഈയൊരു ഭാഗം ഇത്ര നീണ്ടകാലം രഹസ്യമാക്കി വയ്‌ക്കേണ്ടതില്ലായിരുന്നു എന്നതുമാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തെ വിഷമിപ്പിക്കുന്നൊരു കാര്യം. തന്റെ പ്രൊഫഷണല്‍ ജീവിതത്തെ ബാധിക്കുമോ എന്ന ഭയം തന്നെയായിരുന്നു മറച്ചു പിടിക്കാന്‍ പ്രേരിപ്പിച്ചിരുന്നതെന്നും ഗോവ് സമ്മതിക്കുന്നുണ്ട്.

ജോ ഗോവിനെ പോലെ തന്നെ തങ്ങള്‍ ചെയ്തത് ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തില്‍ നിന്നുകൊണ്ടുള്ള കാര്യങ്ങളാണെന്നാണ് കാര്‍മെന്‍ വില്‍സണും പറയുന്നത്. 15 വര്‍ഷം ലാ ക്രോസയില്‍ അധ്യാപികയായിരുന്നു ഈ 56 കാരി. ലോ സ്‌റ്റേറ്റ് സര്‍വകലാശാലയില്‍ നിന്നും കൗണ്‍സിലിംഗ് സൈക്കോളജിയില്‍ ഡോക്ടറല്‍ ബിരുദം നേടിയിട്ടുള്ള കാര്‍മെന്‍ ലാ ക്രോസയിലെ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ 1996 ലാണ് ജോയ്ന്‍ ചെയ്യുന്നത്. സൈക്കോളജി അസോഷ്യേറ്റ് പ്രൊഫസര്‍ ആയിരുന്ന കാര്‍മന്‍ അധ്യക്ഷയായ സമിതിയാണ് 2006-ല്‍ ജോ ഗോവിനെ വൈസ് ചാന്‍സലറായി തെരഞ്ഞെടുക്കുന്നത്. 2008-2011 വരെ ഗോവിനൊപ്പം വൈസ് ചാന്‍സലര്‍ ഓഫിസിലെ ചീഫ് ഓഫ് സ്റ്റാഫ് ആയി പ്രവര്‍ത്തിച്ച കാര്‍മെന്‍, അതിനുശേഷം സര്‍വകലാശാലയ്ക്ക് കീഴിലുള്ള റോക്ക് കൗണ്ടി കാമ്പസിന്റെ നേതൃത്വത്തിലെത്തി. ഡിക്കന്‍സണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ അക്കാദമിക് സമിതിയുടെ വൈസ് പ്രസിഡന്റായും കാര്‍മെന്‍ വില്‍സണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 ജൂണിലായിരുന്നു ഗോവ്-കാര്‍മെന്‍ വിവാഹം.

വിദ്യാഭ്യാസ മേഖലയില്‍ മാത്രമായിരുന്നില്ല ഗോവ്-കാര്‍മെന്‍ ദമ്പതിമാരുടെ ഒന്നിക്കല്‍. ഗോവ് നയിച്ചിരുന്ന റോക്ക് ബാന്‍ഡിലെ ഗായികയും കീബോര്‍ഡ് പ്ലേയറുമായിരുന്നു കാര്‍മെന്‍.

ഗോവിന്റെയും കാര്‍മെന്റെയും വീഡിയോകള്‍ ‘ സെക്‌സി ഹാപ്പി കപ്പിള്‍’ എന്ന പേരില്‍ പല പോണ്‍ സൈറ്റുകളും ഉപയോഗിച്ചിരുന്നു. പ്രശസ്തരായ പോണ്‍ താരങ്ങളെയായിരുന്നു തങ്ങളുടെ വീഡിയോയുടെ ഭാഗമാകാന്‍ ദമ്പതിമാര്‍ ക്ഷണിച്ചിരുന്നത്. പോണ്‍ താരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഗോവും കാര്‍മെനും വെജിറ്റബിള്‍ ഭക്ഷണം പാകം ചെയ്യുന്നതായിരുന്നു വീഡിയോകള്‍. പൂര്‍ണമായും സ്പഷ്ടമായ ദൃശ്യങ്ങള്‍ക്കായി ഞങ്ങളുടെ ലോയല്‍ ഫാന്‍സ്, ഒണ്‍ലി ഫാന്‍സ് എന്ന സൈറ്റ് സന്ദര്‍ശിക്കുന്ന എന്നൊരു പരസ്യം ഇവരുടെ ‘ എക്‌സ്’ അകൗണ്ടില്‍ നല്‍കിയിട്ടുണ്ടായിരുന്നു. പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് ഗോവും കാര്‍മെനും ചേര്‍ന്ന് എഴുതിയ രണ്ടു പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഗേരി, ജേ ഹാര്‍ട്ട് എന്നീ പേരുകളിലായിരുന്നു ഇവര്‍ പുസ്തകങ്ങളെഴുതിയത്. എന്നാല്‍ എഴുത്തുകാരുടെ ചിത്രങ്ങളില്‍ ഗോവും കാര്‍മെനും തന്നെയായിരുന്നു. അതേസമയം, അവര്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍വകലാശാലയുമായി ബന്ധപ്പെട്ട യാതൊരു പരാമര്‍ശവും എഴുത്തുകാരുടെ ബയോയില്‍ അവര്‍ ഉള്‍പ്പെടുത്തിയിരുന്നുമില്ല. ” അമേരിക്കയിലെ രണ്ട് പ്രമുഖ സ്ഥാപനങ്ങളില്‍ ഉന്നത പദവി വഹിക്കുന്ന വിവാഹിതരായ ഒരു സ്ത്രീയും പുരുഷനും” എന്നു മാത്രമായിരുന്നു പുസ്തകത്തില്‍ എഴുത്തുകാരെ കുറിച്ചുള്ള വിശദീകരണം. വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നും വിരമിക്കാന്‍ ജോ ഗോവ് തീരുമാനിച്ചതിനു ശേഷമായിരുന്നു ദമ്പതിമാര്‍ കൂടുതലായി പൊതുജനമധ്യത്തില്‍ തങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായത്.

Share on

മറ്റുവാര്‍ത്തകള്‍